👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


25 സെപ്റ്റംബർ 2021

പ്രഭാത വാർത്തകൾ
(VISION NEWS 25 സെപ്റ്റംബർ 2021)🔳ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രത്തിലെ പുതിയ അധ്യായമാണിതെന്ന് ജോ ബൈഡന്‍ കൂടിക്കാഴ്ചക്ക് ശേഷം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരബന്ധം ശക്തിപ്പെടുത്തണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും വ്യക്തമാക്കി.
ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കുമെന്നാണ് കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് ബൈഡന്‍ പ്രതികരിച്ചത്.

🔳പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യയിലെ കര്‍ഷകരുടെ ആശങ്കകള്‍ കൂടി ചര്‍ച്ചാ വിഷയമാക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ട് കര്‍ഷക നേതാവ് രാകേഷ് ടികായത്. യുഎസ് പ്രസിഡന്റിനെ ടാഗ് ചെയ്ത് ട്വിറ്ററിലൂടെയാണ് ടികായത്തിന്റെ പ്രതികരണം.

🔳സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിത ജയിന്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. തൃശൂര്‍ സ്വദേശിയായ കെ മീര ആറാം റാങ്ക് നേടി. ആദ്യ ആറ് റാങ്കുകളില്‍ അഞ്ചും വനിതകള്‍ക്കാണ്. ആകെ 761 പേര്‍ സിവില്‍ സര്‍വീസ് യോഗ്യത നേടി.

🔳ഇന്ത്യന്‍ വ്യോമസേനയ്ക്കായി 56 C-295MW യാത്രാ വിമാനങ്ങള്‍ വാങ്ങുന്നതിനായി സ്പെയിനിലെ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്പേസുമായി പ്രതിരോധ മന്ത്രാലയം കരാര്‍ ഒപ്പിട്ടു. പൂര്‍ണ്ണ സജ്ജമായ റണ്‍വേ ആവശ്യമില്ലാത്ത എയര്‍ സ്ട്രിപ്പുകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഈ വിമാനം അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനും സൈന്യത്തിന്റെയും ചരക്കുകളുടെയും നീക്കങ്ങള്‍ക്കും പ്രയോജനപ്രദമാണ്. ആധുനിക സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്ന 5-10 ടണ്‍ ശേഷിയുള്ള ഗതാഗത വിമാനമാണിത്. ഇന്ത്യന്‍ വ്യോമസേനയുടെ കാലപ്പഴക്കം ചെന്ന ഗതാഗത വിമാനത്തിന് പകരമായാണ് ഇത് സേനയുടെ ഭാഗമാകുന്നത്.

🔳രാജ്യത്തെ പെട്രോള്‍ വില കുറയാതിരിക്കാന്‍ കാരണം, സംസ്ഥാനങ്ങള്‍ ഇന്ധനവില ജി എസ് ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിക്കാത്തതാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. പശ്ചിമബംഗാളില്‍ പെട്രോള്‍ വില 100 കടന്നതിന്റെ കാരണം തൃണമൂല്‍ സര്‍ക്കാര്‍ ഉയര്‍ന്ന നികുതി ഈടാക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

🔳സുപ്രീംകോടതിയുടെ ഔദ്യോഗിക ഇമെയില്‍ ഫൂട്ടറായി ചേര്‍ത്തിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം നീക്കി. സുപ്രീംകോടതി ഇമെയില്‍ സംവിധാനം കൈകാര്യം ചെയ്യുന്ന നാഷണല്‍ ഇന്‍ഫോ മാറ്റിക്സ് സെന്ററാണ് പ്രധാനമന്ത്രിയുടെ ചിത്രം നീക്കിയത്. നേരത്തെ ഇത് സംബന്ധിച്ച് വാര്‍ത്ത വന്നതിനെ തുടര്‍ന്ന് സുപ്രീം കോടതി ഈ ഫൂട്ടര്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 29,559 കോവിഡ് രോഗികളില്‍ 60.83 ശതമാനമായ 17,983 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 291 മരണങ്ങളില്‍ 43.64 ശതമാനമായ 127 മരണങ്ങളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 2,94,614 സജീവരോഗികളില്‍ 55.28 ശതമാനമായ 1,62,889 രോഗികളും കേരളത്തിലാണുള്ളത്.

