13 സെപ്റ്റംബർ 2021

കുട്ടികളിലെ ആത്മഹത്യാ പ്രവണത എങ്ങനെ തിരിച്ചറിയാം, തടയാം?
(VISION NEWS 13 സെപ്റ്റംബർ 2021)
ലോകാരോഗ്യ സംഘടന സെപ്റ്റംബർ 10 ലോക ആത്മഹത്യാ പ്രതിരോധ ദിനമായി ആചരിക്കുന്നു. നമ്മൾ ഇത് ചർച്ച ചെയ്യുന്ന ഓരോ മണിക്കൂറിലും ഇന്ത്യയിൽ ഒരു ആത്മഹത്യ നടക്കുന്നു എന്നാണ് കണക്ക്. ആത്മഹത്യാനിരക്ക് ഏറ്റവും കൂടുതൽ 14 വയസ്സ് മുതൽ 29 വയസ്സ് വരെയുള്ള പ്രായക്കാരിലാണ്. കുട്ടികളുടെ ആത്മഹത്യാ നിരക്കിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് മുമ്പിൽ. നമ്മുടെ കുഞ്ഞു കേരളം അതിൽ അഞ്ചാമതും. കഴിഞ്ഞ വർഷം ജനുവരി മുതൽ ഓഗസ്റ്റ് മാസം വരെ നമ്മുടെ കൊച്ചു കേരളത്തിൽ 178 കുട്ടികളാണ് സ്വയം ജീവനെടുത്തത്. അവരിൽ 50 കുട്ടികൾ പഠനത്തിൽ മികച്ചവരായിരുന്നു. ഒരാൾ രാഷ്ട്രപതിയുടെ അവാർഡ് നേടിയിരുന്നു, മറ്റൊരാൾ ക്ലാസ് ലീഡറായിരുന്നു, ഇനി മറ്റൊരാൾ സ്റ്റുഡന്റ് പോലീസ് കേഡറ്റായിരുന്നു. ഇതെല്ലാം കാണിക്കുന്നത് കുട്ടികളിലെ ആത്മഹത്യാ പ്രവണതകൾ തിരിച്ചറിയാൻ നമ്മൾ ഇനിയും വൈകുന്നു എന്നാണ്. ഈ ഒരു സാഹചര്യത്തിൽ നമ്മുടെ കുരുന്നു ജീവനുകൾ പൊലിയുന്നതിനു കാരണങ്ങൾ എന്തെല്ലാം, അത് തടയാൻ നാം എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന ഒരു ആശയവുമായാണ് ശിശുരോഗ വിദഗ്ദ്ധരുടെ സംഘടന ആയ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കേരള ശാഖ 2021-2022 കാലഘട്ടത്തിൽ നിങ്ങൾക്കെന്തോ പറയാനുണ്ട്, ഞങ്ങൾക്ക് കേൾക്കാൻ സമയവുമുണ്ട് എന്ന സന്ദേശവുമായി മുന്നോട്ട് വന്നിട്ടുള്ളത്. കുട്ടികൾ ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്നും ആത്മഹത്യക്ക് പ്രേരകങ്ങളായ ഘടകങ്ങൾ എന്തൊക്കെയാണെന്നും നമുക്ക് നോക്കാം കൗമാരപ്രായം ശാരീരികമായും മാനസികമായും ഒരുപാട് മാറ്റങ്ങൾ വരുന്ന കാലമാണ്. ജീവിതത്തിൽ പ്രശ്നങ്ങളും പ്രതിബന്ധങ്ങളും വരുമ്പോൾ അതിനെ തരണം ചെയ്യുവാൻ കുട്ടികൾക്ക് പലപ്പോഴും കഴിയുന്നില്ല. അതിനുള്ള പരിശീലനവും ലഭിക്കുന്നില്ല. അങ്ങനെയുള്ള ഘട്ടങ്ങളിൽ രക്ഷിതാക്കളുടെയോ വിദഗ്ധരുടെയോ സഹായം സ്വീകരിക്കുവാൻ കുട്ടികൾ പലപ്പോഴും വിമുഖത കാണിക്കുന്നു. തങ്ങളുടെ ജീവിതത്തിന് ഒരു പ്രസക്തിയുമില്ല, തങ്ങളെ സഹായിക്കാൻ ആരുമില്ല, ഞങ്ങളെ കൊണ്ട് ആർക്കും ഉപകാരമില്ല എന്ന് അവർ കരുതുന്നു. അതിനാൽ തന്നെ പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗമായി അവർ ആത്മഹത്യയെ തിരഞ്ഞെടുക്കുന്നു. രക്ഷിതാക്കളുടെ ശകാരം, പ്രണയ നൈരാശ്യം, കുടുംബ വഴക്ക്, മാനസികാരോഗ്യ പ്രശ്നങ്ങൾ, മൊബൈൽ ഗെയ്മിംഗ് അഥവാ ഇന്റർനെറ്റ് അഡിക്ഷൻ, പരീക്ഷാ പേടി, പരീക്ഷ പരാജയങ്ങൾ, സഹോദരങ്ങളുമായുള്ള പ്രശ്നങ്ങൾ, ശാരീരികവും മാനസികവും ലൈംഗികവുമായുള്ള പീഡനങ്ങൾ, സാമ്പത്തിക പ്രതിസന്ധി എന്നിവയാണ് പ്രധാന കാരണങ്ങൾ ആയി പഠനങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ലഹരി ഉപയോഗങ്ങൾ, ആത്മവിശ്വാസക്കുറവ്, സോഷ്യൽ മീഡിയ വഴിയുള്ള കളിയാക്കലുകൾ, ചൂഷണങ്ങൾ, ശാരീരികമായ രോഗങ്ങൾ, ശിക്ഷണ നടപടികൾ, ഗാർഹിക പീഡനങ്ങൾ, മുതിർന്നവരുടെയും സഹപാഠികളുടെയും കളിയാക്കലുകൾ, കുടുംബാംഗങ്ങളുടെ ലഹരി ഉപയോഗം, കൗമാരക്കാരുടെ ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള ആരോഗ്യ പ്രവർത്തകരുടെ കുറവ്, ചികിത്സാ ചെലവു വഹിക്കാനുള്ള സാമ്പത്തിക ബുദ്ധിമുട്ട് എന്നിവയും കുട്ടികൾ ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ മറ്റു സാമൂഹിക കാരണങ്ങൾ ആയും പഠനങ്ങൾ പ്രതിപാദിക്കുന്നു. ദക്ഷിണേന്ത്യയിൽ നടത്തിയ ഒരു പഠനത്തിൽ 26 ശതമാനം കുട്ടികൾക്ക് വിഷാദരോഗമുണ്ടെന്നും അതിൽ തന്നെ 23 ശതമാനം കുട്ടികളിൽ ഉത്കണ്ഠയും കൂടെയുണ്ടെന്ന് കണ്ടെത്തി. ഇത്തരം കുട്ടികളിൽ മറ്റു കുട്ടികളെക്കാൾ 6 ഇരട്ടി ആത്മഹത്യ പ്രവണത കൂടുതലായിരിക്കും എന്നതും ഈ പഠനത്തിലെ പ്രധാന കണ്ടെത്തലായിരുന്നു. സമൂഹത്തിൽ ആത്മഹത്യയെക്കുറിച്ച് കുറിച്ച് കുറെ മിഥ്യാധാരണകൾ നിലവിലുണ്ട്. അവയിലെ യാഥാർഥ്യം എന്തെല്ലാമാണെന്ന് കൂടി പരിശോധിക്കാം മിഥ്യാധാരണ: 1 എന്റെ കുട്ടി സുരക്ഷിതനാണ് അല്ലെങ്കിൽ കൗമാരപ്രായക്കാർ പൊതുവെ ആത്മഹത്യ ചെയ്യാറില്ല യാഥാർഥ്യം: ഏതൊരു കൗമാരക്കാരനും ആത്മഹത്യാ പ്രവണത ഉണ്ടാവാം. കൗമാരക്കാരുടെ മരണത്തിന്റെ ഒരു പ്രധാനകാരണം തന്നെ ആത്മഹത്യയാണ്. മിഥ്യാധാരണ: 2 ഒരിക്കൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ പിന്നീടൊരിക്കലും അതിന് മുതിരില്ല യാഥാർഥ്യം: മുമ്പോഴത്തെ ആത്മഹത്യാശ്രമം ആത്മഹത്യക്ക് പ്രേരകമായ വലിയൊരു ഘടകമാണ്. അതു പോലെ ഉറ്റവരുടെ ആത്മഹത്യയും ആത്മഹത്യാ പ്രേരകമാണ്. അതിനാൽ അവർക്ക് തുടർ നിരീക്ഷണം, ചികിത്സ ആവശ്യം ആണ്. മിഥ്യാധാരണ: 3 ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്നതും അവരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കും. യാഥാർഥ്യം: ഇക്കാര്യങ്ങൾ തുറന്ന് സംസാരിക്കുന്നത് കുട്ടികൾക്ക് ആശ്വാസം പകരും. അവരെ അതിൽ നിന്നും പിന്തിരിപ്പിക്കാനും അവരെ സഹായിക്കാൻ മറ്റുള്ളവർ ഉണ്ടെന്നുള്ള തോന്നൽ ഉളവാക്കാനും സഹായിക്കും മിഥ്യാധാരണ: 4 ശ്രദ്ധയാകർഷിക്കാൻ വേണ്ടിയാണ് എപ്പോഴും ആത്മഹത്യയെ കുറിച്ച് സംസാരിക്കുന്നത് യാഥാർഥ്യം: പലപ്പോഴും ഈ സംസാരം ഗത്യന്തരമില്ലാത്തവന്റെ അവസാനത്തെ സഹായാഭ്യർത്ഥന ആവാം. അത് തിരിച്ചറിയാൻ നമുക്ക് സാധിക്കുക, അവരെ സഹായിക്കുക എന്നതാണ് പരമപ്രധാനം മിഥ്യാധാരണ: 5 ആത്മഹത്യ ഒരിക്കലും തടയാൻ പറ്റില്ല. എല്ലാ ആത്മഹത്യയും നമുക്ക് തടയാൻ സാധിക്കുമോ? യാഥാർഥ്യം: കൃത്യ സമയത്തുള്ള കൃത്യമായ ഇടപെടലുണ്ടെങ്കിൽ നമുക്ക് അഞ്ചിൽ നാല് ആത്മഹത്യയെങ്കിലും തടയാൻ സാധിക്കും. എങ്കിലും ചിലരിലെ ആത്മഹത്യ ലക്ഷണങ്ങൾ തിരിച്ചറിയാൻ നമുക്ക് സാധിക്കാൻ കഴിയാതെ വരും. മിഥ്യാധാരണ: 6 ആത്മഹത്യക്ക് ശ്രമിക്കുന്നവർ എല്ലാവരും മാനസികരോഗമുള്ളവർ ആണ്. യാഥാർഥ്യം: ഒരിക്കലും അല്ല. ആ സമയത്തെ പ്രതിസന്ധി തരണം ചെയ്യാൻ സാധിക്കാത്തതിനാലാണ് പലരും ആത്മഹത്യാ പ്രവണത കാണിക്കാറുള്ളത്. ചികിത്സയുടെ ഭാഗമായി മാനസികരോഗം ഉണ്ടോയെന്നു ഉറപ്പ് വരുത്തണണമെന്നു മാത്രം. മിഥ്യാധാരണ: 7 ഒരു മാനസികരോഗവിദഗ്ധനു മാത്രമേ ആത്മഹത്യ തടയാൻ സാധിക്കൂ. യാഥാർഥ്യം: ആത്മഹത്യ തടയുക എന്നത് ഒരു കൂട്ടായ പരിശ്രമത്തോടെ മാത്രമേ സാധിക്കൂ. മാനസികരോഗ വിദഗ്ധരോടൊപ്പം പരിശീലനം ലഭിച്ച ശിശുരോഗവിദഗ്ധർ, മറ്റ് ഡോക്ടർമാർ,ആരോഗ്യപ്രവർത്തകർ, രക്ഷിതാക്കൾ, മറ്റ് കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സഹപാഠികൾ എല്ലാവരുടെയും കൂട്ടായ ശ്രമം കൊണ്ടേ ആത്മഹത്യ പ്രവണത