24/09/2021

പ്രഭാത വാർത്തകൾ
(VISION NEWS 24/09/2021)

🔳രാജ്യത്ത് തദ്ദേശീയമായി നിര്‍മിച്ച 118 അര്‍ജുന്‍ എംകെ-1എ യുദ്ധ ടാങ്കുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി പ്രതിരോധ മന്ത്രാലയം. 7523 കോടി രൂപ മുടക്കിയാണ് 118 ടാങ്കുകള്‍ കരസേനയുടെ ഭാഗമാകുന്നത്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിപ്രകാരം, ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡിനു കീഴില്‍ തമിഴ്നാട്ടിലെ ആവടിയിലുള്ള ഹെവി വെഹിക്കിള്‍സ് ഫാക്ടറിയാണ് ടാങ്കുകള്‍ നിര്‍മിക്കുക. വ്യോമസേനയ്ക്കായി പുതിയ വിമാനങ്ങള്‍ ഉള്‍പ്പെടെ വാങ്ങാന്‍ 33,000 കോടി രൂപയുടെ പദ്ധതിക്ക് അനുമതി നല്‍കിയതിന് പിന്നാലെയാണ് കരസേനയ്ക്ക് കരുത്തേകാന്‍ പുതിയ ടാങ്കുകള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ കരാറൊപ്പിട്ടത്.

🔳കോവിഡ് സ്ഥിരീകരിച്ച് 30 ദിവസത്തിനുള്ളില്‍ ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിന് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് നഷ്ടപരിഹാരത്തിന് കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ മാര്‍ഗ രേഖയില്‍ സുപ്രീം കോടതി തൃപ്തി പ്രകടിപ്പിച്ചു. മറ്റൊരു രാജ്യത്തിനും ഇന്ത്യ നടത്തിയത് പോലുള്ള പ്രതിരോധ പ്രവര്‍ത്തനം നടത്താനായില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് എം.ആര്‍ ഷാ അഭിപ്രായപ്പെട്ടു.

🔳കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച പി.എം കെയേഴ്‌സ് ഫണ്ട് പൊതു പണമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അതിനാല്‍ ഫണ്ടിലേക്ക് സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ വിവരാവകാശ പരിധിയില്‍ വരില്ല. പ്രധാനമന്ത്രിയുടെ ഓഫീസില്‍ പി.എം കെയേഴ്‌സ് ഫണ്ടിന്റെ ചുമതല വഹിക്കുന്ന അണ്ടര്‍ സെക്രട്ടറി ഡല്‍ഹി ഹൈക്കോടതിയില്‍
സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 31,390 കോവിഡ് രോഗികളില്‍ 62.70 ശതമാനമായ 19,682 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 318 മരണങ്ങളില്‍ 47.79 ശതമാനമായ 152 മരണങ്ങളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 2,93,381 സജീവരോഗികളില്‍ 54.56 ശതമാനമായ 1,60,087 രോഗികളും കേരളത്തിലാണുള്ളത്.

🔳സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സമ്പൂര്‍ണ്ണ റിപ്പോര്‍ട്ട് തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ക്കായിരിക്കും ഇതുസംബന്ധിച്ച ചുമതല. മറ്റ് വകുപ്പുകളുമായി കൂടിയാലോചന നടത്തിവേണം റിപ്പോര്‍ട്ട് തയ്യാറാക്കാന്‍. ഓണ്‍ലൈന്‍ ഓഫ്ലൈന്‍ ക്ലാസുകളായിരിക്കും ഉണ്ടാവുക. ബയോ ബബിള്‍ അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

