12 സെപ്റ്റംബർ 2021

അനുജന് വധുവായി ഹോങ്കോങ്ങുകാരി, ചേച്ചിക്ക് വരനായി അയര്‍ലന്‍ഡുകാരന്‍; രണ്ട് 'അന്താരാഷ്ട്ര' വിവാഹങ്ങൾ
(VISION NEWS 12 സെപ്റ്റംബർ 2021)
എരുമപ്പെട്ടി : മങ്ങാട് പനഞ്ചിങ്കാട്ടിൽ കുടുംബക്ഷേത്രം ഞായറാഴ്ച രണ്ട് അന്താരാഷ്ട്ര വിവാഹങ്ങൾക്ക് വേദിയാകും. തോട്ടുപാലം പനഞ്ചിങ്കാട്ടിൽ വീട്ടിൽ സുരേഷിന്റെയും മഞ്ജുവിന്റെയും മക്കളായ പ്രിയങ്കയും പ്രണവുമാണ് വിവാഹിതരാകുന്നത്. മൂത്ത മകളായ പ്രിയങ്ക അയർലൻഡിലെ സ്വകാര്യസ്ഥാപനത്തിൽ ഫ്രയിറ്റ് അനലിസ്റ്റാണ്.

അയർലൻഡുകാരായ സെലിന്റെയും സീമസിന്റെയും മകനായ വിക്ടർ പോമറോയാണ് പ്രിയങ്കയുടെ വരൻ. സൈബർ സെക്യൂരിറ്റി സീനിയർ കൺസൾട്ടന്റാണ് വിക്ടർ. ഇന്ത്യൻ ആത്മീയതയും ആചാരങ്ങളും ആഘോഷങ്ങളും ഭക്ഷണവും ഇഷ്ടപ്പെടുകയും പിൻതുടരുകയും ചെയ്യുന്നയാളാണ് വിക്ടർ.

ഇളയ മകൻ പ്രണവ് ഇന്ത്യൻ വംശജരും ഹോങ്‌കോങ്ങിൽ സ്ഥിരതാമസക്കാരുമായ ജ്യോതിയുടെയും അശ്വനിയുടെയും മകൾ ഖ്യാദിയെയാണ് വിവാഹം കഴിക്കുന്നത്. ലണ്ടനിൽ പഠനത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. പ്രണവ് ആർക്കിടെക്ട്‌ ആൻഡ് ബിൽഡ് എൻവയോൺമെന്റിൽ ഗവേഷകനാണ്. ഖ്യാദി സൈക്കോളജിസ്റ്റാണ്. ഞായറാഴ്ച രാവിലെ 10-നും 10.30-നും ഇടയിലുള്ള മുഹൂർത്തത്തിൽ പനഞ്ചിങ്കാട്ടിൽ കുടുംബക്ഷേത്രത്തിൽ വെച്ചാണ് താലികെട്ട്. തലേദിവസം രാത്രിയിൽ ഉത്തരേന്ത്യൻ ചടങ്ങുകളും ആഘോഷങ്ങളും നടന്നു. വിവാഹദിവസം കോവിഡ് നിയന്ത്രണങ്ങളോടെ അടുത്ത ബന്ധുക്കൾക്ക് മാത്രമായാണ് വിരുന്നുസത്കാരം.

വെസ്‌റ്റേൺ റെയിൽവേയിലെ മുൻ ചീഫ് പവർ കൺട്രോളറാണ് സുരേഷ്. 1989 മുതൽ മുംബൈയിലാണ് സ്ഥിരതാമസം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only