13 സെപ്റ്റംബർ 2021

സേലത്തുനിന്ന്‌ ഭക്ഷണം കഴിച്ച് കിടന്നു, ഉണർന്നത് തിരുവനന്തപുരത്ത്; അക്സർ ബാഗ്‌ഷെ സ്ഥിരം കുറ്റവാളി
(VISION NEWS 13 സെപ്റ്റംബർ 2021)

തിരുവനന്തപുരം: സേലത്തെത്തിയപ്പോൾ ഭക്ഷണംകഴിച്ച് വെള്ളംകുടിച്ച് കിടന്നതാണ് വിജയലക്ഷ്മിയും മകളും. തിരുവനന്തപുരത്തെത്തി ബോധം വീണ്ടെടുത്തതോടെയാണ് കവർച്ചയ്ക്കിരയായെന്ന്‌ മനസ്സിലായത്. മകൾ അഞ്ജലിക്ക്‌ അപ്പോഴും പൂർണബോധം വന്നിരുന്നില്ല.

വിജയലക്ഷ്മിയും മകളും എസ്‌ വൺ കോച്ചിലും കൗസല്യ എസ് ടു കോച്ചിലുമായിരുന്നു. സേലത്തുനിന്ന്‌ മൂവരും ഭക്ഷണവും വെള്ളവും വാങ്ങി. ഈ റോഡിലെത്തുംമുൻപേ ഭക്ഷണംകഴിച്ചു. സ്ലീപ്പർ കോച്ചിൽ ബിഹാറികളായ ആറു തൊഴിലാളികളും ഡൽഹിയിൽനിന്നും ആലപ്പുഴയ്ക്ക് പോകുകയായിരുന്ന ഒരാളും ഉണ്ടായിരുന്നതായി വിജയലക്ഷ്മി പറഞ്ഞു. ശൗചാലയത്തിൽ പോയി വന്നപ്പോഴാണ് അക്സർ എന്നയാളെ ശ്രദ്ധിച്ചത്. തിരികെ, സീറ്റിലെത്തി അവിടെ സൂക്ഷിച്ചിരുന്ന കുപ്പി വെള്ളംകുടിച്ചു കോയമ്പത്തൂർ എത്തുംമുമ്പേ കിടക്കുകയായിരുന്നു. നാലുമണിക്ക് എഴുന്നേൽക്കുന്നതിനായി മൊബൈൽ ഫോണിൽ അലാറം വെച്ചു. പിന്നീട് ഒന്നും ഓർമയില്ലെന്നും വിജയലക്ഷ്മി പറഞ്ഞു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ റയിൽവേ പോലീസ് എത്തി വിളിച്ചപ്പോഴാണ് ബോധം വന്നത്. കായംകുളത്ത് ഇറങ്ങേണ്ടവരാണെന്ന് പോലീസിനെ അറിയിച്ചു. പൈജാമയുടെ പോക്കറ്റ്‌ പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടുവെന്ന് മനസ്സിലായത്. മൊബൈൽ ഫോണുകളും കാണാനില്ല. ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും കവർച്ച ചെയ്തതായി മനസ്സിലായി. വലതുവശത്തേക്ക് ചെരിഞ്ഞുകിടന്നാണ് ഉറങ്ങിയത്. ഇടതുചെവിയിലെ കമ്മൽ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂ. പോക്കറ്റ് കീറിയ നിലയിലായിരുന്നു. സ്വർണം മുറിച്ചെടുത്ത് മാറ്റിയെന്നാണ് സൂചന.

20 വർഷത്തിലധികമായി ആഗ്രയിലാണ് വിജയലക്ഷ്മിയും കുടുംബവും താമസിക്കുന്നത്. സ്വകാര്യ എക്സ്‌പോർട്ടിങ് കമ്പനി മാനേജരാണ് ഭർത്താവ് ശിവാനന്ദൻ. ജീവിതകാലം മുഴുവൻ സ്വരുക്കൂട്ടിയ 35 പവൻ സ്വർണമാണ് നഷ്ടപ്പെട്ടതെന്ന് വിജയലക്ഷ്മി പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only