18 സെപ്റ്റംബർ 2021

പ്രഭാത വാർത്തകൾ
(VISION NEWS 18 സെപ്റ്റംബർ 2021)
🔳ഭീകരവാദത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമായി അഫ്ഗാനിസ്ഥാന്‍ മാറരുതെന്ന് ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനിസ്ഥാനിലെ പുതിയ ഭരണ സംവിധാനം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഫ്ഗാനിസ്ഥാനിലെ സര്‍ക്കാരില്‍ സ്ത്രീകള്‍ക്കും ന്യൂനപക്ഷത്തിനും പ്രാതിനിധ്യമില്ലെന്നും ചര്‍ച്ചയിലൂടെയല്ല ഇത് തീരുമാനിച്ചതെന്നും മതമൗലിക വാദമാണ് മേഖല നേരിടുന്ന വലിയ വെല്ലുവിളിയെന്നും മോദി കുറ്റപ്പെടുത്തി. മേഖലയിലെ സുരക്ഷാപ്രശ്നങ്ങളും അശാന്തിയും വെല്ലുവിളിയാണ്. ഇതിനുള്ള പ്രധാന കാരണം വളര്‍ന്നു വരുന്ന മൗലികവാദമാണ്. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള്‍ ഇത് തെളിയിക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

🔳നിരന്തരമായ ഓണ്‍ലൈന്‍ പ്രചാരണങ്ങളിലൂടെ ഇന്ത്യയില്‍ സ്വാധീനം വ്യാപിപ്പിക്കാന്‍ ഐ.എസ് ശ്രമിക്കുന്നതായി ദേശീയ അന്വേഷണ ഏജന്‍സി. യുവാക്കള്‍ ഐ.എസിന്റെ ആശയങ്ങളോട് ഒരിക്കല്‍ അനുഭാവം കാണിക്കുന്നപക്ഷം, ഓണ്‍ലൈന്‍ ഹാന്‍ഡ്‌ലര്‍മാരുമായി ആശയവിനിമയം നടത്താന്‍ പ്രലോഭിപ്പിക്കും. വിദേശത്തിരുന്ന് എന്‍ക്രിപ്റ്റഡ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നവരാണ് ഈ ഓണ്‍ലൈന്‍ ഹാന്‍ഡ്‌ലര്‍മാര്‍. എത്രത്തോളം വശംവദരാക്കാം എന്നതിനെ അടിസ്ഥാനമാക്കിയാണ്
ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കളെ ഉപയോഗപ്പെടുത്തുന്നതെന്നും എന്‍.ഐ.എ. പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.

🔳പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനത്തില്‍ റെക്കോര്‍ഡ് കൊവിഡ് വാക്സീനേഷന്‍ എന്ന ലക്ഷ്യം യഥാര്‍ത്ഥ്യമായി. കോവിന്‍ പോര്‍ട്ടലിലെ കണക്ക് അനുസരിച്ച് ഇന്നലെ 2.50 കോടി ആളുകള്‍ രാജ്യത്ത് വാക്സീന്‍ സ്വീകരിച്ചിട്ടുണ്ട്. ജൂണ്‍ മാസത്തില്‍ തങ്ങളുടെ 2.47 കോടി പൗരന്‍മാര്‍ക്ക് വാക്‌സീന്‍ നല്‍കിയ ചൈനയാണ് ഒറ്റദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ പേരെ വാക്‌സീന്‍ ചെയ്തിരുന്ന രാജ്യം. ഈ റെക്കോര്‍ഡാണ് പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ ഇന്ത്യ മറികടന്നത് എന്നാണ് പ്രധാനമന്ത്രിയുടെ ട്വീറ്റുകള്‍ സൂചിപ്പിക്കുന്നത്. റെക്കോര്‍ഡ് വാക്‌സിനേഷനില്‍ എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ച് പ്രധാനമന്ത്രി രംഗത്തെത്തി. എല്ലാ ഇന്ത്യാക്കാര്‍ക്കും അഭിമാനമേകുന്നതാണ് വാക്‌സിനേഷനിലെ റെക്കോര്‍ഡ് ദിനമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങള്‍ മുന്‍കൈയ്യെടുത്താണ് റെക്കോര്‍ഡ് വാക്സിനേഷനുള്ള പ്രചാരണം തുടങ്ങിയത്.

