03 സെപ്റ്റംബർ 2021

പ്രഭാത വാർത്തകൾ
(VISION NEWS 03 സെപ്റ്റംബർ 2021)
🔳മറ്റു രാജ്യങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ അഫ്ഗാനിസ്താന്റെ മണ്ണ് ഉപയോഗപ്പെടുത്തരുതെന്ന് താലിബാനോട് ആവര്‍ത്തിച്ച് ഇന്ത്യ. അഫ്ഗാനിസ്താനിലെ സര്‍ക്കാര്‍ രൂപവത്കരണം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ താലിബാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇന്ത്യയുടെ പ്രതികരണം.

🔳പ്രധാനമന്ത്രി നരേന്ദ്ര മോദി 2014-ല്‍ അധികാരത്തിലെത്തിയതിനു ശേഷം രാജ്യത്ത് വലിയ ഭീകരാക്രമണങ്ങളൊന്നും നടന്നിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയെ ഭീകരര്‍ക്ക് ഭയമാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ കെവാഡിയയില്‍ സംസ്ഥാന ബി.ജെ.പി പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

🔳ദേശീയ തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 1.37 ശതമാനം ഉയര്‍ന്ന് 8.32 ശതമാനത്തിലേക്ക് എത്തി. ജൂലൈയില്‍ ഇത് 6.95 ശതമാനമായിരുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമിയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

🔳കോവിഡ് മൂന്നാം തരംഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ തുടരുന്നതിനിടയില്‍ രാജ്യത്ത് പ്രായപൂര്‍ത്തിയായവരില്‍ 16 ശതമാനം പേര്‍ക്ക് പൂര്‍ണ്ണമായും, 54 ശതമാനം പേര്‍ക്ക് ഒരു ഡോസും പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച കോവിഡ് രോഗികളില്‍ 70.35 ശതമാനം രോഗികളും കേരളത്തില്‍. 45,624 കോവിഡ് രോഗികളില്‍ 34,665 രോഗികളും കേരളത്തിലാണ്. ഇന്നലത്തെ മരണങ്ങളില്‍ 52.95 ശതമാനം മരണങ്ങളും കേരളത്തിലാണ് രേഖപ്പെടുത്തിയത്. 355 മരണങ്ങളില്‍ 188 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ സജീവരോഗികളില്‍ 61 ശതമാനവും കേരളത്തില്‍ തന്നെ. രാജ്യത്തെ 3,93,531 സജീവരോഗികളില്‍ 2,40,216 പേരും കേരളത്തിലാണുള്ളത്.

🔳ഭരണ കാര്യങ്ങളില്‍ മന്ത്രിമാര്‍ക്ക് പരിശീലനം നല്‍കാന്‍ മന്ത്രിസഭ തീരുമാനം. തിരുവനന്തപുരം ഐഎംജിയില്‍ ഈ മാസം 20 മുതല്‍ 22 വരെയാണ് പരിശീലനം. പൊതുഭരണവകുപ്പ് പരിശീലനം സംബന്ധിച്ച് ഉത്തരവിറക്കി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സമാനരീതിയില്‍ മന്ത്രിമാര്‍ക്ക് ഐഐഎമ്മില്‍ പരിശീലനം നല്‍കിയിരുന്നു.

🔳അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അത് പരിഹരിച്ച് മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമെന്നും എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ സ്വതന്ത്ര്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും കെ.സി.വേണുഗോപാല്‍. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പാര്‍ട്ടിയുടെ അഭിവാജ്യഘടകങ്ങളാണെന്നും അഭിപ്രായം പറയുന്നവരെയും അതിനൊപ്പം നില്‍കുന്നവരെയും ഇല്ലായ്മ ചെയ്യുക എന്നുള്ള സിപിഎം ശൈലിയല്ല കോണ്‍ഗ്രസിനുള്ളതെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

🔳മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരായ സാമ്പത്തിക തട്ടിപ്പ് ആരോപണത്തില്‍ ഇന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് തെളിവുകളും രേഖകളും കൈമാറിയതായി കെടി ജലീല്‍ എംഎല്‍എ. കുഞ്ഞാലിക്കുട്ടിയും മകനും കള്ളപ്പണം വെളുപ്പിക്കലിന് ചന്ദ്രികയെ മറയാക്കുകയാണെന്നും ഈ കേസില്‍ തെളിവ് നല്‍കാനും മൊഴിയെടുക്കാനുമാണ് തന്നെ ഇ.ഡി നോട്ടീസ് നല്‍കി വിളിപ്പിച്ചതെന്നും കെ ടി ജലീല്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കുഞ്ഞാലിക്കുട്ടിയെ നാളേയും അദ്ദേഹത്തിന്റെ മകന്‍ ആഷിഖിനെ ഏഴാം തിയതിയും ഇ.ഡി. വിളിപ്പിച്ചിട്ടുണ്ടെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും ജലീല്‍ ഇന്നലെ പറഞ്ഞു..

