11 സെപ്റ്റംബർ 2021

പ്രഭാത വാർത്തകൾ
(VISION NEWS 11 സെപ്റ്റംബർ 2021)
🔳രാജ്യം നേരിടുന്ന കൊവിഡ് പ്രതിസന്ധി വിലയിരുത്താനായി ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ലോകത്തേക്കാള്‍ വേഗത്തില്‍ കൊവിഡ് വാക്സിന്‍ കുത്തിവെപ്പ് നടത്തുന്നതായി യോഗം വിലയിരുത്തി. ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.   

🔳മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും അധികാരത്തില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന നരേന്ദ്രമോദിയെ 'പാവപ്പെട്ടവരുടെ മിശിഹ'യായി അവതരിപ്പിക്കാന്‍ ബി.ജെ.പി. ഇതിന്റെ ഭാഗമായി ദരിദ്രവിഭാഗത്തിനായി മോദി നടപ്പാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിയുള്ള പ്രചാരണപരിപാടികള്‍ രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ മൂന്നുവര്‍ഷം തികയ്ക്കുന്ന മേയ്മാസം മുതല്‍ രാജ്യവ്യാപകമായി നടത്തും. അച്ഛേ ദിന്‍ ആഗയേ - നല്ല ദിനങ്ങള്‍ എത്തി - എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള പ്രചാരണവീഡിയോയും പുറത്തിറക്കും.

🔳മോദി സര്‍ക്കാര്‍ കശ്മീരി പണ്ഡിറ്റുകളെ അവഗണിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനിടെയായിരുന്നു വിമര്‍ശനം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കശ്മീരി പണ്ഡിറ്റുകള്‍ക്കായി നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ബിജെപി കശ്മീരിലെ ജനങ്ങളെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. അതേസമയം, കോണ്‍ഗ്രസ് കശ്മീരി പണ്ഡിറ്റുകള്‍ക്കായി മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്ന് ബിജെപി തിരിച്ചടിച്ചു. കേന്ദ്രം നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് വിറളി പൂണ്ടിരിക്കുകയാണെന്നും ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു.

🔳പെണ്‍കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും കേരളത്തില്‍ നടക്കുന്നതായുള്ള പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ ഇത്തരം പ്രശ്നം കൈകാര്യം ചെയ്യുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ വേര്‍തിരിവ് ഉണ്ടാകാതിരിക്കാനും അനാവശ്യമായ ചേരികള്‍ സൃഷ്ടിക്കാതിരിക്കാനും അങ്ങേയറ്റം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന് നമ്മള്‍ ആദ്യമായി കേള്‍ക്കുകയാണ്. നാര്‍ക്കോട്ടിക്കിന്റെ പ്രശ്നം, അത് ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല എന്നുള്ളതാണ്. അത് സമൂഹത്തെ ആകെ ബാധിക്കുന്നതാണ്. സമൂഹത്തെ ആകെ ബാധിക്കുന്ന പ്രശ്നം എന്ന നിലയില്‍ നാം എല്ലാവരും അതില്‍ ഉത്കണ്ഠാകുലരാണ്. കഴിയാവുന്ന രീതിയില്‍ ഒക്കെ അതിനെ തടയാനുള്ള നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. തടയാനാവശ്യമായ നിയമ നടപടികള്‍ ശക്തിപ്പെടുത്തുകയുമാണ്. അപ്പോള്‍ നാര്‍ക്കോട്ടിക്കിന് ഏതെങ്കിലും ഒരു മതത്തിന്റെ നിറം ഉണ്ടെന്ന് കാണരുത്. അതിന്റെ നിറം സാമൂഹ്യ വിരുദ്ധതയുടേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

