10 സെപ്റ്റംബർ 2021

പ്രഭാത വാർത്തകൾ
(VISION NEWS 10 സെപ്റ്റംബർ 2021)
🔳ഭീകരര്‍ക്ക് സുരക്ഷിത താവളമായി അഫ്ഗാനിസ്ഥാന്‍ മാറുന്നത് തടയുമെന്ന് ബ്രിക്സ് ഉച്ചകോടി അംഗീകരിച്ച സംയുക്ത പ്രസ്താവന. അഫ്ഗാനിസ്ഥാനില്‍ ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വീണ്ടും തലപൊക്കുന്നതില്‍ ഉച്ചകോടി കടുത്ത ആശങ്ക രേഖപ്പെടുത്തി. ഇതിനിടെ താലിബാന്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ നിയമവിരുദ്ധമെന്ന് ദില്ലിയിലെ അഫ്ഗാന്‍ എംബസി പ്രസ്താവനയിറക്കി.

🔳സ്‌കൂളുകള്‍ തുറക്കാന്‍ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നത് നിര്‍ബന്ധമല്ലെന്ന് ആരോഗ്യ മന്ത്രാലയം. ലോകത്ത് എവിടെയും ഇത്തരം വ്യവസ്ഥ അംഗീകരിക്കുന്നില്ല. ഒരു ശാസ്ത്രീയ സംഘടനയും അങ്ങനെ ശുപാര്‍ശ ചെയ്യുന്നില്ല. എന്നാല്‍ ജീവനക്കാര്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നത് അഭികാമ്യം ആണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

🔳കോവിഡ് വാക്സിന്റെ ആദ്യ ഡോസ് മരണം തടയുന്നതിന് 96.6 ശതമാനം ഫലപ്രദമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. വാക്സിന്റെ രണ്ടാം ഡോസ് മരണം തടയുന്നതിന് 97.5 ശതമാനം ഫലപ്രദമെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ഏപ്രില്‍ മേയ് മാസത്തിലെ കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഉണ്ടായ മിക്ക മരണങ്ങളും വാക്സിന്‍ എടുക്കാത്തത് കൊണ്ടാണ്. 2021 ഏപ്രില്‍ 18നും ഓഗസ്റ്റ് 15നും ഇടയിലുള്ള വിവരങ്ങള്‍ വിശകലനം ചെയ്തു കൊണ്ട് ഐസിഎംആര്‍ ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

🔳സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി. ഇത്തരം കേസുകളുടെ അന്വേഷണ പുരോഗതി ഡിജിപി നേരിട്ട് വിലയിരുത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ആരോഗ്യപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്തതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 278 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ 278 കേസുകളില്‍ ആകെ 28 കേസുകളില്‍ മാത്രമാണ് അന്വേഷണം നടക്കുന്നതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

🔳ചന്ദ്രിക കള്ളപ്പണ ഇടപാടില്‍ ലഭ്യമായ എല്ലാ രേഖകളും എന്‍ഫോഴ്സ്മെന്റിന് കൈമാറിയതായി കെ ടി ജലീല്‍. പതിനാറാം തീയതി കുഞ്ഞാലിക്കുട്ടിയെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചിട്ടുണ്ടെന്നും ജലീല്‍ പറയുന്നു. എആര്‍ നഗര്‍ ബാങ്ക് ഇടപാടില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ജലീലിന്റെ പുതിയ നിലപാട്. ഇഡി ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജലീല്‍.