🔳നോട്ട് നിരോധന കാലയളവില്‍ ചന്ദ്രിക ദിനപ്പത്രത്തിന്റെ മറവില്‍ 10 കോടി രൂപ കളളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരായേക്കില്ല. ഇന്ന് ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കുഞ്ഞാലിക്കുട്ടി എന്‍ഫോഴ്സ്മെന്റിനെ അറിയിച്ചു. ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാണ് കുഞ്ഞാലിക്കുട്ടി രേഖാമൂലം ആവശ്യപ്പെട്ടത്.

🔳മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് തെളിവ് നല്‍കിയെന്ന അവകാശവാദത്തിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍. ''സത്യത്തോട് പൊരുതാന്‍ കാപട്യത്തില്‍ രാകിമിനുക്കിക്കരുതിവെച്ച അസ്ത്രങ്ങള്‍ തികയാതെ വരും. ചേകവരെ, അങ്കത്തട്ടുണരും മുമ്പേ അടിതെറ്റിത്തുടങ്ങിയാല്‍ ഉറച്ച ചുവടുകള്‍ക്കു മുന്നില്‍ എന്ത് ചെയ്യും? പെരുമ്പറ മുഴങ്ങിക്കഴിഞ്ഞു. കച്ച മുറുക്കിയുടുത്തോളൂ''-എന്നാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

🔳കേരളത്തിലും താലിബാന്‍ മനസ്സുള്ളവരുണ്ടെന്നും താലിബാനിസത്തേയും ജിഹാദിസത്തേയും പിന്തുടരുന്നവര്‍ ഏഴാം നൂറ്റാണ്ടിലെ ഇസ്ലാമിക കാലത്തെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്നവരാണെന്നും പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍. ബിജെപി കോഴിക്കോട് ജില്ലാ സമിതി സംഘടിപ്പിച്ച 'താലിബാനിസം വിസ്മയമോ''എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഇന്നുള്ളത് ബുദ്ധിജീവികളല്ല മറിച്ച് സാമര്‍ഥ്യജീവികളാണെന്നും താലിബാനിസത്തിനെതിരെ ശബ്ദിക്കാന്‍ അവര്‍ തയാറാവുന്നില്ലെന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടമാവുമെന്ന് ഭയക്കുന്നവരാണ് കേരളത്തിലെ ബുദ്ധിജീവികളെന്നും ഹമീദ് ചേന്ദമംഗലൂര്‍ പറഞ്ഞു.

🔳മൊബൈല്‍ മോഷണം ആരോപിച്ച് പൊലീസ് അച്ഛനെയും മകളെയും പരസ്യവിചാരണ ചെയ്ത സംഭവത്തില്‍ പട്ടികജാതി കമ്മീഷന്‍ പൊലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്ന് ഡിജിപിയോട് നിര്‍ദ്ദേശിച്ചു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ജയചന്ദ്രന്‍ മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി ക്ഷേമ കമ്മീഷനും പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ച ആറ്റിങ്ങലില്‍ വച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പൊലീസില്‍ നിന്ന് ദുരനുഭവമുണ്ടായത്.

🔳വലിയഴീക്കല്‍ അപകടത്തില്‍ അഴീക്കല്‍ കോസ്റ്റല്‍ പൊലീസിനെതിരെ ആരോപണവുമായി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍. രക്ഷാപ്രവര്‍ത്തനത്തില്‍ പൊലീസ് സഹായിച്ചില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആരോപണം. വയര്‍ലെസില്‍ ബന്ധപ്പെട്ടിട്ടും സഹായിച്ചില്ലെന്നും ബോട്ടിന്റെ കെട്ട് പോലും പൊലീസ് അഴിച്ചില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. പരാതി ഗൌരവമുള്ളതെന്നും പരിശോധിക്കുമെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

