04 സെപ്റ്റംബർ 2021

‘ആദ്യം കണ്ടത് തിങ്കളാഴ്ച, പിന്നെ കണ്ടത് ചൊവ്വാഴ്ച’; സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ തീര്‍ക്കുന്ന ആ പാട്ടിന്റെ പിറവിക്ക് പിന്നിൽ!!
(VISION NEWS 04 സെപ്റ്റംബർ 2021)
തങ്ങളുടെ കലാ സൃഷ്ട്ടികൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടണം എന്നതാണ് ഇന്ന് ഏതൊരു കലാകാരനും ആഗ്രഹിക്കുന്നത്. അതിനായി മനഃപൂർവ്വം അബദ്ധങ്ങൾ സൃഷ്ട്ടിക്കുന്നവരും അറിയാതെ അതിൽ ചെന്ന് ചാടുന്നവരും എല്ലാം സോഷ്യൽ മീഡിയയുടെ ഇരകളാണ്. ചിലപ്പോള്‍ ചില വ്യക്തികളാവാം, അവരുടെ അഭിപ്രായ പ്രകടനങ്ങള്‍ ആകാം, ചില വിവാദങ്ങള്‍ ആകാം അങ്ങനെ പലതും സമൂഹ മാധ്യമങ്ങളില്‍ ഉത്സവം തീര്‍ക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ മഴ തീര്‍ക്കുന്നത് ഒരു പാട്ടാണ്. ‘ആദ്യം കണ്ടത് തിങ്കളാഴ്ച, പിന്നെ കണ്ടത് ചൊവ്വാഴ്ച’ സമൂഹ മാധ്യമങ്ങളില്‍ എണ്ണിയാല്‍ ഒടുങ്ങാത്ത ട്രോളുകള്‍ ഏറ്റുവാങ്ങി വയറലായിരിക്കുകയാണ് ഈ മാപ്പിളപ്പാട്ട് ആല്‍ബം.

ആഴ്ചയിലെ ഏഴ് ദിവസങ്ങളിലൂടെയും കടന്ന് പോകുന്ന പാട്ടിൻ്റെ വരികളാണ് ട്രോളന്‍മാര്‍ക്ക് പുതിയ വിഷയം ആയിരിക്കുന്നത്. എന്നാല്‍ ഈ പാട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത് ഒരു പുതു മുഖമല്ല. കഴിഞ്ഞ 12 വര്‍ഷത്തിലധികമായി നിരവധി ആല്‍ബങ്ങള്‍ ഇറക്കി ആരാധകരെ സ്വന്തമാക്കിയ ശാനിഫ് അയിരൂറാണ് ഈ മാപ്പിളപ്പാട്ട് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. താന്‍ ഇതുവരെ ചെയ്തതില്‍ മികച്ച പല ആല്‍ബങ്ങളും നല്‍കാത്ത പ്രശസ്തി ഈ ആഴ്ചപ്പാട്ട് നല്‍കിയെന്നു കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശാനിഫ് പറയുകയുണ്ടായി. ശാനിഫ് തന്‍റെ കുട്ടികള്‍ക്ക് നേരം പോക്കായി പാടിക്കൊടുക്കാറുള്ള ഒരു ഗാനമായിരുന്നു ഇത്. 

യാദൃശ്ചികമായി പാട്ട് കേട്ട സുഹൃത്തിൻ്റെ ആശയമാണ് ഈ ആൽബം പിറവി എടുക്കുന്നതിന് പിന്നിലുള്ള കാരണം. വൈകാതെ തന്നെ ഇത് ഷൂട്ട് ചെയ്‌ത്‌ യൂട്യൂബില്‍ റിലീസ് ചെയ്യുകയായിരുന്നു. എന്നാല്‍ ആരാധകരേക്കാള്‍ കൂടുതല്‍ ട്രോളര്‍മാര്‍ ആണ് പാട്ട് ഏറ്റെടുത്തത്. അതോടെ ഗാനം വമ്പന്‍ ഹിറ്റായി മാറുകയും ചെയ്‌തു. ട്രാന്‍സ്ജെന്‍ഡര്‍ നായികയായ മിന്‍സാരം, പ്രവാസിയുടെ ജീവിതം അവതരിപ്പിച്ച മരണവും പ്രണയവും, അങ്ങനെ അനവധി വീഡിയോ ആല്‍ബങ്ങള്‍ ശാനിഫിൻ്റെതായി പുറത്തുവന്നിട്ടുണ്ടെങ്കിലും അവയെക്കാളെല്ലാം പ്രശസ്തി വെറുതെ ഇറക്കിയ ഈ പാട്ടിന് ലഭിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only