🔳അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ഒന്നാം ഡോസ് വാക്‌സീന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ രണ്ടാമത്തെ ആഴ്ചയോടെ 100 കോടി വാക്‌സീന്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്.

🔳മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയില്‍ അനധികൃതമായി പലരും മൂന്നാം ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, അവരുടെ അടുപ്പക്കാര്‍ എന്നിവരാണ് ഇങ്ങനെ അനധികൃതമായി മൂന്നാം ഡോസ് സ്വീകരിക്കുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നത്. വിവിധ ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് ഈ മൂന്നാം ഡോസ് വിതരണം എന്നാണ് റിപ്പോര്‍ട്ട്. കൊവിന്‍ പോര്‍ട്ടലില്‍ റജിസ്ട്രര്‍ ചെയ്യാതെയും, ഫോണ്‍ നമ്പര്‍ മാറ്റിയും ഒക്കെയാണ് ഇവര്‍ വാക്സിന്‍ സ്വീകരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

🔳പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് കൊണ്ടു വരാനുള്ള നീക്കത്തെ എതിര്‍ത്ത് സംസ്ഥാനങ്ങള്‍. ഇന്നലെ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം ഈ വിഷയം ചര്‍ച്ചയ്ക്ക് എടുത്തെങ്കിലും എല്ലാ സംസ്ഥാനങ്ങളും കൂടി ഒന്നിച്ച് എതിര്‍ത്തു. ഇതോടെ വിഷയം പിന്നീട് ചര്‍ച്ച ചെയ്യാനായി മാറ്റിവച്ചു. വിഷയം ചര്‍ച്ച ചെയ്യാനുള്ള സമയമായില്ലെന്ന വിലയിരുത്തലോടെയാണ് നിര്‍ദേശം ചര്‍ച്ച ചെയ്യുന്നത് കൗണ്‍സില്‍ യോഗം നീട്ടിവച്ചത്.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 35,354 കോവിഡ് രോഗികളില്‍ 65.79 ശതമാനമായ 23,260 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 285 മരണങ്ങളില്‍ 45.96 ശതമാനമായ 131 മരണങ്ങളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 3,33,679 സജീവരോഗികളില്‍ 56.63 ശതമാനമായ 1,88,972 രോഗികളും കേരളത്തിലാണുള്ളത്.

🔳ദേശീയ തലത്തില്‍ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ഏറ്റവും കൂടുതല്‍ കരസ്ഥമാക്കിയ സംസ്ഥാനങ്ങളില്‍ കേരളത്തിന് രണ്ട് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ലോക രോഗീസുരക്ഷാ ദിനത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് മന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് ഇക്കാര്യമറിയിച്ചത്. കൊവിഡ് കാലത്തും കേരളം നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഇതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

🔳ഭൂരിപക്ഷ വര്‍ഗീയത ശക്തിപ്പെടുമ്പോള്‍ അതിനോടൊപ്പം ന്യൂനപക്ഷ വര്‍ഗ്ഗീയതയും ശക്തിപ്പെടുമെന്നും രണ്ടിനോടും സിപിഎം സന്ധി ചെയ്യാതെ പോരാടുമെന്നും സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍. കോണ്‍ഗ്രസ് തകരുകയാണെന്നും പ്രധാനനേതാക്കളുടെ രാജിയില്‍ നിന്നും വ്യക്തമാവുന്നത് അതാണെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