🔳സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി. ടി വി അനുപമ പട്ടിക വര്‍ഗ വകുപ്പ് ഡയറക്ടറാകും. എന്‍ട്രസ് കമ്മീഷണറുടെ അധിക ചുമതലയും നല്‍കി. മുഹമ്മദ് വൈ സഫറുള്ളയെ ജി എസ് ടി സ്പെഷ്യല്‍ കമ്മീഷണറായി നിയമിച്ചു. സജിത് ബാബു ദുരന്തനിവാരണ ഡയറക്ടറും. അബ്ദുള്‍ നാസറാണ് പുതിയ തൊഴിലുറപ്പ് മിഷന്‍ ഡയറക്ടര്‍. മലപ്പുറം, കണ്ണൂര്‍, വയനാട്, കൊല്ലം ജില്ലാ കളക്ടര്‍മാരെ മാറ്റി. കണ്ണൂര്‍ കളക്ടറായിരുന്ന ടി വി സുഭാഷ് കൃഷിവകുപ്പ് ഡയറക്ടറാകും. എസ് ചന്ദ്രശേഖര്‍ ആണ് പുതിയ കണ്ണൂര്‍ കളക്ടര്‍. മലപ്പുറം കളക്ടര്‍ ഗോപാലകൃഷ്ണന്‍ എംപ്ലോയ്മെന്റ് ട്രെയിനിംഗ് ഡയറക്ടറാകും പകരം വി ആര്‍ പ്രേംകുമാര്‍ മലപ്പുറത്തെത്തും. വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള വനിത ശിശുക്ഷേമ വകുപ്പ് ഡയറക്ടറാകും പകരം എ ഗീത വയനാട് ജില്ലാ കളക്ടറാകും. അദീലയ്ക്ക് ലോട്ടറി വകുപ്പിന്റെ ചുമതലയും ഉണ്ട്. കൊല്ലം കളക്ടര്‍ അബ്ദുള്‍ നാസറിനെ പകരം അപ് സാന പര്‍വീന്‍ കൊല്ലം കളക്ടറാകും.

🔳കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ 13 ബാങ്ക് ഭരണ സമിതി അംഗങ്ങളെ കൂടി ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തു. സിപിഎം നേതാക്കളായ ഭരണ സമിതി അംഗങ്ങളെയാണ് പ്രതിപ്പട്ടികയിലുള്‍പ്പെടുത്തിയത്. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം 18 ആയി ഉയര്‍ന്നു. കേസിന്റെ വിവരങ്ങള്‍ സംബന്ധിച്ച് ഇരിങ്ങാലക്കുട കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. അതിനിടെ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ സൂപ്പര്‍ മാര്‍ക്കറ്റ് മാനേജര്‍ റെജിയെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു.

🔳എറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ വിഗ്രഹത്തില്‍ ചാര്‍ത്തുന്ന രുദ്രാക്ഷ മാലയില്‍ കൃത്രിമം നടന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇതിനുത്തരവാദി മുന്‍ മേല്‍ശാന്തിയാണെന്ന് ഇന്നലെ നടന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം വിലയിരുത്തി. 81 മുത്തുള്ള മാലയ്ക്ക് പകരം 72 മുത്തുള്ള മറ്റൊരു മാലയാണ് ഇപ്പോഴുള്ളത്. ഇതിന് ഉത്തരവാദി മുന്‍ മേല്‍ശാന്തി മാത്രമാണെന്നും ഇയാള്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാനും ബോര്‍ഡ് ശുപാര്‍ശ ചെയ്തു.

🔳കണ്ണൂര്‍ പാലക്കോട് ചൂട്ടാട് അഴിമുഖത്തിലെ മണ്‍തിട്ടയില്‍ ഇടിച്ച് ആറ് ഫൈബര്‍ ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടു. വൈകുന്നേരം ആറ് മണിയോടെയാണ് അപകടം നടന്നത്. മുപ്പതോളം മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. കോസ്റ്റല്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് എല്ലാവരെയും രക്ഷപ്പെടുത്തി. ഒരു ബോട്ട് പൂര്‍ണമായി തകര്‍ന്നു.

🔳പാലക്കാട് ജില്ലയിലെ മാത്തൂര്‍ പഞ്ചായത്തിലേക്ക് അപേക്ഷയുമായി എത്തുന്നവര്‍ ഇനി മുതല്‍ സാര്‍, മാഡം എന്ന അഭിസംബോധന എഴുതേണ്ടതില്ലെന്ന് പഞ്ചായത്ത് തീരുമാനം. സര്‍, മാഡം വിളികള്‍ക്ക് പകരം ഔദ്യോഗിക സ്ഥാനങ്ങള്‍ അഭിസംബോധനയായി ഉപയോഗിക്കാമെന്നാണ് ഭരണ സമിതിയുടെ തീരുമാനം. ബ്രിട്ടീഷ് വാഴ്ച ഉപേക്ഷിച്ചു പോയ ശീലങ്ങള്‍ മാറ്റിയെടുക്കുക എന്ന ഉദ്ദേശത്തിലാണ് നടപടിയെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.

🔳പയ്യന്നൂരിലെ സുനിഷയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് വിജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളൂരിലെ വീട്ടില്‍ നിന്നാണ് പയ്യന്നൂര്‍ പൊലീസ് വിജീഷിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

🔳തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ നീലഗിരി കോടനാട് എസ്റ്റേറ്റ് കൊലപാതക കേസ് അന്വേഷണത്തിന് പുതിയ സംഘം. അഡീഷണല്‍ ഡിഎസ്പി കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ചുമതല. തുടരന്വേഷണം ഉടന്‍ ആരംഭിക്കുമെന്ന് നീലഗിരി എസ്പി പറഞ്ഞു. കൊടനാട് എസ്റ്റേറ്റില്‍ ജയലളിതയുടെ മരണശേഷം കാവല്‍ക്കാരന്‍ കൊല്ലപ്പെട്ടതിലും തുടര്‍ന്നുണ്ടായ ദുരൂഹ മരണങ്ങളിലും ഗൂഢാലോചനയുണ്ടെന്നും മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് ബന്ധമുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.

🔳ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയായ അത്താരിയിലെ സംയോജിത ചെക്ക് പോസ്റ്റില്‍ റേഡിയേഷന്‍ ഡിറ്റക്ഷന്‍ ഉപകരണം സ്ഥാപിച്ച് ഇന്ത്യ. ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, റേഡിയോ ആക്ടീവ് വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള അനധികൃത വസ്തുക്കള്‍ എന്നിവയുടെ കള്ളക്കടത്ത് കണ്ടെത്താന്‍ കഴിയുന്നതരത്തിലുള്ളതാണ് ഈ ഉപകരണമെന്ന് ലാന്‍ഡ് പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ വെളിപ്പെടുത്തി. 'ഫുള്‍ ബോഡി ട്രക്ക് സ്‌കാനര്‍' എന്നാണ് ഈ ഉപകരണത്തിന്റെ പേര്.

🔳നൈജീരിയയില്‍ ആയുധധാരികളായ ആക്രമികള്‍ സ്‌കൂള്‍ ആക്രമിച്ച് 73 കുട്ടികളെ തട്ടിക്കൊണ്ടുപോയി. നൈജീരിയയിലെ സംഫാറ സ്റ്റേഷറ്റനിലാണ് സംഭവം. കയ എന്ന ഗ്രാമത്തിലെ ഗവ.സെക്കന്‍ഡറി സ്‌കൂളില്‍ അതിക്രമിച്ച് കയറിയ തോക്കുധാരികളായ സംഘം കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് പൊലീസ് വക്താവ് പറഞ്ഞു. നൈജീരിയയില്‍ സ്‌കൂളുകള്‍ ആക്രമിച്ച് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണ്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ വടക്കന്‍ നൈജീരിയയില്‍ നിന്ന് ആയിരത്തിലേറെ കുട്ടികളെയാണ് ആക്രമികള്‍ തട്ടിക്കൊണ്ടുപോയത്. കുട്ടികളെ തട്ടിക്കൊണ്ടുപോയി വലിയ തുകയാണ് ആക്രമികള്‍ മോചനദ്രവ്യമായി ആവശ്യപ്പെടുക. പണം നല്‍കുന്നവരുടെ കുട്ടികളെ വിട്ടയക്കും. അല്ലാത്തവര്‍ കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്യും. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് തടയാന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ തയ്യാറാക്കിയെങ്കിലും അക്രമം തുടരുകയാണ്.

🔳വാഹന ഗതാഗതത്തിലും ബഹിരാകാശ യാത്രയിലും വിപ്ലവം സൃഷ്ടിച്ച് ശതകോടീശ്വരനായി മാറിയ ഇലോന്‍ മസ്‌കിന്റെ ഇന്റര്‍നെറ്റ് സേവനം ഇന്ത്യയിലും വരുന്നു. മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന്റെ സാറ്റലൈറ്റ് അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം ട്വിറ്ററില്‍ സൂചന നല്‍കി.

🔳സാഫ് കപ്പ് ഫുട്ബോളിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ നേപ്പാളിനെതിരെ ഇന്ത്യക്ക് സമനില മാത്രം. കാഠ്മണ്ഠുവിലെ ദശരഥ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു.