🔳സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഒന്നിടവിട്ട ദിവസങ്ങളിലായി ആഴ്ച്ചയില്‍ ആറ് ദിവസം ക്ലാസുകള്‍ നടത്താന്‍ ആലോചന. ക്ലാസുകളെ രണ്ടാക്കി തിരിച്ച്, ഉച്ചവരെയാകും ക്ലാസുകള്‍ നടത്തുക. ഉച്ചഭക്ഷണമടക്കം സ്‌കൂളുകളില്‍ ഭക്ഷണം കഴിക്കുന്ന അന്തരീക്ഷം ഒഴിവാക്കും. ഒരു ബെഞ്ചില്‍ രണ്ട് കുട്ടികള്‍ എന്ന രീതിയിലായിരിക്കും ക്ലാസുകള്‍ നടത്തുക. നിര്‍ദേശങ്ങളില്‍ എല്ലാ വകുപ്പുകളുമായും കൂടിയാലോചിച്ച് റിപ്പോര്‍ട്ട് തയാറാക്കാന്‍ ആരോഗ്യ - വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരടങ്ങുന്ന മൂന്നംഗ സമിതിക്ക് ചുമതല നല്‍കി. അധ്യാപക സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുമായും യോഗം ചേരും.

🔳കണ്ടം ചെയ്ത കെഎസ്ആര്‍ടിസി ബസുകളില്‍ മത്സ്യ വില്‍പ്പന നടത്തുന്നതിനുള്ള പദ്ധതി അന്തിമഘട്ടത്തിലാണെന്ന് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസിയുടെ പഴയ ബസുകളില്‍ മത്സ്യം വില്‍ക്കാന്‍ ഫിഷറീസ് വകുപ്പ് തയ്യാറാണെന്നും ഫിഷറീസ് വകുപ്പ് മന്ത്രിയുമായി ഇക്കാര്യത്തില്‍ ധാരണയില്‍ എത്തിയെന്നും ആന്റണി രാജു പറഞ്ഞു.

🔳കൊവിഡ് നഷ്ടപരിഹാരം കൂട്ടണമെന്ന് യുഡിഎഫ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രം 50000 രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചത് കുറവാണെന്നും 10 ലക്ഷം രൂപ കൊടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കൊവിഡ് മൂലം മരിച്ചവരുടെ മുഴുവന്‍ കണക്കും പുറത്ത് വിടണം. ഇല്ലെങ്കില്‍ പ്രക്ഷോഭം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ റെയില്‍ പദ്ധതി എതിര്‍ക്കാനാണ് യുഡിഎഫ് തീരുമാനമെന്നും വി ഡി സതീശന്‍ അറിയിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതി അപ്രായോഗികവും അശാസ്ത്രീയവുമാണെന്നും കേന്ദ്രാനുമതി നേടാതെ, സാമൂഹിക ആഘാത പഠനം നടത്താതെ എങ്ങനെയാണ് ഭൂമി ഏറ്റെടുക്കാന്‍ കഴിയുകയെന്നും സതീശന്‍ ചോദിച്ചു.

🔳സെപ്തംബര്‍ 27 ന് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ നടക്കുന്ന ഭാരത് ബന്ദിന് പിന്തുണ നല്‍കുമെന്ന് സിപിഎം ആക്ടിങ് സെക്രട്ടറിയും ഇടതുമുന്നണി കണ്‍വീനറുമായ എ വിജയരാഘവന്‍ പ്രഖ്യാപിച്ചു. ബിഷപ്പിന്റെ നാര്‍കോടിക് ജിഹാദ് പരാമര്‍ശത്തില്‍ ദുരുദ്ദേശമില്ലെന്ന തന്റെ മുന്‍ നിലപാട് തിരുത്തിയ അദ്ദേഹം മുഖ്യമന്ത്രി പറഞ്ഞ നിലപാടാണ് എല്‍ഡിഎഫിന്റേതെന്നും വ്യക്തമാക്കി.