🔳വിദ്യാഭ്യാസ മേഖലയില്‍ നിന്ന് യുവാക്കളെ തീവ്രവാദത്തിലേക്ക് എത്തിക്കുന്നുവെന്ന സിപിഎം ആരോപണം ശരിവച്ച് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ. ഭീകരവാദ അജണ്ടകള്‍ നിസ്സാരവത്കരിക്കരുത് എന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ അഭിപ്രായപ്പെട്ടു. സ്വതന്ത്ര വിദ്യാര്‍ഥി സംഘടനകള്‍ വഴി ഭീകരവാദ പ്രസ്ഥാനങ്ങള്‍ പ്രൊഫഷണല്‍ കോളേജുകളില്‍ ഇടംപിടിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഭീകര പ്രസ്ഥാനങ്ങളുടെ കേന്ദ്രമായ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വിദ്യാര്‍ഥികള്‍ പഠിക്കാന്‍ എത്തുന്നതിന്റെ ലക്ഷ്യം വിലയിരുത്തപ്പെടണമെന്നും സിബിസിഐ ആവശ്യപ്പെടുന്നു.

🔳നാര്‍ക്കോട്ടിക് വ്യാപനം കേരളത്തിന് ആപത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുഷിച്ച ചിന്താഗതിയുള്ള ചില ആളുകള്‍ സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി തെറ്റായ വഴിയിലൂടെ പണമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പുതുതലമുറയെ തകര്‍ക്കാനുള്ള ഇത്തരക്കാരുടെ ശ്രമത്തെ സ്റ്റുഡന്റ് പൊലീസിന് തടയാനായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

🔳താമരശ്ശേരി രൂപത പ്രസിദ്ധീകരിച്ച മതപഠന പുസ്തകത്തിലെ വിവാദ ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍ദേശം നല്‍കി. എംകെ മുനീര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പ്രമുഖ ക്രിസ്ത്യന്‍-മുസ്ലിം മത നേതാക്കള്‍ പങ്കെടുത്ത യോഗം മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കാന്‍ ആഹ്വാനം ചെയ്തു.

🔳സല്യൂട്ട് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി എംപി ടിഎന്‍ പ്രതാപന്‍. ജനപ്രതിനിധികള്‍ക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് അഭിവാദ്യം നല്‍കുന്നതും സാര്‍ വിളി ഒഴിവാക്കണമെന്നാവശ്യപ്പെട്ടും ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ടിഎന്‍ പ്രതാപന്‍ കത്ത് നല്‍കി. കേരളത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും എനിക്ക് സല്യൂട്ട് ചെയ്തുകൊണ്ട് അഭിവാദ്യം അറിയിക്കുന്ന രീതി ഉണ്ടാകരുതെന്നും പൊലീസ് ഉദ്യോഗസ്ഥരും സിവില്‍ സര്‍വീസുകാരും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരും എന്നെ ''സാര്‍'' എന്ന് അഭിവാദ്യം ചെയ്യുന്നതും ഒഴിവാക്കണമെന്നും തന്നെ എംപിയെന്നോ അല്ലെങ്കില്‍ പേരോ വിളിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

🔳കലാ-സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും മുമ്പ് ജീവനക്കാര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വിവാദ ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി. പൊതു വിദ്യാഭാസ സെക്രട്ടറിയുടേതാണ് നടപടി. ഉത്തരവ് പുറത്തുവന്നതോടെ, സെന്‍സറിംഗിനാണ് സര്‍ക്കാര്‍ ശ്രമമെന്ന് കലാ-സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. എഴുത്തുകാരന്‍ സച്ചിദാനന്ദന്‍ അടക്കമുള്ളവര്‍ വിദ്യാഭ്യാസ വകുപ്പിനെതിരെ രംഗത്തെത്തിയിരുന്നു.

🔳കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കി. നിബന്ധനകള്‍ക്ക് വിധേയമായി ഒക്ടോബര്‍ 4 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതിയുള്ളത്.

🔳യൂട്യൂബില്‍ നിന്ന് റോയല്‍റ്റിയായി പ്രതിമാസം നാല് ലക്ഷം രൂപ ലഭിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ലെക്ചറിങ് വീഡിയോയില്‍ നിന്നാണ് ഇത്രയും പണം ലഭിക്കുന്നതെന്നും കൊവിഡ് കാലത്ത് വരുമാനം വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു.

