02 സെപ്റ്റംബർ 2021

പ്രഭാത വാർത്തകൾ
(VISION NEWS 02 സെപ്റ്റംബർ 2021)
🔳ചരക്ക് സേവന നികുതി വരുമാനം വീണ്ടും ഒരു ലക്ഷം കോടിക്ക് മുകളില്‍. ഓഗസ്റ്റില്‍ 1,12,020 കോടി രൂപയാണ് ജിഎസ്ടിയിനത്തില്‍ സര്‍ക്കാരിലേക്ക് എത്തിയത്. ഇതില്‍ കേന്ദ്ര ജിഎസ്ടി 20,522 കോടിയും സംസ്ഥാന ജിഎസ്ടിയായി 26,605 കോടി രൂപയും സംയോജിത ജിഎസ്ടിയിനത്തില്‍ 56,247 കോടിയുമാണ് സമാഹരിച്ചത്. സെസ്സ് ഇനത്തില്‍ 8,646 കോടി രൂപ ലഭിച്ചു.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച കോവിഡ് രോഗികളില്‍ 71.36 ശതമാനം രോഗികളും കേരളത്തില്‍. 45,966 കോവിഡ് രോഗികളില്‍ 32,803 രോഗികളും കേരളത്തിലാണ്. ഇന്നലത്തെ മരണങ്ങളില്‍ 34 ശതമാനം മരണം മാത്രമാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. 505 മരണങ്ങളില്‍ 173 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ സജീവരോഗികളില്‍ 60 ശതമാനവും കേരളത്തില്‍ തന്നെ. രാജ്യത്തെ 3,83,401 സജീവരോഗികളില്‍ 2,29,941 പേരും കേരളത്തിലാണുള്ളത്.

🔳സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗവ്യാപനം കൂടി നില്‍ക്കുന്നതില്‍ ആശങ്ക വേണ്ടെന്നും ഞായര്‍ ലോക്ക്ഡൗണും രാത്രി കര്‍ഫ്യൂവും ഒഴിവാക്കി, സ്‌കൂളുകളുള്‍പ്പെടെ തുറന്ന് ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടുവരാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അന്താരാഷ്ട്ര വിദഗ്ദ്ധരുടെ നിര്‍ദ്ദേശം. നിലവിലെ രോഗവ്യാപനം പരമാവധി രണ്ടു മാസം തുടരുമെന്നും പിന്നീട് വൈറസ് പനിയുടെ രീതിയില്‍ ഏതാനും വര്‍ഷങ്ങള്‍ കൂടിയുണ്ടാകുമെന്നും കൊവിഡിനൊപ്പം ജീവിതമെന്ന ശൈലി സ്വീകരിക്കേണ്ടിവരുമെന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.

🔳വ്യാജ ലൈസന്‍സില്‍ തോക്ക് കൈവശംവച്ച അഞ്ച് കശ്മീരികള്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍. കരമന നീറമണ്‍കരയില്‍നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. അഞ്ച് ഇരട്ടക്കുഴല്‍ തോക്കുകളും 25 റൗണ്ട് വെടിയുണ്ടകളും ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്ന ഏജന്‍സികളിലെ ജീവനക്കാരാണ് ഇവര്‍. ആറു മാസം മുന്‍പാണ് ഇവര്‍ മഹാരാഷ്ട്രയിലെ റിക്രൂട്ടിങ് ഏജന്‍സി വഴി തലസ്ഥാനത്തെത്തിയത്.

🔳അനധികൃത മരംമുറിയ്ക്കെതിരെ കര്‍ശനനിലപാടുമായി ഹൈക്കോടതി. പട്ടയഭൂമിയിലെ മരംമുറിയില്‍ മാത്രം അന്വേഷണം ഒതുക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ ഭൂമിയിലെയും വനഭൂമിയിലെയും മരങ്ങള്‍ മുറിച്ച് കടത്തിയതും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കണമെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി, ബന്ധപ്പെട്ട വകുപ്പിലെ ഉന്നതരുടെ സഹായമില്ലാതെ ഇത്തരം മരംകൊള്ള സാധ്യമല്ലെന്നും നിരീക്ഷിച്ചു. മരം കൊള്ളയ്ക്ക് പിന്നില്‍ ഉന്നതരുണ്ടെങ്കില്‍ കാലതാമസമില്ലാതെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും കോടതി നിര്‍ദ്ദേശിച്ചു. മരം കൊള്ളയ്ക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മരംമുറിയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും പ്രത്യേകസംഘം അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.

