10 സെപ്റ്റംബർ 2021

മുംബൈയില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ യുവതിക്ക് ക്രൂരപീഡനം
(VISION NEWS 10 സെപ്റ്റംബർ 2021)
മുംബൈ: മുംബൈയിലെ സാക്കിനാക്കയില്‍ നിര്‍ത്തിട്ട ടെംമ്പോ വാഹനത്തില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു. 34കാരിയായ യുവതിയെ പ്രതി ബലാത്സംഗത്തിനിരയാക്കിയ ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയിറക്കിയതായും പോലീസ് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. സംഭവത്തില്‍ പ്രതിയായ മോഹന്‍ ചൗഹാനെ (45) പോലീസ് അറസ്റ്റ് ചെയ്തു.

സാക്കിനാക്ക മേഖലയിലെ ഖൈറാനി റോഡില്‍ ഒരു യുവാവ് യുവതിയെ മര്‍ദ്ദിക്കുന്നതായുള്ള വിവരം വെള്ളിയാഴ്ച രാവിലെയാണ് പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നത്. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് സംഘം രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് മാറ്റിയ യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്നും പോലീസ് അറിയിച്ചു. 

റോഡിന് വശത്തായി നിര്‍ത്തിയിട്ട ടെംമ്പോ വാഹനത്തിനുള്ളിലാണ് യുവതി അതിക്രൂര പീഡനം നേരിട്ടത്. പ്രാഥമിക അന്വേഷണത്തില്‍ വാഹനത്തിനുള്ളില്‍ നിന്ന് രക്തക്കറ കണ്ടെത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. 

വധശ്രമം, ബലാത്സംഗം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസിന്റെ നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only