🔳ചുമതല ബോധമുള്ള പാര്‍ട്ടിയായി സംസ്ഥാനത്തെ കോണ്‍ഗ്രസിനെ പുനക്രമീകരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. യൂണിറ്റ് തലം മുതല്‍ സംസ്ഥാന തലം വരെ ചുമതല വീതിച്ച് നല്‍കുമെന്ന് കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി. പാര്‍ട്ടിയില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും നിയോജക മണ്ഡലത്തിലെ ഒരു പഞ്ചായത്ത് കമ്മിറ്റിയില്‍ വനിത പ്രസിഡന്റെന്ന നിബന്ധന ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് യോഗങ്ങളെ കര്‍ശനമായി നിരീക്ഷിക്കുമെന്നും ത്രിതല പത്മായത്ത് സമിതികളെ നിരീക്ഷിക്കാന്‍ സഹകരണ സെല്‍ കൊണ്ടുവരും സുധാകരന്‍ പറഞ്ഞു. രണ്ട് ടേം വ്യവസ്ഥ സഹകരണ മേഖലയില്‍ കൊണ്ടുവരുമെന്ന് പറഞ്ഞ അദ്ദേഹം പാര്‍ട്ടി പരിപാടികള്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്നും വ്യക്തമാക്കി.

🔳ബെവ്കോ ഔട്ട്ലെറ്റുകള്‍ തുറക്കാനുള്ള തീരുമാനവുമായി കെഎസ്ആര്‍ടിസി മുന്നോട്ട് തന്നെ. കെഎസ്ആര്‍ടിസിയുടെ ഭൂമിയും കെട്ടിടങ്ങളും ദീര്‍ഘകാല പാട്ടത്തിന് ബെവ്കോയ്ക്ക് നല്‍കാനാണ് നീക്കമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ തൊഴിലാളി യൂണിയനുകളോട് വ്യക്തമാക്കി. ബെവ്കോ ഔട്ട് ലെറ്റുകള്‍ ഡിപ്പോകള്‍ക്കുള്ളില്‍ തുറക്കില്ലെന്ന് ബിജു പ്രഭാകര്‍ അറിയിച്ചു. ഡിപ്പോകള്‍ക്ക് പുറത്തുളള ഭൂമിയിലായിരിക്കും ബെവ്കോ ഔട്ട്‌ലെറ്റുകള്‍ തുറക്കുക. കെഎസ്ആര്‍ടിസിയുടെ ഭൂമിയില്‍ ബെവ്കോയുമായി സഹകരിച്ചാകും കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക. ഇതിനുള്ള ശുപാര്‍ശ നല്‍കിയെന്നും ബിജു പ്രഭാകര്‍ തൊഴിലാളി യൂണിയന്‍ നേതാക്കളെ അറിയിച്ചു.

🔳കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക സ്ഥിതി നിലവില്‍ പരിതാപകരമാണെന്നും കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്നും മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍. അധികമുള്ള ജീവനക്കാര്‍ക്ക് പകുതി ശമ്പളം നല്‍കി ദീര്‍ഘകാല അവധി നല്‍കുന്ന കാര്യം പരിഗണിക്കണം. നയപരമായ ഈ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണം. സാമ്പത്തിക അച്ചടക്കം കെഎസ്ആര്‍ടിസിക്ക് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

🔳കേരളത്തില്‍ ലൗ ജിഹാദ് മാത്രമല്ല ഇതരമതസ്ഥരെ മയക്കുമരുന്ന് നല്‍കി വലയിലാക്കുന്ന നാര്‍ക്കോട്ടിക് ജിഹാദും സജീവമാണെന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കള്ളറങ്ങാട്ടിന്റെ പ്രസ്താവനയ്‌ക്കെതിരേ സമസ്ത നേതാവും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സത്താര്‍ പന്തല്ലൂര്‍. ഒരു സമുദായത്തിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ബിഷപ്പിനേപ്പോലെയൊരാള്‍ ഇത്തരം ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നത് മുസ്ലീം സമുദായത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു.

