03/09/2021

ഫോൺ പൊട്ടിത്തെറിക്കാനുള്ള കാരണങ്ങൾ എന്തൊക്കെ! അറിയാം!
(VISION NEWS 03/09/2021)
ഫോൺ പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ ഇന്ത്യയിലും പലപ്പോഴും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഫോണ്‍ പൊട്ടിത്തെറിയെക്കുറിച്ച് ശരിക്കുള്ളതും വ്യാജവുമായ നിരവധി വാര്‍ത്തകള്‍ വരുന്നുണ്ട്. ഫോണുകള്‍ മാത്രമല്ല ലാപ്‌ടോപ്പുകളും അത്തരത്തിലുള്ള ഉപകരണങ്ങളും തീ പിടിക്കുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യാം.എന്താകും ഇതിനുള്ള കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ മിക്കപ്പോഴും ഇവയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ആകാം പൊട്ടിത്തെറിക്ക് കാരണമാകുന്നത്. പൊതുവേ ഫോണ്‍ ഉപയോഗം സുരക്ഷിതമാണെങ്കിലും സൂക്ഷിച്ചില്ലെങ്കല്‍ പ്രശ്‌നങ്ങളില്‍ ചെന്നെത്തുകയും ചെയ്യാം. ഇക്കാലത്ത് 4,500 എംഎഎച്ചും അതിലേറെയും ബാറ്ററി കപ്പാസിറ്റിയുള്ള ഫോണുകളാണ് ഇറങ്ങുന്നത്. കൂടാതെ ഫാസ്റ്റ് ചാര്‍ജിങും ട്രെന്‍ഡിങ് ആയിക്കഴിഞ്ഞു. ഇക്കാലത്ത് ഫോണുകളുടെയും ചാര്‍ജറുകളുടെയും ഉപയോഗത്തില്‍ അതീവ ശ്രദ്ധവേണ്ടതുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ഫോൺ പൊട്ടിതെറി ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം:

ഫോണ്‍ താഴെ വീണോ മറ്റോ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്ന് സംശയം തോന്നിയാല്‍ അത് എത്രയും വേഗം കമ്പനിയുടെ അംഗീകൃത സര്‍വീസ് സെന്ററിലെത്തിച്ച് പരിശോധിക്കുക. എവിടെയെങ്കിലും വിള്ളല്‍ വീണിട്ടുണ്ടെങ്കില്‍ അവയിലൂടെ വെള്ളവും മറ്റും ഇറങ്ങാം. നിനച്ചിരിക്കാത്ത സമയത്ത് അപകടം ഉണ്ടാകാം. അത്തരം ഫോണുകള്‍ ഉപയോഗിക്കുന്നത് പ്രശ്‌നമാണ്. ഫോണിന് പ്രശ്‌നം നേരിട്ടെങ്കിൽ അത് ഫോണ്‍ നിര്‍മിച്ച കമ്പനി അംഗീകരിച്ച സര്‍വീസ് സെന്ററില്‍ തന്നെ എത്തിക്കുന്നതാണ് ഉത്തമം. പ്രാദേശിക ടെക്‌നീഷ്യന്‍മാരെ സമീപിച്ചാല്‍ സമയവും പണവും ലാഭിക്കാമെങ്കിലും പിന്നീട് മറ്റു പ്രശ്‌നങ്ങള്‍ സംഭവിച്ചേക്കാം. പല കമ്പനികളും പ്രാദേശികമായി നന്നാക്കിയെടുക്കാനുള്ള സാധ്യത ഇല്ലാതാക്കി വരികയാണ്.