🔳സംസ്ഥാനത്തെ എല്ലാ സാമൂഹ്യക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും തെരഞ്ഞെടുക്കുന്നതിനുമുള്ള കേന്ദ്രീകൃത സംവിധാനം രൂപികരിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ആദ്യഘട്ടമായി 34.32കോടി രൂപ ചെലവില്‍ അനുബന്ധ സോഫ്റ്റ്‌വെയര്‍, ഹാര്‍ഡ്‌വെയര്‍, മാനവ വിഭവശേഷി എന്നിവ ഉള്‍പ്പെടെയുള്ള ആധാര്‍ വാള്‍ട്ട് സംവിധാനം ഒരുക്കും. റീ-ബില്‍ഡ് കേരള ഇനീഷ്യേറ്റീവിന് കീഴിലാകും പദ്ധതി നടപ്പിലാകുക. ഇതിന് മന്ത്രിസഭാ യോഗത്തില്‍ തത്വത്തിലുള്ള അനുമതി നല്‍കി.

🔳തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനുള്‍പ്പെടെ അഞ്ചുമലയാളികളെ യൂത്ത് കോണ്‍ഗ്രസ് ദേശീയ വക്താക്കളാക്കാനുള്ള തീരുമാനം മരവിപ്പിച്ചു. ആതിര രാജേന്ദ്രന്‍, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരെയുള്‍പ്പെടെ 72 പേരെയാണ് ദേശീയ വക്താക്കളായി ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ് ഇന്നലെ നിയമിച്ചത്. എന്നാല്‍, ചില പേരുകളില്‍ ആശയക്കുഴപ്പം വന്നതിനാല്‍ തത്കാലം ഇത് മരവിപ്പിക്കുകയായിരുന്നുവെന്നും കേരളവുമായി ബന്ധപ്പെട്ടുള്ള പേരുകളിലല്ല പ്രശ്നമെന്നും ശ്രീനിവാസ് പറഞ്ഞു.

🔳കെപിസിസി അച്ചടക്ക നടപടിയിലെ ഇരട്ടനീതിയില്‍ അതൃപ്തി പരസ്യമാക്കി രമേശ് ചെന്നിത്തല. ഏകപക്ഷീയമായ നടപടികള്‍ ജനം വിലയിരുത്തട്ടയെന്ന് ചെന്നിത്തല പ്രതികരിച്ചു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടരി താരിഖ് അന്‍വര്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് കാണിച്ച് ഹൈക്കമാന്‍ഡിനെ സമീപിക്കാനൊരുങ്ങുകയാണ് എ, ഐ ഗ്രൂപ്പുകള്‍.

🔳നവകേരളം കര്‍മ പദ്ധതിയുടെ കോ- ഓര്‍ഡിനേറ്ററായി സിപിഐ എം സംസ്ഥാനകമ്മിററി അംഗം ഡോ. ടി എന്‍ സീമയെ നിയമിച്ചു. മന്ത്രിസഭായോഗത്തിന്റേതാണ് തീരുാമനം. മൂന്ന് വര്‍ഷത്തേയ്ക്ക് ആണ് നിയമനം.

🔳ഓണ പണക്കിഴി വിവാദത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ തൃക്കാക്കര നഗരസഭയില്‍ നാടകീയ രംഗങ്ങള്‍. നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്‍ ഓഫീസ് ക്യാബിനില്‍ കയറി. വിജിലന്‍സ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൂട്ടി മുദ്രവെച്ച ക്യാബിന്‍ സ്വന്തം താക്കോല്‍ ഉപയോഗിച്ച് അജിത തുറന്ന് കയറി. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ക്യാബിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഓഫീസില്‍ അതിക്രമിച്ചു കയറിയതിനെതിരെ പൊലീസ് നടപടി എടുക്കണമെന്നാണ് പ്രതിപക്ഷ ആവശ്യം. സമരം രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പൊലീസ് എത്തി പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു.

🔳മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് തന്നെയും മകളെയും പരസ്യവിചാരണ ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്നും റിപ്പോര്‍ട്ട് തേടി. പിങ്ക് പൊലീസുദ്യോഗസ്ഥയുടെ പ്രവൃത്തി പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമം തടയല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യമായതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വകുപ്പുതല നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യത്തിലാണ് റിപ്പോര്‍ട്ട് തേടിയത്. നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു.