🔳ഇംഗ്ലണ്ടിനെതിരായ ഓവല്‍ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ 191ന് പുറത്തായ ഇന്ത്യ ബൗളര്‍മാരിലൂടെ തിരിച്ചടിക്കുന്നു. ഒന്നാം ദിനം ക്യാപ്റ്റന്‍ ജോ റൂട്ടിന്റേതടക്കം മൂന്ന് ഇംഗ്ലീഷ് വിക്കറ്റുകള്‍ പിഴുത ഇന്ത്യന്‍ പേസര്‍മാര്‍ ഇംഗ്ലണ്ടിനെ 53/3 എന്ന സ്‌കോറിലേക്ക് തള്ളിയിട്ടു. ആറ് റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാരെ നഷ്ടമായ ഇംഗ്ലണ്ടിനെ ക്യാപ്റ്റന്‍ ജോ റൂട്ടും ഡേവിഡ് മലനും ചേര്‍ന്ന് 50 കടത്തിയെങ്കിലും ഒന്നാം ദിനം കളി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് റൂട്ടിനെ ക്ലീന്‍ ബൗള്‍ഡാക്കി ഉമേഷ് യാദവ് ഇന്ത്യക്ക് മേല്‍ക്കൈ നല്‍കുകയായിരുന്നു. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 127/7 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞെങ്കിലും എട്ടാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഷര്‍ദ്ദുല്‍ ഠാക്കൂറും ഉമേഷ് യാദവും ചേര്‍ന്ന് 191ല്‍ എത്തിച്ചു. 33 പന്തില്‍ അര്‍ധസെഞ്ചുറി കുറിച്ച ഷര്‍ദ്ദുല്‍ 57 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോററായപ്പോള്‍ ക്യാപ്റ്റന്‍ വിരാട് കോലി 50 റണ്‍സെടുത്ത് പുറത്തായി.

🔳ഇംഗ്ലണ്ടിനെതിരായ ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ സ്പിന്നര്‍ ആര്‍ അശ്വിനെ ഉള്‍പ്പെടുത്താതിരുന്ന ഇന്ത്യന്‍ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. അശ്വിനെ ഒഴിവാക്കിയത് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ എക്കാലത്തെയും വലിയ ഒഴിവാക്കലായി കണക്കാക്കപ്പെടുമെന്നും 413 ടെസ്റ്റ് വിക്കറ്റുകളും അഞ്ച് ടെസ്റ്റ് സെഞ്ചുറികളുമുള്ള ഒരു കളിക്കാരനെ ഒഴിവാക്കിയതിനെ ഭ്രാന്തെന്ന് വിളിക്കേണ്ടിവരുമെന്നും വോണ്‍ ട്വീറ്റ് ചെയ്തു.

🔳അയര്‍ലന്‍ഡിനെതിരായ നാടകീയ ജയത്തിനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോര്‍ഡ് ഗോള്‍വേട്ടയ്ക്കും പിന്നാലെ പോര്‍ച്ചുഗലിന് നിരാശ. ഈമാസം ഏഴിന് അസര്‍ബൈജാനെതിരെ നടക്കുന്ന അടുത്ത ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ റൊണാള്‍ഡോയ്ക്ക് കളിക്കാനാവില്ല. അയര്‍ലന്‍ഡിനെതിരായ മത്സരത്തിന്റെ അവസാന നിമിഷം മഞ്ഞക്കാര്‍ഡ് കണ്ടതാണ് റൊണാള്‍ഡോയ്ക്ക് തിരിച്ചടിയായത്. ഇഞ്ചുറി ടൈമില്‍ ഗോളടിച്ചശേഷം ജേഴ്സിയൂരി ആഘോഷിച്ചതിനാണ് റൊണാള്‍ഡോക്ക് മഞ്ഞക്കാര്‍ഡും ഒരു മത്സരത്തില്‍ വിലക്കും വിധിച്ചത്.

🔳കേരളത്തില്‍ ഇന്നലെ 1,74,307 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 188 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,149 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 30,456 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1441 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 98 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21,634 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,40,186 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തൃശൂര്‍ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം 2908, മലപ്പുറം 2664, തിരുവനന്തപുരം 2440, കോട്ടയം 2121, ആലപ്പുഴ 1709, കണ്ണൂര്‍ 1626, പത്തനംതിട്ട 1267, ഇടുക്കി 1164, വയനാട് 1012, കാസര്‍ഗോഡ് 555 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

🔳രാജ്യത്ത് ഇന്നലെ 45,624 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 34,665 പേര്‍ രോഗമുക്തി നേടി. മരണം 355. ഇതോടെ ആകെ മരണം 4,39,916 ആയി. ഇതുവരെ 3,29,02,345 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.93 ലക്ഷം കോവിഡ് രോഗികള്‍.

