14 സെപ്റ്റംബർ 2021

പ്രഭാത വാർത്തകൾ
(VISION NEWS 14 സെപ്റ്റംബർ 2021)
🔳കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന. രാജ്യത്തെ ആകെ വാക്‌സിനേഷന്‍ 75 കോടി കടന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന സൗത്ത്-ഈസ്റ്റ് റീജിണല്‍ ഡയറക്ടര്‍ ഡോ.പൂനം ഖേത്രപാല്‍ സിങ് രംഗത്തെത്തിയത്.

🔳ഇന്ത്യയുടെ തദ്ദേശ നിര്‍മിത കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് ഈയാഴ്ച ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കും. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഭാരത് ബയോടെക്കാണ് കൊവാക്‌സിന്റെ നിര്‍മാതാക്കള്‍.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 24,410 കോവിഡ് രോഗികളില്‍ 61.68 ശതമാനമായ 15,058 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 340 മരണങ്ങളില്‍ 29.11 ശതമാനമായ 99 മരണങ്ങളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 3,55,226 സജീവരോഗികളില്‍ 58.78 ശതമാനമായ 2,08,812 രോഗികളും കേരളത്തിലാണുള്ളത്.

🔳സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ആലോചന. ഇന്നത്തെ അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതിയുണ്ടാകുമെന്നാണ് സൂചന. അതേസമയം സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ചകളില്‍ തുറന്ന് പ്രവര്‍ത്തിക്കാനും തീരുമാനമായി. ഇന്ന് മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാര്‍ഡ് വഴി പഞ്ചിങ് നിര്‍ബന്ധമാക്കും. കോവിഡ് വ്യാപനം കണക്കില്‍ എടുത്തായിരുന്നു പഞ്ചിങ് ഒഴിവാക്കിയത്.

🔳കേരളത്തിലെ 13,534 കുടുംബങ്ങള്‍ക്ക് ഇന്ന് പട്ടയം വിതരണം ചെയ്യും. പതിനാല് ജില്ലാകേന്ദ്രങ്ങളിലും 77 താലൂക്ക് കേന്ദ്രങ്ങളിലുമായാണ് പട്ടയമേള നടക്കുക. കേരളാ സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് പട്ടയമേള സംഘടിപ്പിക്കുന്നത്. സംസ്ഥാന, ജില്ല, താലൂക്കുതല പട്ടയമേളകള്‍ രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.

🔳കേരളത്തിന്റെ മതസൗഹാര്‍ദവും സാമൂഹിക ഇഴയടുപ്പവും തകര്‍ക്കുന്ന പല നീക്കങ്ങളും ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാകുന്നത് അതീവ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണം എന്ന അഭ്യര്‍ഥനയോടെ മുഖ്യമന്ത്രി പിണറായി വിജയനുള്ള കത്തിലാണ് പ്രതിക്ഷ നേതാവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വര്‍ഗീയ വിഷം ചീറ്റുന്ന ഇവരില്‍ പലരും ഫേക്ക് ഐഡികളിലൂടെ ആസൂത്രിതമായി കേരളത്തിന്റെ മതമൈത്രി തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയവരാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സതീശന്‍ ആരോപിച്ചു.

🔳കേരളത്തില്‍ ആപല്‍ക്കരമായ നിലയില്‍ വളര്‍ന്നുവരുന്ന സാമൂഹ്യ സംഘര്‍ഷം ഇല്ലാതാക്കാനും മത-സമുദായ-സൗഹൃദം ഉറപ്പുവരുത്താനും ഉതകുന്ന നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി സര്‍വ്വ രാഷ്ട്രീയ-മത-സമുദായ നേതാക്കളുടെ യോഗം വിളിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ഇക്കാര്യം അഭ്യര്‍ത്ഥിച്ച് കൊണ്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിട്ടുണ്ട്.

