07 സെപ്റ്റംബർ 2021

പ്രഭാത വാർത്തകൾ
(VISION NEWS 07 സെപ്റ്റംബർ 2021)
🔳പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വെളിപ്പെടുത്തലില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ കേന്ദ്ര സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചിരുന്നു. സ്വതന്ത്ര അംഗങ്ങള്‍ ഉള്‍പ്പെട്ട ഒരു വിദഗ്ധ സമിതിക്ക് രൂപം നല്‍കണം എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. അത്തരമൊരു സമിതിയെ ഹര്‍ജിക്കാര്‍ പിന്തുണക്കുന്നില്ല. എന്തായാലും സുപ്രീംകോടതി തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമാകും.

🔳കര്‍ണാലിലെ പൊലീസ് നടപടിയ്ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് മഹാ പഞ്ചായത്ത് ചേരും. കര്‍ണ്ണാല്‍ മിനി സെക്രട്ടറിയേറ്റിന് സമീപമാണ് മഹാ പഞ്ചായത്ത് ചേരുക. കര്‍ഷകരുടെ തല തല്ലിപൊളിക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ആരോപണം ഉയരുന്ന എസ് ഡി എമ്മിന് എതിരെ കൊലപാതക ശ്രമത്തിന് കേസ് എടുക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. മരിച്ച കര്‍ഷകനും പൊലിസ് ലാത്തി ചാര്‍ജില്‍ പരിക്കേറ്റ കര്‍ഷകര്‍ക്കും സഹായ ധനം നല്‍കണമെന്ന ആവശ്യവും കര്‍ഷകര്‍ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനം സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധ സൂചകമായി ഇന്ന് മഹാ പഞ്ചായത്ത് ചേരുന്നത്. മഹാ പഞ്ചായത്തിന് ജില്ല ഭരണകൂടം അനുമതി നിഷേധിച്ചിട്ടുണ്ട്. കൂടാതെ കര്‍ണാലടക്കം ആറ് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്..

🔳നിപ ബാധിച്ചു 12 വയസുകാരന്‍ മരിച്ച ചാത്തമംഗലം പഞ്ചായത്തില്‍ കര്‍ശന നിരീക്ഷണവും പരിശോധനയും തുടരാന്‍ ചാത്തമംഗലത്ത് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ചാത്തമംഗലം പഞ്ചായത്തില്‍ പനിയോ രോഗലക്ഷണങ്ങളോ ഉളള മുഴുവന്‍ ആളുകളുടെയും കണക്കെടുക്കും.സമാന ലക്ഷണങ്ങളോടെ ഒരു മാസത്തിനിടെ മരിച്ചവരുടെ വിവരങ്ങളും ശേഖരിക്കും. ചാത്തമംഗലം പഞ്ചായത്ത് പൂര്‍ണമായും പഞ്ചായത്തുമായി അതിര്‍ത്തിപങ്കിടുന്ന മറ്റു പഞ്ചായത്ത് വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ സോണായി തുടരും. അത്യാവശ്യക്കാരെ മാത്രമേ ഇനിയുള്ള ദിവസങ്ങളില്‍ പഞ്ചായത്തിന് പുറത്തു പോകാന്‍ അനുവദിക്കൂ.

🔳നിപ സ്ഥിരീകരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 251 പേരെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. 38 പേര്‍ ഐസൊലേഷനിലാണ്. 11 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്. എട്ട് പേരുടെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നിരീക്ഷണത്തിലുള്ള 121 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 54 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരും. രോഗം ബാധിച്ച് മരിച്ച കുട്ടിയുടെ അമ്മയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ഇന്ന് മുതല്‍ ചാത്തമംഗലത്ത് വീടുവീടാന്തരം നിരീക്ഷണം നടത്തുമെന്നും നിലവില്‍ രോഗലക്ഷണങ്ങളുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും വീണാജോര്‍ജ് പറഞ്ഞു. കോഴിക്കോട് താലൂക്കില്‍ രണ്ട് ദിവസം കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