മഹാരാഷ്ട്രയില്‍ ഇന്നലെ 4,342 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ 1,562 പേര്‍ക്കും കര്‍ണാടകയില്‍ 1,240 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,378 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

ആഗോളതലത്തില്‍ ഇന്നലെ 6,60,924 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,65,252 പേര്‍ക്കും ബ്രസീലില്‍ 26,280 പേര്‍ക്കും റഷ്യയില്‍ 18,985 പേര്‍ക്കും ഇംഗ്ലണ്ടില്‍ 38,154 പേര്‍ക്കും ഫ്രാന്‍സില്‍ 15,911 പേര്‍ക്കും തുര്‍ക്കിയില്‍ 23,496 പേര്‍ക്കും ഇറാനില്‍ 30,279 പേര്‍ക്കും മലേഷ്യയില്‍ 20988 പേര്‍ക്കും ജപ്പാനില്‍ 20,031 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 21.98 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.87 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 10,409 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,485 പേരും ബ്രസീലില്‍ 686 പേരും റഷ്യയില്‍ 798 പേരും ഇറാനില്‍ 595 പേരും ഇന്‍ഡോനേഷ്യയില്‍ 680 പേരും മെക്സിക്കോയില്‍ 1,177 പേരും സൗത്ത് ആഫ്രിക്കയില്‍ 418 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45.53 ലക്ഷം.

🔳 പ്രമുഖ ഇ-കോമേഴ്സ് സ്ഥാപനമായ ആമസോണ്‍ ഇന്ത്യയില്‍ ഈ വര്‍ഷം 8,000ലധികം ആളുകളെ പുതുതായി നിയമിക്കാന്‍ ഒരുങ്ങുന്നു. 35 നഗരങ്ങളില്‍ വിവിധ വിഭാഗങ്ങളില്‍ നിയമനം നടത്താാനാണ് കമ്പനി പദ്ധതിയിടുന്നത്. കോവിഡ് വ്യാപനം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിലും രാജ്യത്ത് ഓണ്‍ലൈന്‍ വ്യാപാരം വളര്‍ച്ച രേഖപ്പെടുത്തുകയാണ്. ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ നിയമനങ്ങള്‍ നടത്താന്‍ ആമസോണ്‍ തീരുമാനിച്ചത്. കസ്റ്റമര്‍ സര്‍വീസ്, ടെക്നോളജി, ഓപ്പറേഷന്‍, തുടങ്ങി വിവിധ വിഭാഗങ്ങളിലാണ് ചെറുപ്പക്കാര്‍ക്ക് അവസരം ലഭിക്കുക. 2025 ഓടേ 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. നിലവില്‍ പ്രത്യക്ഷമായും പരോക്ഷമായി 10 ലക്ഷം തൊഴില്‍ കമ്പനി സൃഷ്ടിച്ചിട്ടുണ്ട്.

🔳കിറ്റക്‌സിന്റെ വിപുലീകരണ പദ്ധതിക്ക് തെലങ്കാന സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചതോടെ ഓഹരി വില 10ശതമാനം കുതിച്ച് 164.10 രൂപയിലെത്തി. സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കമ്പനി ഇക്കാര്യം അറിയിച്ചതോടയെയായിരുന്നു ഓഹരി വില 'അപ്പര്‍ സര്‍ക്യൂട്ട്' ഭേദിച്ചത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച് ഉത്തരവിറങ്ങും. രണ്ടുവര്‍ഷത്തിനുള്ളില്‍ 1000 കോടി രൂപയുടെ നിക്ഷേപമാണ് തെലങ്കാനയില്‍ കമ്പനി നടത്തുക. ഇതിലൂടെ 4000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.

🔳ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെക്കുറിച്ച് ഫോട്ടോ എക്‌സിബിഷനുകളും, ഡോക്യുമെന്ററികളും തയ്യാറാക്കി ശ്രദ്ധേയനായ മാധ്യമ പ്രവര്‍ത്തകന്‍ പി അഭിജിത്തിന്റെ പ്രഥമ ഫീച്ചര്‍ ഫിലിം 'അന്തരം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഗ്രൂപ്പ് ഫൈവ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും പി അഭിജിത്തിന്റേതാണ്. വിവിധ രംഗത്തെ പ്രമുഖരും ചലച്ചിത്രാസ്വാദകരും സംവിധായകന്റെ സുഹൃത്തുക്കളും ചേര്‍ന്നാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍മീഡിയയില്‍ റിലീസ് ചെയ്തത്.