🔳വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും തങ്ങളുടെ അധികാരപരിധിയിലുളള സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെ യോഗം വിളിച്ചുകൂട്ടി കുട്ടികളുമായി ബന്ധപ്പെട്ട സുരക്ഷ, ആരോഗ്യ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യും. സ്‌കൂള്‍ മാനേജ്മെന്റുമായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ചര്‍ച്ച നടത്തും. സ്‌കൂള്‍ ബസുകള്‍ നല്ല കണ്ടീഷനാണെന്ന് ഉറപ്പാക്കും. പത്ത് വര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുളളവരെ മാത്രമേ സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കാന്‍ നിയോഗിക്കാവൂ. സ്‌കൂള്‍ ബസുകളില്‍ സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കണം. എല്ലാ വിദ്യാലയങ്ങളും ഒരു അധ്യാപകനെ സ്‌കൂള്‍ സേഫ്റ്റി ഓഫീസറായി നിയോഗിക്കണം.

🔳പാലാ ബിഷപ്പിനെ പിന്തുണച്ച് കാഞ്ഞിരപ്പള്ളി രൂപത. ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നത് ഉത്തരവാദിത്വമുള്ള ഇടയന്റെ കടമയാണെന്നും പാലാ ബിഷപ്പിനെ അവഹേളിക്കുന്ന നടപടിയില്‍ നിന്ന് പിന്തിരിയണമെന്നും കാഞ്ഞിരപ്പള്ളി രൂപത പ്രസ്താവനയില്‍ പറഞ്ഞു.

🔳നാര്‍കോടിക് ജിഹാദ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരുടെ മതംതിരിച്ചുള്ള കണക്ക് പുറത്തുവിട്ട മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം മതംതിരിച്ച് കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കണക്ക് സൂക്ഷിക്കുന്നുണ്ടോയെന്നും ഇതിന് എന്ത് ആധികാരികതയാണ് ഉള്ളതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

🔳നാര്‍കോടിക് ജിഹാദ് വിവാദത്തിന് പിന്നാലെ പാലാ ബിഷപ്പിനെ സന്ദര്‍ശിച്ച് അനുകൂല പ്രസ്താവന നടത്തിയ മന്ത്രി വിഎന്‍ വാസവന്‍ , കോട്ടയം താഴത്തങ്ങാടി ഇമാമുമായി കൂടിക്കാഴ്ച നടത്തി. താഴത്തങ്ങാടി പള്ളിയില്‍ വെച്ചാണ് ഇമാം ഷംസുദ്ദീന്‍ മന്നാനിയെ മന്ത്രി കണ്ടത്. നാര്‍കോടിക് ജിഹാദ് വിഷയം ഉയര്‍ന്നപ്പോള്‍ തന്നെ സമാധാന ശ്രമമെന്നോണം സിഎസ്ഐ സഭ ബിഷപ്പ് മലയില്‍ സാബു കോശി ചെറിയാനുമായി കൂടിക്കാഴ്ച നടത്തുകയും സംയുക്ത വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തത് ഇമാമായിരുന്നു. പാലാ ബിഷപ്പുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ഇമാം രംഗത്തുവന്ന സാഹചര്യത്തിലാണ് മന്ത്രി തന്നെ നേരിട്ട് ഇമാമിനെ കാണാനെത്തിയത്.

🔳കോട്ടയം നഗരസഭയില്‍ ബിജെപി പിന്തുണയോടെ യുഡിഎഫ് ഭരണം അട്ടിമറിച്ച എല്‍ഡിഎഫ് നിലപാടില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഊണിലും ഉറക്കത്തിലും ബിജെപിക്കെതിരെ പ്രസംഗിക്കുകയും അധികാരത്തിനു വേണ്ടി പട്ടാപ്പകല്‍ ബിജെപി പിന്തുണ പരസ്യമായി സ്വീകരിക്കുകയും ചെയ്യുന്ന എല്‍ഡിഎഫ് നിലപാട് രാഷ്ട്രീയ മാന്യതയ്ക്ക് ചേര്‍ന്നതല്ലെന്നും പിണറായി വിജയനും, വിജയരാഘവനും രാഷ്ട്രീയ സദാചാരം എന്നൊന്നുണ്ടെങ്കില്‍ കേരളത്തോട് മാപ്പ് പറയാന്‍ തയ്യാറാവണമെന്നും സുധാകരന്‍ പ്രതികരിച്ചു.