🔳അഫ്ഗാനിസ്ഥാനെ ഷാന്‍ഹായ് കോര്‍പ്പറേഷന്‍ സംഘടനയിലെ അംഗ രാജ്യങ്ങള്‍ നിര്‍ബന്ധമായും സഹായിക്കണമെന്ന് ചൈന. തജക്കിസ്ഥാനിലെ ദുഷാന്‍ബേയിലെ എസ്.സി.ഒ രാജ്യങ്ങളുടെ യോഗത്തില്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ സംസാരിക്കവെയാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഇത്തരം ഒരു ആവശ്യം മുന്നോട്ട് വച്ചത്.

🔳ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനികളില്‍ നിന്നും ജിഎസ് ടി ഈടാക്കാമെന്ന് കൗണ്‍സില്‍. സൊമാറ്റോ, സ്വിഗ്ഗി അടക്കമുള്ള കമ്പനികള്‍ ഇനി ജിഎസ് ടി നികുതി അടക്കണം. 2022 ജനുവരി 1 മുതല്‍ പുതിയ നികുതി പ്രാബല്യത്തില്‍ വരും. ഇ-കൊമേഴ്സ് കമ്പനികള്‍ക്ക് സോഫ്ട് വെയര്‍ മാറ്റത്തിന് വേണ്ടിയാണ് സമയം നീട്ടി നല്‍കുന്നത്. പല ഹോട്ടലുകളും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ജി എസ് ടി അടക്കുന്നില്ലെന്നും ഫിറ്റ്മെന്റ് പാനല്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.

🔳പാകിസ്ഥാന്‍- ന്യൂസിലന്‍ഡ് നിശ്ചിത ഓവര്‍ ക്രിക്കറ്റ പരമ്പര റദ്ദാക്കി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂസിലന്‍ഡ് പരമ്പരയില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇന്നലെ ആദ്യ ഏകദിനം നടക്കാനിരിക്കെയാണ് പിന്മാറ്റം. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും അടങ്ങുന്നതായിരുന്നു പരമ്പര.

🔳കേരളത്തില്‍ ഇന്നലെ 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,296 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 159 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21,983 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 998 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 120 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,388 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,88,926 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431, കണ്ണൂര്‍ 1033, പത്തനംതിട്ട 983, ഇടുക്കി 692, വയനാട് 639, കാസര്‍ഗോഡ് 330

🔳രാജ്യത്ത് ഇന്നലെ 35,354 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 33,833 പേര്‍ രോഗമുക്തി നേടി. മരണം 285. ഇതോടെ ആകെ മരണം 4,44,563 ആയി. ഇതുവരെ 3,34,15,889 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.33 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3,586 പേര്‍ക്കും തമിഴ്നാട്ടില്‍ 1,669 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,393 പേര്‍ക്കും കര്‍ണാടകയില്‍ 1003 പേര്‍ക്കും മിസോറാമില്‍ 1,121 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,91,671 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,24,157 പേര്‍ക്കും ബ്രസീലില്‍ 11,202 പേര്‍ക്കും ഇംഗ്ലണ്ടില്‍ 32,651 പേര്‍ക്കും റഷ്യയില്‍ 19,905 പേര്‍ക്കും തുര്‍ക്കിയില്‍ 27,692 പേര്‍ക്കും ഇറാനില്‍ 17,605 പേര്‍ക്കും ഫിലിപ്പൈന്‍സില്‍ 20,336 പേര്‍ക്കും മലേഷ്യയില്‍ 17,577 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 22.83 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.87 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,867 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,756 പേരും ബ്രസീലില്‍ 296 പേരും റഷ്യയില്‍ 791 പേരും ഇറാനില്‍ 364 പേരും മെക്‌സിക്കോയില്‍ 434 പേരും മലേഷ്യയില്‍ 388 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 46.91 ലക്ഷം.

