26/09/2021

നടൻ തൃശൂർ ചന്ദ്രന്‍ അന്തരിച്ചു; രസതന്ത്രം, പഴശ്ശിരാജ എന്നീ സിനിമകളിലെ അഭിനേതാവ്
(VISION NEWS 26/09/2021)
തൃശൂർ ∙ നടൻ പട്ടത്ത് ചന്ദ്രന്‍ (59) അന്തരിച്ചു. തൃശൂര്‍ ചന്ദ്രന്‍ എന്നറിയപ്പെടുന്ന അദ്ദേഹം ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. സിനിമയിലെത്തും മുൻപ് നാടക നടന്‍ എന്ന നിലയില്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചന്ദ്രന്‍, കലാനിലയം, തിരുവനന്തപുരം അതുല്യ, ഗുരുവായൂര്‍ ബന്ധുര, കൊല്ലം ഐശ്വര്യ, തൃശൂര്‍ ചിന്മയ, ഓച്ചിറ ഗുരുജി എന്നീ ട്രൂപ്പുകളിൽ സജീവമായിരുന്നു.
‘വെനീസിലെ വ്യാപാരി’ എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള 2002ലെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചു. പി.എന്‍.മേനോന്‍, സത്യന്‍ അന്തിക്കാട്, ഹരിഹരന്‍ എന്നീ സംവിധായകരുടെ സിനിമയില്‍ അഭിനയിച്ചു. കലാനിലയം എന്ന നാടകത്തിലെ അദ്ദേഹത്തിന്റെ പ്രകടനം കണ്ടാണ് സത്യന്‍ അന്തിക്കാട് സിനിമയിലേക്ക് ക്ഷണിച്ചത്.

രസതന്ത്രം, അച്ചുവിന്റെ അമ്മ, ഭാഗ്യദേവത, ഇന്നത്തെ ചിന്താവിഷയം, പഴശ്ശിരാജ, മഞ്ചാടിക്കുരു തുടങ്ങിയ സിനിമകളിലും സീരിയലിലും ശ്രദ്ധേയ വേഷം ചെയ്തു. ഭാര്യ: വിജയലക്ഷ്മി. മക്കള്‍: സൗമ്യ, വിനീഷ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only