🔳ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഉപയോഗിച്ചിരുന്ന സ്വര്‍ണ രുദ്രാക്ഷമാല പൂര്‍ണമായും മോഷണം പോയതായി പൊലീസ് സ്ഥിരീകരിച്ചു. 81 മുത്തുകളുള്ള സ്വര്‍ണ രുദ്രാക്ഷമാലയാണ് ക്ഷേത്രത്തില്‍ നിന്നും നഷ്ടമായതായി പൊലീസ് സ്ഥിരീകരിച്ചത്. നിലവില്‍ ഉപയോഗിക്കുന്ന 72 മുത്തുള്ള മാല പകരം വച്ചതാണെന്നും ക്ഷേത്രത്തില്‍ നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷം പൊലീസ് വ്യക്തമാക്കുന്നു. മാല വിവാദമുണ്ടായ ശേഷമാണ് 72 മുത്തുള്ള മാല രജിസ്റ്ററില്‍ ചേര്‍ത്തതെന്നും പൊലീസ് പറയുന്നു.

🔳അസം വെടിവെപ്പ് മുസ്ലിം ഉന്‍മൂലന അജണ്ടയുടെ ഭാഗമാണെന്ന് പോപ്പുലര്‍ ഫ്രണ്ട്. അസമിലെ അനുഭവം നാളെ ഇന്ത്യയില്‍ എവിടെയും ആവര്‍ത്തിക്കാമെന്നും സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പോപ്പുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു. അസം വെടിവെപ്പിനെതിരെ നാളെ മുതല്‍ രാജ്യവ്യാപക സമരം ആരംഭിക്കുമെന്നും സംഘടന അറിയിച്ചു.

🔳മഹാരാഷ്ട്രയില്‍ സ്‌കൂളുകള്‍ ഒക്ടോബര്‍ നാലിന് തുറക്കുമെന്ന് സര്‍ക്കാര്‍. സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ഒക്ടോബര്‍ ഏഴ് മുതല്‍ പ്രവേശനം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു. നഗരങ്ങളില്‍ എട്ട് മുതല്‍ 12 വരെയും ഗ്രാമങ്ങളില്‍ അഞ്ച് മുതല്‍ 12 -ാം തരം വരെയും ക്ലാസുകള്‍ ആരംഭിക്കാനാണ് തീരുമാനം.

🔳സാമ്പത്തിക രംഗത്തിന്റെ ഭാവിയായി കരുതുന്ന ക്രിപ്റ്റോകറന്‍സി നിരോധിച്ച് ചൈന. എല്ലാ ക്രിപ്റ്റോകറന്‍സി ഇടപാടുകളും ഇവയുടെ വാങ്ങലും നിയമവിരുദ്ധമാണെന്ന് ചൈനയിലെ റെഗുലേറ്ററി ബോര്‍ഡ് പ്രഖ്യാപിച്ചു. ഇതിനായി ചൈനയിലെ കേന്ദ്ര ബാങ്ക് അടക്കം പത്ത് ഏജന്‍സികള്‍ ഒത്തൊരുമിച്ച് നിലപാടെടുത്തിരിക്കുകയാണ്. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ രാജ്യത്തെ ഏജന്‍സികള്‍ ഒത്തൊരുമിച്ച് ഒരു തീരുമാനം എടുക്കുന്നത്. അതും ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ തടയാനാണെന്നതും ലോക സാമ്പത്തിക ചരിത്രത്തിലെ തന്നെ നിര്‍ണായക ഏടാണ്.

🔳ആദ്യം മതവിദ്യാഭ്യാസം, പിന്നെ ശാസ്ത്ര പഠനം. അതാണ് ഉന്നത വിദ്യാഭ്യാസത്തോടുള്ള ഞങ്ങളുടെ സമീപനം'-പറയുന്നത്, മുഹമ്മദ് അഷ്റഫ് ഗൈറാത്ത്. ലോകപ്രശസ്തമായ കാബൂള്‍ യൂണിവേഴ്സിറ്റിയുടെ പുതിയ ചാന്‍സലര്‍. താലിബാന്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്നാണ് നിലവിലെ ചാന്‍സലറും മികച്ച അക്കാദമിക് പണ്ഡിതനുമായ ഡോ. മുഹമ്മദ് ഒസ്മാന്‍ ബാബുരിയെ നീക്കി പകരം ജേണലിസത്തില്‍ മാത്രം ബിരുദമുള്ള മുഹമ്മദ് അഷ്റഫ് ഗൈറാത്തിനെ നിയമിച്ചത്. സംഗീതം ഹറാമാണ് എന്നാണ് ഇസ്ലാമിക മതവിധിയെന്നും നിഷിദ്ധമല്ലാത്ത എന്തും കാമ്പസുകളില്‍ അനുവദിക്കുമെന്നും മുഹമ്മദ് അഷ്റഫ് ഗൈറാത്ത് കൂട്ടിച്ചേര്‍ത്തു.