🔳കോടിയേരി ബാലകൃഷ്ണന്റെ മകനായതുകൊണ്ട് വേട്ടയാടുന്നുവെന്ന് ബിനീഷ് കോടിയേരി കര്‍ണാടക ഹൈക്കോടതിയില്‍. ഇഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും കെട്ടിച്ചമച്ച കഥകള്‍ അന്വേഷണ ഏജന്‍സികള്‍ പ്രചരിപ്പിക്കുകയാണെന്നും ബിനീഷ് കോടതിയില്‍ പറഞ്ഞു. കോടിയേരിയോട് ശത്രുതയുള്ളവരുടെ ഗൂഡാലോചയാണ് പിന്നില്‍. അക്കൗണ്ടിലെത്തിയത് നേരായ കച്ചവടത്തിലെ ലാഭം മാത്രമാണ്. ലാഭവിഹിതത്തിലെ ആദായ നികുതി കൃത്യമായി അടച്ചതാണ്. എന്നാല്‍ ഇഡിക്ക് ഇത് ബോധ്യപ്പെടാത്തത് രാഷ്ട്രീയസമ്മര്‍ദ്ദം കാരണമെന്നും ബിനിഷ് കുറ്റപ്പെടുത്തി.

🔳നിയമസഭാ കയ്യാങ്കളി കേസില്‍ പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതല്ലെന്ന പുതിയ വാദവുമായി പ്രതികള്‍. കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിടുതല്‍ ഹര്‍ജിയില്‍ സിജെഎം കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് പുതിയ ന്യായങ്ങളുമായി പ്രതിഭാഗമെത്തിയത്. മന്ത്രി വി ശിവന്‍കുട്ടി, ഇ പി ജയരാജന്‍, കെ ടി ജലീല്‍, കെ അജിത്ത്, സി കെ സദാശിവന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവരാണ് വിടുതല്‍ ഹര്‍ജി നല്‍കിയത്. വിടുതല്‍ ഹര്‍ജിയില്‍ സഹപ്രവര്‍ത്തകരെ കൂടി പ്രതികൂട്ടിലാക്കിയായിരുന്നു പ്രതികളായ എല്‍ഡിഎഫ് നേതാക്കളുടെ വാദം. സ്പീക്കറുടെ ഇരിപ്പിടത്തില്‍ കയറിയ തോമസ് ഐസക്കിനെയും സുനില്‍കുമാറിനെയും ബി സത്യനെയും എന്തുകൊണ്ട് പ്രതികളാക്കിയില്ലെന്നായിരുന്നു ചോദ്യം.

🔳സിപിഎം കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റിയ്ക്ക് കീഴിലെ പുത്തന്‍തോട് ബ്രാഞ്ച് സമ്മേളനത്തില്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ക്ക് രൂക്ഷ വിമര്‍ശനം. മന്ത്രി കെ രാധാകൃഷ്ണന്‍, മുന്‍ മന്ത്രി എ സി മൊയ്തീന്‍, ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് എന്നിവര്‍ക്കെതിരെയാണ് വിമര്‍ശനം ഉയര്‍ന്നത്. തട്ടിപ്പിനെ കുറിച്ച് ഇവര്‍ക്ക് കീഴ്ഘടകങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പലപ്പോഴായി പരാതി നല്‍കിയിരുന്നു. തട്ടിപ്പിനെ കുറിച്ചു നേരത്തെ അറിഞ്ഞിട്ടും ഇവര്‍ നടപടി എടുത്തില്ലെന്നാണ് വിമര്‍ശനം.

🔳കൊടകര കുഴല്‍പണ കവര്‍ച്ച കേസില്‍ തുടരന്വേഷണത്തിന് അനുമതി തേടി പൊലീസ്. 22 പ്രതികളെയും ചോദ്യം ചെയ്യാന്‍ അനുമതി വേണമെന്നാണ് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 1 കോടി 47 ലക്ഷം രൂപയാണ് ഇതുവരെ കണ്ടെത്തിയതെന്നും ബാക്കി തുക കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം വേണമെന്നുമാണ് പൊലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്.

