16 സെപ്റ്റംബർ 2021

ഏഴുവർഷമായി തളർന്നുകിടക്കുന്ന പൂച്ചയെ സംരക്ഷിച്ച് ബിന്ദു
(VISION NEWS 16 സെപ്റ്റംബർ 2021)
തൃശ്ശൂര്‍: പുരുഷുവിനെ മടിയിലിരുത്തി ബിന്ദു ഭക്ഷണം നല്‍കും. പിന്നെ കിടപ്പുമുറിയില്‍ മറ്റൊരു കിടക്കയില്‍ അവനെ കിടത്തി ഉറക്കും. തനിച്ചാക്കാന്‍ മനസ്സനുവദിക്കാത്തതിനാല്‍ ബിന്ദു വീടുവിട്ട് എവിടെയും പോയി നില്‍ക്കാറുമില്ല. ബിന്ദുവിന്റെയും വളര്‍ത്തുപൂച്ച പുരുഷുവിന്റെയും സ്‌നേഹബന്ധം ആരുടെയും കരളലിയിക്കുന്നതാണ്.

പുല്ലൂര്‍ അമ്പലനടയില്‍ തെമ്മായത്ത് ഷാജിയുടെ വീട്ടുകാര്‍ക്കെല്ലാം പൂച്ചകളോട് വലിയ ഇഷ്ടമാണ്. 2014 ഡിസംബറില്‍ ഇവിടെ മൂന്ന് പൂച്ചക്കുട്ടികള്‍ ജനിച്ചു. രണ്ടെണ്ണം ചത്തുപോയെങ്കിലും ഒന്നിനെ ഷാജിയുടെ ഭാര്യ ബിന്ദു പ്രത്യേകം പരിചരിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.

പൂച്ചക്കുട്ടി ആദ്യം ചെറുതായി നടന്നിരുന്നു. എന്നാല്‍ മറ്റ് പൂച്ചക്കുഞ്ഞുങ്ങളെപോലെ മരത്തില്‍ കയറുകയൊന്നുമില്ല. രണ്ടടി വയ്ക്കുമ്പോഴേക്കും ഇടറിവീഴും. അതുകൊണ്ട് പുറത്തേക്കൊന്നും വിടാതെ വീടിനുള്ളില്‍ വളര്‍ത്തി. മീശമാധവന്‍ എന്ന സിനിമയിലെ പുരുഷു എന്ന പേരാണ് പൂച്ചക്കുട്ടിക്കിട്ടത്. ബിന്ദു പൊന്നുവെന്ന് വിളിപ്പേരുമിട്ടു.

ജനിച്ച് ഒരു വര്‍ഷം തികയും മുമ്പേ വൈറല്‍ പനി വന്ന് പുരുഷുവിന് കാഴ്ച നഷ്ടപ്പെട്ടു; ചലനശേഷിയും പോയി. ഇനി എഴുന്നേറ്റ് നടക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അധികകാലം ജീവിച്ചിരിക്കാനിടയില്ലെന്നും ഉപേക്ഷിക്കണമെന്നും പലരും പറഞ്ഞെങ്കിലും അതിന് മനസ്സുവന്നില്ലെന്ന് ബിന്ദു പറയുന്നു.

'മണംകൊണ്ടും ശബ്ദംകൊണ്ടും ആളുകളെ തിരിച്ചറിയാന്‍ പുരുഷുവിന് കഴിയും. ആഴ്ചയിലൊരിക്കല്‍ ചെറിയ ചൂടുവെള്ളത്തില്‍ കുളിപ്പിക്കും. ഇതിനായി ഷാംപുവും സോപ്പും ടവലുമൊക്കെയുണ്ട്.

ആയുര്‍വേദ ഡോക്ടറായ മകള്‍ ആതിര കാലിലും കൈയിലുമെല്ലാം ഇടയ്ക്ക് കിഴി വെച്ചുകൊടുക്കും' - ബിന്ദുവിന്റെ ശബ്ദത്തിന് ചെവിയോര്‍ത്ത് അവരുടെ കൈകളില്‍ നക്കി സ്നേഹം പ്രകടിപ്പിച്ച് പുരുഷു ചുരുണ്ടുകിടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only