🔳ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ആറ് വിക്കറ്റിന് തകര്‍ത്ത് തുടര്‍ച്ചയായ രണ്ടാം ജയവുമായി പ്ലേ ഓഫ് സാധ്യകള്‍ സജീവമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചാലഞ്ചേഴ്‌സ് ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം പതിനൊന്ന് പന്തുകളും ആറ് വിക്കറ്റും ബാക്കി നിര്‍ത്തി ചെന്നൈ മറികടന്നു. ജയത്തോടെ 14 പോയന്റുമായി പോയന്റ് പട്ടികയില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയ ചെന്നൈ പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു. തോറ്റെങ്കിലും 10 പോയന്റുള്ള ബാംഗ്ലൂര്‍ മൂന്നാം സ്ഥാനത്താണ്. സ്‌കോര്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 156-6, ചെന്നൈ സൂപ്പര്‍ കിംഗ്സ് 18.2 ഓവറില്‍ 157-4.

🔳കേരളത്തില്‍ ഇന്നലെ 1,10,523 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 17,983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 127 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,318 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16,918 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 877 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,054 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,62,846 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. സെപ്റ്റംബര്‍ 24 വരെ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 91.3 ശതമാനമായ 2,43,93,357 പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 39 ശതമാനമായ 1,04,11,820 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തൃശൂര്‍ 2784, എറണാകുളം 2397, തിരുവനന്തപുരം 1802, കൊല്ലം 1500, കോട്ടയം 1367, കോഴിക്കോട് 1362, പാലക്കാട് 1312, മലപ്പുറം 1285, ആലപ്പുഴ 1164, ഇടുക്കി 848, കണ്ണൂര്‍ 819, പത്തനംതിട്ട 759, വയനാട് 338, കാസര്‍ഗോഡ് 246.

🔳രാജ്യത്ത് ഇന്നലെ 29,559 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 28,043 പേര്‍ രോഗമുക്തി നേടി. മരണം 291. ഇതോടെ ആകെ മരണം 4,46,690 ആയി. ഇതുവരെ 3,36,23,072 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 2.94 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3,286 പേര്‍ക്കും തമിഴ്നാട്ടില്‍ 1,733 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,246 പേര്‍ക്കും മിസോറാമില്‍ 1,257 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,53,069 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 97,821 പേര്‍ക്കും ബ്രസീലില്‍ 19,438 പേര്‍ക്കും ഇംഗ്ലണ്ടില്‍ 35,623 പേര്‍ക്കും റഷ്യയില്‍ 21,379 പേര്‍ക്കും തുര്‍ക്കിയില്‍ 27,197 പേര്‍ക്കും ഇറാനില്‍ 15,294 പേര്‍ക്കും ഫിലിപ്പൈന്‍സില്‍ 18,659 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 23.18 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.86 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,794 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,613 പേരും ബ്രസീലില്‍ 645 പേരും റഷ്യയില്‍ 828 പേരും ഇറാനില്‍ 284 പേരും മെക്‌സിക്കോയില്‍ 748 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47.49 ലക്ഷം.

🔳ഇന്ത്യയില്‍ വീഡിയോ എന്റടെയ്‌മെന്റ് വിപണിയിലേക്കുള്ള ആദ്യ ചുവട് വയ്പുമായി ആമസോണ്‍. വൈവിധ്യമാന്ന ജനപ്രിയ വീഡിയോ സ്ട്രീംമിംഗ് സര്‍വീസുകളില്‍ നിന്നുള്ള കണ്ടന്റുകള്‍ ആസ്വദിക്കാന്‍ പ്രൈം അംഗങ്ങള്‍ക്ക് അവസരമൊരുക്കുന്ന പ്രൈം വീഡിയോ ചാനലുകള്‍ക്ക് തുടക്കമിട്ടു. ഇന്ത്യയില്‍ ആദ്യമായാണ് കമ്പനി ഈ സേവനം ലഭ്യമാക്കുന്നത്. സെപ്തംബര്‍ 24 മുതല്‍ പ്രൈം വീഡിയോ ചാനലുകള്‍ ലഭ്യമായിതിതുടങ്ങി. പ്രൈം വീഡിയോ പ്ലാറ്റ്‌ഫോമിലൂടെ ഒരു കുടക്കീഴില്‍ എട്ട് ഒടിടി ചാനലുകളില്‍ നിന്നുള്ള കണ്ടന്റ് ലഭ്യമാകും.

