21 സെപ്റ്റംബർ 2021

വ്യാജ സന്ദേശം അയക്കുന്നവർക്കെതിരെ കര്‍ശന നടപടിയുമായി കെഎസ്ഇബി
(VISION NEWS 21 സെപ്റ്റംബർ 2021)
ഉപഭോക്താക്കള്‍ക്ക് വ്യാജ സന്ദേശങ്ങള്‍ അയക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കെഎസ്ഇബി. കെഎസ്ഇബിയുടെ പേരിൽ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തില്‍ വ്യാപകമായി ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് ലഭിച്ചതായി പരാതി ഉയര്‍ന്നിരിന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ഇബി നടപടിക്കൊരുങ്ങുന്നത്. സംഭവത്തെ തുടര്‍ന്ന് സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.

കുടിശ്ശിക നിവാരണത്തിന്റെ ഭാഗമായി കെഎസ്ഇബി ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്ന പശ്ചാത്തലം മുതലെടുത്താണ് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത്. നിരവധി ഉപഭോക്താക്കള്‍ക്ക് സന്ദേശം ലഭിച്ചതായി കെഎസ്ഇബിയുടെ ഉപഭോക്തൃ സേവനകേന്ദ്രത്തില്‍ പരാതി ഉയര്‍ന്നതോടെയാണ് വിഷയം ശ്രദ്ധയില്‍പ്പെട്ടത്. കെഎസ്ഇബി നമ്പറില്‍ നിന്ന് വ്യത്യസ്തമായി ഒരു മൊബൈല്‍ നമ്പറില്‍ നിന്നും വൈദ്യുതി വിച്ഛേദിക്കുമെന്ന സന്ദേശം ലഭിച്ചതാണ് പലരേയും സംശയത്തിനിടയാക്കിയത്.

മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവയിലേക്ക് കടന്നു കയറുവാന്‍ അനുവദിക്കുന്ന യാതൊരു വിവരങ്ങളും അപരിചിതരുമായി പങ്കുവയ്ക്കരുതെന്നും, ഉപഭോക്താക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും കെഎസ്ഇബി അറിയിച്ചു. ഇത്തരം വ്യാജ സന്ദേശങ്ങളോ ഫോണ്‍ കോളുകളോ ലഭിക്കുന്നപക്ഷം കെഎസ്ഇബിയുടെ കസ്റ്റമര്‍കെയര്‍ നമ്പരായ 1912ലോ, 94960 01912 എന്ന വാട്‌സാപ് നമ്പറിലോ സന്ദേശമയക്കാവുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only