👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

20 സെപ്റ്റംബർ 2021

പ്രഭാത വാർത്തകൾ
(VISION NEWS 20 സെപ്റ്റംബർ 2021)
🔳റെക്കോര്‍ഡ് നേട്ടം കൈവരിച്ചതിന് തൊട്ടുപിന്നാലെ രാജ്യത്തെ വാക്‌സിനേഷന്‍ നിരക്ക് കുത്തനെ കുറഞ്ഞതില്‍ കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചടങ്ങ് അവസാനിച്ചു എന്ന അടിക്കുറിപ്പോടെ രാജ്യത്തെ കഴിഞ്ഞ പത്ത് ദിവസത്തെ വാക്‌സിനേഷന്‍ നിരക്കിന്റെ ഗ്രാഫ് ഉള്‍പ്പെടെ ട്വീറ്റ് ചെയ്തുകൊണ്ടാണ് രാഹുലിന്റെ പരിഹാസം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ദിനത്തില്‍ മാത്രം വാക്‌സിനേഷന്‍ കുത്തനെ വര്‍ധിക്കുകയും അതിന് മുമ്പും ശേഷവുമുള്ള ദിവസങ്ങളില്‍ വാക്‌സിനേഷന്‍ കുറഞ്ഞതും ചൂണ്ടികാണിച്ചായിരുന്നു രാഹലിന്റെ ട്വീറ്റ്.

🔳മെഗാ വാക്സിനേഷന് പിന്നാലെ വാക്സിന്‍ നിരക്ക് കുറഞ്ഞതിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരംവും. ഇങ്ങനെയാണെങ്കില്‍ എല്ലാ ദിവസവും പ്രധാനമന്ത്രി നരേന്ദ്ര മോദി പിറന്നാള്‍ ആഘോഷിക്കട്ടെ എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 30,800 കോവിഡ് രോഗികളില്‍ 63.80 ശതമാനമായ 19,653 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 296 മരണങ്ങളില്‍ 51.35 ശതമാനമായ 152 മരണങ്ങളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 3,12,119 സജീവരോഗികളില്‍ 55.64 ശതമാനമായ 1,73,678 രോഗികളും കേരളത്തിലാണുള്ളത്.

🔳കേരളത്തിന്റെ ശബരിമല വിമാനത്താവളം എന്ന നിര്‍ദ്ദേശത്തിന് തിരിച്ചടി. വിമാനത്താവള നിര്‍ദ്ദേശത്തെ എതിര്‍ത്ത് ഡിജിസിഎ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. വിമാനത്താവളത്തിന് കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

🔳പാലാ ബിഷപ്പ് ഉന്നയിച്ച നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന് മേലുള്ള വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ രാഷ്ട്രീയ- സമുദായ- മതനേതാക്കള്‍ നടത്തുന്ന ശ്രമങ്ങളോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം മതസൗഹാര്‍ദ്ദത്തിനും, ഐക്യത്തിനും കോട്ടംതട്ടാന്‍ അനുവദിക്കരുതെന്നും നിര്‍ദ്ദേശിച്ചു. മതവികാരങ്ങള്‍ മുറിപ്പെടുത്തുന്ന കാര്യങ്ങളില്‍ വിവേകത്തോടെയും പരസ്പര ബഹുമാനത്തോടെയും ചര്‍ച്ചകള്‍ നടത്തി പരിഹാരം ഉണ്ടാക്കണമെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.  

🔳കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും മന്ത്രി റോഷി അഗസ്റ്റിനും നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം നടത്തി വിവാദത്തിലായ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി എംഎല്‍എമാരും ബിഷപ്പുമായുള്ള കൂടിക്കാഴ്ചയില്‍ നേതാക്കള്‍ക്ക് ഒപ്പമുണ്ടായിരുന്നു. വൈകിട്ട് ബിഷപ്പ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

🔳പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ രൂപതക്കെതിരെ എഐവൈഎഫ് പ്രമേയം. ജാതിമത സംഘടന നേതാക്കള്‍ വിഷലിപ്തമായ വാക്കുകളില്‍ നിന്ന് പിന്മാറണമെന്നും ഓരോ മുറിവും നമ്മുടെ സമൂഹത്തെ ശിഥിലമാക്കുമെന്നും എഐവൈഎഫ് വ്യക്തമാക്കി. പാലാ എഐവൈഎഫ് സമ്മേളനത്തില്‍ ആണ് പാലാ രൂപതക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചത്.