🔳ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയന്‍സ് ജിയോ വരിക്കാരുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ട് കുതിപ്പ് തുടരുകയാണ്. ജിയോ ജൂലൈ മാസം മാത്രം 65.1 ലക്ഷം പുതിയ വരിക്കാരെയാണ് സ്വന്തമാക്കിയത്. 44.32 കോടി വരിക്കാരാണ് ജിയോക്ക് ഉള്ളത്. ട്രായ് പുറത്തുവിട്ട പ്രതിമാസ വരിക്കാരുടെ കണക്ക് അനുസരിച്ച് ജൂലൈയില്‍ 14.3 ലക്ഷം ഉപഭോക്താക്കളെയാണ് (വോഡഫോണ്‍ ഐഡിയ) വിഐയ്ക്ക് നഷ്ടമായത്. 27.19 കോടിയാണ് വിഐയുടെ ആകെ വരിക്കാരുടെ എണ്ണം. ഭാരതി എയര്‍ടെല്‍ നില മെച്ചപ്പെടുത്തി. 19.42 ലക്ഷം വരിക്കാരാണ് ജൂലൈ മാസം എയര്‍ടെല്ലില്‍ എത്തിയത്. നിലവില്‍ 35.40 കോടി വരിക്കാരാണ് എയര്‍ടെല്ലിന് ഉള്ളത്. കേന്ദ്ര സര്‍ക്കറിന്റെ കീഴിലുള്ള ബിഎസ്എന്‍എല്ലിന് 10.2 ലക്ഷം വരിക്കാരെയാണ് നഷ്ടമായത്.

🔳വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന കാലഘട്ടത്തിലെ നവോത്ഥാന നായകന്‍മാരുടെ കഥയാണ് പറയുന്നത്. സിനിമയുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ രാഘവന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് വിനയന്‍. ചിത്രത്തില്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെ ഉപദേശകനായ ഈശ്വരന്‍ നമ്പൂതിരിയായാണ് രാഘവന്‍ അഭിനയിക്കുന്നത്. പടത്തലവന്‍മാരെ പോലും വിരല്‍ തുമ്പില്‍ നിര്‍ത്താന്‍ പോന്ന ചാണക്യനായിരുന്നു ഈശ്വരന്‍ നമ്പൂതിരി.

🔳തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ യുവതാരമാണ് വിജയ് ദേവരകൊണ്ട. റൗഡി വെയര്‍ എന്ന ബ്രാന്‍ഡില്‍ വസ്ത്രവ്യാപാര രംഗത്ത് ശ്രദ്ധനേടിയ താരമിപ്പോള്‍ പുതിയ ബിസിനസിലേക്ക് തിരിഞ്ഞിരിക്കുകയാണ്. തെലങ്കാനയിലെ മഹ്ബൂബ്നഗറില്‍ മള്‍ട്ടിപ്ലക്സ് തിയറ്റര്‍ കോംപ്ലക്സിന് തുടക്കമിട്ടിരിക്കുകയാണ് വിജയ്. ഏഷ്യന്‍ വിജയ് ദേവരകൊണ്ട സിനിമാസ് (എവിഡി) എന്നാണ് തിയറ്ററിന് പേര് നല്‍കിയിരിക്കുന്നത്. സായ് പല്ലവിയും നാഗചൈതന്യയും പ്രധാന വേഷത്തിലെത്തുന്ന ലവ് സ്റ്റോറിയാണ് ആദ്യം പ്രദര്‍ശിപ്പിച്ച ചിത്രം. ഏഷ്യന്‍ സിനിമാസിന്റെ പങ്കാളിത്തത്തോടെയാണ് വിജയ് ഈ തിയറ്റര്‍ നിര്‍മിച്ചത്.