🔳ബിജെപി സമൂഹത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയാണെന്നും അതുകൊണ്ടാണ് ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നതെന്നും എല്ലാതരം വര്‍ഗീയതയോടും കോണ്‍ഗ്രസ് സന്ധിചെയ്യുകയാണെന്നും സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. വിഷയത്തില്‍ ജോസ് കെ മാണി പറഞ്ഞത് അവരുടെ പാര്‍ട്ടിയുടെ അഭിപ്രായമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു.

🔳നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് പിന്നാലെ ആന്റി നാര്‍ക്കോട്ടിക് ജാഗ്രതാ സെല്ലുകളുമായി പാലാ രൂപത. പാലാ രൂപതയുടെ കെ സി ബി സി മദ്യവിരുദ്ധസമിതി ആണ് സെല്ലുകള്‍ രൂപീകരിക്കുന്നത്. മദ്യം, മയക്കുമരുന്ന് ഉപയോഗത്തിന് തടയിടാനാണ് സമിതി എന്നാണ് വിശദീകരണം. പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് സമിതി പരിപൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു

🔳സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയെ വിമര്‍ശിച്ച പ്രസ്താവനയില്‍ ഉറച്ച് കാനം. സംസ്ഥാന കൗണ്‍സിലിന്റെ തീരുമാനമാണ് താന്‍ പറഞ്ഞതെന്നാണ് വിശദീകരണം. ജനറല്‍ സെക്രട്ടറിക്ക് എതിരെ താന്‍ പരസ്യ നിലപാട് എടുത്തിട്ടില്ലെന്നും പാര്‍ട്ടി അച്ചടക്കം ആര് ലംഘിച്ചാലും തെറ്റ് തന്നെയാണെന്നും കാനം കൂട്ടിച്ചേര്‍ത്തു. ഇസ്മയില്‍ കത്ത് അയച്ചതിനെ പറ്റി അറിയില്ലെന്ന് പറഞ്ഞ കാനം, പോസ്റ്റ് ഓഫീസ് ഉള്ളത് കത്ത് അയക്കാന്‍ ആണല്ലോയെന്നും പറഞ്ഞു.

🔳കിറ്റക്സിനെതിരെ എം എല്‍ എമാര്‍. പി ടി തോമസും പി വി ശ്രീനിജനുമാണ് കിറ്റക്സിനെതിരെ വീണ്ടും രംഗത്തെത്തിയത്. സി എസ് ആര്‍ ഫണ്ട് ട്വന്റി 20 പാര്‍ട്ടി ചെലവഴിച്ചതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് പി ടി തോമസ് എം എല്‍ എ ആവശ്യപ്പെട്ടു. ട്വന്റി 20 രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടിയാണ്. ഫണ്ട് ഉപയോഗത്തെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം. സിഎസ്ആര്‍ ഫണ്ട് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ താല്‍പര്യത്തിനു വേണ്ടി ഉപയോഗിക്കാന്‍ പാടില്ലെന്നും കളക്ടര്‍ വിളിച്ച യോഗത്തില്‍ എം എല്‍ എമാര്‍ ആവശ്യപ്പെട്ടു.

🔳എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഫാത്തിമ തഹ്ലിയെ നീക്കി. പി കെ നവാസിന് എതിരായ പരാതിക്ക് പിന്നില്‍ ഫാത്തിമ തഹ്ലിയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഗുരുതര അച്ചടക്ക ലംഘനം ഫാത്തിമ നടത്തിയെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വനിതാ കമ്മീഷന് പരാതി നല്‍കിയ മുന്‍ ഹരിത ഭാരവാഹികള്‍ക്ക് തഹ്ലിയ പിന്തുണ നല്‍കിയിരുന്നു. ഹരിത കമ്മിറ്റി പുനസംഘടനയിലും ഫാത്തിമ തഹ്ലിയ അസംതൃപ്തി പ്രകടപ്പിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി തീരുമാനം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും നടപടി അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്നും ഫാത്തിമ തഹ്ലി പറഞ്ഞു. തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും ഫാത്തിമ പറഞ്ഞു.