🔳നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം പാലാ ബിഷപ്പ് പിന്‍വലിക്കണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. പരാമര്‍ശം കൂടുതല്‍ ചര്‍ച്ചയാക്കി വിവാദമാക്കേണ്ട ആവശ്യമില്ലെന്നും ഇക്കാര്യത്തില്‍ മധ്യസ്ഥ ചര്‍ച്ചയല്ല വേണ്ടതെന്നും മുസ്ലിം വിഭാഗത്തിന് എതിരായ തന്റെ പ്രയോഗം ബിഷപ്പ് പിന്‍വലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

🔳ഇസ്ലാമില്‍ ലൗ ജിഹാദ് എന്നൊന്നില്ലെന്ന് സമസ്ത. ഖുര്‍ ആന്‍ ശരിക്കും മനസിലാക്കാതെയാണ് പല പ്രചരണങ്ങളും നടക്കുന്നത്. സമസ്ത പ്രവര്‍ത്തിക്കുന്നത് മതസൗഹാര്‍ദ്ദത്തിനായി ആണ്. വിവാദ പരാമര്‍ശം നടത്തിയ ബിഷപ്പിനെ പ്രോല്‍സാഹിപ്പിക്കുന്ന തരത്തിലായി സര്‍ക്കാര്‍ ഇടപെടല്‍. ഇത് തെറ്റാണെന്നും ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്ലിം സമുദായമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

🔳നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ കെപിസിസിയുടെ നേതൃത്വത്തില്‍ മതനേതാക്കളുടെ സംയുക്ത യോഗം വിളിക്കുമെന്ന് കെ സുധാകരന്‍. സുധാകരനും വി ഡി സതീശനും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അറിയിപ്പ്. മതനേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ആത്മവിശ്വാസമുണ്ട്. വര്‍ഗീയ ധ്രുവീകരണം തടയാനുള്ള ശ്രമം തുടരുകയാണ്. പൊട്ടിത്തെറി കണ്ടതുകൊണ്ടാണ് ഇടപെട്ടത്. സര്‍ക്കാര്‍ കാട്ടേണ്ട ഉത്തരവാദിത്തം കാട്ടിയില്ല. നിരുത്തരവാദപരമായാണ് മന്ത്രി വാസവന്‍ ബിഷപ്പിനെ കണ്ടശേഷം പ്രതികരിച്ചത്. ചര്‍ച്ചയ്ക്കായി പലവട്ടം കത്തയച്ചിട്ടും മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

🔳ഈഴവ സമുദായത്തിനെതിരെ വിദ്വേഷ പ്രസ്താവന നടത്തിയ കത്തോലിക്കാ സഭാ വൈദികന്‍ ഖേദം പ്രകടിപ്പിച്ചു. ഈഴവ സമുദായത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് കുട്ടികളുടെ ദീപിക ചീഫ് എഡിറ്ററും ദീപിക ബാലസഖ്യം ഡയറക്ടറുമായ ഫാ. റോയ് കണ്ണന്‍ചിറ പറഞ്ഞു. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള അഞ്ച് ഫെറോനകളിലെ മതാധ്യാപകര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനത്തിലിനിടെയാണ് ഫാ. റോയ് കണ്ണന്‍ചിറ വിദ്വേഷകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ഒരു മാസത്തിനുള്ളില്‍ ഒമ്പത് പെണ്‍കുട്ടികളെ പ്രണയിച്ച് കൊണ്ടുപോയത് ഈഴവ ചെറുപ്പക്കാരാണെന്നായിരുന്നു റോയ് കണ്ണന്‍ചിറയുടെ പരാമര്‍ശം

