13 സെപ്റ്റംബർ 2021

ദീര്‍ഘനേരം ലാപ്പ്‌ടോപ്പും മൊബൈല്‍ഫോണും സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്ക് പെട്ടെന്ന് വയസ്സാകുമോ?
(VISION NEWS 13 സെപ്റ്റംബർ 2021)
ജോലിയുടെ ഭാഗമായും വിനോദത്തിന്റെ ഭാഗമായും ദീർഘനേരം ലാപ്പ്ടോപ്പുകളും മൊബൈൽ ഫോണുകളും ഉപയോഗിക്കുന്നവരാണ് നാം. എന്നാൽ ഇത്തരത്തിൽ ദിവസം മുഴുവനും ലാപ്പ്ടോപ്പും മൊബൈൽഫോണും ഉപയോഗിക്കുന്നവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം. കൈയിലെ പേശികൾക്ക് സ്ട്രെയിൻ ഉണ്ടാകുന്നത്. കണ്ണുകൾ വരണ്ടുപോകുന്നത്, കഴുത്തുവേദന, അമിതഭാരം എന്നിവ ഇതിന്റെ തുടക്കമാണ്. ഇടവേളകൾ ഇല്ലാതെ തുടർച്ചയായി ഡിജിറ്റൽ ഗാഡ്ജെറ്റുകൾ ഉപയോഗിക്കുന്നത് മാനസികാരോഗ്യത്തെയും ബാധിക്കാം. മൂഡ് മാറ്റങ്ങൾ, അസ്വസ്ഥത എന്നിവ ഇതിന്റെ ഭാഗമാണ്. ഇതിനെല്ലാം പുറമേ ഡിജിറ്റൽ സ്ക്രീനുകളിൽ നിന്നുള്ള ബ്ലൂ ലൈറ്റ് സ്ഥിരമായി ഏൽക്കുന്നത് ചർമത്തിന് കേടുപാടുണ്ടാക്കുകയും ചെയ്യും. ഇത് ക്ഷീണമുണ്ടാകുന്നതിനും പ്രായമാകുന്നതിനും ഇടയാക്കുന്നു. എന്താണ് ബ്ലൂലൈറ്റ്? ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് പുറത്തുവരുന്ന ഹൈ എനർജി വിസിബിൾ ലൈറ്റാണ്(എച്ച്.ഇ.വി.) ബ്ലൂ ലൈറ്റ് എന്ന് അറിയപ്പെടുന്നത്. വിസിബിൾ സ്പെക്ട്രത്തിലെ ഉയർന്ന ഫ്രീക്വൻസി, കുറഞ്ഞ വേവ്ലെങ്ത് എന്നിവയുള്ള കിരണങ്ങളാണിവ. സൂര്യപ്രകാശത്തിലും ട്യൂബ് ലൈറ്റിലും എൽ.ഇ.ഡി. ലൈറ്റിലും ടി.വി.സ്ക്രീനിലും സ്മാർട്ട്ഫോൺ, ടാബ്ലറ്റ്, കംപ്യൂട്ടറുകൾ എന്നിവയിലും ബ്ലൂലൈറ്റ് അടങ്ങിയിട്ടുണ്ട്. എന്നാൽ മറ്റുള്ളവയെ അപേക്ഷിച്ച് ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയിൽ നിന്നുള്ള ബ്ലൂലൈറ്റാണ് ചർമത്തിലെ കോശങ്ങളുടെ നാശത്തിന് കാരണമാകുന്നത്. കാരണം ഇവ എപ്പോഴും ഉപയോഗിക്കുന്നത് ശരീരത്തോട് വളരെ അടുത്താണ് എന്നതാണ്. മുമ്പ് എല്ലാവരും അൾട്രാവയലറ്റ് രശ്മികളെക്കുറിച്ചാണ് ആശങ്കപ്പെട്ടിരുന്നത്. അദൃശ്യമായ ഈ രശ്മികൾ ചർമത്തിൽ കാൻസറിന് കാരണമാകുന്നവയാണ്. എന്നാൽ അടുത്ത കാലത്തായി പുറത്തുവന്ന നിരവധി പഠനങ്ങളിൽ പറയുന്നത് അൾട്രാവയലറ്റ് രശ്മികളോളം