🔳നിയമസഭ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തിലെ തോല്‍വിക്ക് കാരണം കെ സുധാകരനും റിജില്‍ മാക്കുറ്റിയുമാണെന്ന് മുസ്ലീം ലീഗ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ശക്തി കേന്ദ്രങ്ങളില്‍ പോലും യുഡിഎഫിന് വോട്ട് ചോര്‍ച്ച ഉണ്ടാക്കിയത്. കെ സുധാകരനും, കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രചാരണത്തില്‍ അലംഭാവം കാട്ടി. കണ്ണൂര്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന റിജില്‍ മാക്കുറ്റി സതീഷന്‍ പാച്ചേനിയെ തോല്‍പ്പിക്കാന്‍ ചിലരുമായി ഗൂഢാലോചന നടത്തിയെന്നും വിമര്‍ശനം ഉയര്‍ന്നു. ഇതേകുറിച്ച് പരസ്യ പ്രതികരണത്തിന് ലീഗ് നേതൃത്വം തയ്യാറായിട്ടില്ല.

🔳തലശ്ശേരി രാഷ്ട്രീയ വൈരാഗ്യങ്ങളുടേയും സംഘട്ടനങ്ങളുടേയും ഹബ്ബാണെന്ന് ഹൈക്കോടതി. ആയിരക്കണക്കിന് കേസുകള്‍ സെഷന്‍സ് കോടതിയില്‍ കെട്ടിക്കിടക്കുകയാണ്. വിചാരണ പൂര്‍ത്തിയാകാതെ 5498 കേസുകളുണ്ടെന്നും സെഷന്‍സ് കോടതി ഹൈക്കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

🔳മലയാള സിനിമാ നടന്‍ റിസബാവ അന്തരിച്ചു. 55 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു അദ്ദേഹം. സംസ്‌കാരം ഇന്ന് രാവിലെ നടക്കും. അതേസമയം അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് പൊതുദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്.

🔳സംസ്ഥാനത്ത് നീറ്റ് പരീക്ഷ അവസാനിപ്പിക്കാനുള്ള നീക്കവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍. മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പ്ലസ് ടു പരീക്ഷയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്നതിനുള്ള ബില്‍ തമിഴ്‌നാട് നിയമസഭ പാസാക്കി. സാമൂഹിക നീതി ഉറപ്പാക്കാനാണ് ഈ തീരുമാനമെന്നാണ് വിശദീകരണം.

🔳സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഈ സാഹചര്യത്തില്‍ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതി തീവ്ര ന്യൂനമര്‍ദ്ദമായി മാറിയതിന്റെ ഫലമായാണ് സംസ്ഥാനത്ത് കാലവര്‍ഷം സജീവമാകുന്നത്.

🔳മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് (80) അന്തരിച്ചു. മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ജൂലൈയില്‍ യോഗ ചെയ്യുന്നതിനിടെ വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ ആരോഗ്യനില മോശമാവുകയായിരുന്നു.

🔳ഗുജറാത്തിന്റെ പതിനേഴാമത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ചുമതലയേറ്റു. ആഭ്യന്തരമന്ത്രി അമിത്ഷാ, ഗോവ, മധ്യപ്രദേശ്, ഹരിയാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ഭൂപേന്ദ്ര പട്ടേലിനെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിനെ പുതിയ വികസന പാതയിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ആശംസിച്ചു. സമൂഹത്തിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ചയാളായിരുന്നു മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയെന്നും ഭാവിയിലും ജനസേവനത്തില്‍ അദ്ദേഹം മുന്‍പന്തിയിലുണ്ടായിരിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

🔳അന്തരിച്ച മുന്‍രാഷ്ട്രപതി ഗ്യാനി സെയില്‍ സിങ്ങിന്റെ കൊച്ചുമകന്‍ ഇന്ദര്‍ജീത് സിങ് ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ തിങ്കളാഴ്ച നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു ഇന്ദര്‍ജീത്തിന്റെ ബി.ജെ.പി. പ്രവേശനം. മുത്തച്ഛന്റെ ആഗ്രഹം സഫലീകരിച്ചുവെന്ന് അംഗത്വം സ്വീകരിച്ച ശേഷം ഇന്ദര്‍ജീത് പ്രതികരിച്ചു.