🔳പാലക്കാട് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് കേസിലെ മുഖ്യപ്രതി മൊയ്തീന്‍കോയ പിടിയില്‍. പാലക്കാട് നോര്‍ത്ത് പൊലീസാണ് കോഴിക്കോട് നിന്നും മൊയ്തീന്‍കോയയെ പിടികൂടിയത്. ഇയാളെ പാലക്കാട് എത്തിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. അതിന് ശേഷം മേട്ടുപ്പാളയത്തെ ഷോപ്പില്‍ എത്തിച്ച് തെളിവെടുക്കും. കോഴിക്കോട് സമാന്തര സമാന്തര എക്സ്ചേഞ്ച് നടത്തിയിരുന്നത് ഇയാളുടെ സഹോദരനാണ്.സമാന്തര എക്സ്ചേഞ്ചുകളുടെ മറവില്‍ ദേശ വിരുദ്ധ പ്രവര്‍ത്തനം, ഹവാല, മയക്കുമരുന്ന് ഇടപാടുകള്‍ നടന്നിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

🔳കോഴിക്കോട് - വയനാട് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരെ പരസ്പരം മാറ്റി ഉത്തരവായി. കോഴിക്കോടിന്റെ ചുമതല ഇനി മുതല്‍ മന്ത്രി പി എ മുഹമ്മദ് റിയാസിനായിരിക്കും. കോഴിക്കോടിന്റെ ചുമതലയുണ്ടായിരുന്ന എകെ ശശീന്ദ്രന് വയനാടിന്റെ ചുമതല നല്‍കി. ചുമതല മാറ്റത്തിന്റെ കാരണം വ്യക്തമല്ല. പൊതുഭരണവകുപ്പാണ് ഉത്തരവിറക്കിയത്.

🔳കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിനെതിരെ പാര്‍ട്ടിയില്‍ പരാതിപ്പെട്ട സുജേഷ് കണ്ണാട്ടിനെ കാണാനില്ല. വീട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കിയത്. മൊബൈല്‍ ഫോണിലും സുജേഷിനെ കിട്ടുന്നില്ല. സിപിഎമ്മില്‍ നിന്ന് സുജേഷ് കണ്ണാട്ടിനെ പുറത്താക്കിയിരുന്നു. ബാങ്ക് അഴിമതിക്കെതിരെ താന്‍ ഒറ്റയാള്‍ സമരം നടത്തിയതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചതെന്നും ബാങ്ക് തട്ടിപ്പ് സിപിഎം നേരത്തെ അറിഞ്ഞില്ലെന്ന് പറയുന്നത് നുണയാണെന്നും സുജേഷ് കണ്ണാട്ട് മുന്‍പ പറഞ്ഞിരുന്നു.

🔳തന്റെ പേര് ഉപയോഗിച്ച് പാര്‍ട്ടി രൂപീകരിക്കുന്നതില്‍ നിന്നും യോഗം ചേരുന്നത് അടക്കമുള്ള കാര്യങ്ങളില്‍നിന്നും മാതാപിതാക്കള്‍ അടക്കമുള്ളവരെ തടയണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് നടന്‍ വിജയ്. അച്ഛന്‍ എസ്.എ. ചന്ദ്രശേഖര്‍, അമ്മ ശോഭ ശേഖര്‍, ആരാധക സംഘടനയില്‍ ഉണ്ടായിരുന്ന എക്സിക്യൂട്ടീവ് മെമ്പര്‍മാര്‍, എന്നിവരടക്കം 11 പേര്‍ക്കെതിരെയാണ് വിജയ് കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് മദ്രാസ് ഹൈക്കോടതി സെപ്റ്റംബര്‍ 27 ലേക്ക് മാറ്റി.

🔳പഞ്ചാബില്‍ ചരണ്‍ജിത് സിംഗ് ചന്നി മുഖ്യമന്ത്രിയായാകും. ചന്നിയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തെന്ന് ഹരീഷ് റാവത്ത് അറിയിച്ചു. ജാതി സമവാക്യം പാലിക്കാന്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെയും നിയോഗിക്കും. മുഖ്യമന്ത്രിയായി സുഖ് ജിന്തര്‍ സിംഗ് രണ്‍ധാവയെ പരിഗണിച്ചെങ്കിലും സിദ്ദുവിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് അവസാന നിമിഷം തീരുമാനം മാറ്റുകയായിരുന്നു. എല്‍എമാരുടെ പിന്തുണയും ഹൈക്കമാന്‍ഡ് താല്‍പര്യവും മുന്‍മന്ത്രി സുഖ് ജിന്തര്‍ സിംഗിന് അനുകൂലമായിരുന്നെങ്കിലും പ്രഖ്യാപനത്തിന് തൊട്ടുമുന്‍പുള്ള സിദ്ദുവിന്റെ ഇടപെടലാണ് കാര്യങ്ങള്‍ മാറ്റി മറിച്ചത്.

