👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


25 സെപ്റ്റംബർ 2021

ഔഷധ സസ്യത്തോട്ടം പദ്ധതി: ജില്ലാതല ഉദ്ഘാടനം കട്ടിപ്പാറയില്‍ മന്ത്രി എ കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു
(VISION NEWS 25 സെപ്റ്റംബർ 2021)
ഔഷധ സസ്യത്തോട്ടം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ വനംവകുപ്പ് മന്ത്രി എ കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. അനന്തസാധ്യതകളുള്ള മേഖലയാണ് ഔഷധ സസ്യതോട്ട നിര്‍മ്മാണമെന്ന് അദ്ദേഹം പറഞ്ഞു. ആയുര്‍വേദ മരുന്നുകള്‍ ഉല്‍പ്പാദിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങളും കമ്പനികളും നമ്മുടെ നാട്ടിലുണ്ട്. വലിയതോതില്‍ മരുന്ന് ഉല്‍പ്പാദിപ്പിക്കുന്നവര്‍ക്ക് ടണ്‍ കണക്കിന് ഔഷധ സസ്യങ്ങള്‍ ആവശ്യമുണ്ട്. ഗുണമേന്മയുള്ള ഔഷധങ്ങള്‍ ലഭിക്കണമെങ്കില്‍ പ്രാദേശിക തലത്തില്‍ ഇത്തരം ഔഷധചെടികള്‍ നട്ടുപിടിപ്പിച്ച്, ജില്ലാ പഞ്ചായത്തോ ബ്ലോക്ക് പഞ്ചായത്തോ മുന്‍കൈയെടുത്ത് ഇതിന്റ സംഭരണവും വില്‍പ്പനയുമായി ബന്ധപ്പെട്ട സംവിധാനം ഒരുക്കിയാല്‍ ഒരു ബുദ്ധിമുട്ടും കൂടാതെ വരുമാനം വര്‍ധിപ്പിക്കാന്‍ കഴിയുന്ന മേഖലയാണിതെന്നും മന്ത്രി പറഞ്ഞു.

നാഷണല്‍ ആയുഷ് മിഷന്‍ ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ സജ്ജമാക്കുന്ന ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററുകളില്‍ ഹരിതകേരളം മിഷന്റെ പങ്കാളിത്തത്തോടെയാണ് ഔഷധസസ്യത്തോട്ടം ഒരുക്കുന്നത്. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് , ചാത്തമംഗലം പഞ്ചായത്തിലെ വെള്ളന്നൂര്‍, കോഴിക്കോട് കോര്‍പ്പറേഷനിലെ ബേപ്പൂര്‍, ഫറോക്ക് നഗരസഭ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറികളിലും ചെറുവണ്ണൂര്‍, തൂണേരി സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളിലുമാണ് ഔഷധസസ്യത്തോട്ടം വെച്ചു പിടിപ്പിക്കുന്നത്. വലിപ്പമുള്ള ചട്ടികളിലും ഭൂമി ലഭ്യമായ ഇടങ്ങളില്‍ നിലത്തും ഔഷധസസ്യങ്ങള്‍ വെച്ചു പിടിപ്പിക്കും. 

കട്ടിപ്പാറയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് മോയത്ത് അധ്യക്ഷത വഹിച്ചു. ആയുഷ് മിഷന്‍ ഡിപിഎം ഡോ അനിന പി ത്യാഗരാജന്‍ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി തോമസ്, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ എം മന്‍സൂര്‍, ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി പ്രകാശ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അനില്‍ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം നിധീഷ് കല്ലുള്ളതോട്, കൗസര്‍ മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് അംഗം പ്രേംജി ജയിംസ്, ജിൻസി തോമസ് , ഹാരിസ് അമ്പയതോട് , നിനീഷ് കാട്ടിപ്പാറ , എൻ.ഡി ലൂക്ക, കരീം പുതുപ്പാടി , കേ.വി സെബാസ്റ്റ്യൻ , സലിം പുല്ലടി വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ മുഹമ്മദ് ഷാഹിം സ്വാഗതവും മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പ്രവീണ്‍ നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only