🔳കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യ വില്‍പ്പന ശാലകള്‍ വഴിയും ഇനി ഓണ്‍ലൈനായി ബുക്ക് ചെയ്ത് മദ്യം വാങ്ങാം. നേരത്തെ ബെവ്കോ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കണ്‍സ്യൂമര്‍ ഫെഡും ഓണ്‍ ലൈനായി മദ്യം ബുക്ക് ചെയ്ത് വാങ്ങുന്നതിനായുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.

🔳ബാംഗ്ലൂരുവിലെ ചാമരാജ്പേട്ടിലുള്ള ട്രാന്‍സ്പോര്‍ട്ടിങ് കമ്പനിയുടെ ഗോഡൗണില്‍ ഉണ്ടായ സ്ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

🔳പ്രവാസികള്‍ റീഎന്‍ട്രി വിസ കാലാവധി തീരുന്നതിന് മുമ്പ് തിരിച്ചെത്തിയില്ലെങ്കില്‍ മൂന്ന് വര്‍ഷത്തേക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കുണ്ടാകുമെന്ന് ഓര്‍മ്മിപ്പിച്ച് സൗദി പാസ്പോര്‍ട്ട് വിഭാഗം. എന്നാല്‍, റീ എന്‍ട്രിയില്‍ പോയി തിരിച്ചു വരാന്‍ സാധിക്കാത്ത ആശ്രിതരുടെ കാര്യത്തിലും പഴയ സ്പോണ്‍സറിലേക്ക് തന്നെ പുതിയ വിസയില്‍ വരുന്നവരുടെ കാര്യത്തിലും ഈ വിലക്ക് ബാധകമാകില്ല. എന്നാല്‍ സ്വദേശിവത്കരിച്ച തൊഴിലുകളില്‍ ജോലി ചെയ്തതിന് പിടിയിലായി നാടുകടത്തപ്പെടുന്നവര്‍ക്ക് ആജീവനാന്തം തിരികെ വരാനാവില്ലെന്നും സൗദി പാസ്പോര്‍ട്ട് വിഭാഗം വ്യക്തമാക്കി. അതേസമയം സൗദിയിലെ സ്വകാര്യ രംഗത്തെ തൊഴിലുകളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍.

🔳ജമ്മു കശ്മീരിലെ ഉറി സെക്ടറിലുണ്ടായ നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ മൂന്ന് ഭീകരരെ വധിച്ചതായി സ്ഥിരീകരിച്ച് സൈന്യം. അഞ്ച് എകെ 47 തോക്കുകള്‍, 70 ഗ്രനേഡുകള്‍, എട്ട് പിസ്റ്റളുകള്‍ എന്നിവയും ഇവരില്‍ നിന്നും കണ്ടെത്തി. ഏറ്റുമുട്ടല്‍ മൂന്ന് ദിവസം നീണ്ടുനിന്നതായും സൈന്യം വ്യക്തമാക്കി. അക്രമത്തില്‍ ഒരു സൈനികനും പരിക്കേറ്റു. ആറ് ഭീകരരാണ് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചത്. ഫെബ്രുവരിയില്‍ ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയ ശേഷം ഉണ്ടാകുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണിത്.  

🔳ഡ്യൂറാന്‍ഡ് കപ്പില്‍ കേരളത്തിന്റെ പ്രതീക്ഷ അവസാനിച്ചു. ബ്ലാസ്റ്റേഴ്‌സിന് പിന്നാലെ ഗോകുലം കേരള എഫ്.സിയും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ മുഹമ്മദന്‍സാണ് നിലവിലെ ചാമ്പ്യന്മാരായ ഗോകുലത്തെ കീഴടക്കിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് മുഹമ്മദന്‍സിന്റെ വിജയം.

