20 സെപ്റ്റംബർ 2021

സ്ഥിരമായി ലാപ്പ്‌ടോപ്പും മൊബൈല്‍ഫോണും ഉപയോഗിക്കുന്നവര്‍ക്ക് പെട്ടെന്ന് വയസ്സാകുമോ?
(VISION NEWS 20 സെപ്റ്റംബർ 2021)
കൊവിഡ് കാലത്ത് ജോലിയുടെ ഭാഗമായും വിനോദത്തിന്റെ ഭാഗമായും ദീര്‍ഘനേരം ലാപ്പ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും ഉപയോഗിക്കുന്നവരാണ് നാം. എന്നാല്‍ ഇത്തരത്തില്‍ ദിവസം മുഴുവനും ലാപ്പ്‌ടോപ്പും മൊബൈല്‍ഫോണും ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. കൈയിലെ പേശികള്‍ക്ക് സ്‌ട്രെയിന്‍ ഉണ്ടാകുന്നത്. കണ്ണുകള്‍ വരണ്ടുപോകുന്നത്, കഴുത്തുവേദന, അമിതഭാരം എന്നിവ ഇതിന്റെ തുടക്കമാണ്. ഇടവേളകള്‍ ഇല്ലാതെ തുടര്‍ച്ചയായി ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകള്‍ ഉപയോഗിക്കുന്നത് മാനസികാരോഗ്യത്തെയും ബാധിക്കാം. മൂഡ് മാറ്റങ്ങള്‍, അസ്വസ്ഥത എന്നിവ ഇതിന്റെ ഭാഗമാണ്. ഇതിനെല്ലാം പുറമേ ഡിജിറ്റല്‍ സ്‌ക്രീനുകളില്‍ നിന്നുള്ള ബ്ലൂ ലൈറ്റ് സ്ഥിരമായി ഏല്‍ക്കുന്നത് ചര്‍മത്തിന് കേടുപാടുണ്ടാക്കുകയും ചെയ്യും. ഇത് ക്ഷീണമുണ്ടാകുന്നതിനും പ്രായമാകുന്നതിനും ഇടയാക്കുന്നു.

ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് പുറത്തുവരുന്ന ഹൈ എനര്‍ജി വിസിബിള്‍ ലൈറ്റാണ്(എച്ച്.ഇ.വി.) ബ്ലൂ ലൈറ്റ് എന്ന് അറിയപ്പെടുന്നത്. വിസിബിള്‍ സ്‌പെക്ട്രത്തിലെ ഉയര്‍ന്ന ഫ്രീക്വന്‍സി, കുറഞ്ഞ വേവ്‌ലെങ്ത് എന്നിവയുള്ള കിരണങ്ങളാണിവ. സൂര്യപ്രകാശത്തിലും ട്യൂബ് ലൈറ്റിലും എല്‍.ഇ.ഡി. ലൈറ്റിലും ടി.വി.സ്‌ക്രീനിലും സ്മാര്‍ട്ട്‌ഫോണ്‍, ടാബ്‌ലറ്റ്, കംപ്യൂട്ടറുകള്‍ എന്നിവയിലും ബ്ലൂലൈറ്റ് അടങ്ങിയിട്ടുണ്ട്. എന്നാല്‍ മറ്റുള്ളവയെ അപേക്ഷിച്ച് ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ നിന്നുള്ള ബ്ലൂലൈറ്റാണ് ചര്‍മത്തിലെ കോശങ്ങളുടെ നാശത്തിന് കാരണമാകുന്നത്. കാരണം ഇവ എപ്പോഴും ഉപയോഗിക്കുന്നത് ശരീരത്തോട് വളരെ അടുത്താണ് എന്നതാണ്. 