🔳സണ്ണി ലിയോണ്‍ തമിഴ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. ഓ മൈ ഗോസ്റ്റ് എന്ന സിനിമ സംവിധാനം ചെയ്യുന്നത് ആര്‍ യുവന്‍ ആണ്. ആര്‍ യുവന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഒരു ഹൊറല്‍ കോമഡി ചിത്രമായിട്ടാണ് ഓ മൈ ഗോസ്റ്റ് എത്തുക. സണ്ണി ലിയോണ്‍ തന്നെയാണ് ചിത്രത്തില്‍ നായികയാകുക. സതിഷ്, ദര്‍ശ ഗുപ്തയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ജാവേദ് റിയാസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

🔳മാസങ്ങള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പുതിയ റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 350 ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചു. റെഡ്ഡിച്ച്, ഹാല്‍സിയോണ്‍, സിഗ്നല്‍, ഡാര്‍ക്ക്, ക്രോം എന്നീ അഞ്ച് വേരിയന്റുകളില്‍ എത്തുന്ന ക്ലാസിക്ക് 350-ക്ക് 1.84 ലക്ഷം രൂപ മുതല്‍ 2.51 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. ഈ വര്‍ഷം പുറത്തിറക്കിയ മീറ്റിയോര്‍ 350-ക്ക് അടിസ്ഥാനമൊരുക്കുന്ന ജെ പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനവും ഒരുങ്ങിയിട്ടുള്ളത്.

🔳കുട്ടിക്കഥകളില്‍ പിറന്ന് പിന്നീട് പ്രായദേശവര്‍ഗ്ഗവ്യത്യാസങ്ങളില്ലാതെ എങ്ങും എല്ലാവര്‍ക്കും എല്ലാക്കാലവും പ്രിയപ്പെട്ടവയായിത്തീര്‍ന്ന കഥാപാത്രങ്ങള്‍ക്കൊപ്പമാണ് പിനോക്യോയുടെ സ്ഥാനം. ആലീസിനെപ്പോലെ, ഗള്ളിവറെപ്പോലെ, ലിറ്റില്‍ പ്രിന്‍സിനെപ്പോലെ, ക്രൂസോയെപ്പോലെ; എന്നാല്‍ അവരെക്കാളെല്ലാമധികം. കാര്‍ലോ കൊലോദിയുടെ 'പിനോക്യോ' കുട്ടിക്കഥ എന്ന നിലവിട്ട് ലോകമെമ്പാടും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇഷ്ടപ്പെട്ട പുസ്തകമായി പ്രചരിക്കുവാന്‍ തുടങ്ങി. വിവര്‍ത്തനം - അനിത തമ്പി. ഡിസി ബുക്സ്. വില 209 രൂപ.

🔳കൊവിഡ് അതിജീവിച്ചവരില്‍ വൃക്കരോഗത്തിനും സാധ്യതയുണ്ടെന്ന് പുതിയ പഠനം. 'അമേരിക്കന്‍ സൊസൈറ്റി ഓഫ് നെഫ്രോളജി'യുടെ പ്രസിദ്ധീകരണത്തിലാണ് പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ വന്നിരിക്കുന്നത്. അമേരിക്കയില്‍ നിന്നുള്ള ഗവേഷകര്‍ തന്നെയാണ് പഠനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. കൊവിഡ് പിടിപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരിലും വീട്ടില്‍ തന്നെ ചികിത്സയില്‍ കഴിഞ്ഞവരിലും ഒരുപോലെ വൃക്കരോഗത്തിന് സാധ്യതയുണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. നേരത്തെ വൃക്കസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതിരുന്നവരില്‍ പോലും ഈ സാധ്യത നിലനില്‍ക്കുന്നതായി പഠനം പ്രതിപാദിക്കുന്നു. ഡയാലിസിസ്, വൃക്ക മാറ്റിവയ്ക്കല്‍ എന്നീ നിലകളിലേക്ക് എത്തിക്കുന്ന അത്രയും ഗുതതരമായ രീതിയില്‍ കെവിഡ്, വൃക്കരോഗമുണ്ടാക്കാമത്രേ. രക്തം കട്ട പിടിക്കല്‍, ഹൃദയാഘാതം, പക്ഷാഘാതം, പ്രമേഹം, ശ്വാസതടസം, കരള്‍ രോഗം, വിഷാദരോഗം, ഉത്കണ്ഠ, ഓര്‍മ്മക്കുറവ് തുടങ്ങി പല രീതിയില്‍ കൊവിഡ് 19 ആരോഗ്യത്തിന് തിരിച്ചടിയാകാം. ഇക്കൂട്ടത്തിലേക്കാണ് വൃക്കരോഗം കൂടി ഉള്‍പ്പെടുന്നത്. ഇതില്‍ ഏറ്റവും ഭയപ്പെടേണ്ട സംഗതിയായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത് കൊവിഡാനന്തരം വൃക്കയ്ക്ക് സംഭവിക്കുന്ന പ്രശ്‌നങ്ങള്‍ 'സൈലന്റ്' (നിശബ്ദം) ആയിരിക്കുമെന്നതാണ്. വേദനയും അനുഭവപ്പെടില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഇത് അസുഖത്തെ തിരിച്ചറിയുന്നത് പരമാവധി വൈകിപ്പിക്കുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.