🔳സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പയ്ക്ക് പ്രത്യേക ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ചു. എസ്ബിഐ ക്രെഡിറ്റ് സ്‌കോറുമായി ബന്ധപ്പെടുത്തിയുള്ള ഭവന വായ്പകള്‍ ഇപ്പോള്‍ വായ്പാ തുക പരിഗണിക്കാതെ 6.70% നിരക്കില് ലഭ്യമാകുമെന്ന് സ്റ്റേറ്റ് ബാങ്ക് വ്യക്തമാക്കി. ഓഫറിന് മുമ്പ്, 75 ലക്ഷം രൂപയില്‍ കൂടുതല്‍ വായ്പ എടുക്കുന്നയാള്‍ 7.15 ശതമാനം പലിശ നല്‍കണമായിരുന്നു. പുതിയ ഓഫര്‍ അവതരിപ്പിച്ചതോടെ ഇപ്പോള്‍ ഏത് തുകയ്ക്കുള്ള ഭവന വായ്പയും 6.70 ശതമാനം നിരക്കില്‍ ലഭ്യമാകും. 30 വര്‍ഷ കാലാവധിയിലേക്ക് 75 ലക്ഷം രൂപ ഭവന വായ്പയെടുക്കുന്നയാള്‍ക്ക് എട്ട് ലക്ഷം രൂപയിലധികം ലാഭിക്കാമെന്നും ബാങ്ക് അറിയിച്ചു. പ്രോസസിങ് ഫീസ് ബാങ്ക് പൂര്‍ണമായും ഒഴിവാക്കി. വായ്പയെടുക്കുന്നയാളുടെ ക്രെഡിറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ ആകര്‍ഷകമായ പലിശ ഇളവുകളും ലഭ്യമാകും.

🔳ആഗോള വിപണിയില്‍ അലൂമിനിയം വില ഉയരുന്നു. കഴിഞ്ഞ 14 വര്‍ഷത്തിന് ഇടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് ആഗോള വിപണിയില്‍ അലൂമിനിയം വില എത്തിയിരിക്കുന്നത്. 15 ശതമാനം വില വര്‍ധനയാണ് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടയില്‍ ഉണ്ടായത്. അലുമിനിയം ഉത്പാദനം കൂടുതലുള്ള ഗിനിയയിലെ പട്ടാള അട്ടിമറിയെ തുടര്‍ന്ന് കയറ്റുമതി തടസപ്പെട്ടതും ചൈനയിലെ അലൂമിനിയം ഉത്പാദനം കുറഞ്ഞതുമാണ് വില വര്‍ധനയ്ക്ക് പ്രധാന കാരണം. കേരളത്തില്‍ 150 രൂപ വരെയാണ് കിലോയ്ക്ക് വില വര്‍ധിച്ചത്. ഒരു മാസത്തിന് ഇടയില്‍ വര്‍ധിച്ചത് 120 മുതല്‍ 150 രൂപ വരെ.

🔳മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററി 'ദ അണ്‍നോണ്‍ വാരിയര്‍'ന്റെ ടീസര്‍ പുറത്തിറങ്ങി. ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് മക്ബുല്‍ റഹ്മാന്‍ ആണ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിലൊരുക്കിയ ഡോക്യുമെന്ററി ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങും. ഹുനൈസ് മുഹമ്മദും ഫൈസല്‍ മുഹമ്മദും ചേര്‍ന്നാണ് നിര്‍മാണം. രചന നിര്‍വഹിച്ചിരിക്കുന്നത് നിബിന്‍ തോമസും അനന്തു ബിജുവുമാണ്.