തിരിച്ചറിഞ്ഞ് അത് തടയാൻ സാധിക്കൂ. മിഥ്യാധാരണ: 8 ചികിത്സയുടെ ഭാഗമായി പെരുമാറ്റത്തിൽ വ്യത്യാസം വന്നാൽ അവരെ നിരീക്ഷണത്തിൽ നിന്നും തുടർ ചികിത്സയിൽ നിന്നും ഒഴിവാക്കാം. യാഥാർഥ്യം: മുമ്പോഴത്തെ ആത്മഹത്യാശ്രമം ആത്മഹത്യക്ക് പ്രേരകമായ വലിയൊരു ഘടകമാണ്. കൃത്യമായ ഇടവേളകളിൽ അവരെ നിരീക്ഷണത്തിലും ചികിത്സയിലും നിലനിർത്തുന്നതാണ് അഭികാമ്യം കുട്ടികളിലെ ആത്മഹത്യ എങ്ങനെ തടയാമെന്ന് നമുക്ക് പരിശോധിക്കാം കുട്ടികളിലെ ആത്മഹത്യ തടയണമെങ്കിൽ ആദ്യം അവരിലെ ആത്മഹത്യാ പ്രവണതയെ തിരിച്ചറിയാൻ നമുക്ക് കഴിയണം. സ്വയം ജീവനൊടുക്കുന്ന അഞ്ചിൽ നാല് കുട്ടികളും ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്. അത് രക്ഷിതാക്കൾക്കും സുഹൃത്തുകൾക്കും ആരോഗ്യ പ്രവർത്തകർക്കും തിരിച്ചറിയാൻ സാധിച്ചാൽ ഭൂരിഭാഗം ആത്മഹത്യ ശ്രമങ്ങളെയും തടയാം കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പെട്ടെന്നുള്ള പിൻവലിയൽ, ദൈനംദിന കാര്യങ്ങളിലുള്ള ശ്രദ്ധക്കുറവ്, ഭക്ഷണക്രമത്തിലെ വ്യതിയാനം, വസ്ത്രധാരണത്തിലെ ശ്രദ്ധക്കുറവ്, നൈരാശ്യം, നിസ്സഹായത, സ്വയം വെറുക്കുക, പൊടുന്നനെ ഉറ്റവരെയും സുഹൃത്തുക്കളെയും സന്ദർശിക്കുക, യാത്ര പറയുക, ഏറ്റവും പ്രിയപ്പെട്ട സാധനങ്ങൾ പോലും മറ്റുള്ളവർക്ക് കൊടുക്കുക, ആത്മഹത്യയെക്കുറിച്ച് കൂടുതൽ സംസാരിക്കുക, ആത്മഹത്യാ മാർഗങ്ങളെക്കുറിച്ച് ഇന്റർനെറ്റിലും മറ്റും തിരയുക, ആത്മഹത്യക്കാവശ്യമായ സാധനങ്ങൾ ശേഖരിക്കുക, ലഹരി മരുന്നിന്റെ ഉപയോഗം കൂടുക എന്നിവ ആത്മഹത്യക്ക് മുൻപുള്ള ശ്രദ്ധേയമായ ലക്ഷണങ്ങളാണ്. കുട്ടികൾ മേൽപ്പറഞ്ഞ ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ അവ തിരിച്ചറിഞ്ഞു സമയം കണ്ടെത്തി അവർ പറയുന്നത് ക്ഷമയോടെ കേൾക്കുക എന്നതാണ് ആദ്യ പടി. കുട്ടികളെ സ്നേഹത്തോടെ അടുത്തിരുത്തി അവർക്ക് പറയാനുള്ളത് മുഴുവൻ ക്ഷമയോടെ ശ്രദ്ധാപൂർവ്വം അവരുടെ വിഷമത്തിന്റെ തീവ്രത ഉൾക്കൊണ്ടു കൊണ്ട് മുഴുവൻ കേൾക്കുക. ഈ വിവരം അറിഞ്ഞാൽ രക്ഷിതാക്കൾ വെപ്രാളപ്പെടുകയോ അമ്പരപ്പോ ഞെട്ടലോ കാണിക്കുകയും ചെയ്യരുത്. കുട്ടി പറയുന്ന കാര്യങ്ങൾ ഒരിക്കലും നിസ്സാരവത്ക്കരിക്കരുത്, അവരെ കളിയാക്കുകയോ വെല്ലുവിളിക്കയോ ചെയ്യരുത്. ആത്മധൈര്യം കൈവെടിയാതെ ആത്മഹത്യക്ക് ഉപയോഗിക്കാവുന്ന സാധനങ്ങൾ നീക്കം ചെയ്യുക. കുട്ടിയെ തനിച്ചാക്കാതെ ഉടനെ തന്നെ ശിശുരോഗവിദഗ്ധർ, മാനസിക ആരോഗ്യ വിദഗ്ധർ എന്നിവരുടെ സഹായം തേടുക. 1098 എന്ന ചൈൽഡ് ഹെല്പ്ലൈൻ; 1056 എന്ന ദിശാ ഹെൽപ് ലൈൻ നമ്പർ, 9497900200 എന്ന കേരളാ പോലീസിന്റെ ചിരി ഹെൽപ് ലൈൻ നമ്പർ എന്നിവ അടിയന്തിര സാഹചര്യങ്ങളിൽ നമ്മൾക്ക് തുണയാകും. നമ്മുടെ കുട്ടികളെ ജീവിത പ്രതിസന്ധികൾ നേരിടാൻ എങ്ങനെ പ്രാപ്തരാക്കാം? രോഗം വന്ന് ഭേദമാക്കുന്നതിനേക്കാളും രോഗം വരാതെ നോക്കുന്നതാണല്ലോ എപ്പോഴും അഭികാമ്യം. കുട്ടികളെ ജീവിതനൈപുണ്യം അഥവാ ലൈഫ് സ്കിൽസ് പരിശീലനം നൽകുക എന്നതാണ് പരമ പ്രാധാന്യം. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ്, പ്രതികൂലതയെ നേരിടാനുള്ള കഴിവ് അത് വഴി ആർജിക്കാം ഈ വിഷയത്തിൽ മാതാപിതാക്കൾക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനവും കൃത്യമായ ഇടവേളകളിൽ തുടർ പരിശീലനവും നൽകുക കുട്ടികളുടെ വ്യത്യസ്ത പെരുമാറ്റങ്ങൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ അത് വഴി അവർക്ക് സാധിക്കും. കൃത്യമായ വിശദീകരണം കൊടുത്തുകൊണ്ട് തന്നെ ചില കാര്യങ്ങൾ അരുത് എന്ന് സ്നേഹത്തോടെ പറയുക. നല്ല പെരുമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുക. അവർക്ക് കൂടുതൽ ഉത്തരവാദിത്തങ്ങൾ കൊടുക്കുക. അവരുടെ നല്ല കഴിവുകളെ പ്രോത്സാഹിപ്പിക്കുക. യാഥാർത്ഥ്യബോധമുള്ള പ്രതീക്ഷകൾ വെച്ചു പുലർത്താൻ അവരെ സഹായിക്കുക, തോൽവികൾ സംഭവിക്കാം എന്നും തോൽവികൾ ഒരിക്കലും ലോകാവസാനമല്ല എന്ന് ഉദാഹരണങ്ങൾ പറഞ്ഞു കൊടുത്ത് മനസിലാക്കിക്കുക. തോൽവിയുള്ള സാഹചര്യങ്ങളിൽ അവർക്ക് താങ്ങും തണലുമായി കൂടുതൽ സമയം ചിലവഴിക്കുക. എപ്പോഴും കുറ്റപ്പെടുത്താതെയും നിരന്തരം ശകാരിക്കാതെയും ഉത്തമ മാതൃകയായി കൂടെ തന്നെ നിൽക്കുക. ഒരുപാട് ഉപദേശങ്ങളും പൊള്ളയായ പ്രശംസയും കൗമാരക്കാർക്ക് ഗുണം ചെയ്യില്ല എന്നതും പ്രത്യേകം ഓർക്കുക. ആത്മഹത്യാ പ്രവണത ഇല്ലാതെ കുട്ടികളെ സംരക്ഷിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്? 