🔳ഹരിത നേതാക്കള്‍ നടത്തിയത് കൃത്യമായ അച്ചടക്ക ലംഘനം തന്നെയെന്ന് വനിതാ ലീഗ് നേതാവ് ഖമറുന്നീസ അന്‍വര്‍. ആണ്‍കുട്ടികള്‍ മാപ്പ് ചോദിച്ചു. ഇനി പെണ്‍കുട്ടികള്‍ക്ക് എന്താ കത്ത് പിന്‍വലിച്ചാലെന്ന് അവര്‍ ചോദിച്ചു. ഏത് വലിയ കൊമ്പനായാലും തെറ്റുപറ്റി മാപ്പ് ചോദിച്ചാല്‍ അത് തീര്‍ന്നു. ഇനി വരാതിരിക്കാന്‍ വേണ്ട ഉപദേശങ്ങള്‍ കൊടുക്കുക എന്നതാണ്. നേതൃത്വം അത് ചെയ്യുമെന്ന് ഉറപ്പാണെന്നും അവര്‍ വ്യക്തമാക്കി.

🔳ഒളിമ്പ്യന്‍ മയൂഖ ജോണി ഉന്നയിച്ച പീഡന പരാതിയിലെ പ്രതി ചുങ്കത്ത് ജോണ്‍സന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. ഈ മാസം 30 വരെ അറസ്റ്റ് പാടില്ലെന്നാണ് നിര്‍ദ്ദേശം. മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ജോണ്‍സണ്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജോണ്‍സന്റെ ഹര്‍ജി 30 ന് വീണ്ടും പരിഗണിക്കും

🔳തീരദേശമേഖലയിലെ ജനങ്ങളുടെ സാമ്പത്തികബുദ്ധിമുട്ടു മുതലെടുത്ത് അവയവങ്ങള്‍ വില്‍ക്കുന്ന സംഘങ്ങള്‍ വ്യാപകം. അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുറക്കാട് പഞ്ചായത്തുകളിലെ തീരദേശത്തോടുചേര്‍ന്ന വാര്‍ഡുകളില്‍നിന്ന് 22 പേര്‍ അവയവം വിറ്റതായാണു വിവരം. ഇതില്‍ പതിനഞ്ചുപേരും സ്ത്രീകളാണ്. 21 പേര്‍ വൃക്കയും ഒരാള്‍ കരളുമാണു കൊടുത്തത്. ലക്ഷങ്ങള്‍ വാഗ്ദാനംചെയ്ത് അവയവങ്ങളെടുത്തശേഷം മുഴുവന്‍ പണവും നല്‍കാതെ സംഘങ്ങള്‍ മുങ്ങുന്നതായും പറയുന്നു. പരാതികളില്ലാത്തതുകൊണ്ട് പോലീസ് ഇടപെട്ടിട്ടില്ല. മാധ്യമവാര്‍ത്തകളെത്തുടര്‍ന്ന് വിഷയത്തില്‍ അന്വേഷണം വേണമെന്ന് എച്ച്. സലാം എം.എല്‍.എ. ആവശ്യപ്പെട്ടു.

🔳സംസ്ഥാനത്ത് മാനസിക സംഘര്‍ഷവും ആത്മഹത്യയും കൂടുന്നു. രാജ്യത്ത് ആത്മഹത്യാ നിരക്ക് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം അഞ്ചാം സ്ഥാനത്താണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയാണ് ആത്മഹത്യാ നിരക്കില്‍ മുന്നില്‍.

🔳രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ടു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിനാണ് ഓവറോള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം. കേരളത്തില്‍ നിന്ന് വിവിധ വിഭാഗങ്ങളിലായി ആകെ അഞ്ച് കോളേജുകളാണ് മുന്നിലെത്തിയത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റാണ് ഇക്കൂട്ടത്തില്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ചത്. ആര്‍കിടെക്ചര്‍ വിഭാഗത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനമാണ് എന്‍ഐടി കാലിക്കറ്റിനുള്ളത്. മാനേജ്മെന്റ് വിഭാഗത്തില്‍ ഐഐഎം കോഴിക്കോട് നാലാം സ്ഥാനത്തെത്തി.

🔳ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയപരിധി കേന്ദ്രം വീണ്ടും നീട്ടി. മൂന്ന് മാസത്തേക്കാണ് നീട്ടിയത്. നേരത്തെ സെപ്തംബര്‍ 31നകം റിട്ടേണ്‍ സമര്‍പ്പിക്കണം എന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചത്. ഇത് ഡിസംബര്‍ 31ലേക്ക് നീട്ടുകയായിരുന്നു. കോവിഡ് തീര്‍ത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സമയപരിധി നീട്ടി നല്‍കിയിരിക്കുന്നത്.

