06 സെപ്റ്റംബർ 2021

ഗര്‍ഭിണിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് നാല് പേര്‍ക്ക് ഗുരുതര പരിക്ക്
(VISION NEWS 06 സെപ്റ്റംബർ 2021)
പത്തനംതിട്ടയിൽ നിന്നും ഗർഭിണിയുമായി തിരുവല്ലയിലേക്കെത്തിയ ആംബുലൻസ് മഞ്ഞാടിയിൽ ഇരുമ്പ് പോസ്റ്റിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു അപകടം. എട്ടു മാസം ഗർഭിണിയായിരുന്ന സീതത്തോട് ചരിവുകാലായിൽ വീട്ടിൽ റസീന സഈദു (27) മായി തിരുവല്ല പുഷ്പഗിരി ആശുപത്രിയിലേക്ക് എത്തിയ ആംബുലൻസാണ് അപകടത്തിൽപെട്ടത്. റസീനയുടെ പിതൃ സഹോദരി പത്തനംതിട്ട പള്ളിപ്പടിഞ്ഞാറേതിൽ നബീസ മുസ്തഫ (52), നബീസയുടെ മകൾ സാലിക (23), റസീനയുടെ ഭർതൃ മാതാവ് പാറയ്ക്കൽ സാഹിദ (52) എന്നിവർക്കാണ് പരിക്കേറ്റത്.

അപകടത്തെ തുടർന്ന് തലകീഴായി മറിഞ്ഞ ആംബുലൻസിൽ നിന്നും റോഡിലേക്ക് തെറിച്ചുവീണ നാലു പേരേയും ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. റസീനയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി കുഞ്ഞിനെ പുറത്തെടുത്തു. കുഞ്ഞിനെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഗുരുതര പരിക്കേറ്റ റസീന ഐ.സി.യുവിൽ തുടരുകയാണ്. തലക്ക് സാരമായി പരിക്കേറ്റ സാഹിദയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നബീസയെയും സാലികയെയും റൂമിലേക്ക് മാറ്റിയിട്ടുണ്ട്. പെരുനാട് സ്വദേശിയായ ആംബുലൻസ് ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only