1) മാതാപിതാക്കളും സുഹൃത്തുക്കളും കുടുംബങ്ങളുമായുള്ള നല്ല ബന്ധം. 

2) കുട്ടികളോടൊപ്പം സമയം ചിലവഴിക്കുന്ന, കുട്ടികൾക്ക് പറയാനുള്ളതു കേട്ടിട്ട് അതിൽ നിന്നു നല്ല തീരുമാനം കുട്ടികളെ കൊണ്ട് തന്നെ എടുപ്പിക്കുന്ന അച്ഛനമ്മമാർ 

3) കുടുംബത്തിനുള്ളിലെ പരസ്പരമുള്ള സ്നേഹവും അടുപ്പവും. 

4) കുട്ടികളുടെയും കൗമാരക്കാരുടെയും പ്രശ്നങ്ങൾ അറിയുന്ന കലാലയ അന്തരീക്ഷം 

5) നല്ല സഹപാഠികൾ, നല്ല സൗഹൃദങ്ങൾ 6) കുട്ടികളുടെ പ്രശ്നങ്ങൾ മനസിലാക്കുന്ന അധ്യാപകർ 

7) കലാലയങ്ങളിലെ മാനസിക ആരോഗ്യപദ്ധതികൾ 

8) കുട്ടികളുടെ ആത്മവിശ്വാസം വളർത്തിയെടുക്കാനുള്ള പരിശീലനങ്ങൾ 

9) പാഠ്യേതര വിഷയങ്ങളിലും കലാ കായിക വിനോദങ്ങളിലും ഉള്ള താത്പ്പര്യം 

10) മാനസികാരോഗ്യ സേവനങ്ങളുടെ തുടർച്ചയായ ലഭ്യത 

11) മാധ്യമങ്ങളിലൂടെയും ലഭിക്കുന്ന നല്ല ലേഖനങ്ങൾ, വാർത്തകൾ, വിനോദപരിപാടികൾ (പ്രശസ്തരുടെയും മറ്റും ആത്മഹത്യാ വാർത്തകൾക്ക് അമിത പ്രാധാന്യം നൽകാതെ അതൊരു തെറ്റായ നടപടി ആണെന്ന് വളർന്നു വരുന്ന തലമുറയെ ബോധ്യപ്പെടുത്താൻ സഹായിക്കുന്ന നല്ല രീതിയിലുള്ള മാധ്യമ സമീപനം) 

12) ജീവിതനൈപുണ്യം കൈവരിക്കാനുള്ള (ലൈഫ് സ്കിൽ) ഉള്ള പരിശീലനങ്ങളും തുടർ പരിശീലനങ്ങളും ഈ വസ്തുതകൾ എല്ലാം മനസ്സിലാക്കി, കുട്ടികൾക്കെന്തൊക്കെയോ പറയാനുണ്ട്, അവരെ കേൾക്കാനും സഹായിക്കാനും ഞങ്ങൾക്ക് ഇഷ്ടം പോലെ സമയവുമുണ്ട് എന്ന ഒരു സന്ദേശവുമായി കുട്ടികളോടും മാതാപിതാക്കളോടും അധ്യാപകരോടുമൊപ്പം കുട്ടികളുടെ എസ്.പി.സി., ഐ.എ.പി., ഐ.എം.എ., കെ.ജി.എം.ഒ.എ., എൻ.എസ്.എസ്. സർവീസ് സ്കീം പോലെയുള്ള സംഘടനകളും ചങ്ങാതി പോലെയുള്ള എൻ.ജി.ഒകളും സർക്കാർ സംവിധാനങ്ങളളോട് ഒന്നിച്ച് ഒറ്റക്കെട്ടായി പ്രവർത്തിക്കാം. 


വിലപ്പെട്ട നമ്മുടെ പ്രിയ ജീവനുകൾ പൊലിയുന്നത് തടയാനുംനമ്മുടെ ഭാവിതലമുറയെ മാനസിക- ശാരീരിക ആരോഗ്യമുള്ളവരാക്കി ജീവിതനൈപുണ്യത്തോടെ വാർത്തെടുക്കാനും നമുക്ക് കൈകോർക്കാം. (വയനാട് പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ പീഡിയാട്രിക്സ്ജൂനിയർ കൺസൾട്ടന്റ് ആണ് ലേഖകൻ)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only