09 സെപ്റ്റംബർ 2021

ദേശീയ പാതയില്‍ സുരക്ഷിത ലാന്‍ഡിങ്, വ്യോമസേനയ്ക്ക് അഭിമാന നേട്ടം
(VISION NEWS 09 സെപ്റ്റംബർ 2021)

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിമാരെ വഹിച്ച് ദേശീയപാതയിൽ ഇറങ്ങി ഇന്ത്യന്‍ വ്യോമസേനയുടെ സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി, വ്യോമസേനാ മേധാവി ആര്‍കെഎസ് ബദൗരിയ എന്നിവരുമായാണ് വിമാനം രാജസ്ഥാനിലെ ബര്‍മറില്‍ പരീക്ഷണ ലാന്‍ഡിങ് നടത്തിയത്. അടിയന്തര ഘട്ടങ്ങളില്‍ വിമാനത്താവളങ്ങളിലല്ലാതെ മറ്റിടങ്ങളില്‍ ലാന്‍ഡ് ചെയ്യാനുള്ള പരീക്ഷണത്തിന്റെ ഭാഗമായിരുന്നു ഇത്.

'സാധാരണ കാറുകളും ലോറികളും ഓടാറുള്ള പാതകളില്‍ ഇനി വിമാനങ്ങളും കാണാം. ഇവിടെ നടന്നത് സുപ്രധാനമായ ഒരു കാര്യമാണ്. കാരണം, 1971ലെ യുദ്ധത്തിന് സാക്ഷിയായ പ്രദേശമാണിത്. അന്താരാഷ്ട്ര അതിര്‍ത്തി അടുത്താണ്. ഇത്തരമൊരു അടിന്തര ലാന്‍ഡിങ് നമ്മുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാന്‍ എപ്പോഴും സജ്ജരാണെന്ന് തെളിയിക്കുകകൂടിയാണ് ഇത്', പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.

യുദ്ധത്തിന് മാത്രമല്ല, രക്ഷാപ്രവര്‍ത്തനത്തിനും ദുരന്തസാഹചര്യങ്ങള്‍ യുദ്ധത്തിന് സമാനമാണ്. യുദ്ധമായാലും പ്രകൃതി ദുരന്തമായാലും ഇന്ത്യന്‍ വ്യോമസേന അവിടെയുണ്ടാകും, മന്ത്രി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിനും വ്യോമതാവളങ്ങള്‍ ലഭ്യമല്ലാത്ത സന്ദര്‍ഭങ്ങളിലും ദേശീയ പാതകളില്‍ വിമാനം ഇറക്കുന്നതിനായുള്ള പരീക്ഷണമാണ് നടന്നത്. ഇതിന്റെ വീഡിയോയും വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടുണ്ട്. വിമാനം സുരക്ഷിതമായി ദേശീയപാതയിൽ ഇറങ്ങുന്നത് വീഡിയോയില്‍ കാണാം. ഇതിന് സാക്ഷിയാകാന്‍ സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കമുള്ളവര്‍ എത്തിയിരുന്നു. പിന്നീട് സുഖോയ് യുദ്ധവിമാനവും ഇതേ പാതയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു.

വ്യത്യസ്ത സംസ്ഥാനങ്ങളിലെ 12 ദേശീയപാതകള്‍ ഇത്തരത്തില്‍ അടിയന്തര ലാന്‍ഡിങ്ങിന് ഉപയോഗിക്കാമെന്നാണ് വിലയിരുത്തല്‍. വ്യോമസേനയുടെ എല്ലാ വിമനങ്ങളും ഇത്തരത്തില്‍ നിലത്തിറക്കാനാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only