🔳കര്‍ഷക സമരക്കാര്‍ പഞ്ചാബില്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഡല്‍ഹിയില്‍ പോയി പ്രതിഷേധിക്കണമെന്നും പഞ്ചാബില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കരുതെന്നും അമരീന്ദര്‍ ആവശ്യപ്പെട്ടു. ഇതാദ്യമായാണ് കര്‍ഷക സമരത്തെക്കുറിച്ച് ഇത്തരമൊരു പരാമര്‍ശം സിങ്ങിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്.

🔳രാജ്യത്തെ ഭീകരവാദത്തിന്റെ മാതാവാണ് കോണ്‍ഗ്രസ് എന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസ് രാജ്യത്തെ മുറിവേല്‍പ്പിക്കുന്നു. ആളുകള്‍ക്ക് രാമനിലുള്ള വിശ്വാസത്തെ അവര്‍ അപമാനിക്കുന്നു. മാഫിയകള്‍ക്ക് അഭയം നല്‍കുന്നു. എന്നാല്‍ വേദനിക്കുന്നവരെ ആശ്വസിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് യോഗി വ്യക്തമാക്കി.

🔳ഐ.എസ്.എല്‍ ടീം എഫ്.സി. ഗോവ ഡ്യൂറന്റ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍. ഐ-ലീഗ് ക്ലബ്ബ് സുദേവ എഫ്.സിയെ ഒന്നിനെതിരേ രണ്ടു ഗോളിന് തോല്‍പ്പിച്ചാണ് എഫ്.സി ഗോവ അവസാന എട്ടിലെത്തിയത്.

🔳ഐഎസ്എല്‍ പുതിയ സീസണിന്റെ ആദ്യ പകുതിയിലെ ഫിക്‌സ്ചര്‍ പുറത്തുവിട്ടു. നവംബര്‍ 19-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനും കേരള ബ്ലാസ്റ്റേഴ്‌സും ഏറ്റുമുട്ടും.ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം.

🔳ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് മുടങ്ങിയതിന്റെ കാരണം വിശദീകരിച്ച് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. അഞ്ചാം ടെസ്റ്റ് മുടങ്ങിയത് വരാനിരിക്കുന്ന ഐ.പി.എല്‍ കാരണമല്ലെന്നും ഇന്ത്യന്‍ താരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ചതുമൂലമാണ് മത്സരം മാറ്റിവെച്ചതെന്നും ഗാംഗുലി വ്യക്തമാക്കി. മത്സരം ഒരിക്കലും ഉപേക്ഷിക്കില്ലെന്നും എപ്പോള്‍ നടത്താനാകും എന്നതിനേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഗാംഗുലി പറഞ്ഞു.

🔳ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ നായകനായി രോഹിത് ശര്‍മ എത്തുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബിസിസിഐ. ഈ റിപ്പോര്‍ട്ടുകള്‍ അസംബന്ധമാണെന്നും അങ്ങനെയൊരു കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ബി.സി.സി.ഐ ട്രഷറര്‍ അരുണ്‍ ധുമല്‍ വ്യക്തമാക്കി.

🔳ടി20 ലോകകപ്പിനുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകരായി മാത്യൂ ഹെയ്ഡനേയും വെര്‍ണോന്‍ ഫിലാന്‍ഡറേയും ചുമതലപ്പെടുത്തി. ഹെയ്ഡന്‍ ഓസ്‌ട്രേലിയയുടേയും ഫിലാന്‍ഡര്‍ ദക്ഷിണാഫ്രിക്കയുടേയും മുന്‍ താരങ്ങളാണ്. സ്ഥാനമൊഴിഞ്ഞ മിസ്ബ് ഉള്‍ ഹഖ്, വഖാര്‍ യൂനിസ് എന്നിവര്‍ക്ക് പകരമാണ് ഇരുവരും വരുന്നത്. പുതുതായി ചുമതലയേറ്റെടുത്ത പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ റമീസ് രാജയാണ് ഇക്കാര്യം അറിയിച്ചത്.