മുമ്പ് എല്ലാവരും അള്‍ട്രാവയലറ്റ് രശ്മികളെക്കുറിച്ചാണ് ആശങ്കപ്പെട്ടിരുന്നത്. അദൃശ്യമായ ഈ രശ്മികള്‍ ചര്‍മത്തില്‍ കാന്‍സറിന് കാരണമാകുന്നവയാണ്. എന്നാല്‍ അടുത്ത കാലത്തായി പുറത്തുവന്ന നിരവധി പഠനങ്ങളില്‍ പറയുന്നത് അള്‍ട്രാവയലറ്റ് രശ്മികളോളം ചര്‍മത്തിന് പ്രശ്‌നമുണ്ടാക്കുന്നവയാണ് ബ്ലൂലൈറ്റുകളും എന്നാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് യൂണിലെവര്‍ സ്‌കിന്‍ കെയര്‍ റിസര്‍ച്ച് പുറത്തുവിട്ട ഒരു പഠനഫലത്തില്‍ പറയുന്നത് നാല് ദിവസം കംപ്യൂട്ടറിന് മുന്‍പില്‍ ഇരിക്കുന്നത് നട്ടുച്ചയ്ക്ക് 20 മിനിറ്റ് നേരം വെയിലത്ത് നില്‍ക്കുന്നതിന് തുല്യമാണെന്നാണ്. 

ബ്ലൂ ലൈറ്റുകള്‍ ഉറക്കമില്ലായ്മയ്ക്കും കാഴ്ചപ്രശ്‌നങ്ങള്‍ക്കും മാത്രമേ കാരണമാകൂ എന്നായിരുന്നു മുന്‍പ് കരുതിയിരുന്നത്. എന്നാല്‍ ഇവയ്ക്ക് ചര്‍മത്തിന് മേല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അടുത്തിടെയാണ് തിരിച്ചറിഞ്ഞത്. സൂര്യപ്രകാശത്തില്‍ അടങ്ങിയിരിക്കുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ കോശത്തിന്റെ ഡി.എന്‍.എയെ നേരിട്ട് നശിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ബ്ലൂലൈറ്റ് ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സിന് കാരണമാകുകയും അങ്ങനെ ചര്‍മത്തിലെ കൊളാജനെ നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. ചര്‍മത്തില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളെ ബ്ലൂലൈറ്റ് ആഗിരണം ചെയ്ത് ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടാകാന്‍ ഇടയാക്കുന്നു. ഇത് ചര്‍മത്തെ നശിപ്പിക്കാന്‍ ഇടയാക്കുന്ന അസ്ഥിര ഓക്‌സിജന്‍ തന്‍മാത്രകളുടെ രൂപീകരണത്തിന് കാരണമാകുന്നു. 
നാം ഉപയോഗിക്കുന്ന ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നുള്ള ബ്ലൂ ലൈറ്റ് എമിഷന്‍ കുറയ്ക്കുകയാണ് ഏറ്റവും ലളിതമായ മാര്‍ഗം. 
ഒരു ബ്ലൂ ലൈറ്റ് സ്‌ക്രീന്‍ ഉപയോഗിച്ച് ലാപ്‌ടോപ്പ് സ്‌ക്രീനുകള്‍ വഴിയുള്ള ബ്ലൂലൈറ്റ് എമിഷന്‍ കുറയ്ക്കാം. 
ബ്ലൂലൈറ്റ് എമിഷന്‍ കുറവുള്ള തരം എല്‍.ഇ.ഡി. ബള്‍ബുകള്‍ ഉപയോഗിക്കുക. ഡിജിറ്റല്‍ സ്‌ക്രീന്‍ സമയം കുറയ്ക്കുക. ലാപ്‌ടോപ്പില്‍ ദീര്‍ഘനേരം ജോലി ചെയ്യുന്നവര്‍ നിശ്ചിത സമയത്തിനിടെ ഇടവേളയെടുക്കുക. ബ്ലൂലൈറ്റിനെ ഫലപ്രദമായി പ്രതിരോധിക്കുന്ന അയേണ്‍ ഓക്‌സൈഡ് അടങ്ങിയ മിനറല്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only