👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


02 സെപ്റ്റംബർ 2021

നട്ടെല്ല് പണയം വയ്ക്കാത്ത നായകന്‍ വാരിയംകുന്നന്റെ വേഷം ധരിക്കും-സിദ്ദിഖ് ചേന്ദമംഗല്ലൂര്‍
(VISION NEWS 02 സെപ്റ്റംബർ 2021)
വാരിയം കുന്നത്തു കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ നിന്ന് നടന്‍ പൃഥ്വിരാജും സംവിധായകന്‍ ആഷിക് അബുവും പിന്‍മാറിയതിന് പിന്നാലെ സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍ സിദ്ദിഖ് ചേന്ദമംഗല്ലൂര്‍. തന്റെ ഫേയ്‌സ്ബുക്കിലൂടെയാണ് സിദ്ദിഖ് ഇക്കാര്യം അറിയിച്ചത്.

സിദ്ദിഖ് ചേന്ദമംഗല്ലൂരിന്റെ കുറിപ്പ്

വാരിയം കുന്നന്റെ യഥാര്‍ത്ഥ ചരിത്രമാണ് കേരളജനത ആഗ്രഹിക്കുന്നതെങ്കില്‍ സംവിധാനം ചെയ്യാന്‍ ഞാന്‍ തയ്യാറാണ്.ഇന്ന് രാത്രി 8 മുതല്‍ 10 മണി വരെ നിരവധി പ്രൊഡക്ഷന്‍ ടീമുമായി സംസാരിച്ചു.

നട്ടെല്ല് പണയം വെക്കാത്ത ഒരു നായകന്‍ കുഞ്ഞഹമ്മദ് ഹാജി എന്ന സ്വാതന്ത്ര്യ സമര സേനാനിയുടെ വേഷം ധരിക്കും എന്നത് ഉറപ്പ്. നിലവിലെ നിര്‍മ്മാതക്കളും സ്‌ക്രിപ്റ്റ് ഡയറക്ട്‌റും തയ്യാറാണങ്കില്‍ ഉറക്കെ വിളിച്ചു പറയൂ. മതേതരമണ്ണില്‍ വര്‍ഗ്ഗീയതയും ഭീഷണിയും വാഴില്ലെന്ന്.

മലബാര്‍ ലഹളയെ ആസ്പദാക്കി താന്‍ പ്രഖ്യാപിച്ച സിനിമയുമായി മുന്നോട്ട് പോകുമെന്ന് സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദും പറഞ്ഞു. വലിയ കാന്‍വാസിലുള്ള സിനിമയാണ് കോവിഡ് നിയന്ത്രണങ്ങള്‍ മാറിയാലാകും ചിത്രീകരണമെന്നും പി.ടി പറഞ്ഞു.

നിര്‍മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് പൃഥ്വിരാജും ആഷിക് അബുവും പിന്‍മാറിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മലബാര്‍ ലഹളയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് പൃഥ്വിരാജും ആഷിക് അബുവും ചേര്‍ന്ന് ചിത്രം പ്രഖ്യാപിച്ചത്. 'ലോകത്തിന്റെ നാലിലൊന്നും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരേ യുദ്ധംചെയ്തു മലയാള രാജ്യം' എന്ന സ്വതന്ത്രരാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങള്‍ സിനിമയാക്കുന്നു' എന്നായിരുന്നു പൃഥ്വിരാജിന്റെ പോസ്റ്റ്. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാര്‍ വിപ്ലവചരിത്രത്തിന്റെ നൂറാംവാര്‍ഷികത്തില്‍ (2021) ചിത്രീകരണം തുടങ്ങുമെന്നും പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.

തുടര്‍ന്ന് വലിയ വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. വാരിയം കുന്നന്‍ സ്വാതന്ത്ര്യസമരസേനാനിയല്ലെന്നും ഖിലാഫത്ത് പ്രസ്ഥാനത്തെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്താനാകില്ലെന്നും തുടങ്ങിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പൃഥ്വിരാജ് പിന്മാറണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി രംഗത്ത് വരികയും പൃഥ്വിക്കെതിരേ ശക്തമായ സൈബര്‍ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇത് സ്വാതന്ത്രൃസമരമല്ല, കലാപമാണെന്നും കുറ്റവാളിയായ കുഞ്ഞഹമ്മദ് ഹാജിയെ മഹത്വവത്കരിക്കുകയാണ് ചിത്രമെന്നും പറഞ്ഞാണ് രൂക്ഷമായ ആക്രമണം നടന്നത്. 

ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിലൊരാളായ റമീസിന്റെ മുന്‍കാല ഫെയ്സ്ബുക്ക് പോസ്റ്റുകളിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും ചര്‍ച്ചയായി. തുടര്‍ന്ന് റമീസ് താല്‍ക്കാലികമായി സിനിമയില്‍ നിന്ന് പിന്മാറിയിരുന്നു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only