07 സെപ്റ്റംബർ 2021

'ഇങ്ങനെ ചെയ്താൽ വരൾച്ച മാറുമത്രെ..', ദുരാചാരത്തിന്റെ ഭാഗമായി പെണ്‍കുട്ടികളെ നഗ്നരാക്കി ഘോഷയാത്ര
(VISION NEWS 07 സെപ്റ്റംബർ 2021)
ദുരാചാരങ്ങൾക്ക് പേര് കേട്ട സ്ഥലമാണ് മധ്യപ്രദേശ്. വരൾച്ച മാറി ​ഗ്രാമത്തിൽ മഴപെയ്യാനായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നഗ്നരാക്കി ഘോഷയാത്ര നടത്തുകയാണ് ഈ ​ഗ്രാമത്തിൽ. മധ്യപ്രദേശിലെ ദാമോ ജില്ലയിലെ ബുന്ദേല്‍ഹണ്ഡ് മേഖലയിലാണ് സംഭവം. ദുരാചാരത്തിന്റെ ഭാഗമായി പെണ്‍കുട്ടികളെ നഗ്നരാക്കി വീടുകള്‍ തോറും പ്രദക്ഷിണം നടത്തുകയാണിവിടെ. ഗ്രാമത്തിലെ വരള്‍ച്ച മാറി മഴ പെയ്യിക്കാനായാണ് ഇത്തരമൊരു ആചാരമെന്നാണ് ഗ്രാമവാസികളുടെ വിശദീകരണം.

പെണ്‍കുട്ടികളെ നഗ്നരാക്കി തോളില്‍ കെട്ടിവെച്ച മരത്തടിയില്‍ തവളയെ വെച്ച് തെരുവിലൂടെ നടത്തുകയും മുതിർന്ന സ്ത്രീകള്‍ ഇവർക്കൊപ്പം ഭജനങ്ങള്‍ പാടി മഴദെെവത്തെ പൂജിക്കുകയും ചെയ്യുന്നതാണ് ആചാരം. ഇത് മഴദൈവത്തെ പ്രീതിപ്പെടുത്തുകയും പ്രദേശത്ത് മഴപെയ്യിപ്പിക്കുകയും ചെയ്യുമെന്ന് പ്രദേശവാസികള്‍ വിശ്വസിക്കുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി മേഖലയില്‍ തുടരുന്ന ആചാരത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പുറംലോകം വിവരമറിയുന്നത്.

സംഭവം ശ്രദ്ധയില്‍പ്പെട്ട ബാലവകാശകമ്മീഷന്‍ ഗ്രാമം സ്ഥിതിചെയ്യുന്ന ദാമോ ജില്ലാ കളക്ടറോട് വീശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നാണ് മധ്യപ്രദേശ് പൊലീസിന്റെ വിശദീകരണം. അതേസമയം, കേസെടുത്ത് അന്വേഷണം ആരംഭിച്ചായി ദാമോ എസ്പി ടിആർ തെനിവാർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only