🔳ഉഡാന്‍ പദ്ധതിയുടെ ഭാഗമായി അടുത്ത നൂറ് ദിവസത്തിനുള്ളില്‍ രാജ്യത്ത് 50 പുതിയ വിമാന റൂട്ടുകളില്‍ സര്‍വീസ് ആരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇക്കാലയളവില്‍ ആറ് പുതിയ ഹെലി പാഡ് നിര്‍മാണത്തിന് കരാര്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

🔳അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ കമ്പനിയും ഡല്‍ഹി മെട്രോയും തമ്മില്‍ നാല് വര്‍ഷമായി നിലനിന്നിരുന്ന കേസില്‍ റിലയന്‍സിന് അനുകൂലമായി കോടതി വിധി. സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. അനുകൂല വിധി ലഭിച്ചതോടെ പലിശയടക്കം 46.6 ബില്യന്‍ രൂപ നഷ്ടപരിഹാരമായി റിലയന്‍സ് ഗ്രൂപ്പിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

🔳പാകിസ്താനും അഫ്ഗാനിസ്താനും തമ്മിലുള്ള വ്യത്യാസം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഭാവിയില്‍ അഫ്പാക് എന്നൊരു യൂണിയന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പ്രശസ്ത നയതന്ത്ര വിദഗ്ദന്‍ ടി.പി.ശ്രീനിവാസന്റെ മുന്നറിയിപ്പ്. വ്യാപാരം സംബന്ധിച്ചുള്ളത് മാത്രമാണ് ചൈനയ്ക്ക് അഫ്ഗാനില്‍ ഉള്ള താല്‍പര്യം എന്നു പറയാന്‍ കഴിയില്ല.
പാകിസ്താന്‍ ചൈനയുടെ കൈകളിലായതിനാല്‍ ഈ വിഷയത്തില്‍ അവര്‍ക്ക് നേരിട്ട് ഇടപെടേണ്ട കാര്യം വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

🔳അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചടക്കിയതിന് പിന്നാലെ രാജ്യത്ത് ശരിയത്ത് നിയമം നടപ്പിലാക്കി തുടങ്ങിയിരിക്കുകയാണ്. കാബൂള്‍ പിടിച്ചടക്കിയതിന് പിന്നാലെ അഫ്ഗാനിസ്താനില്‍ ശരിയത്ത് നിയമം നടപ്പിലാക്കുമെന്ന് താലിബാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ശരിയത്ത് നിയമത്തില്‍ സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. അഫ്ഗാന്‍ പിടിച്ചടക്കിയതിന് പിന്നാലെ താലിബാന്‍ സംഗീതത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ചില ചാനലുകള്‍ അവരുടെ വനിതാ ആങ്കര്‍മാരെയും പിരിച്ചുവിട്ടിരുന്നു. ഫവദ് അന്ദരാബി എന്ന പ്രാദേശിക ഗായകനെ താലിബാന്‍ വധിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

🔳മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളുടെ കൊവിഡ് പരിശധനാഫലം പുറത്തുവന്നപ്പോള്‍ ആരും രോഗബാധിതരല്ലെന്ന് വ്യക്തമായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഒരു സപ്പോര്‍ട്ട് സ്റ്റാഫ് അംഗത്തിന് കൂടി കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളെ മുഴുവന്‍ ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയരാക്കിയത്. ഇതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇതോടെ വെള്ളിയാഴ്ച മത്സരം നടക്കുമെന്ന് ഉറപ്പായി.