🔳പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയ്ക്കെതിരെ പാളയം ഇമാം. പാലാ ബിഷപ്പിന്റെ പ്രസ്താവന മത സൗഹാര്‍ദത്തെ മുറിവേല്പിക്കുന്നതാണെന്ന് പാളയം ഇമാം ഡോ. വിപി സുഹൈബ് മൗലവി കുറ്റപ്പെടുത്തി. മതസൗഹാര്‍ദത്തിന് കാവല്‍ക്കാരനാകേണ്ട ബിഷപ്പ് ഒരു സമുദായത്തെ പൈശാചികവത്കരിച്ച് സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയത് ശരിയായില്ല. ഇസ്ലാം ഭീതി ശക്തിപ്പെടുത്താനും മതവിഭാഗങ്ങള്‍ക്കിടയിലുള്ള പര്സപര വിശ്വാസം തകരാനും ഇത്തരം പ്രസ്താവനകള്‍ കാരണമാകുമെന്നും ഉത്തരവാദിത്വപ്പെട്ട ഒരു പദവിയിലിരുന്ന് നിരുത്തരവാദപരമായ പ്രസ്താവന നടത്തിയതിന്റെ പേരില്‍ ബിഷപ്പ് പൊതു സമൂഹത്തോട് മാപ്പ് പറയണമെന്നും പാളയം ഇമാം ഡോ. വിപി സുഹൈബ് മൌലവി ആവശ്യപ്പെട്ടു.

🔳ലൗ ജിഹാദും ലഹരി ജിഹാദും ആരോപിച്ച് കൂടുതല്‍ രൂപതകള്‍ രംഗത്ത്. ലൗ ജിഹാദിനും ലഹരി ജിഹാദിനുമെതിരെ കരുതല്‍ വേണമെന്ന് ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാടന്‍ പറഞ്ഞു. പാലാ ബിഷപ്പിന്റെ ലഹരി ജിഹാദ് പ്രസ്താവന വലിയ വിവാദമാകുകയും ചര്‍ച്ചയാകയും ചെയ്തിന് പിന്നാലെയാണ് ബിഷപ്പ് പോളി കണ്ണൂക്കാടന്റെ പ്രതികരണം. ഇതിനു പുറമെ ക്രൈസ്തവ കുടുംബങ്ങളില്‍ നാല് കുട്ടികളെങ്കിലും വേണമെന്നും ബിഷപ്പ് പോളി കണ്ണൂക്കാടന്‍ പറഞ്ഞു.

🔳ജിഹാദിനെക്കുറിച്ചുള്ള സത്യം വിളിച്ച് പറഞ്ഞതിന്റെ പേരില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ വളഞ്ഞിട്ടാക്രമിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. സത്യം മൂടിവെക്കാന്‍ സര്‍ക്കാരും മുഖ്യമന്ത്രിയും ശ്രമിക്കുന്നത് ജിഹാദികളെ സംരക്ഷിക്കാനാണെന്ന് കൃഷ്ണദാസ് ആരോപിച്ചു.

🔳ലൗ ജിഹാദിന് പുറമെ നാര്‍ക്കോട്ടിക് ജിഹാദും ഉണ്ടെന്ന പാലാ ബിഷപ്പിന്റെ പ്രസ്താവനയെ അപലപിച്ച് ഡിവൈഎഫ്ഐ. കേരളത്തിന്റെ സമാധാന അന്തരീക്ഷവും മത സൗഹാര്‍ദ്ദവും തകര്‍ക്കുന്ന ഇത്തരം പ്രസ്താവന ഒരു മതമേലാധ്യക്ഷന്റെ ഭാഗത്തുനിന്ന് ഉണ്ടായത് അത്യന്തം അപകടകരമാണെന്നും ഇത് കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഒരുമയോടെ നിലനില്‍ക്കുന്ന സമൂഹത്തില്‍ വിഭാഗീയത വളര്‍ത്താനുള്ള ശ്രമങ്ങള്‍ അനുവദിക്കാനാവില്ലെന്നും ഡിവൈഎഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

🔳പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വര്‍ഗീയ പരാമര്‍ശത്തിനെതിരെ യാക്കോബായ സഭാ നിരണം ഭദ്രാസനാധിപന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. സുവിശേഷം സ്നേഹത്തിന്റെതാണെന്നും വിദ്വേഷത്തിന്റേതല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അള്‍ത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳സ്വാതന്ത്ര സമരത്തിനോട് മുഖം തിരിഞ്ഞു നിന്ന ആശയങ്ങളേയും നേതാക്കളേയും മഹത്വവത്കരിക്കുന്ന നിലപാട് ഇവിടെയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ സിലബസില്‍ ആര്‍എസ്എസ് നേതാക്കളുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഏത് പിന്തിരിപ്പന്‍ ആശയങ്ങളേയും നമുക്ക് പരിശോധിക്കേണ്ടി വരും എന്നാല്‍ അതിനെ മഹത്വവത്കരിക്കാതിരുന്നാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.  