🔳ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് തുടര്‍ച്ചയായ രണ്ടാം ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയര്‍ത്തിയ 156 റണ്‍സിന്റെ വിജയലക്ഷ്യം ഓപ്പണര്‍ വെങ്കിടേഷ് അയ്യരുടെയും രാഹുല്‍ ത്രിപാഠിയുടെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 15.1ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന കൊല്‍ക്കത്ത പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈക്ക് പ്ലേ ഓഫിലെത്താന്‍ മുന്നോട്ടുള്ള വഴി ദുഷ്‌കരമായി. 30 പന്തില്‍ 53 റണ്‍സടിച്ച വെങ്കിടേഷ് അയ്യരും 42 പന്തില്‍ 74 റണ്‍സുമായി പുറത്താകാതെ നിന്ന രാഹുല്‍ ത്രിപാഠിയുമാണ് കൊല്‍ക്കത്തയുടെ ജയം അനായാസമാക്കിയത്.

🔳കേരളത്തില്‍ ഇന്നലെ 1,21,945 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,784 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 737 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 108 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,191 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,510 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,60,046 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തൃശൂര്‍ 3033, എറണാകുളം 2564, കോഴിക്കോട് 1735, തിരുവനന്തപുരം 1734, കൊല്ലം 1593, കോട്ടയം 1545, മലപ്പുറം 1401, പാലക്കാട് 1378, ആലപ്പുഴ 1254, കണ്ണൂര്‍ 924, പത്തനംതിട്ട 880, ഇടുക്കി 734, വയനാട് 631, കാസര്‍ഗോഡ് 276.

🔳രാജ്യത്ത് ഇന്നലെ 31,390 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 32,505 പേര്‍ രോഗമുക്തി നേടി. മരണം 318. ഇതോടെ ആകെ മരണം 4,46,399 ആയി. ഇതുവരെ 3,35,93,492 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 2.93 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3,320 പേര്‍ക്കും തമിഴ്നാട്ടില്‍ 1,745 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,171 പേര്‍ക്കും മിസോറാമില്‍ 1,294 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,86,339 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,11,244 പേര്‍ക്കും ബ്രസീലില്‍ 24,611 പേര്‍ക്കും ഇംഗ്ലണ്ടില്‍ 36,710 പേര്‍ക്കും റഷ്യയില്‍ 21,438 പേര്‍ക്കും തുര്‍ക്കിയില്‍ 27,844 പേര്‍ക്കും ഇറാനില്‍ 16,362 പേര്‍ക്കും ഫിലിപ്പൈന്‍സില്‍ 17,411 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 23.13 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.86 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 8,186 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,783 പേരും ബ്രസീലില്‍ 607 പേരും റഷ്യയില്‍ 820 പേരും ഇറാനില്‍ 317 പേരും മെക്‌സിക്കോയില്‍ 811 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47.41 ലക്ഷം.

🔳യുഎസ് റീട്ടെയില്‍ ശൃംഖലയായ വാള്‍മാര്‍ട്ടിന്റെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്ളിപ്കാര്‍ട്ടും, ഫ്ളിപ്കാര്‍ട്ടിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മിന്‍ത്രയും ചേര്‍ന്ന് 15,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ഫ്ളിപ്കാര്‍ട്ട് 4,000 തൊഴിലവസരങ്ങളും മിന്‍ത്ര 11,000 തൊഴിലവസരങ്ങളുമാണ് സൃഷ്ടിക്കുന്നത്. ഉത്സവസീസണ്‍ മുന്നില്‍കണ്ട് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഫുള്‍ടൈം, പാര്‍ട് ടൈം തൊഴില്‍ തേടുന്നവര്‍ക്ക് സുവര്‍ണാവസരമാണ് ഇത്. 'ഫ്ളിപ്കാര്‍ട്ട് എക്സ്ട്രാ' എന്ന പേരിലാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് കാലത്ത് തൊഴില്‍ദാനം വേഗത്തിലും സുഗമവുമാക്കുന്നതിനായി ഫ്ളിപ്കാര്‍ട്ട് എക്സ്ട്രാ എന്ന പ്ലേ സ്റ്റോര്‍ ആപ്പും കമ്പനി പുറത്തിറക്കി. ഇതുവഴിയാണ് ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കേണ്ടത്.