🔳ഹജ് തീര്‍ഥാടനത്തിന് ഉമ്മയുടെ സഹായിയായി മെഹ്റം പോയതിന്റെ അനുഭവമാണ് എഴുത്തുകാരന്‍ പങ്കുവെക്കുന്നത്. മക്കയെയും മദീനയെയും നബിസ്മരണകളെയുമൊക്കെ വണങ്ങുന്ന ഈ യാത്രാവിവരണത്തിന്റെ കേന്ദ്രബിന്ദു മിനയിലെ ജംറ ശിലകളാണ്. പുണ്യഭൂമിവൃത്താന്തങ്ങള്‍ക്കപ്പുറം ഒരു ഉമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ സുകൃതാഖ്യാനം. 'ജംറ'. എം.എം. ബഷീര്‍. എച്ച് & സി ബുക്സ്. വില 150 രൂപ.

🔳ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്വാഗണിന്റെ മിഡ്-സൈസ് എസ്യുവി ടൈഗൂണിനെ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് പെട്രോള്‍ എന്‍ജിന്‍ വകഭേദങ്ങളുമായി എത്തുന്ന വാഹനത്തിന്റെ വില 10.50 ലക്ഷം രൂപ മുതല്‍ 17.50 ലക്ഷം രൂപ വരെയാണ്. ഡൈനാമിക് ലൈന്‍, പെര്‍ഫോമന്‍സ് ലൈന്‍ എന്നിങ്ങനെ രണ്ട് ശ്രേണിയിലാണ് ഫോക്സ്വാഗണ്‍ ടൈഗൂണ്‍ എത്തുന്നത്. ഡൈനാമിക് ലൈനിന് കീഴെ കംഫര്‍ട്ട്ലൈന്‍, ഹൈലൈന്‍, ടോപ്ലൈന്‍ എന്നിങ്ങനെ മൂന്ന് ട്രിം ലെവലിലും പെര്‍ഫോമന്‍സ് ലൈനില്‍ ജിടി, ജിടി പ്ലസ് എന്നിങ്ങനെ രണ്ട് ട്രിം ലെവലിലുമാണ് എസ്യുവി വിപണിയിലെത്തിയിരിക്കുന്നത്.

🔳ശ്വാസകോശ അര്‍ബുദം പിടിപെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. പല കാന്‍സറുകളും ശരീരത്തിനു ചില സൂചനകള്‍ നല്‍കാറുണ്ട്. എന്നാല്‍ ശ്വാസകോശാര്‍ബുദം ആദ്യ ഘട്ടങ്ങളില്‍ കണ്ടെത്താന്‍ പ്രയാസമാണ്. വിട്ടുമാറാത്ത തുടര്‍ച്ചയായ ചുമ, കഫത്തില്‍ രക്തം, ഭാരം ക്രമാതീതമായി കുറയുക, എല്ലുകള്‍ക്ക് വേദന, കഠിനമായ തലവേദന, ശ്വാസമെടുക്കാന്‍ പ്രയാസം, നെഞ്ചുവേദന എന്നിവയാണ് ശ്വാസകോശാര്‍ബുദത്തിന്റെ ചില ലക്ഷണങ്ങള്‍. ശ്വാസകോശാര്‍ബുദം വരാതിരിക്കാനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം. ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള മികച്ചൊരു മാര്‍ഗമാണ് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക എന്നത്. ആന്റ്‌റിഒക്സിഡന്റ്റുകള്‍, ഫോളേറ്റ്, പ്രോട്ടീന്‍, സങ്കീര്‍ണ്ണമായ കാര്‍ബോഹൈഡ്രേറ്റ് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള ആഹാരം കഴിക്കുക. ഭക്ഷണത്തിനൊപ്പം തന്നെ കൃത്യമായി വ്യായാമവും ചെയ്യേണ്ടതും വളരെ അത്യാവശ്യമാണ്. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് നല്ലതാണ്. അന്തരീക്ഷത്തില്‍ ഉളള പൊടിയും പുകയും ശ്വസിച്ച് അസുഖങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനായി പുറത്ത് പോകുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കണം. അര്‍ബുദ രോഗം വരാതിരിക്കാന്‍ ഏറ്റവും ഒഴിവാക്കപ്പെടെണ്ട ഒന്നാണ് പുകവലി. പുകവലിക്കുന്നതിലൂടെ ശ്വാസകോശാര്‍ബുദം വരാനുളള സാദ്ധ്യത കൂടുതലാണ്. ഇതിനാല്‍ തന്നെ പുകവലി ഒഴിവാക്കേണ്ടത് അനിവാര്യമാണ്.