🔳എംഎ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് സിലബസില്‍ ആര്‍എസ്എസ് ആചാര്യന്‍മാരായ സവര്‍ക്കറുടെയും ഗോള്‍വര്‍ക്കറുടെയും ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയ നടപടി പിന്‍വലിക്കില്ലെന്ന നിലപാട് പുനഃപരിശോധിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗാന്ധി ഘാതകരുടെ ആത്മീയ, രാഷ്ട്രീയ ആചാര്യന്‍മാര്‍ക്ക് സിലബസില്‍ ഇടം നല്‍കിയ സര്‍വകലാശാല നടപടി അംഗീകരിക്കാനാകില്ലെന്നും കേരളീയ പൊതുസമൂഹത്തിലേക്ക് സര്‍വകലാശാലയിലൂടെ ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള നീക്കം അപലപനീയമാണെന്നും സതീശന്‍ പറഞ്ഞു.

🔳സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാന്‍ ഒത്താശ ചെയ്ത സിപിഎമ്മിന്റെ നിലപാട് മതേതര കേരളത്തെ ഞെട്ടിക്കുന്നതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ബന്ധത്തിലെ ഒരേടു മാത്രമാണ് കണ്ണൂര്‍ സര്‍വകലാശാല സിലബസ് വിവാദം. വിദ്യാഭ്യാസ രംഗത്തെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ക്കെട്ടാനുള്ള ഏതു നീക്കവും ചെറുത്തിരിക്കും. കണ്ണൂര്‍ യൂണിവേഴ്സിറ്റി ഭരിക്കുന്ന എസ്എഫ്ഐ ഈ വിഷയത്തില്‍ മൗനം ഭജിക്കുന്നതും യൂണിയന്‍ ചെയര്‍മാന്‍ സിലബിസിനെ പരസ്യമായി പിന്തുണച്ചതും സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്നും സുധാകരന്‍ ആരോപിച്ചു.

🔳കണ്ണൂര്‍ സര്‍വകലാശാലയുടെ എംഎ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സ് പിജി സിലബസില്‍ ആര്‍എസ്എസ് സൈദ്ധാന്തികരായ ഗോള്‍വാള്‍ക്കറിന്റെയും സവര്‍ക്കറുടെയും ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. രാജ്യത്തെ ജനങ്ങളുടെ ഐക്യം തകര്‍ക്കുകയും വര്‍ഗീയ ചേരിതിരിവിലേക്ക് നയിക്കുകയും ചെയ്യുന്ന ഇത്തരം തീവ്രഹിന്ദുത്വ പഠന സിലബസ്, അക്കാദമിക്ക് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാണാനാകില്ലെന്നും സുധീരന്‍ പറഞ്ഞു.

🔳കാവിവത്കരണമാണെന്ന വാദം തള്ളി വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സിലബസ് പുനപരിശോധിക്കാന്‍ രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിലബസില്‍ തിരത്തലുണ്ടാക്കുമെന്നും വിസി വ്യക്തമാക്കി.
 
🔳കെ ടി ജലീല്‍ സിപിഎമ്മിന്റെ നല്ല സഹയാത്രികനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലീലിനെ താന്‍ തള്ളിയിട്ടില്ലെന്നും തുടര്‍ന്നും സിപിഎമ്മിന്റെ സഹയാത്രികനായി ജലീല്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ സഹകരണ വകുപ്പുണ്ട്. അതിന് ഇഡി വരേണ്ട കാര്യമില്ല. അങ്ങിനെയൊരു സാഹചര്യം ഒരുക്കേണ്ടതില്ല. ഇഡി വരികയെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് ജലീലും വ്യക്തമാക്കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച കോവിഡ് രോഗികളില്‍ 66 ശതമാനം രോഗികളും കേരളത്തില്‍. 37,870 കോവിഡ് രോഗികളില്‍ 36,666 രോഗികളും കേരളത്തിലാണ്. ഇന്നലത്തെ മരണങ്ങളില്‍ 57.09 ശതമാനം മരണങ്ങളും കേരളത്തിലാണ് രേഖപ്പെടുത്തിയത്. 310 മരണങ്ങളില്‍ 177 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ സജീവരോഗികളില്‍ 61.35 ശതമാനവും കേരളത്തില്‍ തന്നെ. രാജ്യത്തെ 3,87,395 സജീവരോഗികളില്‍ 2,37,678 പേരും കേരളത്തിലാണുള്ളത്.