🔳ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ടിന്റെ പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു. ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് ടീമിലില്ല. അതേസമയം, ദേശീയ ടീമില്‍ നിന്ന് ഏറെക്കാലം പുറത്തായിരുന്ന പേസര്‍ ടൈമല്‍ മില്‍സ് ടീമില്‍ തിരിച്ചെത്തി. പരിക്കേറ്റ ജോഫ്ര ആര്‍ച്ചറും ടെസ്റ്റ് ടീം നായകന്‍ ജോ റൂട്ടും ലോകകപ്പ് ടീമിലില്ല. ടി20 ക്രിക്കറ്റില്‍ മടങ്ങിയെത്താനുള്ള ആഗ്രഹം നേരത്തെ റൂട്ട് അറിയിച്ചിരുന്നെങ്കിലും സെലക്ടര്‍മാര്‍ ലോകകപ്പ് ടീമിലേക്ക് അദ്ദേഹത്തെ പരിഗണിച്ചില്ല. ഓയിന്‍ മോര്‍ഗന്‍ തന്നെയാണ് ഇംഗ്ലണ്ട് നായകന്‍.

🔳ടി20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. മുന്‍ നായകന്‍ ഫാഫ് ഡൂപ്ലെസി 18 അംഗ ടീമിലില്ല. ഐപിഎല്ലിലെ ഏറ്റവും വിലകൂടിയ താരമായ ക്രിസ് മോറിസിനും ടെംബാ ബാവുമ നയിക്കുന്ന ടീമില്‍ ഇടമില്ല. ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്കയുടെ സ്ഥിരം നായകനായശേഷം ബാവുമ നേരിടാന്‍ പോകുന്ന പ്രധാനപ്പെട്ട വെല്ലുവിളിയാണ് ടി20 ലോകകപ്പ്. ലോകകപ്പിനായി തെരഞ്ഞെടുത്ത ടീം ശ്രീലങ്കക്കെതിരെ ഇന്ന് മുതല്‍ തുടങ്ങുന്ന ടി20 പരമ്പരയിലും കളിക്കും.

🔳കേരളത്തില്‍ ഇന്നലെ 1,56,957 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 26,200 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.69. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 125 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,126 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,999 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1006 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 114 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 29,209 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,36,345 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്ത് വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 77.42 ശതമാനമായ 2,22,18,734 പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 29.70 ശതമാനമായ 85,22,932 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി. സംസ്ഥാനത്തിന് 9,55,290 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തൃശൂര്‍ 3279, എറണാകുളം 3175, തിരുവനന്തപുരം 2598, മലപ്പുറം 2452, കോഴിക്കോട് 2332, കൊല്ലം 2124, പാലക്കാട് 1996, ആലപ്പുഴ 1604, കോട്ടയം 1580, കണ്ണൂര്‍ 1532, പത്തനംതിട്ട 1244, വയനാട് 981, ഇടുക്കി 848, കാസര്‍ഗോഡ് 455.

🔳ആഗോളതലത്തില്‍ ഇന്നലെ 5,77,456 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,45,155 പേര്‍ക്കും ബ്രസീലില്‍ 30,891 പേര്‍ക്കും റഷ്യയില്‍ 18,380 പേര്‍ക്കും ഇംഗ്ലണ്ടില്‍ 38,013 പേര്‍ക്കും തുര്‍ക്കിയില്‍ 23,846 പേര്‍ക്കും ഇറാനില്‍ 26,821 പേര്‍ക്കും ഫിലിപ്പൈന്‍സില്‍ 22,820 പേര്‍ക്കും മലേഷ്യയില്‍ 19,307 ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 22.39 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.87 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 8,878 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,760 പേരും ബ്രസീലില്‍ 716 പേരും റഷ്യയില്‍ 794 പേരും ഇറാനില്‍ 505 പേരും ഇന്‍ഡോനേഷ്യയില്‍ 334 പേരും മെക്സിക്കോയില്‍ 879 പേരും മലേഷ്യയില്‍ 323 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 46.19 ലക്ഷം.

