👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


05 സെപ്റ്റംബർ 2021

ബാധിക്കുക ശ്വാസകോശത്തില്‍ അല്ലെങ്കില്‍ തലച്ചോറില്‍; എന്താണ് നിപ വൈറസ്, എന്തൊക്കെയാണ് ലക്ഷണങ്ങള്‍!
(VISION NEWS 05 സെപ്റ്റംബർ 2021)

തലച്ചോറിനെ ബാധിക്കുന്ന എന്‍സെഫലിറ്റീസ് രോഗം ഉണ്ടാക്കുന്ന വൈറസാണ് നിപാ വൈറസ്. സാധാരാണ വവ്വാലുകളിലാണ് ഈ വൈറസ് കാണുക. വവ്വാലിന്റെ പ്രജനന സമയത്താണ് വൈറസ് കൂടുതലായും പുറത്തേക്ക് വരിക. ഈ സമയത്ത് വവ്വാലില്‍ നിന്ന് നേരിട്ടോ വവ്വാലുമായി ബന്ധമുള്ള മറ്റ് ജീവികളില്‍ നിന്നോ സാധനങ്ങളില്‍ നിന്നോ മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ വൈറസ് എത്താം. ഇത് രണ്ട് തരത്തില്‍ ബാധിക്കാം ചിലരില്‍ തലച്ചോറിനെ ബാധിക്കുന്ന രോഗലക്ഷണങ്ങളായിട്ട് വരാം. മറ്റുചിലരില്‍ ശ്വാസകോശത്തെ ബാധിക്കുന്ന രീതിയില്‍ വരാം. ശ്വാസകോശങ്ങളെ ബാധിക്കുന്ന ചുമ, പനി, ശ്വാസ തടസ്സം തുടങ്ങിയ രോഗലക്ഷണങ്ങളുള്ള രോഗികളില്‍ നിന്നാണ് കൂടുതല്‍ പേരിലേക്ക് രോഗം വരാന്‍ സാധ്യത ഉള്ളത്.  

കോഴിക്കോട് വീണ്ടും നിപ മരണമുണ്ടായ പശ്ചാത്തലത്തില്‍ 2017 ല്‍ രോഗവ്യാപനമുണ്ടായ ഘട്ടത്തില്‍ നിപ ആണെന്ന സംശയം ആദ്യം ഉന്നയിച്ച് നിര്‍ണായക വഴിത്തിരിവ് നല്‍കിയ ഡോക്ടര്‍ എ.എസ് അനൂപ്കുമാര്‍ പുതിയ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കുന്നു. 

നൂറ് ശതമാനം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമോ?

നിപ്പക്ക് ഇത് വരെ കൃത്യമായ ഒരു ചികിത്സ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പല രീതിയിലുള്ള ആന്റിവൈറല്‍ മരുന്നുകളും ഉപയോഗിക്കുന്നുണ്ട്. റിബവൈറിനൊപ്പം കോവിഡിന് ഉപയോഗിക്കുന്ന ചിലമരുന്നുകളും നമ്മള്‍ ഈ രോഗം ചികിത്സിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. 2018ല്‍ രോഗം സ്ഥിരീകരിക്കുമ്പോള്‍ കേരളത്തില്‍ ഈ മരുന്നുകള്‍ നമുക്ക് ഉണ്ടായിരുന്നില്ല. ഇന്ന് മരുന്നുകള്‍ കേരളത്തില്‍ ലഭ്യമാണ്. 
ഈ കുട്ടിയുടെ ഉറവിടം എത്രയും പെട്ടന്ന് കണ്ടെത്തേണ്ടതുണ്ട്. വവ്വാലിലൂടെ നേരിട്ടാണോ അതോ മറ്റേതെങ്കിലും രീതിയിലാണോ കുട്ടിക്ക് രോഗം പകര്‍ന്നതെന്ന് എത്രയും വേഗം കണ്ടേത്തണ്ടത് രോഗ വ്യാപനം തടയാന്‍ അത്യാവശ്യമാണ്.

ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടോ?

