11 സെപ്റ്റംബർ 2021

കൺതടത്തിലെ കറുപ്പ് അകറ്റാം; ചില പൊടിക്കൈകൾ
(VISION NEWS 11 സെപ്റ്റംബർ 2021)
കൺ തടത്തിലെ കറുപ്പ് സ്‌ത്രീകളെയും പുരുഷൻമാരെയും ഒരു പോലെ അലട്ടുന്ന ഒരു പ്രശ്‌നമാണ്. കണ്ണിന് ചുറ്റും കറുപ്പ് നിറം വരാൻ കാരണങ്ങൾ പലതാണ്. കുടുംബത്തിൽ ഉള്ളവരിൽ നിന്ന് പാരമ്പര്യമായി അടുത്ത തലമുറയിലേക്ക് പകരാം.സൂര്യപ്രകാശം അധികം എൽക്കുന്നത്,തൈറോയ്‌ഡ്, വൃക്ക തകരാറുകൾ, ഉദരപ്രശ്‌നങ്ങൾ തുടങ്ങിയവ.ഉറക്കമില്ലായ്‌മ, അമിതമായി ഉറങ്ങുന്നത്, കടുത്ത ക്ഷീണം ഇതെല്ലാം കണ്ണിനു ചുറ്റും കറുത്ത നിറത്തിന് കാരണമാകും.കൂടുതൽ സമയം ടിവി കാണുന്നതും ഫോൺ ഉപയോഗിക്കുന്നതും എല്ലാം കണ്ണിന് സ്ട്രെയ്ൻ നൽകും.ആവശ്യത്തിന് വെള്ളം കുടിക്കാത്തത്, മലബന്ധം, വരണ്ട ചർമം ഇതെല്ലാം കണ്ണിനു ചുറ്റും കറുത്ത നിറം വരാൻ കാരണമാകും.
കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റാൻ വീട്ടിൽ ചെയ്യാവുന്ന ചില വിദ്യകൾ ഇതാ...


സാലഡ് വെള്ളരി അഥവാ കുക്കുമ്പർ കനം കുറച്ച് വട്ടത്തിലരിഞ്ഞ് കണ്ണിൽ വെക്കാം. വൃത്തിയുള്ള ഒരു പാത്രത്തിൽ 30 മിനിറ്റ് റഫ്രിജറേറ്റ് ചെയ്‌തശേഷം കണ്ണിനു പുറമെ വെക്കുന്നതാണ് നല്ലത്. 10 മിനിറ്റിനു ശേഷം കണ്ണിനു ചുറ്റും ഇളം ചൂടു വെള്ളത്തിൽ കഴുകാം.

ഗ്രീൻ ടീ പോലുള്ളവ ആന്റി ഇൻഫ്‌ളമേറ്ററി ഗുണങ്ങൾ ഉള്ളതാണ്. ഇവ ആന്റി ഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്നു. ടീബാഗ് വെള്ളത്തിൽ കുതിർത്ത ശേഷം 30 മിനിറ്റ് ഫ്രിജിൽ വച്ച് തണുപ്പിക്കുക. ശേഷം കണ്ണിനു ചുറ്റും വച്ച് അമർത്തുക. കണ്ണ് അടച്ചുപിടിച്ച് പുറമെ ദിവസവും പത്തു മിനിട്ട് തണുത്ത ടീ ബാഗ് വെക്കുക. ശേഷം ചൂടുവെള്ളത്തിൽ മുഖം കഴുകാം.

പനിനീരും പാലും 2:1 എന്ന അനുപാതത്തിൽ എടുക്കുക. അളവ് കൃത്യമാകാൻ ശ്രദ്ധിക്കണം. ഈ മിശ്രിതത്തിൽ പഞ്ഞി മുക്കി കണ്ണിനു ചുറ്റും വെക്കുക. 20 മിനിറ്റിനു ശേഷം പഞ്ഞി മാറ്റി തണുത്ത വെള്ളത്തിൽ മുഖം കഴുകാം.

മഞ്ഞളും പുതിനയിലയും അരച്ച് പേസ്‌റ്റ് ആക്കിയതിൽ രണ്ടു നുള്ള് മഞ്ഞൾപ്പൊടി ചേർക്കുക. ഇത് നന്നായി മിക്‌സ് ചെയ്‌ത ശേഷം കണ്ണിനു ചുറ്റും പുരട്ടുക. ഇരുപതു മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only