🔳ഇന്ത്യയില്‍ നിയമന പ്രവര്‍ത്തനങ്ങളില്‍ വര്‍ധനയുളളതായി നൗക്കരി ജോബ്‌സ്പീക്കിന്റെ റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തൊഴില്‍ രംഗത്തെ നിയമന പ്രവര്‍ത്തനങ്ങളില്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ 89 ശതമാനം വളര്‍ച്ചയുണ്ടായി. നൗക്കരി ജോബ്‌സ്പീക്കിന്റെ കണക്കനുസരിച്ച്, നിയമന സൂചിക കഴിഞ്ഞ മാസം 2673 ആയിരുന്നു, ഇത് 2019 ഓഗസ്റ്റിലെ പ്രീ പാന്‍ഡെമിക് ലെവലിനെക്കാള്‍ 24 ശതമാനം കൂടുതലാണ്. ഐടി മേഖലയിലെ കമ്പനികളാണ് നിയമനത്തിലെ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്, 2019 ഓഗസ്റ്റിനെ അപേക്ഷിച്ച് 2021 ഓഗസ്റ്റില്‍ 79 ശതമാനം വളര്‍ച്ച ഈ മേഖലയിലുണ്ടായി. റിയല്‍ എസ്റ്റേറ്റ് (15%), ടെലികോം (13%), മെഡിക്കല്‍ / ഹെല്‍ത്ത് കെയര്‍ (8%), ഫാര്‍മ / ബയോടെക് (7%), ഇന്‍ഷുറന്‍സ് (6%), ബിഎഫ്എസ്‌ഐ (5) എന്നിവയാണ് മുന്നേറ്റം രേഖപ്പെടുത്തിയ മറ്റ് തൊഴില്‍ മേഖലകള്‍.

🔳ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനില്‍ (എല്‍ഐസി) 20 ശതമാനം വരെ വിദേശ സ്ഥാപന നിക്ഷേപം (എഫ്ഐഐ) അനുവദിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ എക്കാലത്തെയും വലിയ ഐപിഒ ആയി കണക്കാക്കപ്പെടുന്നതാണ് എല്‍ഐസിയുടേത്. ഓഹരി വില്‍പ്പനയില്‍ നിന്ന് 90,000 കോടി (12.24 ബില്യണ്‍ ഡോളര്‍) വരെ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പൊതുമേഖല ഓഹരി വില്‍പ്പന-സ്വകാര്യവല്‍ക്കരണ പദ്ധതിയില്‍ നിന്ന് 1.75 ട്രില്യണ്‍ രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.

🔳മലയാളത്തിന്റെ പ്രിയഗായകന്‍ കെ.എസ് ഹരിശങ്കറിന്റെ ശബ്ദമാധുരിയില്‍ യുവത്വത്തിന്റെയും പ്രണയത്തിന്റെയും പുതുമാനങ്ങള്‍ പങ്കുവെയ്ക്കുന്ന പുതിയ മ്യൂസിക്കല്‍ ആല്‍ബം 'ലൗ കഫേ' ആല്‍ബം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. സത്യം വീഡിയോസ് യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ആയിരിക്കുന്നത്. ''നിന്‍ മുഖം കാണുന്നേരമോ'' എന്നു തുടങ്ങുന്ന ഗാനത്തിന് വരികള്‍ ഒരുക്കിയത് അഭി ആണ്. ജോബി പി.എസ് ആണ് സംഗീത സംവിധാനം. ആനന്ദ്, അശ്വതി, മാളവിക, ശരത് സുന്ദര്‍ എന്നിവരാണ് ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.

🔳നീണ്ട ഇടവേളക്ക് ശേഷം തിയറ്ററുകള്‍ തുറന്ന തമിഴ്നാട്ടില്‍ ആദ്യ തമിഴ് സിനിമ റിലീസായി. വിജയ് സേതുപതി ചിത്രം 'ലാബം' ആണ് തിയറ്ററുകളിലെത്തിയത്. നാല് മാസത്തിന് ശേഷം തിയറ്ററില്‍ റിലീസ് ചെയ്ത സിനിമ കാണാന്‍ വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ എത്തുന്നത്. 50% സീറ്റുകളിലേക്ക് മാത്രമാണ് ആളുകള്‍ക്ക് പ്രവേശനം. വിജയ് സേതുപതി സംവിധായകന്‍ എസ്.പി.ജനനാഥനുമായി കൊകോര്‍ക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ലാബം'. ചിത്രത്തില്‍ വിജയ് സേതുപതി ഇരട്ട വേഷത്തിലാണ് എത്തുന്നത്. ശ്രുതി ഹാസനാണ് സിനിമയിലെ നായിക. ജഗപതി ബാബുവാണ് ലാബം സിനിമയില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നത്.