🔳കോഴിക്കോട് നിപ വൈറസ് ബാധിച്ച് 12-കാരന്‍ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ തൊട്ടടുത്തുള്ള മലപ്പുറം, കണ്ണൂര്‍, വയനാട് എന്നീ ജില്ലകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം സംസ്ഥാനത്തിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. ആന്റി ബോഡി മരുന്നായ റിബാവെറിന്‍, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ എന്നിവ ആവശ്യത്തിന് ഉണ്ട് എന്ന് ഉറപ്പു വരുത്തണമെന്നും കത്തില്‍ നിര്‍ദ്ദേശിക്കുന്നു.

🔳കൊവിഷീല്‍ഡ് വാക്സീന്റെ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള കുറച്ച് ഹൈക്കോടതി. താത്പര്യമുള്ളവര്‍ക്ക് കൊവിഷില്‍ഡിന്റെ രണ്ടാമത്തെ ഡോസ് 28 ദിവസത്തിന് ശേഷം സ്വീകരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്സീന് ഈ ഇളവ് ബാധകമായിരിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വാക്സീന്‍ ഡോസുകള്‍ക്കിടയിലെ ഇടവേള കുറയ്ക്കണം എന്നാവശ്യപ്പെട്ട് കിറ്റക്സ് ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിധി. കൊവിഷീല്‍ഡ് വാക്സീന്റെ ഇടവേള കുറയ്ക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് എടുത്തിരുന്നു. എന്നാല്‍ ഈ നിലപാട് തള്ളിയാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച കോവിഡ് രോഗികളില്‍ 65.26 ശതമാനം രോഗികളും കേരളത്തില്‍. 30,164 കോവിഡ് രോഗികളില്‍ 19,688 രോഗികളും കേരളത്തിലാണ്. ഇന്നലത്തെ മരണങ്ങളില്‍ 46.55 ശതമാനം മരണങ്ങളും കേരളത്തിലാണ് രേഖപ്പെടുത്തിയത്. 290 മരണങ്ങളില്‍ 135 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ സജീവരോഗികളില്‍ 61.88 ശതമാനവും കേരളത്തില്‍ തന്നെ. രാജ്യത്തെ 3,85,934 സജീവരോഗികളില്‍ 2,38,816 പേരും കേരളത്തിലാണുള്ളത്.

🔳സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍ വിലയിരുത്താന്‍ ഇന്ന് അവലോകന യോഗം. ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക് ഡൗണിലടക്കം തിരുമാനം ഇന്നത്തെ അവലോകന യോഗത്തിലുണ്ടായേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉച്ചക്ക് മൂന്നരക്കാണ് കൊവിഡ് അവലോകന യോഗം ചേരുക. ഞായറാഴ്ച ലോക് ഡൗണും രാത്രികര്‍ഫ്യുവും പിന്‍വലിക്കാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ച യോഗത്തില്‍ രാജ്യത്തെ പല വിദഗ്ധരും നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാകും സര്‍ക്കാര്‍ ഇളവുകളില്‍ തീരുമാനമെടുക്കുന്നത്.

🔳സംസ്ഥാനത്തിന് 10,07,570 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. വാക്‌സിന്‍ എത്തിച്ചേരുന്ന മുറയ്ക്ക് എത്രയും വേഗം വാക്‌സിനേഷന്‍ പുനരാരംഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