🔳ആദിത്യ ബിര്‍ല ഗ്രൂപ്പില്‍ നിന്ന് മറ്റൊരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക് എത്തുന്നു. ആദിത്യ ബിര്‍ല സണ്‍ ലൈഫ് അസറ്റ് മാനേജ്മെന്റാണ് ഐപിഒയ്ക്കൊരുങ്ങുന്നത്. ഈ മാസം അവസാനത്തോടെ പ്രാരംഭ ഓഹരി വില്‍പ്പന നടക്കും. ഐപിഒയിലൂടെ 3,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. രേഖകളിലുള്ള വിവരമനുസരിച്ച്, കനേഡിയന്‍ സ്ഥാപനമായ സണ്‍ ലൈഫ് ഫിനാന്‍ഷ്യല്‍ അവരുടെ കയ്യിലുള്ള 12.56 ശതമാനം ഓഹരികള്‍ ഐപിഒയില്‍ വില്‍ക്കും. ആദിത്യ ബിര്‍ള ക്യാപിറ്റല്‍ ഒരു ശതമാനത്തില്‍ താഴെ ഓഹരികള്‍ മാത്രമേ വില്‍ക്കുകയുള്ളൂ.നിലവില്‍ 51 ശതമാനം ഓഹരികള്‍ ആദിത്യ ബിര്‍ള ക്യാപിറ്റലിന്റേതും ബാക്കി 49 ശതമാനം സണ്‍ ലൈഫിന്റേതുമാണ്.

🔳അജിത്ത് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'വലിമൈ' 2022 ല്‍ പൊങ്കല്‍ റിലീസ് ആയാണ് എത്തുക. റിലീസ് പ്രഖ്യാപനത്തിനു പിന്നാലെ ചിത്രത്തില്‍ നിന്നുള്ള ചില രംഗങ്ങളും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. അജിത്ത് ആരാധകരെ എല്ലാ തരത്തിലും തൃപ്തരാക്കുന്ന ടോട്ടല്‍ പാക്കേജ് ആയിരിക്കും ചിത്രമെന്ന് പുറത്തെത്തിയ ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ പറയുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറില്‍ അജിത്ത് കുമാര്‍ ഒരു പൊലീസ് വേഷത്തിലാണ് എത്തുന്നത്. ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍. കാര്‍ത്തികേയ, രാജ് അയ്യപ്പ, അച്യുത് കുമാര്‍, സുമിത്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

🔳ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് അണിയറ പ്രവര്‍ത്തകര്‍. 'വോയ്സ് ഓഫ് സത്യനാഥന്‍' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തില്‍ ജോജു ജോര്‍ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു.

🔳രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന രംഗത്ത് മുന്‍നിരയിലുള്ള ഹീറോ ഇലക്ട്രിക് പുതിയ പ്രഖ്യാപനങ്ങളുമായി രംഗത്ത്. ഉല്‍പ്പാദനം 2022 മാര്‍ച്ചോടെ അഞ്ചിരട്ടിയോളം വര്‍ധിപ്പിക്കാനാണ് നിര്‍മാതാക്കള്‍ ലക്ഷ്യമിടുന്നത്. നിലവില്‍ പ്രതിവര്‍ഷം ഒരു ലക്ഷം യൂണിറ്റാണ് ഹീറോ ഇലക്ട്രിക്കിന്റെ ലുധിയാനയിലെ നിര്‍മാണ പ്ലാന്റിന്റെ ശേഷി. ഇത് 2022 മാര്‍ച്ചോടെ അഞ്ചിരട്ടിയോളം വര്‍ധിപ്പിച്ച് അഞ്ച് ലക്ഷം യൂണിറ്റാക്കി ഉയര്‍ത്തും. 2021 ന്റെ ആദ്യ പകുതിയില്‍ 15,000 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ 3,270 ഇ-സ്‌കൂട്ടറുകളേക്കാള്‍ അഞ്ച് മടങ്ങ് കൂടുതലാണിത്. ജൂലൈയില്‍ മാത്രം 4,500 ലധികം ഇ-സ്‌കൂട്ടറുകളാണ് വിറ്റത്. 2020-ല്‍ ഇതേ മാസത്തില്‍ വിറ്റ 399 യൂണിറ്റുകളുടെ പത്തിരട്ടി വര്‍ധനവ്.

