👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

20 സെപ്റ്റംബർ 2021

ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് ലോകത്തിലെ ഏറ്റവും വലിയ എക്‌സ്പ്രസ് വേ; യാത്രസമയം പകുതിയാകും
(VISION NEWS 20 സെപ്റ്റംബർ 2021)
ഡൽഹി-മുംബൈ എക്സ്പ്രസ് വേ 2023-ൽ യാഥാർഥ്യമാകുന്നതോടെ ടോൾ ഇനത്തിൽ കേന്ദ്രസർക്കാരിന് പ്രതിമാസം 1000 കോടിമുതൽ 1500 കോടിരൂപവരെ ലഭിക്കുമെന്ന് കേന്ദ്ര റോഡ്-ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. സർക്കാർ ഉടമസ്ഥതയിലുള്ള ദേശീയപാതാ അതോറിറ്റി (എൻ.എച്ച്.എ.ഐ.) വരുമാനമുണ്ടാക്കാനുള്ള സ്വർണഖനിയാണെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചുവർഷത്തിനുള്ളിൽ എൻ.എച്ച്.എ.ഐ.യുടെ വാർഷിക ടോൾ വരുമാനം 1.4 ലക്ഷം കോടി രൂപയിലെത്തുമെന്നും ഗഡ്കരി പറഞ്ഞു. നിലവിൽ ഇത് 40,000 കോടി രൂപയാണ്.

ഡൽഹി-മുംബൈ എക്സ്പ്രസ് വേയുടെ നിർമാണം 2023 മാർച്ചോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരത്മാല പരിയോജനയുടെ ഒന്നാംഘട്ടത്തിന്റെ ഭാഗമായാണ് നിർമാണം. 1380 കിലോമീറ്ററാണ് ദൈർഘ്യം. പ്രതീക്ഷിക്കുന്ന ചെലവ് 98,000 കോടി രൂപ. ഡൽഹി, ഹരിയാണ, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന എട്ടുവരിപ്പാത, ഡൽഹിക്കും മുംബൈയ്ക്കും ഇടയിലുള്ള യാത്രാസമയം 24 മണിക്കൂറിൽനിന്ന് 12 മണിക്കൂറായി കുറയ്ക്കും. ദൂരം 130 കിലോമീറ്റർ കുറയും.

പാതയുടെ 160 കിലോമീറ്റർ ഹരിയാണയിലൂടെയാണ് കടന്നുപോകുന്നത്. അതിൽ 130 കിലോമീറ്റർ നിർമിക്കാനുള്ള 10,400 കോടിയുടെ കരാർ നൽകിക്കഴിഞ്ഞു. രാജസ്ഥാനിലൂടെ 374 കിലോമീറ്റർ കടന്നുപോകുന്നുണ്ട്. അതിനായി 16,600 കോടി രൂപയുടെ കരാർ നൽകിക്കഴിഞ്ഞു. ദൗസയിൽനിന്ന് നിലവിലെ ആഗ്ര-ജയ്പുർ ഹൈവേയിലേക്ക് കടക്കാൻ മാർഗമുണ്ടാകും. രാജസ്ഥാനിലൂടെയുള്ള ഭാഗങ്ങൾ 2022-ൽ പൂർത്തിയാകും.

മധ്യപ്രദേശിലൂടെ 245 കിലോമീറ്റർ കടന്നുപോകുന്നപാതയ്ക്കായി 11,100 കോടിയുടെ കരാറാണ് നൽകിയത്. അതിൽ 100 കിലോമീറ്റർ നിർമിച്ചുകഴിഞ്ഞു. ബാക്കിയുള്ളവയുടെ നിർമാണം നടക്കുന്നുണ്ട്. ചമ്പൽ നദിക്കുമുകളിൽ പ്രത്യേകതയുള്ള പാലവും നിർമിക്കും. 

2022 അവസാനത്തോടെ മധ്യപ്രദേശിലൂടെയുള്ള ഭാഗം പൂർത്തിയാകും. ഗുജറാത്തിലൂടെ പോകുന്ന 423 കിലോമീറ്ററിനായി 35,100 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അതിൽ 390 കിലോമീറ്ററിന് കരാർ നൽകിയെന്ന് കഴിഞ്ഞദിവസം സർക്കാർ അറിയിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only