🔳കൊല്ലം തിരുവനന്തപുരം തീരപാതയില്‍ പരവൂരിനടുത്ത് അമ്മയ്ക്കും മകനും നേരെ സദാചാര ഗുണ്ടായിസം നടത്തിയ പ്രതി ആശിഷ് പിടിയില്‍. തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ തെന്മലയില്‍ നിന്നാണ് ആശിഷിനെ പിടികൂടിയത്. തിങ്കളാഴ്ച വൈകിട്ട് പരവൂര്‍ തെക്കും ഭാഗം ബീച്ച് റോഡില്‍ വച്ചാണ് ഷംലയ്ക്കും മകന്‍ സാലുവിനും അതിക്രൂരമായ സദാചാര ഗുണ്ടാ ആക്രമണം ആശിഷില്‍ നിന്ന് നേരിടേണ്ടി വന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഷംലയുടെ ചികില്‍സ കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു ആക്രമണം. റോഡരികില്‍ വാഹനം നിര്‍ത്തി ഭക്ഷണം കഴിക്കുന്നതിന് ഇടയിലാണ് അനാശാസ്യം ആരോപിച്ച് ആശിഷ് അമ്മയെയും മകനെയും ക്രൂരമായി ആക്രമിച്ചത്.

🔳വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമയില്‍ നിന്നും പിന്മാറി ആഷിക് അബുവും പൃഥ്വിരാജും. 2020 ജൂണില്‍ പ്രഖ്യാപനം നടന്ന ചിത്രമാണിത്. സിനിമ പ്രഖ്യാപന സമയത്തിനു പിന്നാലെ ആഷിക് അബുവിനും പൃഥ്വിരാജിനുമെതിരെ വ്യാപകമായ രീതിയില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. ചിത്രം ഉപേക്ഷിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു. ഇതിന പിന്നാലെയാണ് ് ഔദ്യോഗിക സ്ഥിരീകരണം.

🔳തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, എന്നീ ഏഴ് ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് എല്ലാ വിഷയങ്ങളിലും 20 ശതമാനം സീറ്റ് അധികമായി അനുവദിക്കാന്‍ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം

🔳അങ്കമാലി തുറവൂരില്‍ മക്കളെ തീകൊളുത്തി കൊന്നശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മയും മരിച്ചു. അഞ്ജു എന്ന യുവതിയാണ് മക്കളായ ആതിര (7) അനുഷ (3) എന്നിവരെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവമറിഞ്ഞ് അയല്‍വാസികളാണ് മൂന്നുപേരെയും അങ്കമാലിയിലെ എല്‍എഫ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ കുട്ടികള്‍ മരിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥിയിലായിരുന്ന അഞ്ജുവിനെ തുടര്‍ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്. ഒന്നരമാസങ്ങള്‍ക്ക് മുമ്പാണ് അഞ്ജുവിന്റെ ഭര്‍ത്താവ് അനൂപ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.

🔳രാജ്യത്തെ ബ്രോഡ്ബാന്‍ഡ് സേവനമേഖലയില്‍ വന്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി. വയര്‍ഡ് ബ്രോഡ്ബാന്‍ഡിന്റെ മിനിമം വേഗത സെക്കന്‍ഡില്‍ 512 കെബി എന്നത് 2 എംബിയാക്കി ഉയര്‍ത്തണമെന്നാണ് പ്രധാന ശുപാര്‍ശകളില്‍ ഒന്ന്. അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ സേവനദാതാക്കളെ പ്രോത്സാഹിപ്പിക്കാന്‍ ലൈസന്‍സ് ഫീസ് ഇളവുകള്‍ നല്‍കണമെന്നും ശുപാര്‍ശയിലുണ്ട്.

🔳കര്‍ണാടകയില്‍ പരീക്ഷ എഴുതാന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ ഇളവ്. കോവിഡ് രഹിത സര്‍ട്ടിഫിക്കറ്റുമായി രക്ഷിതാക്കളില്‍ ഒരാളോടൊപ്പം എത്തി പരീക്ഷ എഴുതാം. മൂന്നു ദിവസത്തിലധികം കര്‍ണാടകയില്‍ തങ്ങാന്‍ പാടില്ല എന്നതടക്കമുള്ള നിബന്ധനകള്‍ പാലിക്കണം.

🔳പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. പശുക്കളെ സംരക്ഷിക്കുകയെന്നത് ഹിന്ദുക്കളുടെ മൗലിക അവകാശമാണെന്നും കോടതി നിരീക്ഷിച്ചു. പശുമാംസം വിതരണം ചെയ്തെന്ന് ആരോപിച്ച് അറസ്റ്റിലായ ജാവേദ് എന്നയാള്‍ക്ക് ജാമ്യം നിഷേധിച്ച് കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് ശേഖര്‍ യാദവ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ബീഫ് കഴിക്കുന്നവര്‍ക്ക് മാത്രമല്ല പശുവിനെ ആരാധിക്കുന്നവര്‍ക്കും മൗലിക അവകാശമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജീവിക്കാനുള്ള അവകാശത്തെക്കാള്‍ വലുതായി ബീഫ് കഴിക്കാനുള്ള അവകാശത്തെ കണക്കാക്കാനാകില്ല എന്നും കോടതി പറഞ്ഞു.