ഫോണിനൊപ്പം കിട്ടിയ, അല്ലെങ്കില്‍ ഫോണ്‍ നിര്‍മിച്ച കമ്പനി ആ മോഡലിനായി അവതരിപ്പിച്ച ചാര്‍ജര്‍ തന്നെ ഉപയോഗിക്കുക. ഓരോ ഫോണിന്റെയും ബാറ്ററിക്കുള്ള ഫാസ്റ്റ് ചാര്‍ജിങ് കഴിവുകള്‍ വ്യത്യസ്തമായിരിക്കും. അതിനാല്‍ തന്നെ ഫോണ്‍ കൂടുതല്‍ വേഗത്തില്‍ ചാര്‍ജ് ചെയ്‌തെടുക്കാനായി സപ്പോര്‍ട്ടു ചെയ്യാത്ത ക്വിക് ചാര്‍ജര്‍ ഉപയോഗിക്കുന്നത് ചിലപ്പോള്‍ പ്രശ്‌നമാകാം. അതോടൊപ്പം ഡ്യൂപ്ലിക്കെറ്റ് ചാര്‍ജറുകള്‍ ഉപയോഗിക്കുന്നില്ലെന്നും ഉറപ്പുവരുത്തുക. ബാറ്ററി മാറ്റിവയ്‌ക്കേണ്ടതായി വന്നാല്‍ നിങ്ങളുടെ മോഡലിനായി കമ്പനി നിര്‍മിച്ച ബാറ്ററി തന്നെ വാങ്ങുക. വ്യാജ ബാറ്ററികള്‍ കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കാം. മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍മിച്ച വ്യാജ ബാറ്ററികള്‍ അമിതമായി ചൂടാകാം, തീ പിടിക്കാം, പൊട്ടിത്തെറിക്കുകയും ചെയ്യാം.

ചാര്‍ജിങ് സമയത്ത് ഫോണ്‍ അസാധാരണമായി ചൂടായിരിക്കുന്നതായി തോന്നിയാല്‍ അത് ചാര്‍ജറില്‍ നിന്ന് ഡിസ്‌കണക്ട് ചെയ്ത് മാറ്റിവയ്ക്കുന്നതാണ് സുരക്ഷിതം. കാറുകളിലും മറ്റും യാത്ര ചെയ്യുമ്പോള്‍ വാഹനങ്ങളിലെ ചാര്‍ജറുകള്‍ക്കു പകരം നല്ല കമ്പനികള്‍ ഇറക്കിയ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കുന്നത് ഗുണകരമായിരിക്കും. കാറുകളില്‍ ഘടിപ്പിച്ചിരിക്കുന്ന ചാര്‍ജിങ് അക്‌സസറികള്‍ നിങ്ങളുടെ ഫോണുമായി ചേര്‍ച്ചയുണ്ടാകണമെന്നില്ല. ഫോണ്‍ ചാര്‍ജ് 100 ശതമാനം വരെ എത്തിക്കണമെന്നില്ല. അത് 90 ശതമാനത്തിലൊക്കെ നിർത്തുന്നതാണ് ഉചിതം. സാംസങ് ഒക്കെ ഇപ്പോള്‍ ബാറ്ററി സെറ്റിങ്സിൽ ബാറ്ററിയുടെ പരമാവധി ശേഷി ചാര്‍ജ് ചെയ്യാതിരിക്കാനുള്ള ഓപ്ഷനുകള്‍ നല്‍കുന്നുണ്ട്. ഇത് ഓരോ മോഡലിനും വ്യത്യസ്തമായിരിക്കാം. ഫോണിന്റെ ബാറ്ററി സെറ്റിങ്‌സ് വിശദമായി പരിശോധിക്കുക. രാത്രി മുഴുവന്‍ ചാർജിലിട്ടാല്‍ ഓട്ടോ കട്ട് ഓഫ് ഉണ്ടെങ്കില്‍ പോലും ചിലപ്പോള്‍ ബാറ്ററി വീര്‍ത്തു വരാന്‍ ഇടവരുത്തുമെന്നു പറയുന്നു. ഇത് അപകടകരമാണ്.

ജനാലയോ വാതിലോ വഴി അകത്തേക്ക് വരുന്ന സൂര്യപ്രകാശത്തില്‍ ഫോൺ ചാര്‍ജു ചെയ്യാൻ വയ്ക്കാതിരിക്കുക. ചാര്‍ജ് ചെയ്യുന്നില്ലങ്കില്‍ പോലും ഫോണ്‍ വെയിലത്തിരിക്കുന്നത് നല്ലതല്ല. ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണിനു മുകളില്‍ ഭാരം കൂടിയ വസ്തുക്കള്‍, യാദൃശ്ചികമായി ആണെങ്കില്‍ പോലും വയ്ക്കുന്നില്ലെന്ന് ഉറപ്പു വരുത്തുക. നേരിട്ട് വാള്‍ ചാര്‍ജറുകളില്‍ കുത്തുക. ചില പവര്‍ സ്ട്രിപ്പുകള്‍ അല്ലെങ്കില്‍ എക്‌സ്റ്റെന്‍ഷന്‍ ബോര്‍ഡുകള്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യുന്നത് സുരക്ഷിതമായിരിക്കില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only