🔳ഏറെ അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും ശേഷമാണ് അമരീന്ദര്‍ സിങിന്റെ പിന്‍ഗാമിയായി ചരണ്‍ജിത്ത് സിങ് ചന്നി പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. നവ്‌ജ്യോത് സിദ്ദു, സുഖ്ജിന്ദര്‍ സിങ് രണ്‍ധാവ തുടങ്ങി നിരവധി പേരുകള്‍ മാറി മറിഞ്ഞ ശേഷമാണ് ആദ്യഘട്ടത്തില്‍ ചിത്രത്തിലേ ഇല്ലാതിരുന്ന ചരണ്‍ജിത്ത് സിങ് ചന്നിയിലേക്ക് കോണ്‍ഗ്രസ് എത്തുന്നത്. അമരീന്ദര്‍ സിങ്- സിദ്ദു സംഘര്‍ഷത്തിന് അയവ് വരുത്താന്‍ ചന്നിക്ക് സാധിക്കും എന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. ഇതോടെ സംസ്ഥാനത്തെ ആദ്യത്തെ ദളിത് മുഖ്യമന്ത്രിയായി ചരണ്‍ജിത്ത് സിങ് ചന്നി മാറും.

🔳രാജിവെച്ച പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെ പുകഴ്ത്തി കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷി. ഗാന്ധി കുടുംബാംഗങ്ങളെക്കാള്‍ ജനപ്രീതി അമരീന്ദറിന്
ഉള്ളതുകൊണ്ടാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയതെന്ന് ജോഷി ആരോപിച്ചു.

🔳പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദുവിനെതിരെ മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങളെന്ന് ബി.ജെ.പി. സിദ്ദു രാജ്യദ്രോഹിയാണെന്നാണ് അമരീന്ദര്‍ പറഞ്ഞതെന്നും പാകിസ്താന്‍ ഇന്ത്യയെ ആക്രമിച്ച സമയത്ത് പാകിസ്താനില്‍ പോയി സൈനിക തലവനെ സന്ദര്‍ശിച്ചയാളാണ് സിദ്ദുവെന്നും ഈ വിഷയത്തില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എന്തുകൊണ്ടാണ് മൗനം തുടരുന്നതെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കര്‍ ചോദിച്ചു.

🔳നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത ഉത്തരാഖണ്ഡില്‍ വമ്പന്‍ വാഗ്ദാനങ്ങളുമായി എ.എ.പി. ആറു മാസത്തിനുള്ളില്‍ ഒരുലക്ഷം തൊഴിലവസരങ്ങള്‍, പ്രതിമാസം അയ്യായിരം രൂപ അലവന്‍സ്, ജോലികള്‍ക്ക് 80 ശതമാനം സംവരണം തുടങ്ങിയ വാഗ്ദാനങ്ങളാണ് എ.എ.പി. നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ മുന്നോട്ടുവെച്ചത്.

🔳ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയ 2017 മുതല്‍ കലാപങ്ങളില്ലാത്ത സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന റിപ്പോര്‍ട്ട് കാര്‍ഡ് അവതരിപ്പിച്ചു കൊണ്ടായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ ഭരണത്തില്‍ സംസ്ഥാനത്ത് പൂര്‍ണ മാറ്റം പ്രകടമാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 350 സീറ്റുകള്‍ ബിജെപിയ്ക്ക് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔳ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേ 2023-ല്‍ യാഥാര്‍ഥ്യമാകുന്നതോടെ കേന്ദ്ര സര്‍ക്കാരിന് ടോള്‍ ഇനത്തില്‍ പ്രതിമാസം 1000 കോടി രൂപ മുതല്‍ 1500 കോടിരൂപ വരെ ലഭിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത- ഹൈവേ വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വരുമാനം സൃഷ്ടിക്കാനുള്ള സ്വര്‍ണഖനിയാണെന്നും 2023 മാര്‍ച്ചോടെ ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയുടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നുവെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