🔳വിദഗ്ധരുമായും രക്ഷിതാക്കളുമായും കൂടിയാലോചിച്ചാണ് ദില്ലിയില്‍ സ്‌കൂള്‍ തുറക്കാന്‍ തീരുമാനിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ. രക്ഷിതാക്കളും അധ്യാപകരും തീരുമാനത്തിന് അനുകൂലമായിരുന്നു. സ്‌കൂളിലെത്തി പഠിക്കുന്നതിന് പകരമാവില്ല ഓണ്‍ലൈന്‍ ക്ലാസ്സുകള്‍. ഏതെങ്കിലും സ്‌കൂളില്‍ കൊവിഡ് വ്യാപനം ഉണ്ടായാല്‍ സ്‌കൂള്‍ അടയ്ക്കാന്‍ 30 മിനിറ്റ് മാത്രം മതിയെന്നും മനീഷ് സിസോദിയ പറഞ്ഞു. ദില്ലി,രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഇന്നലെ സ്‌കൂളുകള്‍ തുറന്നത്.

🔳വായുമലിനീകരണം ഏകദേശം 40 ശതമാനം ഇന്ത്യക്കാരുടെയും ആയുസ്സ് കുറയ്ക്കുമെന്ന് ഒരു പുതിയ പഠനം പറയുന്നു. പുതിയ റിപ്പോര്‍ട്ട് പ്രകാരം, ജനങ്ങളുടെ ആയുര്‍ദൈര്‍ഘ്യം 9 വര്‍ഷത്തിലേറെയും കുറയുമെന്നാണ് പറയുന്നത്. തലസ്ഥാനമായ ദില്ലി ഉള്‍പ്പെടെയുള്ള മധ്യ, കിഴക്കന്‍, വടക്കേ ഇന്ത്യയില്‍ താമസിക്കുന്ന 480 ദശലക്ഷത്തിലധികം ആളുകളും വലിയ തോതിലുള്ള മലിനീകരണത്തിന് ഇരയാകുന്നുവെന്നും പഠനം സൂചിപ്പിക്കുന്നു.  

🔳പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന അക്രമസംഭവങ്ങളില്‍ സിബിഐ അന്വേഷണം നടത്താനുള്ള കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ച് മമത സര്‍ക്കാര്‍. കേന്ദ്രത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് സിബിഐ പ്രവര്‍ത്തിക്കുന്നതെന്നും ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ അവര്‍ ലക്ഷ്യമിടുകയാണെന്നും കേന്ദ്ര ഏജന്‍സിയില്‍ വിശ്വാസക്കുറവ് പ്രകടിപ്പിച്ചുകൊണ്ട് ബംഗാള്‍ സര്‍ക്കാര്‍ ആരോപിച്ചു.

🔳കശ്മീര്‍ വിഘടനവാദി നേതാവ് സയീദ് അലി ഷാ ഗീലാനി (92) അന്തരിച്ചു. ബുധനാഴ്ച രാത്രി ശ്രീനഗറിലെ വസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

🔳താലിബാന്‍ തീവ്രവാദ സംഘടനയാണോ അല്ലയോ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് മുന്‍ കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. തീവ്രവാദ സംഘടനയാണെങ്കില്‍ സര്‍ക്കാര്‍ എന്തിന് താലിബാനുമായി ചര്‍ച്ച നടത്തുന്നുവെന്നും ഒമര്‍ അബ്ദുള്ള ചോദിച്ചു. തീവ്രവാദ സംഘടന അല്ലെന്നാണ് നിലപാട് എങ്കില്‍ ഐക്യരാഷ്ട്രസംഘടനയോട് തീവ്രവാദികളുടെ പട്ടികയില്‍ നിന്ന് താലിബാനെ ഒഴിവാക്കാന്‍ ആവശ്യപ്പെടുമോയെന്നും ഒമര്‍ അബ്ദുള്ള ചോദിച്ചു. ഇന്ത്യ താലിബാനുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം.

🔳സെപ്റ്റംബര്‍ മൂന്നു മുതല്‍ ഇന്ത്യയില്‍നിന്ന് ബഹ്‌റൈനില്‍ എത്തുന്നതിന് കൂടുതല്‍ ഇളവുകള്‍. ഇന്ത്യ ഉള്‍പ്പെടെ നാലു രാജ്യങ്ങളെ കോവിഡ് നിയന്ത്രണങ്ങളുടെ ചുവപ്പ് പട്ടികയില്‍നിന്ന് ബഹ്‌റൈന്‍ ഒഴിവാക്കി. സിവില്‍ ഏവിഷേയന്‍ അഫയേഴ്‌സാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ചുവപ്പ് പട്ടികയില്‍നിന്ന് ഒഴിവാക്കിയ രാജ്യക്കാര്‍ക്ക് ബഹ്‌റൈനില്‍ നേരിട്ടെത്താം. ഇവര്‍ക്ക് കോവിഡ് പരിശോധനയുടെ ആവശ്യമില്ല. എന്നാല്‍, പുറപ്പെടുന്നതിന് മുന്‍പ് രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചിരിക്കണം.