🔳മലപ്പുറം എആര്‍ നഗര്‍ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടില്‍ മുസ്ലി ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി കെടി ജലീല്‍ എംഎല്‍എ. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ബാങ്കില്‍ 1021 കോടി രൂപയുടെ കള്ളപ്പണമുണ്ടെന്ന് കണ്ടെത്തിയതായി കെ.ടി.ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കുഞ്ഞാലിക്കുട്ടിക്ക് സഹായം നല്‍കിയത് അദ്ദേഹത്തിന്റെ ബിനാമിയും ദീര്‍ഘകാലം ബാങ്കിലെ സെക്രട്ടറിയുമായിരുന്ന ഹരികുമാറാണെന്നും ടൈറ്റാനിയം ഇടപാടിലെ അഴിമതി പണമാണ് ബാങ്കില്‍ നിക്ഷേപിച്ചതെന്നും ജലീല്‍ പറഞ്ഞു. 862 വ്യാജ അക്കൌണ്ടുകളുണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണവും അഴിമതിപ്പണം വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടി നടത്തിയതെന്നും ജലീല്‍ പറഞ്ഞു.

🔳ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിലെ കോണ്‍ഗ്രസിലുണ്ടായ ആഭ്യന്തര കലാപത്തിന് താല്‍ക്കാലിക വിരാമം. പ്രശ്നപരിഹാരത്തിന് ഇരുവിഭാഗം നേതാക്കളും കൂടിക്കാഴ്ച നടത്തി. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായും കെപിസിസി ആസ്ഥാനമായ ഇന്ദിരഭാവനില്‍ വെച്ചാണ് ചര്‍ച്ച നടത്തിയത്. പ്രശ്നപരിഹാരത്തിന് ചര്‍ച്ചയില്‍ ധാരണയായി. കോണ്‍ഗ്രസ് എംപി രാജ് മോഹന്‍ ഉണ്ണിത്താനോട് കെപിസിസി വിശദീകരണം ചോദിക്കണമെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. ഇതില്‍ കെപിസിസി അധ്യക്ഷന്‍ ഇറപ്പ് നല്‍കിയതായാണ് സൂചന.

🔳യുഡിഎഫില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടുവെന്നും ഘടകകക്ഷികള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സതീശന്‍ യോഗ ശേഷം പ്രതികരിച്ചു. ഉമ്മന്‍ചാണ്ടിയേയും ചെന്നിത്തലയേയും കാണാന്‍ എകെജി സെന്ററിന്റെ അനുവാദം വേണ്ടെന്നായിരുന്നു വിജയരാഘവന്റെ പ്രസ്താവനയ്ക്കുള്ള മറുപടി. ഇത് പോലെ നിലവാരമില്ലാത്ത തമാശ പറയരുതെന്നും പിണറായി വിജയന്‍ ഉപദേശം നല്‍കണമെന്നും സതീശന്‍ തിരിച്ചടിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി വന്ന് പരിഹരിക്കേണ്ട ഒരു വിഷയവും നിലവില്‍ കേരളത്തിലില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

🔳കോണ്‍ഗ്രസിലെ വെടിനിര്‍ത്തലിന്റെ ഭാഗമായി രാജ്മോഹന്‍ ഉണ്ണിത്തനോട് വിശദീകരണം തേടാന്‍ കെപിസിസി തീരുമാനം. പാര്‍ട്ടി തീരുമാനത്തെ അംഗീകരിക്കാത്തവര്‍ പുറത്ത് പോകണമെന്ന ഉണ്ണിത്താന്റെ പ്രസ്താവനക്കെതിരെ നടപടി വേണമെന്ന ഉമ്മന്‍ചാണ്ടിയുടേയും ചെന്നിത്തലയുടേയും ആവശ്യവും സംസ്ഥാന നേതൃത്വം അംഗീകരിച്ചു. അച്ചടക്കനടപടികളിലെ ഇരട്ടനീതി പ്രശ്നത്തിനും ഇതോടെ പരിഹാരമായി. സംസ്ഥാനത്ത് തന്നെ പ്രശ്നപരിഹാരമുണ്ടായതോടെ താരിഖ് അന്‍വറിന്റെ കേരള യാത്ര റദ്ദാക്കി.