🔳കേരളത്തില്‍ ഇന്നലെ 91,885 സാമ്പിളുകളില്‍ പരിശോധിച്ചതില്‍ 15,058 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.39. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 99 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,650 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,336 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 612 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,439 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,08,773 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. സെപ്റ്റംബര്‍ 13 വരെ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 79.3 ശതമാനമായ 2,27,84,195 പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 31.3 ശതമാനമായ 90,05,691 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തൃശൂര്‍ 2158, കോഴിക്കോട് 1800, എറണാകുളം 1694, തിരുവനന്തപുരം 1387, കൊല്ലം 1216, മലപ്പുറം 1199, പാലക്കാട് 1124, ആലപ്പുഴ 1118, കോട്ടയം 1027, കണ്ണൂര്‍ 814, ഇടുക്കി 501, വയനാട് 445, പത്തനംതിട്ട 381, കാസര്‍ഗോഡ് 194.

🔳രാജ്യത്ത് ഇന്നലെ 24,410 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 39,811 പേര്‍ രോഗമുക്തി നേടി. മരണം 340. ഇതോടെ ആകെ മരണം 4,43,247 ആയി. ഇതുവരെ 3,32,88,021 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.55 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 2,740 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,580 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,05,066 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 84,062 പേര്‍ക്കും ബ്രസീലില്‍ 6,645 പേര്‍ക്കും റഷ്യയില്‍ 18,178 പേര്‍ക്കും ഇംഗ്ലണ്ടില്‍ 30,825 പേര്‍ക്കും തുര്‍ക്കിയില്‍ 24,613 പേര്‍ക്കും ഇറാനില്‍ 22,541 പേര്‍ക്കും ഫിലിപ്പൈന്‍സില്‍ 20,745 പേര്‍ക്കും മലേഷ്യയില്‍ 16,073 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 22.59 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.86 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,432 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 599 പേരും ബ്രസീലില്‍ 184 പേരും റഷ്യയില്‍ 719 പേരും ഇറാനില്‍ 448 പേരും മലേഷ്യയില്‍ 413 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 46.51 ലക്ഷം.

🔳സെപ്റ്റംബര്‍ 30നകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ബാങ്ക് ഇടപാടുകള്‍ക്ക് തടസ്സം നേരിട്ടേക്കാമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളെ അറിയിച്ചു. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ അസാധുവാകും. അങ്ങനെവന്നാല്‍ പാന്‍ നല്‍കേണ്ട സാമ്പത്തിക ഇടപാടുകള്‍ നടത്താനാവില്ലെന്നും ബാങ്കിന്റെ ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം അവസാനിക്കുംമുമ്പ് പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ്ഇ) ഇടപാടുകാരെ നേരത്തെ അറിയിച്ചിരുന്നു. ഇതിനുമുമ്പ് പലതവണ സര്‍ക്കാര്‍ തിയതി നീട്ടിനല്‍കിയിരുന്നു. നിലവില്‍ സെപ്റ്റംബര്‍ 30 ആണ് അവസാന തിയതി.

