16 സെപ്റ്റംബർ 2021

മാനസിക പ്രശ്‌നങ്ങൾ അലട്ടുന്നവരോട് പറയാതിരിക്കാം ഇക്കാര്യങ്ങൾ
(VISION NEWS 16 സെപ്റ്റംബർ 2021)
മാനസിക പ്രശ്നങ്ങൾ നേരിടുന്ന പലരും നമുക്ക് ചുറ്റുമുണ്ട്. അതിൽ പലരേയും നമ്മൾ തിരിച്ചറിയാറ് പോലുമില്ല എന്നതാണ് വാസ്തവം. ശാരീരിക അസുഖം ബാധിച്ചവർക്ക് ലഭിക്കുന്ന പരി​ഗണനകളൊന്നും തന്നെ പലപ്പോഴും മാനസിക ബുദ്ധിമുട്ടുള്ള പലർക്കും ലഭിക്കാറില്ല എന്നതാണ് വസ്തുത. പലരും അതിനെ നിസാരമായി കാണുകയോ മനഃപൂർവം അവഗണിക്കുകയോ ആണ് ചെയ്യാറ്. മനസിലെ ചില വിഷമങ്ങളും ആശങ്കകളും പങ്കുവെക്കുന്നവരോട് നമ്മൾ പറയുന്ന ചില കാര്യങ്ങൾ അവർക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അത്തരത്തിൽ മാനസിക പ്രശ്‌നങ്ങൾ നേരിടുന്നവരോട് നമ്മൾ ഒരിക്കലും പറയാൻ പാടില്ലാത്ത ചില കാര്യങ്ങൾ ഏതാണെന്ന് നോക്കാം;

അതൊക്കെ നിന്റെ തോന്നലാണ്

താന്‍ നേരിടുന്ന മാനസിക ബുദ്ധിമുട്ടുകള്‍ വിശദീകരിക്കുന്ന ഒരു വ്യക്‌തിയോട് ഒരിക്കലും പറയരുതാത്ത വാക്യമാണിത്. മാനസിക പ്രശ്‌നങ്ങള്‍ ശാരീരിക പ്രശ്‌നങ്ങള്‍ പോലെ തന്നെ യാഥാർഥ്യമാണ്. ഹൃദയാഘാതം പോലെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും ശാരീരികമായ അസുഖം പോലെയോ തന്നെ പ്രധാനമാണ് ഇതും. അതിനാല്‍ അവരോട് അതവരുടെ തോന്നലാണെന്ന് പറയാതിരിക്കുക.

വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കൂ

പരിശ്രമിച്ചുകൊണ്ടിരിക്കൂ എന്ന വാക്ക് പ്രചോദനം നൽകുന്ന ഒന്നായാണ് നാം ഉപയോഗിക്കാറ്. എന്തെങ്കിലും ഒരു കാര്യം നേടാൻ കഴിയാതെപോയവരെ മോട്ടിവേറ്റ് ചെയ്യാൻ നാം പലപ്പോഴും ഈ വാക്യം പറയാറുണ്ട്. എന്നാൽ മാനസിക പ്രശ്‌നങ്ങൾ നേരിടുന്ന വ്യക്‌തികളോട് ഒരിക്കലും ഇക്കാര്യം പറയരുത്. അവരുടെ പ്രശ്‌നങ്ങളിൽ നിന്ന് പുറത്തുകടക്കാൻ അവർ ശ്രമിക്കുന്നതുകൊണ്ടാണ് വിഷമതകൾ അവർ നിങ്ങളുമായി പങ്കുവെക്കുന്നത്. ആ സമയത്ത് നിങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്ന ഈ പ്രതികരണം പിന്നീട് ഒരിക്കലും അവർ നിങ്ങൾക്ക് മുന്നിൽ മനസ് തുറക്കാത്ത സാഹചര്യത്തിലേക്ക് നയിച്ചേക്കാം.

നിനക്ക് എന്താ പ്രശ്‌നം, പണവും നല്ല ജോലിയും പ്രശസ്‌തിയും ഇല്ലേ

താമസിക്കാൻ നല്ല വീടും ഉയർന്ന ജോലിയും ശമ്പളവും പ്രശസ്‌തിയും ഉണ്ടെന്നു കരുതി അവർക്ക് മാനസികമായ പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാവാൻ പാടില്ല എന്ന തരത്തിലുള്ള സംസാരങ്ങൾ ഒഴിവാക്കുക. അവരുടെ ജീവിതം മികച്ചതായി മറ്റുള്ളവർക്ക് തോന്നിയേക്കാം, എന്നാൽ അവർക്ക് അത് അങ്ങനെ ആവണമെന്നില്ല.അതുകൊണ്ട് നിങ്ങൾ കാണുന്ന അവരുടെ ജീവിത നേട്ടങ്ങൾ വിവരിച്ച് അവരുടെ മാനസിക ബുദ്ധിമുട്ടുകളെ നിസാര വൽക്കരിക്കാതിരിക്കുക.

തെറാപ്പിയൊന്നും നിനക്ക് ആവശ്യമില്ല, അതൊക്കെ ദുർബലർക്ക് ഉള്ളതാണ്

മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ചിലപ്പോഴെങ്കിലും സ്വയം അത് മനസിലാക്കി ചികിൽസ തേടാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ രണ്ടാമതൊരു അഭിപ്രായത്തിനായി അവര്‍ നിങ്ങളെ സമീപിച്ചേക്കാം. ആ സമയത്ത് ‘തെറാപ്പി ആവശ്യമുള്ളത് ദുർബലർക്കാണ്’ എന്നത് പോലുള്ള പിന്തിരിപ്പിക്കലുകള്‍ നടത്താതിരിക്കുക. താന്‍ അത്രമാത്രം ദുര്‍ബലന്‍/ദുര്‍ബല ആയോ എന്ന് ആ വ്യക്‌തി സ്വയം ചിന്തിച്ചേക്കാം. അതും അവരില്‍ കൂടുതല്‍ സമ്മർദ്ദം ഉണ്ടാക്കിയേക്കാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only