🔳സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഭയക്കേണ്ടതില്ലാത്ത സാഹചര്യത്തിലേക്ക് എത്തുകയാണെന്നും സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ഗൗരവമുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് വിദഗ്ധരുമായി ചര്‍ച്ച നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

🔳പൊലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് പോലീസ് മേധാവി അനില്‍ കാന്ത്. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഡിജിപി പുറത്തിറക്കി. പൊതുജനങ്ങളോട് സഭ്യമായ വാക്കുകള്‍ മാത്രമേ ഉപയോഗിക്കാവൂ. എടാ, എടീ, നീ എന്നീ വാക്കുകള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ അഭിസംബോധന ചെയ്യരുത്. പൊലീസ് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് പെരുമാറുന്ന രീതികള്‍ ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് സസൂക്ഷ്മം നിരീക്ഷിക്കും. നിര്‍ദ്ദേശത്തിന് വിരുദ്ധമായ സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ബന്ധപ്പെട്ട യൂണിറ്റ് മേധാവി ഉടന്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. പൊതുജനങ്ങളോട് പൊലിസ് സഭ്യമായി പെരുമാറണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഡിജിപി പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കിയത്.

🔳സംസ്ഥാനത്തിന് തന്നെ അപമാനമായി കോഴിക്കോട് കൂട്ടബലാത്സംഗം. കൊല്ലം സ്വദേശിയായ യുവതിയെ(32) പ്രണയം നടിച്ച് വിളിച്ചു വരുത്തി മയക്കുമരുന്ന് നല്‍കി നാല് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് വിവരം. കോഴിക്കോട് ചേവരമ്പലത്തെ സ്വകാര്യ ഹോട്ടലില്‍ വച്ചാണ് പീഡനം നടന്നത്. സംഭവത്തില്‍ അത്തോളി സ്വദേശികളായ അജ്‌നാസ്, ഫഹദ് എന്നിവര്‍ അറസ്റ്റിലായി. രണ്ട് പേര്‍ക്കായി പൊലീസ് തിരച്ചില്‍ തുടരുകയാണ്. അബോധാവസ്ഥയിലായ യുവതിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

🔳യുവതി കൂട്ട ബലാല്‍സംഗത്തിനിരയായ സംഭവത്തില്‍ പിടിയിലാകാനുള്ള പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. അത്തോളി സ്വദേശികളായ രണ്ട് പേരാണ് ഇനി പിടിയിലാകാനുള്ളത്. ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും. പീഡനം നടന്ന ലോഡ്ജിനെതിരെ പ്രദേശവാസികളില്‍ നിന്നടക്കം പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സംഭവത്തില്‍ ലോഡ്ജ് നടത്തിപ്പുകാരുടെ പങ്കും അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.

🔳അഫ്ഗാനിസ്ഥാനില്‍ ഇടക്കാല സര്‍ക്കാരുണ്ടാക്കിയതിന് പിന്നാലെ പ്രതികാര നടപടികള്‍ ശക്തമാക്കി താലിബാന്‍. അഫ്ഗാനിസ്ഥാന്റെ മുന്‍ വൈസ് പ്രസിഡന്റ് അമറുള്ള സലേയുടെ മൂത്ത ജേഷ്ഠന്‍ റൂഹുള്ള സലേയെ താലിബാന്‍ വധിച്ചു. റൂഹുള്ള സലേയുടെ കുടുംബത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