🔳കേരള പൊലീസിനെതിരെ ആനി രാജ ഉയര്‍ത്തിയ വിമര്‍ശനത്തെ ന്യായീകരിച്ച് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ. യുപിയിലായാലും കേരളത്തിലായാലും പൊലീസിന്റെ വീഴ്ചകള്‍ വിമര്‍ശിക്കപ്പെടുമെന്ന് ഡി രാജ പറഞ്ഞു. ഇതിലൂടെ ആനിരാജ വഷയത്തില്‍ കാനത്തന്റെ നിലപാടല്ല പാര്‍ടി നേതൃത്വത്തിന് എന്നുകൂടിയാണ് ഡി രാജ വ്യക്തമാക്കുന്നത്.

🔳ഇടുക്കി പണിക്കന്‍കുടിയില്‍ വീട്ടമ്മയെ കൊന്നുകുഴിച്ചുമൂടിയ കേസിലെ പ്രതി ബിനോയ് പിടിയില്‍. പെരിഞ്ചാംകുട്ടിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പണിക്കന്‍കുടി സ്വദേശി സിന്ധുവിനെ കൊന്ന് കുഴിച്ചുമൂടിയ ശേഷം ഇയാള്‍ ഒളിവിലായിരുന്നു.

🔳റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും രാജ്യത്തെ പ്രമുഖ വ്യവസായിയുമായ മുകേഷ് അംബാനി 100 ബില്യണ്‍ ഡോളര്‍ ക്ലബിലേക്ക്. ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സ് പുറത്തുവിട്ട കണക്കുപ്രകാരം 92.6 ബില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. രാജ്യത്തെ സമ്പന്നിരില്‍ ഒന്നാമനായ അദ്ദേഹത്തിന്റെ ആസ്തിയില്‍ 2021ല്‍മാത്രം 15 ബില്യണ്‍ ഡോളറിന്റെ വര്‍ധനവാണുണ്ടായത്. ലോക കോടീശ്വരപട്ടികയില്‍ നിലവില്‍ 12-ാംസ്ഥാനമാണ് അംബാനിക്കുള്ളത്.

🔳അഫ്ഗാനിസ്താന്റെ ഭരണംപിടിച്ച താലിബാനെ സംഘപരിവാറുമായി താരതമ്യംചെയ്ത കവി ജാവേദ് അക്തറിനെ വിമര്‍ശിച്ച് ശിവസേന. ഇത്തരം താരതമ്യങ്ങള്‍ ഹിന്ദു സംസ്‌കാരത്തോടുള്ള അനാദരവാണെന്ന് ശിവസേന പറഞ്ഞു. ആര്‍.എസ്.എസിനെ താലിബാനുമായി താരതമ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. ഇത്തരം താരതമ്യങ്ങള്‍ നടത്തുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും ശിവസേന മുഖപത്രമായ സാമ്‌ന അതിന്റെ മുഖപ്രസംഗത്തില്‍ പറഞ്ഞു.

🔳പ്രതിരോധ സേന ശക്തമായ ചെറുത്തു നില്‍പ്പ് നടത്തിയ അഫ്ഗാനിസ്താനിലെ പഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാനെ സഹായിക്കാന്‍ പാക് വ്യോമസേന എത്തിയതായി വെളിപ്പെടുത്തല്‍. പാക് യുദ്ധ വിമാനങ്ങള്‍ പഞ്ച്ശീര്‍ പ്രവിശ്യയ്ക്ക് മുകളില്‍ കൂടി പറക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പാക് യുദ്ധ വിമാനങ്ങള്‍ ബോംബ് വര്‍ഷിക്കുകയും ചെയ്തുവെന്ന് പ്രതിരോധ സേന നേതാവ് അഹമ്മദ് മസൂദ് പുറത്തു വിട്ട 19 മിനിറ്റ് നീളുന്ന ശബ്ദ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