🔳അഫ്ഗാനിലേക്കുള്ള കടന്നുകയറ്റത്തില്‍ താലിബാന് പാകിസ്താന്റെ സര്‍വവിധത്തിലുള്ള പിന്തുണയും ഉണ്ടായിരുന്നു എന്ന കാര്യം അഷ്റഫ് ഗനി ജോ ബൈഡനെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്. ജൂലായില്‍ത്തന്നെ ഇക്കാര്യം ഇരു രാജ്യങ്ങളുടെ നേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍ ചൂണ്ടിക്കാണിച്ചിരുന്നതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
10,000 മുതല്‍ 15,000 വരെ പാകിസ്താന്‍ തീവ്രവാദികള്‍ അഫ്ഗാനില്‍ എത്തിയിട്ടുള്ളതായി കഴിഞ്ഞ ജൂലായ് 23-ന് ഇരു രാഷ്ട്രത്തലവന്‍മാരും തമ്മില്‍ നടന്ന ടെലഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കിയിരുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

🔳കാബൂള്‍ വിമാനത്താവളത്തില്‍ തങ്ങളുടെ 13 സൈനികരുടെ ജീവനെടുത്ത ഐ.എസ്.-ഖൊരാസന്‍ ഭീകരസംഘടനയോടുള്ള പ്രതികാരം അവസാനിച്ചിട്ടില്ലെന്നും അവര്‍ യു.എസില്‍നിന്ന് ഇനിയും ആക്രമണങ്ങള്‍ നേരിടുമെന്നും പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പ്. ഭീകരതയ്ക്കുനേരെയുള്ള പോരാട്ടം തങ്ങള്‍ തുടരുമെന്നും അഫ്ഗാന്‍ വിടാനുള്ള യു.എസിന്റെ തീരുമാനം ഉചിതമായ സമയത്തായിരുന്നെന്നും സേനാപിന്മാറ്റത്തിനുശേഷം നടത്തിയ പ്രസംഗത്തില്‍ ബൈഡന്‍ പറഞ്ഞു.

🔳ഈ മാസം ഓസ്‌ട്രേലിയക്കെതിരെ നിശ്ചയിച്ച ഏക ടെസ്റ്റ് മത്സരത്തില്‍ പങ്കെടുക്കുന്നതിന് അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ടീമിന് താലിബാന്‍ അനുമതി നല്‍കി. അഫ്ഗാനിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഇക്കാര്യം അറിയിച്ചത്. നവംബര്‍ 27-ന് ഓസ്‌ട്രേലിയയിലെ ഹൊബാര്‍ട്ടിലാണ് മത്സരം നിശ്ചയിച്ചിട്ടുള്ളത്.

🔳ഇംഗ്ലണ്ടിനെതിരെ ഓവലില്‍ ഇന്ന് തുടങ്ങുന്ന നാലാം ടെസ്റ്റിനുള്ള സ്‌ക്വാഡില്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയെ ഉള്‍പ്പെടുത്തി ഇന്ത്യ. ഇംഗ്ലണ്ട് പര്യടനത്തില്‍ സ്റ്റാന്‍ഡ് ബൈ താരമായി ടീം ഇന്ത്യക്കൊപ്പമുണ്ടായാളാണ് പ്രസിദ്ധ് കൃഷ്ണ. ടെസ്റ്റില്‍ ഇതുവരെ അരങ്ങേറ്റം കുറിക്കാത്ത പ്രസിദ്ധ് മൂന്ന് ഏകദിനങ്ങളില്‍ ഇന്ത്യന്‍ കുപ്പായം അണിഞ്ഞിട്ടുണ്ട്. പ്രസിദ്ധ് കൃഷ്ണയും എത്തുന്നതോടെ പര്യടനത്തില്‍ ഇന്ത്യന്‍ പേസ് നിരയിലെ താരങ്ങളുടെ എണ്ണം ഏഴാകും. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, ശാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ് എന്നിവരാണ് നിലവില്‍ സ്‌ക്വാഡിലുള്ള പേസര്‍മാര്‍. ഓവലില്‍ ഇന്ന് ഇന്ത്യന്‍സമയം ഉച്ചകഴിഞ്ഞ് 3.30ന് മത്സരം തുടങ്ങും.

🔳ബാഴ്സലോണയില്‍ പത്താം നമ്പര്‍ ജേഴ്സി യുവതാരം അന്‍സു ഫാറ്റിക്ക്. ഏറെക്കാലമായി ലിയോണല്‍ മെസ്സി ധരിച്ചിരുന്ന പത്താം നമ്പര്‍ ജഴ്സിയാണ് ഈ സീസണില്‍ ഫാറ്റിക്ക് കൈമാറുന്നത്. നേരത്തേ, ബ്രസീല്‍ താരം ഫിലിപെ കൂടിഞ്ഞോയ്ക്ക് പത്താം നമ്പര്‍ നല്‍കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും ബാഴ്സയുടെ അക്കാദമി താരമായ ഫാറ്റിക്ക് തന്നെ പത്താം നമ്പര്‍ ജേഴ്സി നല്‍കാന്‍ ബാഴ്സലോണ മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു.

🔳കേരളത്തില്‍ ഇന്നലെ 1,74,854 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 32,803 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 173 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 20,961 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 154 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 31,380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1161 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 108 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,610 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,29,912 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട് 1151, ഇടുക്കി 1130, കാസര്‍ഗോഡ് 614.

🔳രാജ്യത്ത് ഇന്നലെ 45,966 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 34,768 പേര്‍ രോഗമുക്തി നേടി. മരണം 505. ഇതോടെ ആകെ മരണം 4,39,559 ആയി. ഇതുവരെ 3,28,56,863 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.83 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 4,456 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ 1,509 പേര്‍ക്കും കര്‍ണാടകയില്‍ 1,159 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1186 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 6,72,509 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,81,382 പേര്‍ക്കും ബ്രസീലില്‍ 26,348 പേര്‍ക്കും റഷ്യയില്‍ 18,368 പേര്‍ക്കും ഇംഗ്ലണ്ടില്‍ 35,693 പേര്‍ക്കും ഫ്രാന്‍സില്‍ 17,621 പേര്‍ക്കും തുര്‍ക്കിയില്‍ 23,946 പേര്‍ക്കും ഇറാനില്‍ 33,170 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 21.91 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.86 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 10,336 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,471 പേരും ബ്രസീലില്‍ 703 പേരും റഷ്യയില്‍ 790 പേരും ഇറാനില്‍ 599 പേരും ഇന്‍ഡോനേഷ്യയില്‍ 653 പേരും മെക്സിക്കോയില്‍ 835 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45.43 ലക്ഷം.

🔳വ്യാപാരികള്‍ക്കിടയിലെ ബിസിനസ് വ്യാപിപ്പിക്കുന്നതിനായി പ്രമുഖ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്കും പ്രമുഖ ഫിന്‍ടെക്ക് കമ്പനിയായ ഭാരത് പേയും തമ്മില്‍ സഹകരിക്കുന്നു. ഭാരത് പേയുടെ പിഒഎസ് ബിസിനസ് സ്വീകരിക്കുന്ന ബാങ്കായിരിക്കും ആക്‌സിസ് ബാങ്ക്. സഹകരണത്തിലൂടെ ഭാരത് പേയുടെ വ്യാപാര അനുഭവം വര്‍ധിപ്പിക്കാന്‍ ആക്‌സിസ് ബാങ്കിന്റെ സാങ്കേതിക വിദ്യയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് അനവധി സേവനങ്ങളും ഇതോടൊപ്പം ലഭ്യമാക്കാനാണ് ഭാരത് പേയുടെ ആലോചന. ഇന്ത്യയിലെ മൂന്നാമത്തെ വലിയ പിഒഎസ് സ്വീകരണ ബാങ്കാണ് ആക്‌സിസ് ബാങ്ക്.

🔳പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് എല്ലാവിധ സേവിംഗ്സ് നിക്ഷേപങ്ങളുടെയും പലിശ നിരക്ക് കുറച്ചു. നേരത്തെയുണ്ടായിരുന്ന വാര്‍ഷിക പലിശ നിരക്ക് മൂന്ന് ശതമാനത്തില്‍നിന്ന് 2.90 ശതമാനമായാണ് കുറച്ചത്. പുതിയ നിരക്ക് സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. പുതുക്കിയ നിരക്ക് നിലവിലുള്ളതും പുതിയതുമായ സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് ബാധകമാകുമെന്ന് ബാങ്ക് വ്യക്തമാക്കി. പ്രോസസിംഗ് ഫീസ് ഇളവ് 2021 ഡിസംബര്‍ 31 വരെ ലഭ്യമാണ്.