🔳രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഒറ്റപ്പെടുത്തരുതെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡായ ക്രിക്കറ്റ് ഓസ്ട്രേലിയയോട് അഭ്യര്‍ത്ഥിച്ച് അഫ്ഗാനിസ്ഥാന്‍. വനിതാ താരങ്ങളെ കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന്റെ നിര്‍ദേശത്തിന് പിന്നാലെ നവംബറില്‍ അഫ്ഗാന്‍ പുരുഷ ടീമിനെതിരെ നടക്കുന്ന ഏക ടെസ്റ്റില്‍ നിന്ന് പിന്‍മാറുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ ഭരണമാറ്റത്തില്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ലെന്ന് പറഞ്ഞ അഫ്ഗാന്‍ ക്രിക്കറ്റ് താരം സമിയുള്ള ഷെന്‍വാരി അഫ്ഗാന്‍ ക്രിക്കറ്റിനായി വാതിലുകള്‍ തുറന്നിടാന്‍ മറ്റ് രാജ്യങ്ങള്‍ തയാറാവണമെന്നും അഫ്ഗാനിസ്ഥാനെ ഒറ്റപ്പെടുത്തരുതെന്നും അഭ്യര്‍ത്ഥിച്ചു. ക്രിക്കറ്റ് ഓസ്ട്രേലിയ അഫ്ഗാനുമായുള്ള ടെസ്റ്റ് മത്സരം റദ്ദാക്കിയാല്‍ ക്രിക്കറ്റ് ലോകത്ത് അഫ്ഗാന്‍ ഒറ്റപ്പെടുമെന്നും ഐസിസി വിഷയത്തില്‍ ഇടപെടണമെന്നും ഷെന്‍വാരി പറഞ്ഞു.  

🔳ഫുട്ബോള്‍ ലോകകപ്പ് രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ സംഘടിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഫിഫയുടെ നീക്കം ഫുട്ബോളിനെ കൊല്ലുമെന്ന് യുവേഫ പ്രസിഡന്റ് അലക്സാണ്ടര്‍ സെഫെറിന്‍ പറഞ്ഞു. തെക്കന്‍ അമേരിക്കന്‍ ഫുട്ബോള്‍ സംഘടനയും ഫിഫയുടെ നീക്കത്തെ എതിര്‍ക്കുമെന്നാണ് വിവരമെന്നും സെഫെറിന്‍ പറഞ്ഞു. ഫിഫയുടെ നീക്കത്തിനെതിരെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അടക്കം യൂറോപ്പിലെ 36 ദേശീയ ലീഗുകള്‍ പ്രമേയം പാസ്സാക്കി.

🔳ഇന്ത്യന്‍ ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് റദ്ദാക്കിയ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റ് അടുത്തവര്‍ഷം കളിക്കാമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിനോട് ബിസിസിഐ. അടുത്തവര്‍ഷം ഏകദിന, ടി20 പരമ്പരക്കായി ഇന്ത്യ ഇംഗ്ലണ്ടിലെത്തുമ്പോള്‍ ഒരു ടെസ്റ്റ് കൂടി പരമ്പരയില്‍ ഉള്‍പ്പെടുത്താമെന്നാണ് ബിസിസിഐയുടെ വാഗ്ദാനം.

🔳കേരളത്തില്‍ ഇന്നലെ 1,51,317 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 25,010 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.53. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 794 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ വാര്‍ഡുകളാണുള്ളത്. അതില്‍ 692 വാര്‍ഡുകള്‍ നഗര പ്രദേശങ്ങളിലും 3416 വാര്‍ഡുകള്‍ ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 177 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 22,303 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 23,791 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1012 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 23,535 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,37,643 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. സെപ്റ്റംബര്‍ 10 വരെ, വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 78 ശതമാനമായ 2,22,94,029 പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 30 ശതമാനമായ 86,55,858 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തൃശൂര്‍ 3226, എറണാകുളം 3034, മലപ്പുറം 2606, കോഴിക്കോട് 2514, കൊല്ലം 2099, പാലക്കാട് 2020, തിരുവനന്തപുരം 1877, ആലപ്പുഴ 1645, കണ്ണൂര്‍ 1583, കോട്ടയം 1565, പത്തനംതിട്ട 849, ഇടുക്കി 826, വയനാട് 802, കാസര്‍ഗോഡ് 364.

🔳രാജ്യത്ത് ഇന്നലെ 37,870 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 36,666 പേര്‍ രോഗമുക്തി നേടി. മരണം 310. ഇതോടെ ആകെ മരണം 4,42,350 ആയി. ഇതുവരെ 3,32,00,877 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.87 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 4154 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,631 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,608 പേര്‍ക്കും മിസോറാമില്‍ 1,055 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 5,73,458 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,60,960 പേര്‍ക്കും ബ്രസീലില്‍ 15,951 പേര്‍ക്കും റഷ്യയില്‍ 18,341 പേര്‍ക്കും ഇംഗ്ലണ്ടില്‍ 37,622 പേര്‍ക്കും തുര്‍ക്കിയില്‍ 23,562 പേര്‍ക്കും ഇറാനില്‍ 21,114 പേര്‍ക്കും മലേഷ്യയില്‍ 21,176 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 22.45 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.88 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 8,647 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,603 പേരും ബ്രസീലില്‍ 641 പേരും റഷ്യയില്‍ 789 പേരും ഇറാനില്‍ 445 പേരും ഇന്‍ഡോനേഷ്യയില്‍ 315 പേരും മെക്സിക്കോയില്‍ 730 പേരും മലേഷ്യയില്‍ 341 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 46.28 ലക്ഷം.