🔳ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബര്‍മുഡ. ഷെയ്ന്‍ നിഗം - വിനയ് ഫോര്‍ട്ട് കൂട്ടുകെട്ടിലാണ് ചിത്രം എത്തുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ബര്‍മുഡ എന്ന ചിത്രത്തിന്റെ ഫ്രൈഡേ ബില്‍ബോര്‍ഡ് രമേഷ് പിഷാരടി പുറത്തുവിട്ടു. തീയേറ്ററുകള്‍ തുറക്കാതെ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ സിനിമകള്‍ റിലീസ് ചെയുന്ന സാഹചര്യത്തില്‍ 'നാളെ തിയേറ്റര്‍ തുറക്കുന്നു' എന്ന അറിയിപ്പോട് കൂടിയാണ് ഫ്രൈഡേ ബില്‍ബോര്‍ഡ് പുറത്തുവിട്ടത്. ഒരു സ്‌ക്രീനില്‍ കാണുന്ന തരത്തില്‍ പോലീസ് വേഷത്തിലെ വിനയ് ഫോര്‍ട്ടും, ചിരിക്കുന്ന ഷൈനിന്റെ ചിത്രവുമാണ് പോസ്റ്ററില്‍ ഉള്ളത്. കൃഷ്ണകുമാര്‍ പിങ്കിയുടെതാണ് കഥ.

🔳ഇലക്ട്രിക് സ്‌കൂട്ടര്‍ വില്‍പ്പനയില്‍ പുതുചരിത്രം രചിച്ച് ഒല. ബുക്കിങ്ങില്‍ സൃഷ്ടിച്ച റെക്കോഡിന് പിന്നാലെ വില്‍പ്പനയിലും വില്‍പ്പനയിലും റെക്കോര്‍ഡ് നേട്ടമാണ് കമ്പനി കൈവരിച്ചിരിക്കുന്നത്. പര്‍ച്ചേസ് വിന്‍ഡോ തുറന്ന് രണ്ട് ദിവസത്തിനുള്ളില്‍ 1100 കോടിയാണ് വില്‍പ്പനയിലൂടെ ഒല നേടിയിരിക്കുന്നത്. 48 മണിക്കൂറില്‍ ഒരു ലക്ഷം ബുക്കിങ്ങ് സ്വന്തമാക്കിയതായിരുന്നു ഒല സ്‌കൂട്ടര്‍ അവതരണത്തിന് മുമ്പ് സ്വന്തമാക്കിയ റെക്കോഡ്. വാഹന വ്യവസായത്തില്‍ മാത്രമല്ല, ഇന്ത്യയിലെ ഇകൊമേഴ്‌സ് ചരിത്രത്തില്‍ തന്നെ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയെന്ന റെക്കോഡാണ് ഒല നേടിയിട്ടുള്ളത്. എസ്1, എസ്1 പ്രോ എന്നീ രണ്ട് വേരിയന്റുകളിലാണ് ഈ സ്‌കൂട്ടറുകള്‍ എത്തിയിട്ടുള്ളത്. ഇവയ്ക്ക് യഥാക്രമം 99,999 രൂപയും 1.29 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറും വില.

🔳മനസ്സില്ലാതിരിക്കുന്ന അവസ്ഥയാണ് യോഗ. മനസ്സ് എന്ന പദം അഹന്തകളെ, ആഗ്രഹങ്ങളെ, പ്രതീക്ഷകളെ, ദര്‍ശനങ്ങളെ, മതങ്ങളെ, വേദപുസ്തകങ്ങളെ, എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നു. നിങ്ങള്‍ക്ക് ചിന്തിക്കാനാവുന്നതത്രയും മനസ്സാണ്. യോഗ നിഷ്ഠയാണ്. സ്വയം പരിവര്‍ത്തനം ചെയ്യാനുള്ള നിങ്ങളുടെ ശ്രമമാണ്. യോഗ ഒരു ചികിത്സാമുറയല്ല, അതൊരു ചര്യയാണ്. 'യോഗയുടെ പാത'. ഓഷോ. സൈലന്‍സ് ബുക്സ്. വില 251 രൂപ.

