13 സെപ്റ്റംബർ 2021

ഒരാഴ്ചയ്ക്കിടെ രണ്ട് മരണങ്ങള്‍, തീരാവേദനയില്‍ കുടുംബം; സൂരജിനരികെ മിഥുനയ്ക്കും അന്ത്യവിശ്രമം
(VISION NEWS 13 സെപ്റ്റംബർ 2021)
പോത്തന്‍കോട്: സൂരജിനരികെയാണ് മിഥുനയ്ക്കും അന്ത്യവിശ്രമത്തിന് കുടുംബാംഗങ്ങള്‍ സ്ഥലമൊരുക്കിയത്. സൂരജിന്റെ വിയോഗത്തിന്റെ ഞെട്ടല്‍ മാറും മുന്‍പേ മിഥുനയുടെയും മരണവാര്‍ത്തയെത്തിയത് നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. 2019 സെപ്റ്റംബര്‍ 8-ന് കാട്ടായിക്കോണം തെങ്ങുവിള ദേവീക്ഷേത്രത്തിലായിരുന്നു സൂരജിന്റെയും മിഥുനയുടെയും വിവാഹം. രണ്ടാം വിവാഹവാര്‍ഷികം എത്തും മുന്‍പേ ജീവിതപങ്കാളിയെ മിഥുനയ്ക്കു നഷ്ടപ്പെടുകയായിരുന്നു.

അതും വിവാഹവാര്‍ഷികത്തിനു ദിവസങ്ങള്‍ക്കു മുന്‍പ്. പാറവിളാകം സൂര്യഭവനില്‍ സുനില്‍കുമാറിന് ആകെ നാലു സെന്റ് വസ്തുവാണുള്ളത്. ഇതില്‍ പഞ്ചായത്തില്‍നിന്നു ലഭിച്ച വീട്ടിലാണ് ഇവരുടെ താമസം. സുനില്‍ കുമാറിന്റെ ബന്ധുവിന്റെ മകളായ മിഥുനയെയാണ് സൂരജ് വിവാഹം കഴിച്ചത്.

മകന് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയുമായുള്ള കല്യാണം സുനില്‍കുമാര്‍തന്നെ മുന്‍കൈയെടുത്താണ് നടത്തിയത്. മിഥുന നഴ്സിങ്ങിനു പഠിക്കുന്നതിനിടെയാണ് വിവാഹം നടന്നത്.

സൂരജ് പോത്തന്‍കോട്ടെ ഒരു വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഒരു കുടുംബത്തിലെ രണ്ടുപേരെയും നഷ്ടപ്പെട്ട് തീരാവേദനയിലായ വീട്ടുകാരെ ആശ്വസിപ്പിക്കാനാകാതെ കുഴങ്ങുകയാണ് നാട്ടുകാരും സൂരജിന്റെ സുഹൃത്തുക്കളും.

വെള്ളിയാഴ്ചയായിരുന്നു സൂരജിന്റെ സഞ്ചയന കര്‍മ്മം. കഴിഞ്ഞ ഞായറാഴ്ച മകന്റെ അപകടമരണവാര്‍ത്ത വന്ന വീട്ടിലേക്ക് തൊട്ടടുത്ത ഞായറാഴ്ച മരുമകളുടെയും മരണവാര്‍ത്തയെത്തിയത് വീട്ടുകാര്‍ക്ക് താങ്ങാവുന്നതിനുമപ്പുറമാണ്.

മൃതദേഹം കണ്ടെടുത്തത് ഏഴുമണിയോടെ

പോത്തന്‍കോട്: വാഹനാപകടത്തില്‍ ഭര്‍ത്താവ് മരിച്ച് ദിവസങ്ങള്‍ക്കകം യുവതി പാറമടയിലെ വെള്ളക്കെട്ടില്‍ ചാടി ജീവനൊടുക്കി. പോത്തന്‍കോട് പാറവിളാകം സൂര്യഭവനില്‍ സൂരജ് സുനിലിന്റെ ഭാര്യ മിഥുന(22)യെയാണ് പ്ലാമൂട് ചിറ്റിക്കര പാറമടയില്‍ മരിച്ചനിലയില്‍ കണ്ടത്. ഞായറാഴ്ച വെളുപ്പിനു രണ്ടു മുതല്‍ മിഥുനയെ വീട്ടില്‍നിന്നു കാണാതാവുകയായിരുന്നു. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് രാവിലെ ഏഴുമണിയോടെ മൃതദേഹം കണ്ടത്.

കഴക്കൂട്ടം അഗ്‌നിരക്ഷാസേനയും ചെങ്കല്‍ച്ചൂളയില്‍ നിന്നുമെത്തിയ സ്‌കൂബ ടീമും ചേര്‍ന്നാണ് മൃതദേഹം കരയ്ക്കെത്തിച്ചത്. മുരുക്കുംപുഴ വെയിലൂര്‍ കന്നുകാലിവനം സുമാ വിലാസത്തില്‍ മണികണ്ഠന്റെയും സുമയുടെയും മകളാണ് മിഥുന.

കഴിഞ്ഞ അഞ്ചിന് മിഥുനയുടെ ഭര്‍ത്താവും സുനില്‍കുമാറിന്റെയും മോളിയുടെയും മകനുമായ സൂരജ്(25) കഴക്കൂട്ടം-കോവളം ബൈപ്പാസില്‍ മുട്ടത്തറ-കല്ലൂംമൂട് മേല്‍പ്പാലത്തില്‍ ബൈക്കില്‍ യാത്രചെയ്യവേ കാറിടിച്ച് മരിച്ചിരുന്നു. നഴ്‌സിങ് വിദ്യാര്‍ഥിനിയായ മിഥുനയെ തിരുവല്ലത്തെ കോളേജിലാക്കി മടങ്ങിവരുമ്പോഴാണ് സൂരജ് അപകടത്തില്‍പ്പെട്ട് തത്ക്ഷണം മരിച്ചത്. ഇതിലുള്ള മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തതായാണ് പോലീസ് നിഗമനം. രണ്ടു വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സൂരജിനു പിന്നാലെ മിഥുനയുടെയും മരണം ഇരുവരുടെയും കുടുംബങ്ങള്‍ക്ക് താങ്ങാനാകാത്ത ആഘാതമായി.

മിഥുനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. മീര, മീനു എന്നിവര്‍ മിഥുനയുടെ സഹോദരിമാരാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only