🔳ഡിജിറ്റലായി സ്വര്‍ണം വാങ്ങാനുള്ള പുതിയ പദ്ധതി അവതരിപ്പിച്ച് ജൂവല്‍റി ഗ്രൂപ്പായ കല്യാണ്‍ ജൂവലേഴ്സ്. പ്രിഷ്യസ് മെറ്റല്‍ മാനേജ്മെന്റ് കമ്പനിയായ ഓഗ്മോണ്ടുമായി ചേര്‍ന്നാണ് ലോകത്തെവിടെയിരുന്നും ഡിജിറ്റലായി സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള കല്യാണ്‍ ഡിജിറ്റല്‍ ഗോള്‍ഡ് എന്ന സംരംഭം കല്യാണ്‍ ജൂവലേഴ്സ് ആരംഭിക്കുന്നത്. വാങ്ങുന്ന സ്വര്‍ണം അഞ്ച് വര്‍ഷം വരെ ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായി സൂക്ഷിക്കാനാകും. നിക്ഷേപ പദ്ധതി തുകയല്ലാതെ അധികമൊന്നും ഇതിനായി ഈടാക്കില്ലെന്നും കല്യാണ്‍ ജൂവലേഴ്സ് വ്യക്തമാക്കുന്നു.

🔳ചെക്ക് ബുക്ക് സംബന്ധിച്ച് അക്കൗണ്ടുടമകള്‍ക്ക് മുന്നറിയിപ്പുമായി പ്രമുഖ പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക്. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നി പൊതുമേഖല ബാങ്കുകള്‍ 2020 ഏപ്രിലില്‍ പിഎന്‍ബിയില്‍ ലയിച്ചിരുന്നു. ഈ രണ്ടു ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ അസാധുവാകുമെന്നാണ് പിഎന്‍ബി ട്വിറ്ററിലൂടെ അറിയിച്ചത്. എടിഎം, ഇന്റര്‍നെറ്റ് ബാങ്കിങ്, പിഎന്‍ബി വണ്‍ എന്നിവയിലൂടെ പുതിയ ചെക്ക്ബുക്കിന് അപേക്ഷ നല്‍കാം. കൂടാതെ കോള്‍ സെന്റര്‍ വഴിയും പുതിയ ചെക്ക്ബുക്ക് ആവശ്യപ്പെടാം.

🔳ടൊവീനോ തോമസ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബേസില്‍ ജോസഫ് ചിത്രം 'മിന്നല്‍ മുരളി' ഡയറക്റ്റ് ഒടിടി റിലീസ് ആയി നെറ്റ്ഫ്ളിക്സിലൂടെയാണ് എത്തുക. ഇപ്പോഴിതാ ടൊവീനോ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരു ചിത്രവും ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുന്നു. ബോബി-സഞ്ജയ്യുടെ രചനയില്‍ മനു അശോകന്‍ സംവിധാനം ചെയ്തിരിക്കുന്ന 'കാണെക്കാണെ'യാണ് ആ ചിത്രം. സോണി ലിവ് എന്ന പ്രമുഖ ഒടിടി പ്ലാറ്റ്ഫോം വഴിയാണ് ചിത്രം എത്തുന്നത്. ഈ മാസം 17നാണ് റിലീസ്.

🔳മഞ്ജുവാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ മലയാള-അറബിക് ചിത്രം 'ആയിഷ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മഞ്ജുവിന്റെ ജന്മദിനത്തിലാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. ടൈറ്റില്‍ കഥാപാത്രത്തെയാണ് മഞ്ജു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. രചന ആഷിഫ് കക്കോടി. ഇന്തോ-അറബിക് പശ്ചാത്തലത്തിലൊരുങ്ങുന്ന , ഈ കുടുംബ ചിത്രം പൂര്‍ണ്ണമായും ഗള്‍ഫിലാണ് ചിത്രീകരിക്കുന്നത്.