🔳തെന്നിന്ത്യയിലെ തന്നെ എക്കാലത്തെയും വിജയ നായികയാണ് ജ്യോതിക. സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റാഗ്രാമിലേക്ക് ജ്യോതികയും എത്തിയതാണ് പുതിയ വിശേഷം. ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്ത ആദ്യ ഫോട്ടോ തന്നെ ഹിറ്റായി മാറുകയും ചെയ്തു. വളരെ വലിയ സ്വീകരണമാണ് ജ്യോതികയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ലഭിച്ചത്. ഒട്ടേറെ പേരാണ് ജ്യോതികയുടെ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്റെ പൊണ്ടാട്ടി എന്ന് പറഞ്ഞാണ് സൂര്യ കമന്റ് എഴുതിയത്. ഒറ്റ ദിവസം കൊണ്ട് 15 ലക്ഷം ഫോളോവേഴ്സാണ് ജ്യോതികയ്ക്ക് ലഭിച്ചത്. ഹിമാലയന്‍ യാത്രയില്‍ നിന്നുള്ള ഫോട്ടോയാണ് ജ്യോതിക ആദ്യമായി പങ്കുവെച്ചത്.

🔳മലയാളിയായ നവാഗത സംവിധായകന്‍ ഹിന്ദിയില്‍ ഒരുക്കിയ ഹൊറര്‍ ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം ആമസോണ്‍ പ്രൈം ഉള്‍പ്പെടെയുള്ള ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ആയി. ഷമല്‍ ചാക്കോ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് 'പീക്കാബൂ' എന്നാണ് പേരിട്ടിരിക്കുന്നത്. 'രാവി' എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് 10 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം പുരോഗമിക്കുന്നത്. പെണ്‍കുട്ടികളുടെ ആത്മഹത്യയുടെ പേരില്‍ വാര്‍ത്താപ്രാധാന്യം നേടിയ ഒരു കോണ്‍വെന്റ് ഹോസ്റ്റല്‍ ആണ് കഥാപശ്ചാത്തലം.

🔳സിപ്ട്രോണ്‍ പവര്‍ട്രെയിന്‍ ഉപയോഗപ്പെടുത്തി ടിഗോര്‍ ഇവിയെ പരിഷ്‌കരിച്ച ടിഗോര്‍ ഇവിയെ വിപണിയില്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്. ടിഗോര്‍ ഇ വിയുടെ വിലയും ടാറ്റ മോട്ടോഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. നാല് വേരിയന്റുകളില്‍ എത്തുന്ന ഈ മോഡലിന് 11.99 ലക്ഷം രൂപ മുതല്‍ 12.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില.

🔳റ്റി വി സജിത്തിന്റെ 'ഭൂമി പിളരും പോലെ' എന്ന കഥാസമാഹാരം ബാല്‍ഷം ടോവിന്റെ വാക്കുകളെ അന്വര്‍ഥമാക്കുന്നതാണ്. ഒരു പാരമ്പര്യത്തിന്റെയും ആളാവാതെ തന്റെ സ്വന്തം ശെലിയില്‍ കഥപറയുകയാണ് ഈ യുവ കലാകാരന്‍. കൈരളി ബുക്സ്. വില 133 രൂപ.

