👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

17 സെപ്റ്റംബർ 2021

ജി.എസ്.ടി. കൗൺസിൽ ഇന്ന് ; കേരളത്തിന്റെ പ്രശ്‌നങ്ങളിൽ ഇന്ധനവും വെളിച്ചെണ്ണയും
(VISION NEWS 17 സെപ്റ്റംബർ 2021)
തിരുവനന്തപുരം: ജി.എസ്.ടി. കൗൺസിൽ യോഗം വെള്ളിയാഴ്ച ലഖ്നൗവിൽ ചേരുമ്പോൾ കേരളത്തിന്റെ പ്രശ്നങ്ങളിൽ ഇന്ധനനികുതിക്കു പുറമേ വെളിച്ചെണ്ണയുടെ നികുതിയും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

പെട്രോളും ഡീസലും ജി.എസ്.ടി.ക്കു കീഴിലാക്കാനുള്ള നീക്കത്തെ മറ്റു സംസ്ഥാനങ്ങളുടെ സഹകരണത്തോടെ എതിർക്കാനാണ് കേരളത്തിന്റെ തീരുമാനം. കേരള ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് കൗൺസിൽ ഇതു പരിഗണിക്കുന്നത്.

വില കുറയ്ക്കാനാണ് ഇവ ജി.എസ്.ടി.ക്കു കീഴിലാക്കുന്നത്. എന്നാൽ, കേന്ദ്രം സെസ് കുറച്ചാൽ വില കുറയുമെന്നും പകരം ഇവ ജി.എസ്.ടി.ക്കു കീഴിലാക്കിയാൽ സംസ്ഥാനങ്ങളുടെ വരുമാനം കുത്തനെ ഇടിയുമെന്നുമാണ് കേരളത്തിന്റെ നിലപാട്.

ജി.എസ്.ടി.യിൽ പരമാവധി 28 ശതമാനം നികുതി ഏർപ്പെടുത്തിയാലും അതിന്റെ പകുതിമാത്രമേ സംസ്ഥാനങ്ങൾക്കു ലഭിക്കൂ. ഇപ്പോൾ പെട്രോളിന് 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് കേരളത്തിലെ നികുതി. ജി.എസ്.ടി. ബാധകമാക്കിയാൽ അതുവഴിയുണ്ടാവുന്ന നഷ്ടം കേന്ദ്രം നികത്തണം. ജി.എസ്.ടി.യിലേക്കു മാറുകയും കേന്ദ്രത്തിന്റെ സെസ് തുടരുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ വില കുറയില്ലെന്നും കേരളം വാദിക്കുന്നു.

വെളിച്ചെണ്ണയ്ക്ക് നികുതി കൂട്ടാനുള്ള നിർദേശമാണ് കേരളത്തിനു തിരിച്ചടിയാവുന്ന മറ്റൊന്ന്. ഭക്ഷ്യാവശ്യങ്ങൾക്കുള്ള വെളിച്ചെണ്ണയും സൗന്ദര്യവർധകവസ്തു എന്നനിലയിൽ വിറ്റഴിക്കുന്ന വെളിച്ചെണ്ണയും തമ്മിൽ വേർതിരിക്കാൻ ജി.എസ്.ടി. കൗൺസിൽ പരിഗണിക്കുന്ന നിർദേശമാണ് ആശങ്കയ്ക്കു കാരണം.

ഒരു കിലോയ്ക്കു മുകളിലുള്ള പാക്കറ്റിൽ വിൽക്കുന്നത് ഭക്ഷ്യാവശ്യത്തിനുള്ളതായി കണക്കാക്കി അഞ്ചുശതമാനം നികുതി നിലനിർത്തണം. അതിനു താഴെയുള്ള അളവിലുള്ളത് സൗന്ദര്യവർധക വസ്തുവായി കണക്കാക്കി 18 ശതമാനവും ചുമത്തണം. ഇതാണ് കൗൺസിലിനു മുന്നിലുള്ള നിർദേശം.

ഇത് കേരളത്തിലെ വെളിച്ചെണ്ണ ഉത്പാദനത്തിന് തിരിച്ചടിയാവും. അതിനാൽ 500 ഗ്രാമിനു മുകളിലുള്ളതിനെയെല്ലാം ഭക്ഷ്യാവശ്യത്തിനുള്ളതായി കണക്കാക്കി നികുതി അഞ്ചുശതമാനം മാത്രമാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

കേന്ദ്രത്തിന് നഷ്ടമുണ്ടാകുമോ?

ജി.എസ്.ടി. നടപ്പാക്കുകയും സെസ്, എക്സൈസ് ഡ്യൂട്ടി എന്നിവ ഈടാക്കാതിരിക്കുകയും ചെയ്താൽ കേന്ദ്രത്തിനു വലിയ വരുമാനനഷ്ടമുണ്ടാകും. അതിനാൽ അത്തരമൊരു തീരുമാനത്തിലേക്ക് കേന്ദ്രം പോകാനിടയില്ല.

28 ശതമാനം ജി.എസ്.ടി. ഏർപ്പെടുത്തിയാൽ

പെട്രോൾ ഡീസൽ

അടിസ്ഥാന വില 39 40

ജി.എസ്.ടി.(28 ശതമാനം) 10.92 11.2

ഡീലർ കമ്മിഷൻ 3.70 2.59

ആകെ(ഗതാഗതച്ചെലവില്ലാതെ) 53.62 53.79

* അടിസ്ഥാന വിലയിൽ നേരിയ മാറ്റം വരാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only