🔳ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ആവേശജയം. ആവേശവും വാശിയും വാനോളം നിറഞ്ഞ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 157 റണ്‍സിന്റെ കൂറ്റന്‍ വിജയം. 368 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 210 റണ്‍സിന് ഓള്‍ ഔട്ടായി. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ബൗളര്‍മാരാണ് ഈ വിജയം സമ്മാനിച്ചത്. സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെയും ഓള്‍റൗണ്ട് മികവ് പുലര്‍ത്തിയ ശാര്‍ദുല്‍ ഠാക്കൂറിന്റെയും പ്രകടനങ്ങള്‍ നാലാം ടെസ്റ്റില്‍ നിര്‍ണായകമായി. സ്‌കോര്‍ ഇന്ത്യ: 191, 466. ഇംഗ്ലണ്ട്: 290, 210.

🔳ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുമ്ര. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഓലി പോപ്പിനെ ക്ലീന്‍ ബൗള്‍ഡാക്കിയ ബുമ്ര ടെസ്റ്റില്‍ അതിവേഗം 100 വിക്കറ്റ് തികക്കുന്ന ഇന്ത്യന്‍ പേസറെന്ന നേട്ടമാണ് സ്വന്തമാക്കിയത്. 24 ടെസ്റ്റുകളില്‍ നിന്നാണ് ബുമ്ര 100 വിക്കറ്റ് തികച്ചത്. 25 ടെസ്റ്റില്‍ 100 വിക്കറ്റ് തികച്ച കപില്‍ ദേവിന്റെ റെക്കോര്‍ഡാണ് ഓവലില്‍ ബുമ്ര മറികടന്നത്.

🔳മിസ്ബ ഉള്‍ ഹഖ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് രാജിവച്ചു. ടി20 ലോകകപ്പ് ടീമിനുള്ള പാക് ടീം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മിസ്ബയുടെ രാജി. അവരുടെ ബൗളിംഗ് പരിശീലകന്‍ വഖാര്‍ യൂനിസും പടിയിറങ്ങി. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ വേണ്ടിയാണ് പരിശീലക സ്ഥാനം ഒഴിയുന്നതെന്ന് മിസ്ബ വ്യക്തമാക്കി.എന്നാല്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചതിലുള്ള അതൃപ്തിയാണ് ഇരുവരുടേയും രാജിയിലേക്ക് നയിച്ചതെന്നുള്ള സംസാരമുണ്ട്. തങ്ങള്‍ ആവശ്യപ്പെട്ട താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്താന്‍ പിസിബി തയ്യാറായില്ലെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നു.

🔳കേരളത്തില്‍ ഇന്നലെ 1,17,823 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,631 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 111 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,602 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 894 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,561 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,38,782 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തൃശൂര്‍ 3120, കോഴിക്കോട് 2205, എറണാകുളം 2029, മലപ്പുറം 1695, കൊല്ലം 1624, പാലക്കാട് 1569, തിരുവനന്തപുരം 1483, ആലപ്പുഴ 1444, കണ്ണൂര്‍ 1262, കോട്ടയം 1020, വയനാട് 694, പത്തനംതിട്ട 670, ഇടുക്കി 506, കാസര്‍ഗോഡ് 367.

🔳രാജ്യത്ത് ഇന്നലെ 30,164 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 42,946 പേര്‍ രോഗമുക്തി നേടി. മരണം 290. ഇതോടെ ആകെ മരണം 4,41,075 ആയി. ഇതുവരെ 3,30,57,320 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.85 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3,626 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,556 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 3,77,833 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 34,539 പേര്‍ക്കും ബ്രസീലില്‍ 9,154 പേര്‍ക്കും റഷ്യയില്‍ 17,856 പേര്‍ക്കും ഇംഗ്ലണ്ടില്‍ 41,192 പേര്‍ക്കും തുര്‍ക്കിയില്‍ 20,962 പേര്‍ക്കും ഇറാനില്‍ 27,579 പേര്‍ക്കും ഫിലിപ്പൈന്‍സില്‍ 22,415 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 22.19 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.88 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 6,161 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 216 പേരും ബ്രസീലില്‍ 182 പേരും റഷ്യയില്‍ 790 പേരും ഇറാനില്‍ 583 പേരും ഇന്‍ഡോനേഷ്യയില്‍ 612 പേരും മെക്സിക്കോയില്‍ 272 പേരും മലേഷ്യയില്‍ 272 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45.87 ലക്ഷം.