🔳കോവിഡ് പോസറ്റീവായ പലരും കൃത്യസമയത്ത് ചികിത്സ തേടുന്നില്ല എന്നതാണ് രോഗം ഗുരുതരമാവാനും മരണത്തിലേക്കും നയിക്കുന്ന പ്രധാനകാരണം. കോവിഡ് ബാധിച്ചുകഴിഞ്ഞാല്‍ രോഗി ഗുരുതരാവസ്ഥയിലേക്ക് പോകുന്നതും ന്യൂമോണിയ ബാധിക്കുന്നതും രോഗലക്ഷണം തുടങ്ങി ഏകദേശം 5 ദിവസം മുതല്‍ 7 ദിവസം വരെയുള്ള കാലയളവിന് ശേഷമാണ്(ടെസ്റ്റ് പോസിറ്റിവിറ്റിക്ക് ശേഷമല്ല) തുടക്കത്തിലുള്ള പനിയും ശരീരവേദനയുമെല്ലാം പലരിലും കാണപ്പെടാം എന്നാല്‍ അഞ്ച് ദിവസത്തിന് ശേഷവും കാണപ്പെടുന്ന വിട്ടുമാറാത്ത പനി, ശ്വാസതടസ്സം, കിതപ്പ്, ശക്തമായ ചുമ എന്നിവ ന്യൂമോണിയയുടെ ആദ്യ ലക്ഷണങ്ങളാണ്. പള്‍സ്ഓക്‌സി മീറ്റര്‍ ഉപയോഗിക്കുമ്പോള്‍ ഓക്‌സിജന്റെ അളവ് 92%ത്തിന് മുകളില്‍ കണ്ടാലും 6 മിനിറ്റ് നടന്ന ശേഷം ഓക്‌സിജന്റെ അളവ് കുറയുന്നുണ്ടെങ്കില്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്. ന്യൂമോണിയയുടെ ആരംഭഘട്ടത്തില്‍ തന്നെ ചികിത്സ തേടി കഴിഞ്ഞാല്‍ നല്ലൊരു ശതമാനം രോഗികളേയും അസുഖം ഗുരുതരമായി ഐസിയുവിലേക്ക് പോകുന്നതില്‍ നിന്നു മാറ്റി നിര്‍ത്താനും രോഗം ശമിപ്പിക്കാനും സഹായിക്കും. രോഗലക്ഷണം തുടങ്ങി പത്ത് ദിവസത്തിന് മുമ്പ് കോവിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തി അത് നെഗറ്റീവ് ആണ് എന്ന് കണ്ടാലും അത് രോഗവിമുക്തിയേയോ രോഗവ്യാപന ശേഷി കുറഞ്ഞതിനേയോ സൂചിപ്പിക്കുന്നില്ല. അതുപോലെതന്നെ ഒരാഴ്ചയ്ക്ക് ശേഷവും രോഗലക്ഷണം ഉള്ളവര്‍ തുടര്‍ ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയാലും പൂര്‍ണമായും രോഗവിമുക്തരായി എന്ന് അര്‍ഥമില്ല. മറ്റൊരു കാര്യം രോഗത്തിന്റെ ഗുരുതരാവസ്ഥയില്‍ മരണം സംഭവിക്കുന്നത് മിക്കവാറും രണ്ടാഴ്ചയ്ക്ക് ശേഷം ആയിരിക്കും എന്നാല്‍ ഈ സമയം ആവുമ്പോഴേക്കും ആന്റിജന്‍ ഫലം നെഗറ്റീവ് ആകുകയും ചെയ്യും.