🔳സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏഴുവരെ ഇന്ത്യയില്‍ ദേശീയ പോഷകാഹാര വാരമായി ആചരിക്കുന്നു. കുട്ടികള്‍, കൗമാരക്കാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരില്‍ പോഷകത്തിന്റെ പ്രാധാന്യം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോഷകാഹാര വാരാചരണം നടത്തുന്നത്. പോഷകങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുക, ജനങ്ങളില്‍ ഉണ്ടാകുന്ന പോഷകാഹാരക്കുറവിന്റെ പ്രശ്നങ്ങളെ പരിഹരിക്കുക തുടങ്ങിയവയാണ് ഈ വാരാചരണത്തോടെ ലക്ഷ്യമിടുന്നത്. ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് വെള്ളം. നിര്‍ജലീകരണം ഒഴിവാക്കാനും ശരീരത്തിന്റെ രോഗപ്രതിരോധശേഷിക്കും ദിവസവും വെള്ളം ധാരാളം കുടിക്കാം. പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് ഇലക്കറികള്‍. അതിനാല്‍ ദിവസവും ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇലക്കറികള്‍ കാഴ്ചയ്ക്കും ബുദ്ധിവികാസത്തിലും, രോഗപ്രതിരോധത്തിലുമെല്ലാം വളരെ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വിറ്റാമിന്‍ സിയും അടങ്ങിയ ഇവ പ്രതിരോധശേഷി കൂട്ടുന്നതിനൊപ്പം ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. ആരോഗ്യകരമായ ഭക്ഷണശീലത്തിന്റെ ഭാഗമാണ് പഴങ്ങള്‍. ഫൈബര്‍, വിറ്റാമിനുകള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയ പഴങ്ങളും പഴച്ചാറുകളും ഡയറ്റില്‍ ഉള്‍പ്പെടുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. നമ്മുടെ സുഗന്ധവ്യജ്ഞനങ്ങളെല്ലം തന്നെ നല്ല ഒറ്റമൂലികളാണ്. ഇവയ്ക്കെല്ലാം തന്നെ പല രോഗങ്ങളെയും ശമിപ്പിക്കാനുള്ള അത്ഭുത സിദ്ധിയുമുണ്ട്. അതിനാല്‍ രോഗപ്രതിരോധശേഷി കൂട്ടാന്‍ സുഗന്ധവ്യജ്ഞനങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇഞ്ചി, കറുവാപ്പട്ട, ജീരകം, മഞ്ഞള്‍ തുടങ്ങിയവയാണ് സുഗന്ധവ്യജ്ഞനങ്ങള്‍. തൈര് പോലുള്ള പുളിപ്പിച്ചുണ്ടാക്കുന്ന ആഹാരസാധനങ്ങളില്‍ ഗുണം ചെയ്യുന്ന പ്രോബയോട്ടിക് ബാക്റ്റീരിയ ഉണ്ടാകും. നല്ല ബാക്റ്റീരിയകള്‍ ആരോഗ്യകരമായ ദഹനം സാധ്യമാക്കുന്നു. കൂടാതെ പ്രതിരോധശേഷിക്കും നല്ലതാണ്.  

*ശുഭദിനം*
*കവിത കണ്ണന്‍*
ആ കിളികള്‍ കൂട്ടമായി ദേശാടനത്തിലായിരുന്നു. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കടല്‍ നീന്തിക്കടന്നുവേണം അവര്‍ക്ക് ആ ദ്വീപിലെത്താന്‍. ദ്വീപില്‍ ധാരാളം പഴവര്‍ഗ്ഗങ്ങള്‍ നിറയുന്ന കാലമാണ് അത്. കടല്‍ കടക്കുന്നതിനിടെ കൂട്ടത്തിലൊരു കിളിക്ക് ഒരു തളര്‍ച്ചപോലെ. ചിറകുകള്‍ തളര്‍ന്നു അവള്‍ താഴേക്ക് വീണുകൊണ്ടിരുന്നു. മറ്റുള്ളവരൊന്നും അതറിയാതെ ഏറെ ദൂരം മുന്നോട്ട് പോയി. അവള്‍ കടലില്‍ വീണു. കുറച്ച് നേരം മുങ്ങിത്താണു. അവസാന ശ്വാസം എടുക്കാനായി അവള്‍ ഒരു തവണ കൂടി കടലിന് മുകളിലേക്ക് പൊങ്ങി. ദൂരെ ഒരു തിമിംഗലം ഇതു കാണുന്നുണ്ടായിരുന്നു. തിമിംഗലം നീന്തി ആ കുഞ്ഞിക്കിളിക്ക് താഴെവന്ന് നിന്ന് ഉയര്‍ന്നു. ആ കുഞ്ഞിക്കിളി തിമിംഗലത്തിന് മുകളില്‍ തളര്‍ന്നുകിടന്നു. കുറച്ച് ദൂരം പിന്നിട്ടപ്പോഴേക്കും സൂര്യരശ്മികളേറ്റ് അവളുടെ കുഞ്ഞിച്ചിറകുകള്‍ ഉണങ്ങി. ചിറകൊന്ന് കുടഞ്ഞ് അവള്‍ തിമിംഗലത്തിന് പുറത്ത് എഴുന്നേറ്റ് നിന്നു. ദൂരെ അവള്‍ക്കെത്തേണ്ട ദ്വീപ് തെളിഞ്ഞുവന്നു. സന്തോഷം കൊണ്ട് അവളുടെ കണ്ണുകള്‍ നിറഞ്ഞു. സ്‌നേത്തോടെ അവള്‍ തിമിംഗലത്ത് പുറത്ത് കൊക്കുകള്‍ ഉരസി. കൂട്ടുകാര്‍ എത്തുന്നതിന് മുമ്പേ അവള്‍ ആ തീരത്ത് അവരെ കാത്തിരുന്നു. ചിലപ്പോഴൊക്കെ നമ്മുടെ ജീവിതവും ഇതുപോലെയാണ്. അവസാനമെന്ന് കരുതിയ ഇടത്തുനിന്ന് ജീവിതത്തിലേക്ക് ചെറുവഴികള്‍ തെളിഞ്ഞുവരിക തന്നെ ചെയ്യും - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only