ചർമത്തിന് പ്രശ്നമുണ്ടാക്കുന്നവയാണ് ബ്ലൂലൈറ്റുകളും എന്നാണ്. ഏതാനും വർഷങ്ങൾക്ക് മുൻപ് യൂണിലെവർ സ്കിൻ കെയർ റിസർച്ച് പുറത്തുവിട്ട ഒരു പഠനഫലത്തിൽ പറയുന്നത് നാല് ദിവസം കംപ്യൂട്ടറിന് മുൻപിൽ ഇരിക്കുന്നത് നട്ടുച്ചയ്ക്ക് 20 മിനിറ്റ് നേരം വെയിലത്ത് നിൽക്കുന്നതിന് തുല്യമാണെന്നാണ്. ബ്ലൂ ലൈറ്റുകൾ ഉറക്കമില്ലായ്മയ്ക്കും കാഴ്ചപ്രശ്നങ്ങൾക്കും മാത്രമേ കാരണമാകൂ എന്നായിരുന്നു മുൻപ് കരുതിയിരുന്നത്. എന്നാൽ ഇവയ്ക്ക് ചർമത്തിന് മേൽ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് അടുത്തിടെയാണ് തിരിച്ചറിഞ്ഞത്. സൂര്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന അൾട്രാവയലറ്റ് രശ്മികൾ കോശത്തിന്റെ ഡി.എൻ.എയെ നേരിട്ട് നശിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ബ്ലൂലൈറ്റ് ഓക്സിഡേറ്റീവ് സ്ട്രെസ്സിന് കാരണമാകുകയും അങ്ങനെ ചർമത്തിലെ കൊളാജനെ നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. ചർമത്തിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളെ ബ്ലൂലൈറ്റ് ആഗിരണം ചെയ്ത് ഒരു പ്രതിപ്രവർത്തനം ഉണ്ടാകാൻ ഇടയാക്കുന്നു. ഇത് ചർമത്തെ നശിപ്പിക്കാൻ ഇടയാക്കുന്ന അസ്ഥിര ഓക്സിജൻ തൻമാത്രകളുടെ രൂപീകരണത്തിന് കാരണമാകുന്നു. ചർമത്തിന്റെ നിറം മാറാൻ ഇടയാക്കുന്ന ഹൈപ്പർ പിഗ്മെന്റേഷന് ബ്ലൂ ലൈറ്റ് ഇടയാക്കുമെന്നും ചില പഠനങ്ങളിൽ പറയുന്നുണ്ട്. ചർമത്തെ എങ്ങനെ സംരക്ഷിക്കാം? നാം ഉപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നുള്ള ബ്ലൂ ലൈറ്റ് എമിഷൻ കുറയ്ക്കുകയാണ് ഏറ്റവും ലളിതമായ മാർഗം. ഒരു ബ്ലൂ ലൈറ്റ് സ്ക്രീൻ ഉപയോഗിച്ച് ലാപ്ടോപ്പ് സ്ക്രീനുകൾ വഴിയുള്ള ബ്ലൂലൈറ്റ് എമിഷൻ കുറയ്ക്കാം. ബ്ലൂലൈറ്റ് എമിഷൻ കുറവുള്ള തരം എൽ.ഇ.ഡി. ബൾബുകൾ ഉപയോഗിക്കുക. ഡിജിറ്റൽ സ്ക്രീൻ സമയം കുറയ്ക്കുക. ലാപ്ടോപ്പിൽ ദീർഘനേരം ജോലി ചെയ്യുന്നവർ നിശ്ചിത സമയത്തിനിടെ ഇടവേളയെടുക്കുക. ബ്ലൂലൈറ്റിനെ ഫലപ്രദമായി പ്രതിരോധിക്കുന്ന അയേൺ ഓക്സൈഡ് അടങ്ങിയ മിനറൽ സൺസ്ക്രീൻ ഉപയോഗിക്കുക. കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only