02 സെപ്റ്റംബർ 2021

അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം; ചരിത്രമെഴുതി ക്രിസ്റ്റ്യാനോ
(VISION NEWS 02 സെപ്റ്റംബർ 2021)




അന്താരാഷ്ട്ര ഫുട്ബോളിൽ പുത്തൻ നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് ആണ് റൊണാൾഡോ സ്വന്തമാക്കിയത്. 180 മത്സരങ്ങളിൽ നിന്നായി 111 ഗോളുകളാണ് റൊണാൾഡോ പോർച്ചുഗലിനായി നേടിയത്. ഇതോടെ ഇറാൻ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡ് റൊണാൾഡോ മറി കടന്നു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അയർലണ്ടിനെതിരെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ചരിത്ര നേട്ടം.

അയർലണ്ടിനെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിൽ രണ്ട് ഗോളുകളാണ് റൊണാൾഡോ നേടിയത്. 88 മിനിറ്റു വരെ പിന്നിലായിരുന്ന പോർച്ചുഗലിനെ 89ാം മിനിറ്റിൽ റൊണാൾഡോയുടെ ഹെഡറിൽ കൂടി പിറന്ന ഗോളിൽ ഒപ്പത്തിനൊപ്പം എത്തിക്കുകയായിരുന്നു. എക്സ്ട്രാ ടൈമിന്റെ അവസാന സെക്കന്റുകളിൽ വീണ്ടും റൊണാൾഡോയിൽ കൂടി മറ്റൊരു ഗോൾ കൂടി പിറന്നതോടെ ചരിത്ര നേട്ടം കൂടി റൊണാൾഡോയുടെ പേരിലായി. 

2003-ൽ തന്റെ 18-ാം വയസ്സിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിച്ചത്. ഏറ്റവും അധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച യൂറോപ്യൻ താരമെന്ന സെർജിയോ റാമോസിന്റെ ഒപ്പമെത്താനും ഇതോടെ റൊണാൾഡോയ്ക്കായി.ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലായി 33 ഗോളുകളാണ് പോർച്ചുഗലിനായി റൊണാൾഡോ നേടിയത്. 31 ഗോളുകൾ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ക്വാളിഫയറിലൂടെയാണ് നേടിയത്. 19 ഗോളുകൾ നേടിയത് അന്താരാഷ്ട്ര സൌഹൃദ മത്സരങ്ങളിലൂടെ, 14 ഗോളുകൾ യൂറോ കപ്പിലൂടെ, 7 ഗോളുകൾ ലോകകപ്പിലൂടെ, 4 ഗോളുകൾ യുവേഫ നാഷണൽ ലീഗ്, 2 ഗോളുകൾ കോൺഫെഡറേഷൻ കപ്പിൽ എന്നിങ്ങനെയാണ് റൊണാൾഡോ നേടിയ ഗോളുകൾ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only