26/09/2021

അവയവദാനത്തിൻ്റെ പ്രാധാന്യം സമൂഹം തിരിച്ചറിയണം; എല്ലാവരോടും നന്ദി അറിയിച്ച് കോഴിക്കോട് മെട്രോ ആശുപത്രി അധികൃതർ
(VISION NEWS 26/09/2021)

ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നല്ല രീതിയിൽ പൂർത്തിയായതിന് എല്ലാവരോടും നന്ദി അറിയിക്കുന്നതായി കോഴിക്കോട് മെട്രോ ആശുപത്രി അധികൃതർ. മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം സ്വദേശി നേവിസിന്റെ ഹൃദയം സ്വീകരിച്ച കണ്ണൂർ സ്വദേശി പൂർണ ആരോഗ്യവാനാണ്. മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല. അവയവദാനത്തിൻ്റെ പ്രാധാന്യം സമൂഹം തിരിച്ചറിയണമെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം കൊടുത്ത ഡോ. വി. നന്ദകുമാർ പറഞ്ഞു. ഇന്നലെ രാത്രി ഏഴരയോടെ തുടങ്ങിയ സർജറി പുലർച്ചെ മൂന്നരയ്ക്കാണ് പൂർത്തിയായത്. എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയാണ് നടന്നത്.
മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം വടവത്തൂർ സ്വദേശി നേവിസിൻറെ ഹൃദയവുമായി എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്നും ഇന്നലെ വൈകീട്ട് നാല് പത്തിനാണ് ആംബുലൻസ് കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. എറണാകുളം മുതൽ കോഴിക്കോടുവരെ സർക്കാർ റോഡിൽ ഗ്രീൻ ചാനൽ ക്രമീകരണമൊരുക്കിയിരുന്നു. വഴിയിൽ ജനങ്ങൾ സഹകരിക്കണമെന്ന് ആരോഗ്യമന്ത്രിയടക്കം ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചിരുന്നു. 172 കിമീ ദൂരം മൂന്ന് മണിക്കൂർ അഞ്ച് മിനിറ്റുകൊണ്ട് പിന്നിട്ട് രാത്രി ഏഴേകാലോടെ ഹൃദയം കോഴിക്കോട് മെട്രോ ഇൻറർനാഷണൽ ആശുപത്രിയിലെത്തിച്ചു.

തൊട്ടുപിന്നാലെ കണ്ണൂർ സ്വദേശിയായ അൻപത്തൊൻപതുകാരന് ഹൃദയം വച്ചുപിടിപ്പിക്കാനുള്ള ശസ്ത്രക്രിയയും തുടങ്ങി. ഇത് കൂടാതെ നേവിസിൻറെ കരളും കിഡ്നിയും കൈകളുമടക്കം ആറ് അവയവങ്ങൾ എറണാകുളത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവർക്ക് ദാനം ചെയ്തു. ഫ്രാൻസിൽ വിദ്യാർത്ഥിയായിരുന്ന നേവിസ് രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞതിനെ തുടർന്ന് സെപ്റ്റംബർ പതിനാറിന് കുഴഞ്ഞു വീഴുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കോട്ടയത്തെ ആശുപത്രിയിൽവച്ച് മസ്തിഷ്ക മരണം സംഭവിച്ചത്. കേരളത്തിൽ അപൂർവമായാണ് ഒരാളുടെ ഏഴ് അവയവങ്ങളും ദാനം ചെയ്യുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only