21/09/2021

കൊടുവള്ളി നഗരസഭയിൽ നൂറ് ശതമാനം ഫസ്റ്റ് ഡോസ് വാക്സിനേഷൻ പൂർത്തീകരിച്ചു.
(VISION NEWS 21/09/2021)

കൊടുവള്ളി :കൊടുവള്ളി നഗരസഭ നൂറ് ശതമാനം ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തീകരിച്ച കോഴിക്കോട് ജില്ലയിലെ ആദ്യ നഗരസഭയായി മാറി. കഴിഞ്ഞ 3 മാസക്കാലത്തിനിടയിൽ കൊടുവള്ളി ഹയർ സെക്കണ്ടറി സ്കൂൾ, വാവാട്, പാലക്കുറ്റി, സൌത്ത് കൊടുവള്ളി, കളരാന്തിരി, മാനിപുരം, കരുവൻപൊയിൽ, തലപ്പെരുമണ്ണ, പനക്കോട് എന്നിവടങ്ങളിലെ പ്രത്യേക കേന്ദ്രങ്ങളിൽ കൊടുവള്ളി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന ഹൃദയാദ്രം എന്ന സന്നദ്ദ സംഘടനയുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പുകളിലൂടെയും കൊടുവള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലൂടെയും കൊടുവള്ളി നഗരസഭയിലെ  39,076 പേർക്ക്   ഫസ്റ്റ് ഡോസ്  വാക്സിൻ നൽകി.  ഇന്ന്  കൊടുവള്ളി കെ.എം.ഒ ഹയർ സെകണ്ടറി സ്കൂളിൽ വെച്ച നടന്ന മെഗാ ക്യാമ്പിലൂടെ 2502 പേർക്ക് വാക്സിൻ നൽകിയതിലൂടെ  കൊടുവള്ളി നഗരസഭ  സമ്പൂർണ്ണ ഫസ്റ്റ് ഡോസ്  വാക്സിനേഷൻ നൽകിയ  നഗരസഭയായി ചെയർമാൻ വെള്ളറ അബ്ദു പ്രഖ്യാപിച്ചു.
60 വയസ്സിന് മുകളിലുള്ളവർക്കുള്ള വാക്സിനേഷൻ നഗരസഭ നേരത്തേ തന്നെ പൂർത്തീകരിച്ചിരുന്നു. നഗരസഭയുടെ എല്ലാ ഡിവിഷനുകളിലൂമായി ഉണ്ടായിരുന്ന 922 കിടപ്പുരോഗികളെ അവരവരുടെ വീടുകളിൽ ചെന്ന് നേരത്തെ വാക്സിൻ നൽകുകയും ചെയ്തിരുന്നു.
മെഗാ വാക്സിനേഷൻ ക്യാമ്പ് നഗരസഭാ ചെയർമാൻ വെള്ളറ അബ്ദു ഉൽഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.എം. സുഷിനി അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി.മൊയ്തീൻകോയ സ്വാഗതം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ വി.സിയാലി ഹാജി, റംസിയ മോൾ, എൻ.കെ അനിൽകുമാർ, റംല ഇസ്മായിൽ, ഡോ. പി.അബ്ദുള്ള,  എന്നിവർ സംസാരിച്ചു. സി.എച്.സി ഹെൽത്ത് ഇൻസ്പെക്ടർ താര, ശോഭന, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജിബി മോൻ, പ്രസാദ്, ഡിവിഷൻ കൗൺസിലർമാർ തുടങ്ങിയവർ സംബന്ധിച്ചു.
നൂറു ശതമാനം വാക്സിനേഷന്‍  പൂർത്തീകരിക്കുന്നതിനായി സഹകരിച്ച മുഴുവൻ കൌൺസിലർമാർക്കും നഗരസഭ ജീവനക്കാർക്കും കമ്മ്യൂണിറ്റി ഹെൽത്ത് സെന്റ റിലെ ജീവനക്കാർക്കും ആരോഗ്യ പ്രവർത്തകർക്കും ആശാ വർക്കർമാർക്കും ഹൃദയാദ്രം വളണ്ടിയർമാർക്കും സന്നദ്ദ സംഘടന പ്രവർത്തകർക്കും ആർ.ആർ.ടി അംഗങ്ങൾക്കും മറ്റു പൊതു പ്രവർത്തകർക്കും   നഗരസഭ ചെയർമാൻ  നന്ദി രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only