*ശുഭദിനം*

മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിന്റെ നിലവിളി കേട്ടാണ് അമ്മ ഓടിയെത്തിയത്. നോക്കിയപ്പോള്‍ ഒരു കുടത്തില്‍ കുഞ്ഞിന്റെ കൈ പെട്ടിരിക്കുകയാണ്. അവന്‍ കൈ വലിച്ചു പുറത്തേക്കെടുക്കാന്‍ നോക്കുമ്പോഴെല്ലാം അവന്റെ കുഞ്ഞിക്കൈ വേദനിക്കും. അപ്പോഴാണ് അവന്‍ കരയുന്നത്. കുറച്ച് നേരം കുടം നിരിക്ഷിച്ച ശേഷം അമ്മ ആ കുഞ്ഞിനോട് കൈയായൊന്ന് നിവര്‍ത്തിയിട്ട് ഒതുക്കിപ്പിടിച്ച് വലിച്ചെടുക്കാന്‍ പറഞ്ഞു. എങ്ങിനെ ചെയ്യണമെന്ന് ആംഗ്യം കാണിക്കുകയും ചെയ്തു. അവര്‍ ഉടനെ പറഞ്ഞു: കൈ നിര്‍ത്താന്‍ പറ്റില്ല. എന്റെ കൈയ്യില്‍ ചോക്കലേറ്റ് ഉണ്ട് അത് കുടത്തില്‍ വീണ് പോകും...! നമ്മുടെയൊക്കെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കിയാലും ഇതുപോലെയുള്ള കാര്യങ്ങള്‍ നമുക്ക് കാണാനാകും. ചെറിയ കാര്യങ്ങളോടുള്ള ആസക്തി വലിയ നേട്ടങ്ങള്‍ക്കു വേണ്ടിയുള്ള പ്രയത്‌നങ്ങള്‍പോലും അസാധുവാക്കും. ചോക്ലേറ്റിനു രൂപമാറ്റം വന്ന ദുശ്ശീലങ്ങളും പിടിവാശികളുമാണ് പലരുടേയും വിജയയാത്രകള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നത്. പലപ്പോഴും പരാജിതരുടെ സുവിശേഷങ്ങളിലൂടെ സഞ്ചരിച്ചാല്‍ ഒരു കാര്യം മനസ്സിലാകും. അവരാരും തട്ടിവീണത് വലിയ പാറക്കെട്ടുകളിലല്ല,. തീര്‍ത്തും അവഗണിച്ച ചെറിയ ഉരുളന്‍ കല്ലുകളിലാണെന്ന്! ഓരോ ഉദ്യമത്തിന് മുമ്പും പിമ്പും ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. തുടങ്ങേണ്ടതെന്തൊക്കെ, തിരുത്തേണ്ടതെന്തൊക്കെ.. തുടക്കം എങ്ങനെയാകണമെന്ന് അതേ മേഖലയിലെ മുന്‍ഗാമികളോട് ചോദിക്കാം. പക്ഷേ, തിരുത്തേണ്ടത് എന്തൊക്കെയാണെന്ന ചോദ്യം സ്വയം ചോദിക്കണം. വേണ്ടാത്ത കാര്യങ്ങള്‍ ഉപേക്ഷിച്ചാല്‍ തന്നെ സ്വയം വന്നുചേരുന്ന ചില പുതിയ കാര്യങ്ങളുണ്ട്. കുരുക്കിലകപ്പെടുന്നവര്‍ക്ക് രണ്ടു സാധ്യതകളാണ് ഉള്ളത്. ഒന്നുകില്‍ ആ കുരുക്കില്‍ തന്നെ അവസാനിക്കുക, അല്ലെങ്കില്‍ എന്തു വിലകൊടുത്തും ആ കുരുക്കില്‍ നിന്നും രക്ഷപ്പെടുക.. എല്ലാ രക്ഷപ്പെടലുകളും ചില മുറിപ്പാടുകള്‍ അവശേഷിപ്പിക്കും. എന്നാലും അത്തരം മുറിവുകളെ നാം അംഗീകരിച്ചേ മതിയാകൂ. എന്നാല്‍ രക്ഷപ്പെടുമ്പോള്‍ സംഭവിച്ചേക്കാവുന്ന മുറിവുകളെ പേടിച്ച് അവിടെ തന്നെ തുടര്‍ന്നാല്‍ ആത്മനാശമായിരിക്കും ഫലം. ദുശ്ശീലങ്ങളെ ഉപേക്ഷിക്കാനൊരിടവും കാരണവും ആവശ്യമാണ്. പിന്നീടൊരിക്കല്‍ ആ കുരുക്കും കാരണങ്ങളും തന്നെ നമ്മുടെ വളര്‍ച്ചയ്ക്ക് വെളിച്ചമേകുന്നത് നമുക്ക് അനുഭവിക്കാന്‍ സാധിക്കും - *ശുഭദിനം.* 

🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only