🔳ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിയുന്നത് പ്രഖ്യാപിച്ചതിന് പിന്നാലെ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നായകസ്ഥാനവും വിരാട് കോലി കൈവിടുന്നു. ഈ സീസണൊടുവില്‍ കോലി ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറുമെന്ന് ആര്‍സിബി വീഡിയോയിലൂടെ അറിയിച്ചു. എന്നാല്‍ ഐപിഎല്ലില്‍ തന്റെ അവസാന മത്സരം വരെ ആര്‍സിബി താരമായി തുടരുമെന്ന് കോലി വ്യക്തമാക്കി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും എല്ലാ ആര്‍സിബി ആരാധകര്‍ക്കും കോലി നന്ദി പറഞ്ഞു.

🔳ബാറ്റിംഗിലെ തിരിച്ചുവരവ് ബൗളിംഗിലും ആവര്‍ത്തിച്ചപ്പോള്‍ ഐപിഎല്‍ പതിനാലാം സീസണിന്റെ രണ്ടാംഘട്ടത്തിലെ ആദ്യ മത്സരം കെങ്കേമമാക്കി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ എന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ 20 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി. ചെന്നൈ മുന്നോട്ടുവെച്ച 157 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റിന് 136 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അര്‍ധ സെഞ്ചുറി നേടിയ സൗരഭ് തിവാരിയുടെ പോരാട്ടം പാഴായി. നേരത്തെ റുതുരാജ് ഗെയ്ക്വാദിന്റെ 88 റണ്‍സാണ് ചെന്നൈക്ക് മാന്യമായ സ്‌കോര്‍ നേടാന്‍ സഹായകമായത്.

🔳ഗുരുതരാവസ്ഥയില്‍ നിന്ന് തന്നെ രക്ഷിച്ച ഡോക്ടര്‍മാരോടും ആശംസകള്‍ അറിയിച്ച ആരാധകരോടും നന്ദിയറിച്ച് ന്യൂസിലന്‍ഡ് മുന്‍ ക്രിക്കറ്റ് താരം ക്രിസ് കെയ്ന്‍സ്. അടിയന്തര ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം സംഭവിച്ചതോടെയാണ് കെയ്ന്‍സ് ഗുരുതരാവസ്ഥയിലായത്. ഇതോടൊപ്പം കാലുകള്‍ തളര്‍ന്നുപോവുകയും ചെയ്തിരുന്നു. ഹൃദയധമനികള്‍ പൊട്ടി രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ഒന്നിലേറെ ശസ്ത്രക്രിയക്ക് വിധേയനായ താരം സിഡ്‌നിയിലെ ആശുപത്രിയില്‍ നേരത്തെ വെന്റിലേറ്ററിലായിരുന്നു. എന്നാല്‍ ആരാധകര്‍ക്ക് വലിയ ആശ്വാസം നല്‍കി ജീവിതത്തിലേക്ക് മടങ്ങിയെത്തുകയാണ് മുന്‍ ഓള്‍റൗണ്ടര്‍.  

🔳കേരളത്തില്‍ ഇന്നലെ 1,13,295 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,591 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,657 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 807 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 84 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,711 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,73,631 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂര്‍ 856, ഇടുക്കി 843, പത്തനംതിട്ട 826, വയനാട് 443, കാസര്‍ഗോഡ് 263.