ഒരിക്കലും ഇല്ല, മരണ നിരക്ക് കൂടുതലാണെങ്കിലും രോഗവ്യാപന നിരക്ക് വളരെ കുറവുള്ള രോഗമാണിത്. മാത്രമല്ല നമ്മള്‍ എല്ലാവരും കോവിഡിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങള്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ ആരോഗ്യപ്രവര്‍ത്തകരിലേക്കോ പൊതുജനങ്ങളിലേക്കോ വലിയ രീതിയില്‍ രോഗം വ്യാപിക്കില്ല. മാത്രവുമല്ല കോവിഡില്‍ നിന്നും വ്യത്യസ്തമായി ഉറവിടം കണ്ടെത്തിയാല്‍ ഒരു പരിധിവരെ നമുക്ക് നിപ്പയുടെ വ്യാപനം തടയാം. 2018ന് ശേഷം കേരളത്തിന് പുറത്ത് പലയിടത്തും ഈ രോഗം കണ്ടിട്ടുണ്ട്. അവിടെ എല്ലാം ഒരു കുടുംബത്തിലെ രണ്ടോ മൂന്നോ പേരില്‍ മാത്രമാണ് രോഗം കണ്ടിട്ടുള്ളത് എന്നതും നമുക്ക് ആശ്വാസകരമാണ്.

പ്രതിരോധ മാര്‍ഗങ്ങള്‍?

കോവിഡില്‍ സ്വീകരിക്കുന്ന പോലെ തന്നെ രോഗിയില്‍ നിന്നും മാറി നില്‍ക്കുക. മാസ്‌ക് ധരിക്കുക. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായി പരിശോധനക്ക് വിധേയരാവുക ക്വാറന്റൈന്‍ പാലിക്കുക. രോഗികളെ പരിചരിക്കുന്നവര്‍ കൃത്യമായ ചികിത്സാ മാനദണ്ഡങ്ങള്‍ പാലിക്കുക.

ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച സ്ഥലത്തുള്ളവര്‍ എന്തൊക്കെ മുന്‍കരുതല്‍ സ്വീകരിക്കണം?
കുട്ടിയുടെ രോഗത്തിന്റെ ഉറവിടം ആണ് ആദ്യം കണ്ടെത്തേണ്ടത്. പ്രദേശത്ത് സമാനമായ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉണ്ടോ, മസ്തിഷ്‌ക ജ്വരം ഉള്ളവര്‍ ആരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കണം. ഉണ്ടെങ്കില്‍ അവരേയും പരിശോധനക്ക് വിധേയമാക്കണം. ആരെങ്കിലും സമാന ലക്ഷണങ്ങളോടെ മരിച്ചിട്ടുണ്ടോ എന്നും നോക്കണം. ഈ കുട്ടി മൂന്ന് സ്ഥലങ്ങളില്‍ ചികിത്സ തേടിയിട്ടുണ്ട്. ഈ കുട്ടിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രവര്‍ത്തകരേയും ഈ കുട്ടി ചികിത്സ തേടിയിരുന്ന സ്ഥലങ്ങളില്‍ ഒപ്പം ചികിത്സ തേടിയവരേയും ക്വാറന്റൈന്‍ ചെയ്യണം. ഉടന്‍ സാമ്പിളുകള്‍ പരിശോധിക്കുകയും വേണം.

കോവിഡും നിപ്പയും മാറിപ്പോകാവുന്ന സാഹചര്യം ഉണ്ടോ?

കോവിഡ് പോലെ ലക്ഷണങ്ങളില്ലാത്ത രോഗികള്‍ നിപ്പയില്‍ ഇല്ല, രോഗം ഉള്ളവര്‍ എല്ലാവരും തന്നെ ലക്ഷണങ്ങള്‍ കാണിക്കുകയും പെട്ടന്ന് ഗുരുതരമായ അവസ്ഥയിലേക്ക് പോവുകയും ചെയ്യും. അത് കൊണ്ട് സമൂഹത്തില്‍ നമ്മള്‍ അറിയാത്ത ഒരു രോഗവ്യാപനം ഉണ്ടാവില്ല. പനി ഉള്‍പ്പടെയുള്ള രോഗലക്ഷണം ഉള്ളവര്‍ ആദ്യം കോവിഡ് പരിശോധനയ്ക്ക് വിധേയരാവുക. കോവിഡ്‌നെഗറ്റീവ് ആവുകയും ലക്ഷണങ്ങള്‍ നിലനില്‍ക്കുകയുമാണെങ്കില്‍ ഉടന്‍ നിപ്പ പരിശോധനക്ക് വിധേയരാവണം. നേരിയ പനിയുള്ള എല്ലാവരേയും നിപ്പയുണ്ടോ എന്ന സംശയത്തില്‍ പരിശോധിക്കേണ്ടതില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only