🔳ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഏറെ പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഒരു എസ്യുവി മോഡലാണ് കിക്‌സ്. എന്നാല്‍ കിക്സിന് വിപണിയില്‍ വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. പ്രതിമാസ വില്‍പ്പനയില്‍ വലിയ ഇടിവാണ് ഉണ്ടായത്. പിന്നാലെ കമ്പനി അവതരിപ്പിച്ച മാഗ്നൈറ്റാണെങ്കില്‍ ബുക്കിംഗിലും വില്‍പ്പനയിലും കുതിച്ചുപായുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ കിക്‌സിന്റെ വില്‍പനയില്‍ വര്‍ധനയുണ്ടാകാന്‍ കമ്പനി എല്ലാ മാസവും വലിയ ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഈ മാസം പരമാവധി ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങളോടെയാണ് വാഹനം വില്‍പ്പനയ്ക്കെത്തിക്കുന്നത്.

🔳സാഹിത്യദര്‍ശനങ്ങളില്‍ ആസ്വാദനവും ചിന്തയും സമ്മേളിക്കുമ്പോള്‍ രൂപം പ്രാപിക്കുന്ന ആശയങ്ങളും നിരീക്ഷണങ്ങളും ദര്‍ശനങ്ങളുമാണ് ഈ കൃതിയില്‍ ഉള്ളടങ്ങിയിരിക്കുന്നത്. സാഹിത്യത്തിന്റെ അടിസ്ഥാനപരമായ സിദ്ധാന്തങ്ങള്‍, കലയില്‍ നിന്നു ലഭിക്കുന്ന ആനന്ദം, അവയുടെ സ്വഭാവം, ആശയവിനിമയങ്ങള്‍, സാഹിതീയപ്രമേയങ്ങള്‍ ഇവയെല്ലാം ഉള്‍ക്കൊള്ളുന്ന കൃതി. 'സാഹിത്യദര്‍ശനം'. പ്രൊഫ എം കെ സാനു. ഗ്രീന്‍ ബുക്സ്. വില 166 രൂപ.

🔳നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നുകൂടിയാണ് തേങ്ങാപ്പാല്‍. വിറ്റാമിന്‍ സി, കാത്സ്യം, അയണ്‍, എന്നിവ തേങ്ങാപ്പാലില്‍ ധാരാളം അടങ്ങിയിരിക്കുന്നു. തേങ്ങാപ്പാലിലെ ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യം രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കും. വിളര്‍ച്ച പോലുള്ള ആരോഗ്യപ്രശ്‌നങ്ങളെ തടയാനും തേങ്ങാപ്പാല്‍ ശീലമാക്കാം. ധാരാളം നാരുകളടങ്ങിയതിനാല്‍ അമിതവണ്ണം കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവര്‍ക്ക് ഭക്ഷണത്തില്‍ തേങ്ങാപ്പാല്‍ ഉള്‍പ്പെടുത്താം. കൂടാതെ സൗന്ദര്യ സംരക്ഷണത്തിനും തേങ്ങാപ്പാല്‍ നല്ലതാണ്. തലമുടി, ചര്‍മ്മം ഇവയുടെ സംരക്ഷണത്തിന് തേങ്ങാപ്പാലിലെ വിറ്റാമിനുകളും മിനറലുകളും സഹായിക്കും. പ്രത്യേകിച്ച് മുടിയിഴകളുടെ ആരോഗ്യത്തിന് അത്യുത്തമമാണ് തേങ്ങാപ്പാല്‍. ആഴ്ചയില്‍ രണ്ട് തവണ തേങ്ങാപ്പാല്‍ ഉപയോഗിച്ച് തല കഴുകുന്നത് തലമുടി കൊഴിച്ചില്‍ തടയാനും മുടി മൃദുലമാകാന്‍ സഹായിക്കും. മുടിയുടെ അറ്റം പിളരുന്നത് തടയാനും ശിരോചര്‍മത്തിലെ ചൊറിച്ചില്‍, അസ്വസ്ഥത ഇവ ഒഴിവാക്കാനും തേങ്ങാപ്പാല്‍ സഹായിക്കും. അതുപോലെ തന്നെ, ചര്‍മ്മത്തിന് മൃദുലത നല്‍കാനും ചുളിവുകള്‍ അകറ്റാനും തേങ്ങാപ്പാല്‍ സഹായിക്കും. വെയിലേറ്റ് മുഖത്തുണ്ടാകുന്ന കരുവാളിപ്പ് അകറ്റാനും ഇവ സഹായിക്കും. ഇതിനായി രണ്ട് ടീസ്പൂണ്‍ തേങ്ങാപ്പാലില്‍ മൂന്ന് തുള്ളി ബദാം ഓയിലും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ശേഷം ഇത് മുഖത്ത് പുരട്ടാം. അരമണിക്കൂറിന് ശേഷം കഴുകികളയാം.