🔳 പ്രമുഖ വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യയില്‍ ഉത്പാദനം അവസാനിപ്പിക്കുന്നു. രാജ്യത്തെ രണ്ടു പ്ലാന്റുകളും പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഫോര്‍ഡ് മോട്ടോര്‍ കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഗുജറാത്തിലെ സാനന്ദിലുള്ള പ്ലാന്റ് ഈ വര്‍ഷം അവസാനത്തോടെയും ചെന്നൈയിലെ എന്‍ജിന്‍ നിര്‍മാണ യൂണിറ്റ് അടുത്ത വര്‍ഷം രണ്ടാംപാദത്തോടെയും അവസാനിപ്പിക്കും. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 200 കോടി ഡോളറിന്റെ പ്രവര്‍ത്തന നഷ്ടം നേരിട്ട സാഹചര്യത്തിലാണിത്. 1948ലാണ് ഫോര്‍ഡ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

🔳വൈവിദ്ധ്യമാര്‍ന്ന ഗോത്ര ആചാരരീതികള്‍ പിന്‍തുടരുന്ന ഊരാളികള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തമിഴ്‌നാട്ടില്‍നിന്നും കുടിയേറിയവരാണ്. തമിഴ്‌നാട്ടില്‍ ഇന്നും ഈ വിഭാഗത്തില്‍ പ്പെട്ടവര്‍ ഉണ്ട്. ഊര് (നാട്) ആളുന്നവരാണത്രെ ഊരാളികള്‍. ഇടുക്കി ജില്ലയില്‍ മുല്ലപ്പെരിയാറിന്റെ തീരത്ത് അധിവസിച്ചിരുന്ന ഇവര്‍ ഡാം പണിയുടെ കാലത്ത് വിവിധ പ്രദേശങ്ങളിലേക്ക് മാറ്റപ്പെട്ടു. ഇതിന്റെ ചരിത്രം ഉള്‍പ്പടെ ഊരാളിവിഭാഗത്തിന്റെ ഭൂതകാലത്തെ മുന്‍ നിര്‍ത്തി രചിച്ചതാണ് ഈ നോവല്‍. 'കൊളുക്കന്‍'. പുഷ്പമ്മ. ഡിസ് ബുക്സ്. വില 361 രൂപ.

🔳കണ്ണുകളുടെ ആരോഗ്യത്തിനായി ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ചില ജീവകങ്ങളും ധാതുക്കളും കണ്ണുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. വിറ്റാമിന്‍ എ, സി, ഡി, ഇ എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് അത്യാവശ്യമാണ്. അതിനാല്‍ ഇവ അടങ്ങിയ പഴങ്ങളും പച്ചക്കറികളും നട്സും മത്സ്യവുമൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള ഇലക്കറികള്‍ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ചീര വര്‍ഗങ്ങള്‍, കാബേജ് തുടങ്ങിയവ കഴിക്കുന്നത് കാഴ്ച്ച മങ്ങലടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ബീറ്റ കരോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ക്യാരറ്റ് പതിവായി കഴിക്കുന്നത് കണ്ണുകള്‍ക്ക് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ എയും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ക്യാരറ്റ് കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും. മത്സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ച് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മീനുകള്‍ തെരഞ്ഞെടുത്ത് കഴിക്കാം. വെള്ളം ധാരാളം കുടിക്കാം. കണ്ണിന്റെ ആരോഗ്യത്തിന് അത് വളരെ പ്രധാനമാണ്. ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും വെള്ളം കുടിക്കുന്നത് നല്ലതാണ്. മുട്ട ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മുട്ടയില്‍ ല്യൂട്ടീന്‍, സിസാന്തിന്‍, സിങ്ക് എന്നിവയടങ്ങിയിരിക്കുന്നു. നേത്രാരോഗ്യത്തിന് ഇവ നല്ലതാണ്. കണ്ണുകളുടെ ആരോഗ്യത്തിന് പുകവലി ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്. അത് കാഴ്ചശക്തിയെ മെച്ചപ്പെടുത്താനും സഹായിക്കും.

