24/09/2021

യുവതിയെ റിസോർട്ടിൽ താമസിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; നാലുപേർ അറസ്റ്റിൽ
(VISION NEWS 24/09/2021)
തൃശൂർ: മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട് വീട്ടുകാർ അറിയാതെ വിവാഹം ചെയ്ത യുവതിയെ റിസോർട്ടിൽ താമസിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. ശ്രീനാരയണപുരം സ്വദേശികളായ ശ്രീകുമാർ(28), മജീഷ്(38), രാംജി(46), രാജൻ(46) എന്നിവരാണ് അറസ്റ്റിലായത്. യുവതിയെ വിവാഹം ചെയ്തശേഷം നഗ്നദൃശ്യങ്ങൾ പകർത്തിയ കേസിലെ ഒന്നാം പ്രതി അരുൺ ഇതുവരെ അറസ്റ്റിലായിട്ടില്ല. വിദേശത്തുള്ള ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, വിവാഹമോചിതയായ യുവതിയെ ആലപ്പുഴ സ്വദേശിയായ അരുൺ മാട്രിമോണിയൽ വെബ്സൈറ്റ് വഴിയാണ് ചതിയിൽപ്പെടുത്തുന്നത്. ടാക്സി ഡ്രൈവറായി ജോലി ചെയ്തിരുന്ന അരുൺ, താൻ കുടുംബസമേതം അയർലൻഡിലാണെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും വിവാഹം കഴിക്കാൻ സന്നദ്ധനാണെന്ന് അറിയിക്കുകയുമായിരുന്നു. ഇത് അനുസരിച്ച് ആലപ്പുഴയിലെ ഒരു ക്ഷേത്രത്തിൽവെച്ച് അരുൺ യുവതിയെ വിവാഹം കഴിച്ചു. വീട്ടുകാർ അറിയാതെയാണ് യുവതി വിവാഹത്തിനായി ആലപ്പുഴയിൽ എത്തിയത്.

വിവാഹശേഷം വീട്ടിലേക്ക് പോകാതെ ഒരു റിസോർട്ടിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു അരുണും യുവതിയും. ഇതിനിടെ യുവതിയുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ട അരുൺ തന്ത്രപരമായി നഗ്നദൃശ്യങ്ങൾ പകർത്തുകയായിരുന്നു. എന്നാൽ മറ്റൊരു സുഹൃത്ത് വഴി അരുണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസിലാക്കിയ യുവതി തന്ത്രപരമായി അവിടെനിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

അതിനുശേഷം അരുണുമായുള്ള അടുപ്പം യുവതി അവസാനിപ്പിക്കുകയും ചെയ്തു. മറ്റൊരാളെ വിവാഹം കഴിക്കാനും യുവതി ശ്രമിച്ചു. ഇതിനിടെ വിദേശത്തേക്ക് പോയ അരുൺ ഇക്കാര്യം അറിഞ്ഞു. ഇതോടെയാണ് വിദേശത്തുനിന്ന് യുവതിയുടെ നഗ്നദൃശ്യങ്ങൾ അരുൺ വാട്സാപ്പ് വഴി പ്രചരിപ്പിച്ചത്. ഈ ദൃശ്യങ്ങൾ യുവതിയുടെ വീടിന് അടുത്തുള്ള ചില ചെറുപ്പക്കാർക്കും ലഭിച്ചിരുന്നു. ഇവർ ഇത് പ്രചരിപ്പിക്കാൻ ശ്രമിച്ചു. ഈ നാലുപേരാണ് ഇപ്പോൾ പൊലീസിന്‍റെ പിടിയിലായിട്ടുള്ളത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only