🔳രാജ്യത്ത് ഇന്നലെ 30,800 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 43,219 പേര്‍ രോഗമുക്തി നേടി. മരണം 306. ഇതോടെ ആകെ മരണം 4,45,165 ആയി. ഇതുവരെ 3,34,77,819 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.12 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3,413 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,697 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,337 പേര്‍ക്കും മിസോറാമില്‍ 1,104 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 3,46,611 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 31,214 പേര്‍ക്കും ഇംഗ്ലണ്ടില്‍ 29,612 പേര്‍ക്കും റഷ്യയില്‍ 20,174 പേര്‍ക്കും തുര്‍ക്കിയില്‍ 26,398 പേര്‍ക്കും ഫിലിപ്പൈന്‍സില്‍ 19,271 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 22.92 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.86 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 5619 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 307 പേരും റഷ്യയില്‍ 793 പേരും ഇറാനില്‍ 391 പേരും മെക്സിക്കോയില്‍ 765 പേരും മലേഷ്യയില്‍ 376 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47.04 ലക്ഷം.

🔳ഫാര്‍മ കമ്പനിയായ ബയോകോണ്‍ ബയോളജിക്സിന്റെ 490 കോടി ഡോളര്‍ (35,700 കോടി രൂപ) മതിപ്പു വിലയുള്ള 15% ഓഹരികള്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ലൈഫ് സയന്‍സിനു നല്‍കാന്‍ ധാരണയായി. 15 വര്‍ഷത്തേക്ക് പ്രതിവര്‍ഷം 10 കോടി ഡോസ് കോവിഡ് വാക്സീന്‍ നല്‍കുന്നതിനു പകരമായാണിത്. ഇതിനു പുറമെ ഇരു കമ്പനികളും ചേര്‍ന്ന് എച്ച്ഐവി, ഡെങ്കിപ്പനി തുടങ്ങിയവ പ്രതിരോധിക്കുന്നതിനുള്ള ആന്റിബോഡികളും വികസിപ്പിക്കും. ജീവന്‍രക്ഷാ മരുന്നു നിര്‍മാണ രംഗത്തു പ്രവര്‍ത്തിക്കുന്ന ഇരു സ്ഥാപനങ്ങളുടെയും സഹകരണം ആഗോള വിപണിയില്‍ വലിയ മുന്നേറ്റമുണ്ടാക്കും.

🔳റിപ്പോ അധിഷ്ഠിത പലിശ നിരക്കില്‍ പഞ്ചാബ് നാഷനല്‍ ബാങ്ക് 25 പോയിന്റ് കുറവു വരുത്തി. 6.55% ആയിരിക്കും ഇനി നിരക്ക്. മുന്‍പ് 6.80% ആയിരുന്നു. നിരക്കു കുറവ് ഇന്നലെ പ്രാബല്യത്തിലായി. ഹ്രസ്വ കാല ആവശ്യങ്ങള്‍ക്ക് വാണിജ്യ ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പാ പലിശനിരക്കാണ് റിപ്പോ. ഇത് അടിസ്ഥാനമാക്കിയുള്ള പലിശ നിര്‍ണയമാണ് റിപ്പോ ലിങ്ക്ഡ് ലെന്‍ഡിങ് റേറ്റ് (ആര്‍എല്‍എല്‍ആര്‍). വ്യക്തിഗത വായ്പകള്‍ക്ക് ബാധകമായ ഈ നിരക്ക് കണക്കാക്കല്‍ 2019ലാണ് നടപ്പിലായത്.

🔳പൃഥ്വിരാജിനൊപ്പം നടന്‍ ഉണ്ണിമുകുന്ദനും പ്രധാന വേഷത്തിലൊത്തുന്ന ഭ്രമം എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. രവി കെ. ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 7ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളില്‍ തിയറ്ററുകളിലും ചിത്രം ഇതേദിവസം പ്രദര്‍ശനത്തിന് എത്തും. മംമ്ത മോഹന്‍ദാസും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരും അഭിനയിക്കുന്നു. തിരക്കഥ,സംഭാഷണം ഒരുക്കിയിരിക്കുന്നത് ശരത് ബാലന്‍ ആണ്.

🔳ജിജു അശോകന്റെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ഉറുമ്പുകള്‍ ഉറങ്ങാറില്ല'. ചെമ്പന്‍ വിനോദ് - വിനയ് ഫോര്‍ട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് ലഭിച്ചത്. ഇപ്പോഴിതാ ഈ ചിത്രം തമിഴിലേക്ക് പുനര്‍നിര്‍മ്മിക്കുന്നു. സംവിധായകന്‍ ജിജു അശോകന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ദേവ് മോഹന്‍ നായകനാകുന്ന 'പുള്ളി' എന്ന മലയാള ചലച്ചിത്രം ആണ് ജിജു അശോകന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം.

