👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

20 സെപ്റ്റംബർ 2021

എ.ടി.എം. തേടി അലയേണ്ട, സ്വന്തമായി തുടങ്ങാം
(VISION NEWS 20 സെപ്റ്റംബർ 2021)
മല്ലപ്പള്ളി:പണമെടുക്കാനോ അക്കൗണ്ടിലുള്ള തുകയുടെ വിവരങ്ങളറിയാനോ അടുത്ത് ഒരു എ.ടി.എം. ഇല്ലെന്ന വിഷമത്തിലാണോ? എങ്കിൽ, ഇപ്പോൾ സ്വന്തമായി ഒരു എ.ടി.എം. ആരംഭിക്കാനാകും.

അർഹത ആർക്ക്

റോഡരികിൽ താഴത്തെ നിലയിൽ അൻപത് മുതൽ എൺപത് വരെ ചതുരശ്രയടി സ്ഥലമുള്ള മുറി. അടുത്തുള്ള മറ്റ് എ.ടി.എമ്മുകളിൽനിന്ന് കുറഞ്ഞത് 100 മീറ്റർ അകലം. മുഴുവൻ സമയവും ഒരു കിലോവാട്ട് വൈദ്യുതി. കൂടാതെ സാറ്റലൈറ്റ് ബന്ധം സ്ഥാപിക്കാനുള്ള അനുമതി എന്നിവയുണ്ടെങ്കിൽ എ.ടി.എം. സ്ഥാപിക്കാനാകും. ഇവയിൽ പലതും വാടകയ്ക്ക് ആണെങ്കിലും മതി.

വരുമാനം

ഈ എ.ടി.എമ്മിൽ നടക്കുന്ന ഓരോ പണമിടപാടുകൾക്കും എട്ടു രൂപ വീതവും പിൻ നമ്പർ മാറ്റമുൾെപ്പടെയുള്ള മറ്റിനങ്ങൾക്ക് രണ്ട് രൂപയും കമ്മീഷനായി ലഭിക്കും. ദിവസം 250 പേർ എ.ടി.എം. ഉപയോഗിച്ചാൽ ശരാശരി 45,000 രൂപ മാസവരുമാനം കിട്ടും. 500 പേരായാൽ 90,000 രൂപ വരെ ലഭിക്കാം. വൈദ്യുതി, സെക്യൂരിറ്റി എന്നിവയ്ക്കുള്ള ചെലവ് കഴിച്ച് ലാഭം കണക്കാക്കാം. എന്നാൽ കരാർ വെച്ചിട്ട് ഒരു വർഷത്തിനുള്ളിൽ പിന്തിരിഞ്ഞാൽ ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി ഈടാക്കും.

ചെലവ് നാലരലക്ഷം

ടാറ്റ ഇൻഡിക്യാഷ്, മുത്തൂറ്റ്, ഇന്ത്യ വൺ, ഹിറ്റാച്ചി എന്നീ കമ്പനികളാണ് ഇന്ത്യയിൽ സ്വന്തമായി എ.ടി.എം. സ്ഥാപിക്കാൻ സഹായിക്കുന്നത്. സ്വന്തമായി കെട്ടിടസൗകര്യമുള്ളവർ ഒന്നരലക്ഷം രൂപയും അല്ലാത്തവർ രണ്ടു ലക്ഷം രൂപയും സെക്യൂരിറ്റി തുക നൽകണം. ഇത് തിരികെ ലഭിക്കുന്ന നിക്ഷേപമാണ്. ഇതിനുപുറമേ മൂന്നു ലക്ഷം രൂപ മൂലധനമായി വേണം. ഈ തുകയാണ് ആദ്യം എ.ടി.എമ്മിൽ നിറയ്ക്കുക. ഇത് തീരുന്നമുറയ്ക്ക് ഫ്രാഞ്ചൈസിയുടെ കറന്റ് അക്കൗണ്ടിൽ കമ്പനി തുക നൽകും.

തുടക്കം 1987-ൽ

1987-ലാണ് മുംബൈയിൽ എച്ച്.എസ്.ബി.സി. ഇന്ത്യയിലെ ആദ്യ എ.ടി.എം. ആരംഭിച്ചത്. 2021 മാർച്ചിൽ ഇവയുടെ എണ്ണം 2.39 ലക്ഷമായി. പ്രായപൂർത്തിയായ ഒരു ലക്ഷം പേർക്ക് 28 എണ്ണമാണ് ഇന്ന് ഇന്ത്യയിലുള്ളതെന്ന് കണക്കാക്കുന്നു. ഇത്രയും പേർക്ക് 50 എ.ടി.എം. എന്നതാണ് ആഗോള ശരാശരി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only