👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


29 സെപ്റ്റംബർ 2021

മലയാളത്തിലെ ആദ്യത്തെ ഏകീകൃത ആംഗ്യഭാഷാ അക്ഷരമാല പുറത്തിറക്കി
(VISION NEWS 29 സെപ്റ്റംബർ 2021)
മലയാളത്തിലെ ആദ്യത്തെ ഏകീകൃത ആംഗ്യഭാഷാ അക്ഷരമാല പുറത്തിറക്കി. അക്ഷരമാല ശ്രവണപരിമിത സമൂഹത്തില്‍ സമഗ്രമാറ്റം സൃഷ്ടിക്കുമെന്ന് സാമൂഹിക നീതി- ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ബിന്ദു ആര്‍ പറഞ്ഞു. സംസ്ഥാനത്തെ സ്പെഷ്യല്‍ സ്കൂളുകളില്‍ ആംഗ്യഭാഷാ അക്ഷരമാല വ്യാപകമായി പ്രചരിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പുമായി ആശയവിനിമയം നടത്തുമെന്നും നിഷിന്‍റെ ബധിരവാര ആഘോഷങ്ങളുടെ ഭാഗമായി നടന്ന പ്രകാശന ചടങ്ങില്‍ മന്ത്രി വ്യക്തമാക്കി.

ഓള്‍ കേരള ഡെഫ് അസോസിയേഷന്‍റെ സഹകരണത്തോടെയാണ് നിഷ് ആംഗ്യഭാഷാ അക്ഷരമാല തയ്യാറാക്കിയിരിക്കുന്നത്. അന്തരീക്ഷത്തിലും കൈകളിലും എഴുതിക്കാണിക്കുന്ന ശ്രവണ പരിമിതരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയ നിഷിന്‍റെ ആത്മാര്‍ത്ഥ പരിശ്രമത്തിന്‍റെ ഫലമാണിത്. നിലവില്‍ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ആംഗ്യഭാഷാ അക്ഷരമാലയുണ്ട്. എന്നാല്‍ മലയാളത്തിലും ഇത് രൂപപ്പെടുത്താനായതിലൂടെ അനന്തസാധ്യതകളാണ് മുന്നോട്ടുവയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ശ്രവണപരിമിത സമൂഹത്തിന് തടസരഹിതമായ ജീവിതം സാധ്യമാക്കുന്നതിനും ശാരീരിക മാനസിക പിന്‍ബലം നല്‍കുന്നതിനുമുള്ള ആധുനിക സാങ്കേതികവിദ്യാധിഷ്ഠിതമായ മുഴുവന്‍ സാധ്യതകളും ഉറപ്പാക്കും. ഭിന്നശേഷി സമൂഹത്തിനുവേണ്ടി നിലകൊള്ളുന്ന നിഷിനെ അന്തര്‍ദേശീയ നിലവാരത്തില്‍ വളര്‍ത്തിയെടുക്കുന്നതിന് സംയുക്ത സഹകരണം ആവശ്യമാണ്. സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മലയാളം ആംഗ്യഭാഷാ അക്ഷരമാല തയ്യാറാക്കുന്നതില്‍ പങ്കുവഹിച്ച നിഷിലെ ആംഗ്യഭാഷാ വിദഗ്ധരും ബധിര അധ്യാപകരുമായ അരുണ്‍ ഗോപാല്‍, സന്ദീപ് കൃഷ്ണ, സരുണ്‍ സൈമണ്‍, ഷിഞ്ചു സോമന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥിനിയും ബധിരയുമായ രാഗി രവീന്ദ്രന്‍, ഓള്‍ കേരള ഡെഫ് അസോസിയേഷന്‍ സെക്രട്ടറി റോമി എന്നിവരേയും മന്ത്രി അഭിനന്ദിച്ചു.

മലയാളത്തിലെ ഏകീകൃത ആംഗ്യഭാഷാ അക്ഷരമാലയുടെ അഭാവം നികത്താനായത് വലിയ നേട്ടമാണെന്ന് നിഷ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം അഞ്ജന ഐഎഎസ് പറഞ്ഞു. നിഷിലെ അദ്ധ്യാപകരുടേയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടേയും ഈ മേഖലയിലെ വിദഗ്ധരുടേയും കഠിനാദ്ധ്വാനത്തിന്‍റെ ഫലമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആഗോള ഭാഷകളെപ്പോലെ സ്വതന്ത്രഭാഷയാണ് ആംഗ്യഭാഷയെന്നും മലയാളം ആംഗ്യഭാഷാ അക്ഷരമാല വ്യാപകമാകുന്നതോടെ ശ്രവണപരിമിതര്‍ക്ക് മലയാളം വായിക്കാനും എഴുതാനും സാധിക്കുമെന്നും നിഷിലെ സെന്‍റര്‍ ഫോര്‍ അസിസ്റ്റീവ് ടെക്നോളജി ആന്‍ഡ് ഇന്നൊവേഷന്‍ ഡയറക്ടര്‍ ഡോ.കെ.ജി സതീഷ് കുമാര്‍ പറഞ്ഞു.

കേരളത്തിലെ ബധിര വിദ്യാലയങ്ങള്‍ക്ക് ഏറെ സഹായകരമായ രീതിയിലാണ് സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും ഉള്‍പ്പെടുത്തി പ്രാരംഭഘട്ടമായി മലയാളം ആംഗ്യഭാഷാ അക്ഷരമാല (ഫിംഗര്‍ സ്പെല്ലിംഗ്) രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അക്ഷരമാലയുടെ പ്രചാരണത്തിന് നിഷ് പ്രാധാന്യം നല്‍കുന്നുണ്ട്. വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ ഉപയോക്താക്കള്‍ തന്നെ വിഭാവനം ചെയ്ത ആംഗ്യഭാഷാ അക്ഷരമാല ഈ മേഖലയില്‍ നിലവിലുള്ള പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരമാണ്. ചടങ്ങില്‍ നിഷ് അദ്ധ്യാപകരും മറ്റു ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only