👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

24 സെപ്റ്റംബർ 2021

മലയാളം കണ്ട മഹാനടൻ ; തിലകന്റെ ഓർമ്മകൾക്ക് ഒൻപത് വയസ്സ്
(VISION NEWS 24 സെപ്റ്റംബർ 2021)
മലയാളം കണ്ട മികച്ച മികച്ച തിലകൻ വിടവാങ്ങിയിട്ട് ഇന്നു ഒൻപത് വർഷം. പി എസ് കേശവൻ പി എസ് ദേവയാനി ദമ്പതികളുടെ മകനായി 1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയിരൂരിൽ ജനിച്ചു.മുണ്ടക്കയം സി എം എസ് സ്‌കൂൾ, കോട്ടയം എം ഡി സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. സ്‌കൂൾ നാടകങ്ങളിലൂടെ കലാപ്രവർത്തനം ആരംഭിച്ചു. 18-ഓളം പ്രൊഫഷണൽ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു അദ്ദേഹം. 10,000 ത്തോളം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു. 43 നാടകങ്ങൾ സംവിധാനം ചെയ്തു.1973-ലാണ് തിലകൻ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.

1956-ൽ പഠനം ഉപേക്ഷിച്ച് പൂർണ്ണമായും നാടകനടൻ ആയി. ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം അദ്ദേഹം മുണ്ടക്കയം നാടകസമിതി എന്ന പേരിൽ ഒരു നാടകസമിതി നടത്തിയിരുന്നു. മുണ്ടക്കയം കലാസമിതിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി മിക്ക രാഷ്ട്രീയയോഗങ്ങളിലും മുണ്ടക്കയം തിലകന്റെ വിപ്ലവഗാനാലാപനം പതിവായിരുന്നു. അവ നോട്ടീസിൽ പ്രത്യേകം അച്ചടിക്കുകയും ചെയ്യും. മറ്റൊരു അഭിനയപ്രതിഭയായിരുന്ന പി.ജെ.ആന്റണിയുടെ ഞങ്ങളുടെ മണ്ണാണ് എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് തിലകൻ നാടക സംവിധായനത്തിലേക്ക് കടക്കുന്നത്. 1966 വരെ കെ.പി.എ.സി. യിലും തുടർന്ന് കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ സമിതികളിലും പി.ജെ. ആന്റണിയുടെ സമിതിയിലും പ്രവർത്തിച്ചു.

1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 1981-ൽ കോലങ്ങൾ എന്ന ചിത്രത്തിൽ മുഴുക്കുടിയനായ കള്ളുവർക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു.യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടൽ, ഇന്ത്യൻ റുപ്പീ എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്.ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം “സീൻ ഒന്ന് – നമ്മുടെ വീട്”. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായി അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി പ്രകടിപ്പിച്ചു.ഇതേത്തുടർന്നു 2010-ൽ അദ്ദേഹത്തെ അമ്മയിൽ നിന്നു പുറത്താക്കി. സുകുമാർ അഴീക്കോട് തുടങ്ങി പ്രമുഖർ തിലകനെ പിന്തുണച്ച് രംഗത്തു വന്നിരുന്നു. തിലകന്റെ മകനായ ഷമ്മി തിലകൻ ചലച്ചിത്ര സീരിയൽ നടനും ഡബ്ബിങ് കലാകാരനും ആണ്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിലകൻ 2012 സെപ്റ്റംബർ 24-ന് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 77 വയസായിരുന്നു അദ്ദേഹത്തിന്.

അതേസമയം തിലകന്റെ സ്മരണ നിലനിർത്തുന്നതിനായി ഉചിതമായ സ്മാരകം നിർമിക്കാൻ സഹായം നൽകുമെന്ന്‌ സാംസ്‌കാരികമന്ത്രി സജി ചെറിയാൻ അറിയിച്ചു. രാജു എബ്രഹാം പ്രസിഡന്റായും കൊടുമൺ ഗോപാലകൃഷ്‌ണൻ സെക്രട്ടറിയായും പ്രവർത്തിക്കുന്ന തിലകൻ സ്‌മാരകവേദി നൽകിയ അപേക്ഷ സാംസ്‌കാരികവകുപ്പ് പരിശോധിച്ചു. തിലകന്റെ സ്‌മ‌‌രണ നിലനിർത്തുന്നതിനായി ഉചിതമായ സ്‌മാരകം നിർമിക്കാനും അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ ജനങ്ങളിലെത്തിക്കാൻ സ്‌മാരകവേദി നടപ്പാക്കുന്ന പദ്ധതികൾക്ക് സാംസ്‌കാരികവകുപ്പിന്റെ എല്ലാ പിന്തുണയും സഹായവും ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. തിലകൻ സ്‌മാരകവേദിക്ക്‌ സാംസ്‌കാരികവകുപ്പിന്റെ അംഗീകാരം നൽകി പ്രവർത്തിക്കുന്നതിന്‌ ആവശ്യമായ സഹായ സഹകരണങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only