04 സെപ്റ്റംബർ 2021

തൃശ്ശൂരിൽ ഒൻപതാം ക്ലാസുകാരന്റെ ഓൺലൈൻ ​കളിയിൽ നഷ്ടമായത് ലക്ഷങ്ങൾ
(VISION NEWS 04 സെപ്റ്റംബർ 2021)

ഓൺലൈൻ ​ഗെയിമിന് അടിപ്പെട്ട ഒൻപതാം ക്ലാസുകാരൻ കളിച്ച് നഷ്ടപ്പെടുത്തിയത് സഹോദരിയുടെ വിവാഹത്തിനായി വീട്ടുകാർ സൂക്ഷിച്ച നാല് ലക്ഷം രൂപ. പണം മുഴുവൻ നഷ്ടപ്പെട്ടത് മാതാപിതാക്കൾ അറിയുന്നത് വിവാഹം ഉറപ്പിച്ചതിനു ശേഷം മാത്രം. കൃഷിയും കൂലിപ്പണിയും ചെയ്ത് സമ്പാദിച്ച തുകയാണ് നഷ്ടമായത്.

വിവാഹം അടുത്തപ്പോൾ തുക പിൻവലിക്കാൻ ബാങ്കിൽ ചെന്നപ്പോഴാണ് ഒരു പൈസ പോലും ഇല്ലെന്ന് മനസിലായത്. ബാങ്ക് അധികൃതർ കൈമലർത്തി. പണം പല അക്കൗണ്ടുകളിലേക്കായി പോയതിന്റെ രേഖകൾ അവരുടെ കൈവശമുണ്ടായിരുന്നു. ഈ രേഖകളുമായി മാതാപിതാക്കൾ പൊലീസിനെ സമീപിച്ചു.

പണം ആരൊക്കെയാണ് പിൻവലിക്കുന്നതെന്ന് പൊലീസ് പരിശോധിച്ചപ്പോൾ പല അക്കൗണ്ടുകളിലേക്കാണ് തുക കൈമാറിയതെന്ന് മനസിലായി. ഒൻപതാം ക്ലാസുകാരൻ തന്നെയാണ് തുക മാറ്റിയതെന്നും വ്യക്തമാക്കി. 

പഠിക്കാൻ മിടുക്കനായ വിദ്യാർത്ഥിക്ക് വീട്ടുകാർ ഒരു മൊബൈൽ ഫോൺ വാങ്ങി നൽകിയിരുന്നു. ഇതിൽ ഉപയോഗിച്ചിരുന്നത് അമ്മയുടെ പേരിലുള്ള സിം കാർഡാണ്. ഈ നമ്പർ തന്നെയാണ് ബാങ്ക് അക്കൗണ്ടിലും നൽകിയിരുന്നത്.

ബാങ്കിൽ നിന്നുള്ള മെസേജുകൾ വിദ്യാർത്ഥിയുടെ തന്നെ ഫോണിലേക്കാണ് വന്നത് എന്നതിനാൽ മറ്റാരും ഇതറിഞ്ഞില്ല. ഇങ്ങനെ തുക മുഴുവൻ ചോർന്നു പോയി. അബദ്ധം പറ്റിയ ഒൻപതാം ക്ലാസുകാരന് പൊലീസ് തന്നെ കൗൺസിലിങ് ഏർപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only