🔳വേറിട്ട ആവിഷ്‌ക്കാരശൈലി കൊണ്ടു തന്നെ മലയാള സാഹിത്യ ലോകത്തില്‍ തന്റേതായ ഒരു സ്ഥാനം വൈകയെ കാത്തിരിക്കുന്നുണ്ട്. സ്ഥിരം കേള്‍ക്കുന്ന കഥകളോ കഥാപാത്രങ്ങളോ വൈകയുടെ കഥകളില്‍ സ്ഥാനം പിടിക്കുന്നില്ല. 'വൈകയുടെ കഥകള്‍'. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. വില 95 രൂപ.

🔳ആരോഗ്യത്തിന് അത്യുത്തമമാണ് സൈക്കിള്‍ ചവിട്ടുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ദിവസം അരമണിക്കൂര്‍ സൈക്കിള്‍ ചവിട്ടുന്നത് ഹൃദയാരോഗ്യത്തിനു നല്ലതാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ദിവസവും സൈക്കിള്‍ ചവിട്ടുന്നവര്‍ക്കു മറ്റു വ്യായാമത്തിന്റെ ആവശ്യം വരുന്നില്ല. ഒരു മണിക്കൂര്‍ സൈക്കിള്‍ ചവിട്ടുന്ന ആളിന്റെ ജീവിതത്തിലേക്ക് ഒരു മണിക്കൂര്‍ കൂടുതലായി ചേര്‍ക്കപ്പെടുന്നുവെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. വിലക്കുറവ്, അപകടസാധ്യത കുറവ്, ഓടിക്കാന്‍ ഡ്രൈവിങ് ലൈസന്‍സ് വേണ്ട, വാഹന നികുതി ഇല്ല... സൈക്കിളിന്റെ ഗുണങ്ങള്‍ ഇങ്ങനെ നീളുന്നു. തികച്ചും ലളിതമായ യന്ത്ര സംവിധാനത്തോടുകൂടിയ വാഹനമാണ് സൈക്കിള്‍. ശരീരത്തിന്റെ ബാലന്‍സ് ഉപയോഗിച്ച് സഞ്ചരിക്കാന്‍ കഴിയുന്ന ഒരു വാഹനം. ഉപയോഗിക്കാന്‍ വളരെ എളുപ്പം. മണിക്കൂറില്‍ ഏഴു മുതല്‍ 15 കിലോമീറ്റര്‍ വരെ വേഗവും സൈക്കിളിന് കിട്ടും.