🔳രാജ്യത്തെ ഇലക്ട്രിക് വാഹന വിപണി കുതിക്കുന്നതിനിടെ, അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ വന്‍ നീക്കവുമായി എച്ച്പിസിഎല്‍. ചാര്‍ജിംഗ് സ്റ്റേഷനുകളുടെ അപര്യാപ്തത തിരിച്ചറിഞ്ഞാണ് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് പുതിയ പദ്ധതിക്കൊരുങ്ങുന്നത്. മൂന്നുവര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളമായി 5,000 ഓളം ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുകളൊരുക്കുമെന്ന് എച്ച്പിസിഎല്‍ വ്യക്തമാക്കി. നിലവില്‍ 84 ഇലക്ട്രിക് വെഹിക്ക്ള്‍ ചാര്‍ജിംഗ് സ്റ്റേഷനുകളാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന് കീഴിലുള്ളത്.

🔳നാട്ടിലെ സമ്പന്നരുടെയെല്ലാം വലിയ വീടുകള്‍ പണിയുന്ന കുട്ടനാശാരി നാട്ടുകാരുടെ മുഴുവന്‍ ആരാധനാപാത്രമായിരുന്നു. അയാളോടുള്ള പെണ്ണുങ്ങളുടെ ആരാധനയില്‍ അസൂയ പൂണ്ട ആണുങ്ങള്‍ അയാളെ ദുബായിലേക്കു പറഞ്ഞയക്കാന്‍ നോക്കിയെങ്കിലും അയാള്‍ അതിനു സമ്മതിക്കാതെ രണ്ടു പെണ്ണുങ്ങളെ കെട്ടി നാട്ടില്‍ത്തന്നെ കൂടി. അതോടെ നാട്ടിലെ കെട്ടിലമ്മമാര്‍ക്ക് അയാളോട് കൂടുതല്‍ ആരാധനയായി-നാട്ടിന്‍പുറങ്ങളിലെ ജീവിതങ്ങളിലൂടെ സരളമായി കഥ പറയുമ്പോഴും ആ സാരള്യത്തിലും രാഷ്ട്രീയ ധ്വനികള്‍ നിറയുന്ന ആറു കഥകളുടെ യും ഒരു ആദ്യകാല കഥയുടെയും സമാഹാരം. 'കുട്ടന്‍ ആശാരിയുടെ ഭാര്യമാര്‍'.
മുകുന്ദന്‍. ഡിസി ബുക്സ്. വില 142 രൂപ.

🔳കുട്ടികള്‍ക്ക് എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ തന്നെയാകണം നല്‍കേണ്ടത്. കുട്ടികള്‍ക്ക് ബുദ്ധിയും ആരോഗ്യവും ഉണര്‍വും പ്രദാനം ചെയ്യാന്‍ ഉത്തമമാണ് ബീറ്റ്റൂട്ട്. കുട്ടികളിലെ വിളര്‍ച്ച തടയുന്നതിന് ബീറ്റ്റൂട്ടിലെ അയേണ്‍ സഹായിക്കുന്നു. ബീറ്റ്റൂട്ടില്‍ വിറ്റാമിന്‍ എ, ബി, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളുടെ കലവറ കൂടിയാണ് ഇവ. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം മികച്ചതാണ് ബീറ്റ്‌റൂട്ട്. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തില്‍ ബീറ്റ്‌റൂട്ട് തയ്യാറാക്കി നല്‍കാവുന്നതാണ്. ബീറ്റ്റൂട്ട് കുട്ടികളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് അത്യാവശ്യമാണ്. കുട്ടികള്‍ക്ക് ബീറ്റ്റൂട്ട് സൂപ്പായോ ജ്യൂസായോ സാലഡായോ കൊടുക്കാം. ഇത് കുട്ടികളില്‍ ഉപാപചയപ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കുട്ടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. ബീറ്റ്‌റൂട്ടില്‍ ഫോളിക് ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only