10 സെപ്റ്റംബർ 2021

ഹൃദയത്തെ കാക്കാന്‍ ശീലമാക്കാം ഈ ഏഴു ഭക്ഷണങ്ങള്‍
(VISION NEWS 10 സെപ്റ്റംബർ 2021)




നമ്മുടെ ആരോഗ്യത്തെയും അനാരോഗ്യത്തെയുമെല്ലാം നിശ്ചയിക്കുന്നതിൽ ഹൃദയത്തിനുള്ള പങ്ക് വലുതാണ്. ഹൃദയത്തിന്റെ പ്രവർത്തനം താളം തെറ്റിയാൽ അത് നമ്മുടെ എല്ലാ ശാരീരിക പ്രവർത്തനങ്ങളെയും ബാധിക്കും. കോവിഡ്-19 മഹാമാരി പടർന്നു പിടിക്കുന്ന ഈ കാലത്ത് ഹൃദയത്തിന്റെ പരിരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. കോവിഡ് ബാധിച്ചവരിൽ ഹൃദ്രോഗങ്ങൾ വേഗത്തിൽ പിടിപെടാൻ സാധ്യതയുണ്ടെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനു ശീലമാക്കേണ്ട ഏതാനും ഭക്ഷണങ്ങളെ പരിചയപ്പെടാം. 1. നട്സ് ഊർജം, പ്രോട്ടീൻ, നല്ല കൊഴുപ്പ് എന്നിവയുടെ കലവറ എന്നതിനു പുറമെ നട്സ് ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. നട്സിൽ പീനട്സാണ് ഹൃദയത്തിന് ഏറ്റവും ഉത്തമം. ഭക്ഷണത്തിനുശേഷം പീനട്സ് കഴിക്കുന്നത് ശീലമാക്കിയാൽ ഹൃദയപ്രവർത്തനം സുഗമമായി നടക്കാൻ സഹായിക്കുമെന്ന് യു.എസിലെ പെൻസിൻവാനിയയിൽ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. ഇത് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുമെന്നും പഠനത്തിൽ കൂട്ടിച്ചേർക്കുന്നു. 2. ബെറികൾ ബ്ലൂബെറി, ക്രാൻബെറി എന്നിവയിൽ ധാരാളമായി ആന്റി-ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഹൃദയധമനികളെ ബാധിക്കുന്ന രോഗങ്ങളെ ചെറുക്കാൻ ഈ ബെറികൾക്കു കഴിയും. അഡ് വാൻസസ് ഇൻ ന്യൂട്രീഷൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ക്രാൻബെറിയിൽ ആരോഗ്യം മെച്ചപ്പെടുത്തുന്ന ആന്റിഓക്സിഡന്റായ പോളിഫിനോൾ ധാരാളമായി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 3. ഓറഞ്ച് സിട്രസ് വിഭാഗത്തിൽപ്പെടുന്ന പഴങ്ങളിളിൽ ധാരളമായടങ്ങിയിരിക്കുന്ന വിറ്റാമിൻ സി വിറ്റമിൻ സി രോഗപ്രതിരോധശേഷി വർധിപ്പിക്കും. സിട്രസ് പഴങ്ങളിൽ ഓറഞ്ചാണ് ഇതിൽ കേമൻ. ഓറഞ്ചിലുള്ള പൊട്ടാസ്യം ഒന്നാന്തരം ഇലക്ട്രോലൈറ്റാണ്. ഇത് നമ്മുടെ ഹൃദയപ്രവർത്തനങ്ങൾ ബുദ്ധിമുട്ടുകളില്ലാതെ നടക്കുന്നതിന് സഹായിക്കും. സിട്രസ് പഴങ്ങൾ ശീലമാക്കിയാൽ പൊണ്ണത്തടികൊണ്ടുള്ള ഹൃദയരോഗങ്ങൾ ഒരു പരിധിവരെ തടയാൻ കഴിയുമെന്ന് പഠനങ്ങൾ പറയുന്നു. 4. മത്സ്യം ചെമ്പല്ലി, അയല, പുഴമീൻ, മത്തി തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഒമേഗ 3 ഫാറ്റി ആസിഡുകൾ ഫലപ്രദമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 5. തണ്ണിമത്തൻ ശരീരഭാരം കുറയ്ക്കുന്നതിന് തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണെന്ന് യു.എസിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തെ മോശമായി ബാധിക്കുന്ന കൊളസ്ട്രോൾ ഉത്പാദനം തടയുന്നതിനും തണ്ണിമത്തൻ സഹായിക്കും. ധമനികളിൽ അടിഞ്ഞുകൂടി ബ്ലോക്കുകൾ രൂപപ്പെടുന്നതിന് കാരണമായ എൽ.ഡി.എൽ. കൊളസ്ട്രോൾ (ചീത്ത കൊളസ്ട്രോൾ) ഉത്പാദനം തണ്ണിമത്തൻ കഴിക്കുന്നതിലൂടെ നിയന്ത്രിക്കാൻ കഴിയുമെന്നും പഠനങ്ങൾ പറയുന്നു. ഇത് ഹൃദ്രോഗങ്ങളെ തടയാൻ സഹായിക്കും 6. ഓട്സ് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ ഓട്സിനു കഴിയുമെന്ന് അമേരിക്കയിലെ 11 മുതിർന്ന ഗവേഷകർ അമേരിക്കൻ കെമിക്കൽ സൊസൈറ്റിയുടെ വാർഷിക സമ്മേളനത്തിടെ വ്യക്തമാക്കിയിരുന്നു. ഓട്സ് എന്നും ശീലമാക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ ഉത്പാദനം കുറയ്ക്കുമെന്നും അതുവഴി ഹൃദയധമനികളെ കാക്കാൻ കഴിയുമെന്നും അവർ ചൂണ്ടിക്കാട്ടി. 7. തേങ്ങാവെള്ളം നമ്മുടെ നാട്ടിൽ സുലഭമായി ലഭ്യമായ ഒന്നാണ് തേങ്ങാവെള്ളം. മിക്കവരും ഇത് പാഴാക്കി കളയുകയാണ് പതിവ്. നിർജലീകരണം ഹൃദയപ്രവർത്തനങ്ങളുടെ താളം തെറ്റിക്കുമെന്നും രക്തത്തിന്റെ പമ്പിങ് പ്രയാസപ്പെടുത്തുമെന്നും വിദഗ്ധർ പറയുന്നു. കലോറി ഇല്ലാത്ത പഞ്ചസാരയുടെ അളവ് കുറഞ്ഞ തേങ്ങാവെള്ളം ഹൃദയപേശികളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only