*ശുഭദിനം*

അയാള്‍ പെട്ടെന്നാണ് കുത്തൊഴുക്കുള്ള പുഴയിലേക്ക് വീണത്. ചുഴിയും വെള്ളച്ചാട്ടവുമുള്ള പുഴയിലൂടെ അയാള്‍ കുറേ നേരം ഒഴുകി. അവിടെ വീണവരാരും രക്ഷപ്പെട്ട ചരിത്രമില്ല. പക്ഷേ, ഏറെ നേരം ഒഴുകിയ ശേഷം അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതറിഞ്ഞ ആളുകളെല്ലാം അദ്ദേഹത്തോട്, എങ്ങനെയാണ് രക്ഷപ്പെട്ടത് എന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു: ' നദിയില്‍ വീണപ്പോഴേ എനിക്ക് ഒരു കാര്യം മനസ്സിലായി. രക്ഷപ്പെടല്‍ അത്ര എളുപ്പമല്ല. ഞാന്‍ വീണ ഭാഗത്ത് നല്ല ഒഴുക്കുണ്ടായിരുന്നു. നീന്തിക്കയറാന്‍ ബുദ്ധിമുട്ടായതുകൊണ്ടു കുറച്ചുനേരം ഒഴുകാന്‍ തീരുമാനിച്ചു. ചുഴിയില്‍ വീണപ്പോഴും ധൈര്യം കൈവിട്ടില്ല. കുറച്ചൊഴുകിയപ്പോള്‍ നദി ശാന്തമായി. അപ്പോള്‍ ഞാന്‍ പതിയെ നീന്തിക്കയറി' വീഴ്ചകള്‍ പൊടുന്നനെയും തിരിച്ചുവരവുകള്‍ സാവധാനവുമാണ് സംഭവിക്കുക. ആഴമോ അപകടസ്ഥിതിയോ അറിയാതെയാണ് പലപ്പോഴും വീഴുന്നത്. പക്ഷേ വീഴുന്ന അതേവേഗത്തില്‍ തിരിച്ചുവരാനാകില്ല. ഒരു ചുവടുപിഴച്ചാല്‍ നാം വീഴും. പക്ഷേ, കരുതലോടെ നൂറ് ചുവടുകള്‍ വെച്ചാല്‍ മാത്രമേ അതില്‍നിന്നും നമുക്ക് കരകേറാനാകൂ. എന്നാല്‍ വഴിതെറ്റില്ലെന്ന് ഉറപ്പ് വരുത്തി ഒരു യാത്രയും നമുക്ക് തുടങ്ങാനാകില്ല. വീണാല്‍ എന്തുപറ്റുമെന്നും അതില്‍ നിന്നും എങ്ങിനെ കരകേറണമെന്ന് പഠിക്കാനുള്ള എളുപ്പമാര്‍ഗ്ഗം വീഴുക എന്നത് തന്നെയാണ്. പക്ഷേ, അവ പരീക്ഷണവീഴ്ചകള്‍ മാത്രമാകാന്‍ ശ്രദ്ധിക്കണം. വീണതിലുളള അപകര്‍ഷതയും കുറ്റബോധവും ഒഴിവാക്കലാണ് എഴുന്നേല്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ സ്വീകരിക്കേണ്ട ആദ്യപടി. കുട്ടിക്കാലത്ത് നാം വീഴുമ്പോള്‍ ആദ്യം ശ്രദ്ധിക്കുക ആരെങ്കിലും കണ്ടോ എന്നായിരിക്കും. പിന്നെ അവിടെ നിന്നും എഴുന്നേറ്റ് ഓടും. വളര്‍ന്നതിന് ശേഷമുള്ള പതനങ്ങളില്‍ അതത്ര എളുപ്പമല്ല. വീണയിടം നിരീക്ഷിക്കുക എന്നതാണ് ആദ്യപടി. വീണിടത്തു തന്നെ എഴുന്നേറ്റ് നിന്ന് വീണ സ്ഥലത്തേയും സാഹചര്യത്തേയും മനസ്സിലാക്കുക എന്നതാണ് അടുത്ത പടി. വേണ്ട സമയമനുവദിച്ച് ലഭിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് രക്ഷപ്പെടണമെന്ന ആഗ്രഹം തീവ്രമാക്കി സ്വയം പതിയെ ചുവട് വെച്ച് തുടങ്ങുക. അപ്പോള്‍ മാത്രമേ നമുക്ക് സുരക്ഷിതസ്ഥാനത്ത് എത്തിച്ചേരാനാകൂ. അവിടെയെത്തിക്കഴിയുമ്പോള്‍ സ്വയം നമുക്ക് രണ്ട് ചോദ്യങ്ങള്‍ ചോദിക്കാം... എന്തുകൊണ്ട് വീണു? ഇനി വീഴാതിരിക്കാന്‍ എന്ത് ചെയ്യണം? ഈ ചോദ്യത്തിന്റെ ഉത്തരം നമ്മുടെ തുടര്‍ന്നുള്ള ജീവിതത്തിന് വഴികാട്ടിയാവുക തന്നെ ചെയ്യും - *ശുഭദിനം* 

🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only