*ശുഭദിനം*
*കവിത കണ്ണന്‍*

1987 ല്‍ ഭായ് ഫാന്‍ ലി തന്റെ എഴുപത്തിനാലാം വയസ്സില്‍ ജോലിയില്‍ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കാനായി തന്റെ നാട്ടിലേക്ക് മടങ്ങി. എന്നാല്‍ അവിടെ കണ്ട കാഴ്ച അദ്ദേഹത്തിനെ മാറ്റി ചിന്തിപ്പിച്ചു.തന്റെ നാട്ടിലെ കുട്ടികള്‍ സ്‌കൂള്‍ ഫീസ് കൊടുക്കാന്‍ പോലും സാധിക്കാത്ത തരത്തില്‍ ദരിദ്രരാണ് എന്നും ജീവിതം മുന്നോട്ടു കൊണ്ടുപോകാനായി അവര്‍ വയലില്‍ ജോലി ചെയ്യുന്നതും കണ്ട് അദ്ദേഹം തിരികെ ടിയാന്‍ജിനിലേക്ക് മടങ്ങി. അവിടെ റെയില്‍വേ സ്റ്റേഷനടുത്ത് താമസിച്ചു കൊണ്ട് വീണ്ടും റിക്ഷ തൊഴിലാളിയായി മാറി. പിന്നീടുള്ള നാളുകള്‍ ലളിതമായ രീതിയില്‍ ജീവിച്ചു കൊണ്ട് മുഴുവന്‍ സമയവും തൊഴിലെടുത്തു. മിച്ചം പിടിച്ച തുകയെല്ലാം തന്റെ നാട്ടിലെ കുട്ടികളുടെ പഠനത്തിനായി ചെലവാക്കി. പിന്നീട് 2001ല്‍ തന്റെ 90ാം വയസ്സില്‍ ഇനി ജോലി ചെയ്യാന്‍ കഴിയില്ലെന്ന് മനസ്സിലാക്കി തന്റെ അവസാന ഗഡുവും ടിയാന്‍ജിനിലെ യാഹുവാ മിഡില്‍ സ്‌കൂളിലെ കുട്ടികള്‍ക്ക് നല്‍കിക്കൊണ്ട് യാത്ര പറഞ്ഞു. 2005 ല്‍ അദ്ദേഹം മരിക്കുമ്പോള്‍ അതുവരെ മുന്നൂറിലധികം കുട്ടികള്‍ക്ക് പഠനാവശ്യത്തിനായി സഹായിക്കുകയും ഏകദേശം 3,50,000 യുവാന്‍ അതിനായി സമാഹരിച്ച് ചെലവാക്കുകയും ചെയ്തിരുന്നു. തന്റെ എഴുപത്തിനാലാം വയസ്സില്‍ ജീവിത നിയോഗം തിരിച്ചറിഞ്ഞുകൊണ്ട് ഒരു റിക്ഷാക്കാരന് മുന്നൂറിലധികം കുട്ടികളെ സഹായിക്കാന്‍ സാധിക്കുമെങ്കില്‍ നമുക്കുള്ള അറിവും സാധ്യതകളും വച്ച് മറ്റുള്ളവരെ സഹായിക്കാന്‍ സാധിക്കില്ലേ... നമ്മള്‍ എത്ര നാള്‍ ജീവിച്ചു എന്നതിലല്ല, ജീവിച്ച കാലം എങ്ങനെ വിനിയോഗിച്ചു എന്നതിലാണ് കാര്യം. ശുഭദിനം.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only