🔳അടല്‍ പെന്‍ഷന്‍ യോജനയിലെ വരിക്കാരുടെ എണ്ണത്തില്‍ 33 ശതമാനം വര്‍ധന. 2020-21 സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തെ കണക്കുപ്രകാരം എന്‍പിഎസിലെ മൊത്തം വരിക്കാരായ 4.2 കോടി പേരില്‍ 2.8 പേരും എപിവൈയിലെ നിക്ഷേപകരാണ്. നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിലെ വിവിധ പദ്ധതികളിലെ 66 ശതമാനംപേരും ഇതോടെ എപിവൈയുടെ വരിക്കാരായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എന്‍പിഎസില്‍ അംഗങ്ങളായ സ്ത്രീകളുടെ എണ്ണം 24 ശതമാനവും, പുരുഷന്മാരുടെ എണ്ണം 22 ശതമാനവും കൂടി.

🔳നടന്‍ ഗോകുല്‍ സുരേഷിന്റെ പുതിയ ചിത്രം 'അമ്പലമുക്കിലെ വിശേഷങ്ങളി'ലെ ഗാനം റിലീസ് ചെയ്തു. മനോരമ മ്യൂസിക് ആണ് ഗാനം പുറത്തിറക്കിയത്. ചാന്ദ് ക്രീയേഷന്‌സിന്റെ ബാനറില്‍ ജെ. ശരത്ചന്ദ്രന്‍ നായര്‍ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജയറാം കൈലാസ് ആണ്. ഉമേഷ് കൃഷ്ണനാണ് കഥയും തിരക്കഥയും രചിക്കുന്നത്. പാലക്കാടിന്റെ മനോഹാരിതയില്‍ ചിത്രീകരിച്ചിരിക്കുന്ന പാട്ട് എഴുതിയിരിക്കുന്നത് ബി. കെ ഹരിനാരായണനാണ്. രഞ്ജിന്‍ രാജിന്റെ സംഗീതത്തില്‍ സന്നിധാനന്ദന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

🔳ബിബിന്‍ ജോര്‍ജ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ജോണി ആന്റണി, അന്ന രേഷ്മ രാജന്‍ എന്നിവര്‍ പ്രധാനന കഥാപാത്രങ്ങളാകുന്ന തിരിമാലിയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ രാജീവ് ഷെട്ടിയാണ് ചിത്രത്തിന്റെ സംവിധാനം. മുഴുനീള കോമഡി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍പെടുന്ന സിനിമയാണിത്. സേവ്യര്‍ അലക്‌സും രാജീവ് ഷെട്ടിയും ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നത്. ഇന്നസെന്റ്, സലിംകുമാര്‍, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.