*ശുഭദിനം*
*കവിത കണ്ണന്‍*

രാജാവായ സിംഹത്തിന് പ്രായമായതുകൊണ്ട് ഓടിനടന്ന് ഇരപിടിക്കാനുള്ള ശേഷി ഇല്ല. അതുകൊണ്ട് ഇരപിടിക്കാന്‍ സിംഹം കഴുതയെ കൂട്ടുപിടിച്ചു. കഴുതയെ ആടുകള്‍ താമസിക്കുന്ന ഗുഹയുടെ ഉള്ളിലേക്ക് കടത്തിവിട്ടു. തങ്ങളുടെ ഇടയിലേക്ക് അപ്രതീക്ഷിതമായി കഴുത ചാടിവീണത് കണ്ട് ഭയന്ന ആടുകള്‍ കുറച്ചെണ്ണം ഗുഹയ്ക്ക് പുറത്തേക്ക് ഓടി. അവിടെ കാത്തുനിന്ന സിംഹം അവയെ കൊന്നുതിന്നു. തന്റെ പ്രകടനമെല്ലാം കണ്ട കഴുത സ്വയം പറഞ്ഞു: എന്തൊരു ശക്തിയാണ് എനിക്ക് ഒരു തൊഴിക്ക് എത്ര ആടുകളാണ് പുറത്ത് ചത്തുകിടക്കുന്നത്. പലതവണ ഇത് പറഞ്ഞപ്പോള്‍ സിഹം പറഞ്ഞു: വെറുതെയല്ല, ലോകം മുഴുവന്‍ നിന്നെ കഴുത എന്ന് വിളിക്കുന്നത്.... ചിലപേരുകള്‍ പാരമ്പര്യമായി കിട്ടുന്നതാണ്. ചിലത് പെരുമാറ്റത്തിലൂടെ ലഭിക്കുന്നതും. പാരമ്പര്യമായി കിട്ടുന്ന പേരുകള്‍ വംശീയമായോ മാതാപിതാക്കളിലൂടെയോ ലഭിക്കുന്ന ആനുകൂല്യമാണ്. എന്നാല്‍ പ്രവര്‍ത്തനങ്ങളുടെ ബാക്കി പത്രമായി വന്നുവീഴുന്ന പേരുകള്‍ സത്യസന്ധവും സ്വഭാവമഹിമ വെളിപ്പെടുത്തുന്നതുമായിരിക്കും. ഇരട്ടപ്പേരുകള്‍ പലപ്പോഴും യാഥാര്‍ത്ഥ്യമാകുന്നതിന് കാരണം അവയ്ക്ക് അതിന്റെ ഉടമകളുടെ ആകാരത്തോടും പ്രകൃതത്തോടും സാമ്യമുള്ളതുകൊണ്ടാണ്. കര്‍മ്മം കൊണ്ട് ലഭിക്കുന്ന പേരാണ് ജന്മം കൊണ്ട് ലഭിക്കുന്ന പേരിനേക്കാള്‍ പ്രധാനം. അവനവന്റെ കഴിവുകള്‍ക്ക് , അതെത്ര ചെറുതായാലും, പിതൃത്വവും തനിമയുമുണ്ടാകും. സ്വന്തം സവിശേഷതകളെ ഉപയോഗപ്പെടുത്തി ജീവിക്കുന്നവര്‍ക്ക്, എത്ര വലിയ സമൂഹമായാലും, തന്റേതായ ഇടം കണ്ടെത്താന്‍ ഉറപ്പായും സാധിക്കും - ശുഭദിനം
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only