09 സെപ്റ്റംബർ 2021

യാത്രക്കാരുടെ സമയത്തിനും വിലയുണ്ട് ട്രെയിന്‍ വൈകിയാല്‍ നഷ്ടപരിഹാരം നല്‍കണം: സുപ്രിംകോടതി
(VISION NEWS 09 സെപ്റ്റംബർ 2021)


ന്യായമായ കാരണമില്ലാതെ ട്രെയിന്‍ വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേക്ക് ഉത്തരവാദിത്വമുണ്ടെന്ന് സുപ്രിംകോടതി. ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്റെ വിധി ശരിവച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ എം.ആര്‍ ഷാ, അനിരുദ്ധബോസ് എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. യാത്രക്കാരുടെ സമയത്തിനും വിലയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

തങ്ങളുടെതല്ലാത്ത കാരണത്താലാണ് ട്രെയിന്‍ വൈകിയതെന്ന് ബോധ്യപ്പെടുത്താനാവണം. വൈകിയതിന് ന്യായമായ കാരണമെങ്കിലും വേണം. ഇതൊന്നുമില്ലാത്ത സാഹചര്യത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേക്ക് ബാധ്യതയുണ്ട്.
അജ്മീര്‍ -ജമ്മു താവി എക്‌സ്പ്രസ് നാലു മണിക്കൂര്‍ വൈകിയത് മൂലം ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കുള്ള വിമാനം പിടിക്കാന്‍ കഴിയാതെപോയ അല്‍വാര്‍ സ്വദേശി സഞ്ജയ് ശുക്ല നല്‍കിയ പരാതിയാണ് നടപടിക്കാധാരം.
വിമാനം കിട്ടാത്തതിനാല്‍ ശ്രീനഗറിലേക്ക് 15,000 രൂപ മുടക്കി ടാക്‌സി പിടിക്കേണ്ടി വന്നുവെന്നും അതോടൊപ്പം വിമാനടിക്കറ്റ് തുകയായ 9,000 രൂപ, ദാല്‍ തടാകത്തില്‍ നിന്ന് ബോട്ട് യാത്ര ബുക്ക് ചെയ്തിരുന്ന 10,000 രൂപ എന്നിവയും നഷ്ടമായതായും ചൂണ്ടിക്കാട്ടി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനിലാണ് പരാതി നല്‍കിയത്. പരാതിക്കാരന് 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ കമ്മിഷന്‍ വിധിച്ചു. സംസ്ഥാന, ദേശീയ കമ്മിഷനുകള്‍ അത് ശരിവയ്ക്കുകയും ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only