*ശുഭദിനം*
*കവിത കണ്ണന്‍*
അയാള്‍ ആ നാട്ടിലെ ധനികനായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ മകന്‍ മഹാ ധൂര്‍ത്തനായിരുന്നു. ഒരു ദിവസം സഹികെട്ട് അയാള്‍ മകനോട് പറഞ്ഞു: എടാ, ഒരെലി ചത്തു കിടക്കുന്നു. നീ സാമര്‍ത്ഥ്യമുള്ളവനാണെങ്കില്‍ ഇതുകൊണ്ട് നിനക്ക് ധനവാനാകാം. റോഡിലൂടെ പോകുന്ന ഒരാള്‍ ഈ വഴക്ക് ശ്രദ്ധിച്ചുകൊണ്ട് നില്‍ക്കുന്നുണ്ടായിരുന്നു. വഴിപോക്കന്‍ വന്ന് അയാളോട് ആ എലിയെ തനിക്ക് തരാമോ എന്ന് ചോദിച്ചു. ചിരിച്ചുകൊണ്ട് അയാള്‍ ആ എലിയെ വഴിപോക്കന് നല്‍കി. എലിയെ വേണോ എന്ന് ചോദിച്ച് ആ വഴിപോക്കന്‍ പല വീടുകളിലും കയറിയിറങ്ങി. ഒരാള്‍ തന്റെ പൂച്ചയ്ക്ക് വേണ്ടി ആ എലിയെ വാങ്ങിച്ചു. തനിക്ക് കിട്ടിയ ആ ചെറിയ തുകകൊണ്ട് അയാള്‍ കടല വാങ്ങി വറുത്ത് കുറെ വെള്ളവുമായി വഴിവക്കില്‍ ഇരുന്നു. അതുവഴി കടന്നുപോയ വിറകുവെട്ടുകാര്‍ക്കെല്ലാം ഈ കടലയും വെള്ളവും നല്‍കി. പകരം കുറച്ച് വിറക് വാങ്ങി. അത് ചന്തയില്‍ വിറ്റ് വീണ്ടും കടല വാങ്ങി. ഇങ്ങനെ പല ദിവസം കൊണ്ട് അയാള്‍ വളരെയധികം വിറക് സംഭരിച്ചു. മഴക്കാലമായപ്പോള്‍ ഈ വിറകിന് വലിയ വില കിട്ടി. അതെല്ലാം ചേര്‍ത്ത് അയാള്‍ ഒരു പലചരക്ക് കട തുടങ്ങി. അവസരത്തിനൊത്ത് പടിപടിയായി ഉയര്‍ന്ന് അയാള്‍ കോടീശ്വരനായി മാറി. എലിയെ വിററ് കോടീശ്വരനായ അയാള്‍ 'മൂഷികന്‍ ' എന്ന അപരനാമത്തില്‍ അറിയപ്പെടാന്‍ തുടങ്ങി. നിരന്തരം പരിശ്രമിക്കുന്നവനോടൊപ്പം ഐശ്വര്യമുണ്ടാകും. വിധി എല്ലാം തരുമെന്ന് പറയുന്നത് വിഢിത്തമാണ്. വിധിയെ മാറ്റി നിര്‍ത്തി സ്വന്തം ശക്തിക്കും ബുദ്ധിക്കുമനുസരിച്ച് പ്രവര്‍ത്തിക്കുക. പരിതസ്ഥിതികള്‍ എന്തുമാകട്ടെ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നവരുടെ കൂടെ വിജയമുണ്ടാവുക തന്നെ ചെയ്യും - ശുഭദിനം.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only