🔳എക്കോസ്പോര്‍ട്ട്, ഫിഗോ, ഫ്രീസ്റ്റൈല്‍, ആസ്പയര്‍ എന്നിവയുടെ തിരഞ്ഞെടുത്ത ഡീസല്‍ വേരിയന്റുകളെ തിരിച്ചുവിളിച്ച് പരിശോധിക്കാന്‍ ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ്. എക്‌സ്‌ഹോസ്റ്റ് ടെയില്‍ പൈപ്പില്‍ നിന്ന് ഉയര്‍ന്ന ഉദ്വമനം സംബന്ധിച്ച പ്രശ്നം പരിഹരിക്കാന്‍ കമ്പനി മൊത്തം 31,818 യൂണിറ്റ് വാഹനങ്ങള്‍ തിരികെ വിളിച്ചിട്ടുണ്ട്. 2020 ജനുവരി ഒന്നു മുതല്‍ 2021 ജൂണ്‍ 9 വരെ നിര്‍മിച്ച എക്കോസ്പോര്‍ട്ട്, ഫിഗോ, ഫ്രീസ്റ്റൈല്‍, ആസ്പയര്‍ മോഡലുകളുടെ തെരഞ്ഞെടുത്ത ഡീസല്‍ വകഭേദങ്ങളെയാണ് കമ്പനിയിപ്പോള്‍ തിരിച്ചുവിളിച്ചിരിക്കുന്നത്.

🔳ഇന്ത്യാചരിത്രത്തെ മാറ്റിമറിച്ച പോര്‍ച്ചുഗീസ് ആഗമനത്തിന് വേദിയായിത്തീര്‍ന്ന കോഴിക്കോടിന്റെ പ്രധാന വാണിജ്യ കേന്ദ്രമായ മിഠായിത്തെരുവിനെക്കുറിച്ചുള്ള പുസ്തകം. കേരളത്തിലെ തെരുവുകളില്‍ പ്രാധാന്യമേറെയുള്ള മിഠായിത്തെരുവിന്റെ ചരിത്രവും സംസ്‌കാരവും സ്ഥിതി വിവരക്കണക്കുകളും ഭരണകാര്യങ്ങളും ഭരണാധിപന്‍മാരും ബന്ധപ്പെട്ട മറ്റു വ്യക്തിത്വങ്ങളും കഥകളും കൗതുകങ്ങളുമെല്ലാം ലളിതവും ആകര്‍ഷകവുമായ വിധത്തില്‍ വിവരിക്കുന്ന രചന. 'മിഠായിത്തെരുവ്'. അഡ്വ. ടി.ബി. സെലുരാജ്. മാതൃഭൂമി. വില 160 രൂപ.

🔳ശരീരത്തിലെ കൊഴുപ്പ് രൂപപ്പെടുന്നത് കുറയ്ക്കാന്‍ മുരിങ്ങയിലയ്ക്ക് കഴിയുമെന്നാണ് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്ന സംയുക്തങ്ങള്‍ മുരിങ്ങയില്‍ അടങ്ങിയിട്ടുണ്ടെന്നും പഠനങ്ങള്‍ പറയുന്നു. 21 ഗ്രാം മുരിങ്ങയിലില്‍ രണ്ട് ഗ്രാം പ്രോട്ടീനും 11 ശതമാനം വിറ്റാമിന്‍ സിയുമാണ് അടങ്ങിയിട്ടുള്ളത്. മുരിങ്ങയില കൊഴുപ്പിന്റെ അളവ് കുറയ്ക്കാന്‍ ഫലപ്രദമാണ്. മുരിങ്ങയില ചര്‍മ്മത്തിനും മുടിയ്ക്കും നല്ലതാണ്. അവ ശരീരത്തിലെ രക്തചംക്രമണത്തെ സഹായിക്കുന്നു. അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ കാല്‍സ്യം, ഫോസ്ഫറസ് എന്നിവയുടെ ഉറവിടമാണ് മുരിങ്ങ ഇലകള്‍. മുരിങ്ങ ഇലകള്‍ സന്ധിവാതം തടയാനും ഓസ്റ്റിയോപൊറോസിസിനെതിരെ പോരാടാനും സഹായിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ മുരിങ്ങ സഹായിക്കുന്നു. ഇത് പ്രമേഹ സാധ്യത കുറയ്ക്കും. മാത്രമല്ല, ഭക്ഷണത്തിന് ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇതിന് സാധിക്കും. ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നതിലൂടെ മുരിങ്ങയില ഹൃദയത്തെ സംരക്ഷിക്കുകയും ഹൃദയ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only