🔳പ്രമുഖ വിമാന കമ്പനിയായ ജെറ്റ് എയര്‍വെയ്സ് രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചുവരുന്നു. അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. അടുത്ത വര്‍ഷം പകുതിയോടെ രാജ്യാന്തര സര്‍വീസ് വീണ്ടും തുടങ്ങാനും ആലോചിക്കുന്നതായും കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി. നഷ്ടം കുമിഞ്ഞുകൂടിയതിനെ തുടര്‍ന്ന് 2019ലാണ് ജെറ്റ് എയര്‍വെയ്സ് പ്രവര്‍ത്തനം നിര്‍ത്തിയത്. അടുത്ത വര്‍ഷം ആദ്യം പാദത്തില്‍ ന്യൂഡല്‍ഹി- മുംബൈ റൂട്ടില്‍ വിമാനം പറത്തി ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

🔳ഒടിയന്‍' എന്ന ഫാന്റസി ഡ്രാമ ചിത്രത്തിനു ശേഷം മോഹന്‍ലാലും സംവിധായകന്‍ വി എ ശ്രീകുമാറും 'മിഷന്‍ കൊങ്കണി'ലൂടെ വീണ്ടും ഒന്നിക്കുന്നു. ഹിന്ദിയിലും മലയാളം ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ ഭാഷകളിലുമായിരിക്കും ചിത്രം. എന്നാല്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത് മുഴുനീള കഥാപാത്രത്തെയാണോ എന്നത് വ്യക്തമല്ല. ബോളിവുഡ് താരം രണ്‍ദീപ് ഹൂദയും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ടെന്നാണ് വിവരം. മാപ്പിള ഖലാസികളുടെ സാഹസിക ജീവിതം പറയുന്ന ചിത്രമാണിത്. പ്രമുഖ സാഹിത്യകാരന്‍ ടി ഡി രാമകൃഷ്ണന്റേതാണ് രചന. ബിഗ് ബജറ്റ് ചിത്രമായിരിക്കും മിഷന്‍ കൊങ്കണ്‍. പേര് സൂചിപ്പിക്കുന്നതുപോലെ കൊങ്കണ്‍ റെയില്‍വെ ആണ് സിനിമയ്ക്ക് പശ്ചാത്തലമാവുന്നത്.

🔳സായ് പല്ലവിയും നാഗചൈതന്യയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമാണ് 'ലവ് സ്റ്റോറി'. ശേഖര്‍ കമൂലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് സാഹചര്യത്തില്‍ പലതവണ റിലീസ് നീട്ടിവെക്കേണ്ടിവന്ന ചിത്രം കൂടിയാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ദേവയാനി, സത്യം രാജേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. സെപ്റ്റംബര്‍ 24 ആണ് പുതിയ റിലീസ് തീയതി. ചിത്രത്തിലെ പുറത്തെത്തിയ ഗാനങ്ങള്‍ വലിയ ആസ്വാദകപ്രീതി നേടിയിരുന്നു.

🔳ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുടെ പുതിയ സബ്‌കോംപാക്റ്റ് എസ്യുവിയായ കിഗര്‍ 2021 ഫെബ്രുവരി അവസാനവാരമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഈ സബ്‌കോംപാക്റ്റ് എസ്യുവിയുടെ ദക്ഷിണാഫ്രിക്കന്‍ വിപണിയിലേക്കുള്ള കയറ്റുമതി റെനോ ഇന്ത്യ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. ചെന്നൈ തുറമുഖത്ത് നിന്ന് 760 കൈഗര്‍ എസ്യുവികളുടെ ആദ്യ ബാച്ചാണ് കമ്പനി കയറ്റി അയച്ചത്. കിഗറിന് 199,900 റാന്‍ഡിനും 289,900 റാന്‍ഡിനുമിടയിലാണ് ദക്ഷിണാഫ്രിക്കന്‍ വിപണിയില്‍ വില. നിലവിലെ വിനിമയ നിരക്ക് അനുസരിച്ച് ഏകദേശം 10.34 ലക്ഷം മുതല്‍ 15 ലക്ഷം ഇന്ത്യന്‍ രൂപ വരെ വരും ഇത്.