*ശുഭദിനം*

1997 ല്‍ ഹരിയാനയിലെ നഹ്രി ഗ്രാമത്തിലെ ഒരു കര്‍ഷകകുടുംബത്തിലാണ് രവി ജനിച്ചത്. സ്വന്തമായി ഭൂമിയൊന്നുമില്ലെങ്കിലും അച്ഛന്‍ പാട്ടത്തിനെടുത്ത് നടത്തുന്ന കൃഷിയാണ് ആ കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗ്ഗം. വലിയ ഗുസ്തിക്കാര്‍ക്ക് ജന്മം നല്‍കിയ നാടാണ് നഹ്രി. കുട്ടിക്കാലം മുതലേ രവി കേട്ടുവളര്‍ന്നുതും ഈ ഗുസ്തിയെക്കുറിച്ചായിരുന്നു. രവിക്കും ഗുസ്തി ഇഷ്ടമായിരുന്നു. തന്റെ മകന് ഗുസ്തിയില്‍ മികച്ച പരിശീലനം തന്നെ ലഭിക്കണം എന്നചിന്തയിലാണ് പിതാവ് അവനെ ഡല്‍ഹിയുളള ഛത്രസാല്‍ ഗുസ്തി പരിശീലനകേന്ദ്രത്തില്‍ ചേര്‍ത്തത്. നിരവധി ഒളിംപ്യന്മാരെ സൃഷ്ടിച്ച വൃക്തിയായിരുന്നു രവിയുടെ ഗുരു സത്പാല്‍ സിംങ്. നിരന്തരമായ പരിശീലനം രവിയെ മികച്ച ഗുസ്തിക്കാരനാക്കിമാറ്റി. 2015 ല്‍ നടന്ന ജൂനിയര്‍ വേള്‍ഡ് ചാംപ്യന്‍ഷിപ്പില്‍ രവി വെള്ളിമെഡല്‍ നേടി. പരിശീലനത്തിനിടെ പരുക്ക് പറ്റി ഒരു വര്‍ഷത്തോളം ഗുസ്തിയില്‍നിന്നു തന്നെ രവിക്ക് വിട്ടുനില്‍ക്കേണ്ടിവന്നു. പക്ഷേ, ഇതൊന്നും അയാളുടെ ആത്മവിശ്വാസത്തിന് മങ്ങലേല്‍പിച്ചില്ല. പിന്നീട് നടന്ന തിരിച്ചുവരവില്‍ റോമാനിയയിലെ U23 ലോക ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ രവി വെള്ളിമെഡല്‍ നേടി. ഇതോടെ രാജ്യം രവി ദഹിയ എന്ന പേര് ശ്രദ്ധിച്ചുതുടങ്ങി. ഇക്കഴിഞ്ഞ ടോക്കിയോ ഒളിംപിക്‌സില്‍ സ്വന്തം രാജ്യത്തെ പ്രതിനിധീകരിച്ച് രവി എത്തി. ഇന്ത്യക്ക് വെള്ളിമെഡല്‍ സമ്മാനിച്ച് രവി മടങ്ങുമ്പോഴും ആ വെള്ളിക്ക് സ്വര്‍ണ്ണതിളക്കമുണ്ടായിരുന്നു. സ്വര്‍ണ്ണം നേടും വരെ വിശ്രമമില്ലെന്ന വാശിയോടെ രവിദഹിയ തന്റെ പരിശീലനം തുടരുകയാണ്. വിജയത്തോടെ ഒരു ലക്ഷ്യവും അവസാനിക്കുന്നില്ല, പുതിയ ലക്ഷ്യങ്ങള്‍ കണ്ടെത്താന്‍ ഓരോ വിജയത്തേയും ചവിട്ടുപടിയാക്കുയാണ് ചെയ്യേണ്ടത്. വിജയം ഒരിക്കലും ഒരു യാത്രയുടേയും അന്ത്യമല്ല, പുതിയ യാത്രകളുടെ തുടക്കം. മാത്രമാണ്. പുതിയ യാത്രകള്‍ ആരംഭിക്കട്ടെ, പുതിയ ലക്ഷ്യങ്ങള്‍ തെളിയട്ടെ - *ശുഭദിനം*

🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only