🔳നൈരാശ്യമാവും മനസികവ്യഥകളും തികച്ചും വ്യത്യസ്തമായ സവിശേഷതകളുമുള്ള കുറെ കഥാപാത്രങ്ങളുള്ള ഈ നോവല്‍ ചാള്‍സ് ഡിക്കെന്‍സിന്റെ ശ്രേഷ്ടരചനകളില്‍ അഗ്രഗണ്യമായ ഒന്നാണ്. ധനികനാവുക സ്നേഹിക്കപ്പെടുക ആരാധിക്കപെടുക സന്തോഷമുണ്ടായിരിക്കുക തുടങ്ങിയ ആഗ്രഹങ്ങളുള്ള സാധാരണക്കാരായ ആളുകളെ പ്രതിനിധീകരിക്കുന്നതാണ് ഇതിലെ കഥാപാത്രങ്ങള്‍. 'വമ്പന്‍ പ്രതീക്ഷകള്‍'. പുനരാഖ്യാനം - ഗീതാലയം ഗീതാകൃഷ്ണന്‍. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 180 രൂപ.

🔳തലച്ചോറ് ഒരു പ്രധാന അവയവവും കേന്ദ്ര നാഡീവ്യവസ്ഥയുടെ ഭാഗവുമാണ്. ശരീരത്തിലെ ഏതൊരു അവയവത്തെയും പോലെ തലച്ചോറിന്റെ ആരോഗ്യവും പ്രധാനമാണ്. തലച്ചോറിന്റെ ആരോഗ്യം കാര്യക്ഷമമല്ലെങ്കില്‍ എല്ലാം അവതാളത്തിലാകും. ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും ഇല്ലെങ്കില്‍ തന്നെ നമുക്ക് നിലനില്‍പ്പ് ഉണ്ടാവില്ല. രക്തയോട്ടം, ഹോര്‍മോണ്‍ ബാലന്‍സ് തുടങ്ങി എല്ലാത്തിന്റെയും താക്കോല്‍ തലച്ചോറാണ് എന്ന് പറയാം. അപര്യാപ്തമായ പരിചരണം മസ്തിഷ്‌ക തകരാറുകള്‍ മാറ്റാനാവാത്ത ന്യൂറോഡീജനറേറ്റീവ് രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. പാര്‍ക്കിന്‍സണ്‍സ് രോഗം, ഹണ്ടിംഗ്ടണ്‍സ് രോഗം, അല്‍ഷിമേഴ്സ് രോഗം എന്നിവയാണ് ചില സാധാരണ ന്യൂറോഡീജനറേറ്റീവ് രോഗങ്ങള്‍. ശരീരത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നതും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ഒരു പ്രാഥമിക ഘടകമാണ് പോഷകാഹാരം. ആരോഗ്യകരമായ കൊഴുപ്പുകളുടെയും ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും ഉറവിടമാണ് മത്തി, സാല്‍മണ്‍ തുടങ്ങിയ മത്സ്യങ്ങള്‍. ന്യൂറോ ഡീജനറേറ്റീവ് രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നതിന് ഒമേഗ -3 ഫാറ്റി ആസിഡുകള്‍ പ്രധാനമാണ്. വാള്‍നട്ട്, നിലക്കടല, ബദാം തുടങ്ങിയ നട്സുകള്‍ ആരോഗ്യകരമായ കൊഴുപ്പുകളുടെയും പ്രോട്ടീന്റെയും സമൃദ്ധമായ ഉറവിടമാണ്. നട്സുകള്‍ കഴിക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഒലീവ് ഓയിലില്‍ ആന്റി ഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്. ഇത് മസ്തിഷ്‌കത്തെ രോഗത്തില്‍ നിന്നും സംരക്ഷിക്കുന്നു. മാനസിക സമ്മര്‍ദ്ദം കുറച്ച് ഓര്‍മ്മശക്തി നല്‍കുന്നു. ബ്രോക്കോളി ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ബ്രോക്കോളിയില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ കെ തലച്ചോറിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തും.

*ശുഭദിനം*

വളരെ ദരിദ്രകുടുംബത്തിലാണ് ഡാനിയല്‍ ഡാഫോ ജനിച്ചത്. ബാല്യകാല ജീവിതമെല്ലാം വളരെയധികം ക്ലേശകരമായിരുന്നു. വളരെ സാധുവായ ഇറച്ചിവെട്ടുകാരനായിരുന്നു ഡാഫോയുടെ പിതാവ്. പഠനം പലപ്പോഴും ഡാഫോയെ സംബന്ധിച്ച് ദുഷ്‌കരമായിരുന്നു. മുതിര്‍ന്നപ്പോള്‍ പല ബിസിനസ്സും ഡാഫോ നടത്തി. പക്ഷേ എല്ലാം അവസാനം കടക്കെണിയില്‍ ചെന്ന്‌ചേര്‍ന്നു. ഇതിനിടയില്‍ ചെയ്യാത്ത തെറ്റിന് കാരാഗ്രഹവാസവും വിധിക്കപ്പെട്ടു. ആദ്യമെല്ലാം ചിന്തകള്‍ മുഴുവനും ആത്മഹത്യയെക്കുറിച്ചായിരുന്നു. പിന്നീട് എന്തെങ്കിലും എഴുതാം എന്ന് കരുതി. വളരെ വിവാദപരമായ ഒരുപാട് പത്രികകള്‍ ഡാഫോയുടെതായി പുറത്തുവന്നു. ഡാഫോ, കാരാഗൃഹവാസ കാലത്ത് രചിച്ച കൃതിയാണ് റോബിന്‍സണ്‍ ക്രൂസോ. ജയില്‍ മോചിതനായപ്പോള്‍ ഇത് പ്രസിദ്ധീകരിക്കാന്‍ ഡോഫോ മുട്ടാത്ത വാതിലുകളില്ല. അവസാനം ഒരാള്‍ അതിന് സമ്മതിച്ചു. അങ്ങനെ റോബിന്‍സോ ക്രൂസോ വെളിച്ചം കണ്ടു. റോബിന്‍സോ ക്രൂസോ പ്രചാരം അത്ഭുതാവഹമായിരുന്നു. ഏകദേശം 250 വര്‍ഷങ്ങള്‍ക്ക് മുന്‍പ് രചിച്ച കൃതിയാണെങ്കിലും ഇന്നും അതിന് ധാരാളം ആരാധകരുണ്ട്. തന്റെ ഒരു ഇന്റര്‍വ്യൂവില്‍ ഡാഫോ ഇങ്ങനെ പറഞ്ഞു: 'പഠന ശാലകളില്‍ പഠിച്ചതിനേക്കാള്‍ കൂടുതല്‍ എനിക്ക് സഹനത്തിന്റെ കളരിയില്‍ നിന്നും പഠിക്കാന്‍ സാധിച്ചു. അതുപോലെ തന്നെ എന്റെ ജയില്‍വാസം ലോകത്തിന്റെ പരുക്കന്‍ വശങ്ങളും മിനുത്ത വശങ്ങളും തിരിച്ചറിയാന്‍ സാധിച്ചു' ജീവിത്തില്‍ വെല്ലുവിളികള്‍ വരുമ്പോഴാണ് നാം നമ്മുടെ കഴിവുകളിലേക്ക് എത്തിനോക്കുക. പ്രതികൂല സാഹചര്യങ്ങള്‍ ഒന്നിനുപിറകേ ഒന്നായി കടന്നുവരാം. നിരാശപ്പെടുത്തുന്ന സാഹചര്യങ്ങളും വന്നുചേരാം. പക്ഷേ, അത്തരം സാഹചര്യങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ നമ്മെ സഹായിക്കുന്നതും മുന്നേറാന്‍ പ്രചോദിപ്പക്കുന്നതും നമ്മുടെ ശുഭാപ്തിവിശ്വാസവും ദൃഢമായ ലക്ഷ്യബോധവുമാണ്. ദുരന്തങ്ങളേയും ദുര്‍വിധികളേയും നമുക്ക് ഗുണപ്രദമാക്കാന്‍ ശ്രമിക്കാം - *ശുഭദിനം*

🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only