15 സെപ്റ്റംബർ 2021

ഡെബിറ്റ് കാര്‍ഡുണ്ടല്ലോ പിന്നെ ക്രെഡിറ്റ് കാര്‍ഡ് വേണോ; ഇങ്ങനെ സംശയം തോന്നിയിട്ടുള്ളവർ അറിയുക!
(VISION NEWS 15 സെപ്റ്റംബർ 2021)
ഇന്ന് പണമിടപാടുകൾക്കായി പലരും ഉപയോഗിക്കാറുള്ള മാർഗ്ഗങ്ങളാണ് ക്രഡിറ്റ് ഡെബിറ്റ് കാർഡ് തുടങ്ങിയവ. എന്നാൽ പലരും ചോദിക്കുന്നൊരു ചോദ്യമാണ് ഡെബിറ്റ് കാര്‍ഡുണ്ടല്ലോ പിന്നെന്തിന് ക്രെഡിറ്റ് കാര്‍ഡ് എന്നത്. നമ്മുടെ അക്കൗണ്ടിൽ ഉള്ള പണത്തിനു മാത്രമേ ഡെബിറ്റ് കാർഡുപയോഗിച്ചുള്ള പർച്ചേസിങ് പറ്റൂ. എന്നാൽ കൂടുതല്‍ സൗകര്യപ്രദമായി പണമടയ്ക്കാനും അതുവഴി പണം നന്നായി കൈകാര്യം ചെയ്യാനും ക്രെഡിറ്റ് കാര്‍ഡുകള്‍ സഹായിക്കും. ചുരുക്കിപ്പറഞ്ഞാൽ പണത്തിന് അത്യാവശ്യം നേരിടുന്ന പല ഘട്ടങ്ങളിലും ആരുടെയും മുമ്പിൽ കൈനീട്ടാതെ അവശ്യം സാധിക്കാൻ ഇപ്പോൾ സഹായിക്കുന്നത് ക്രെഡിറ്റ് കാർഡാണ്. ഇതിനു പുറമെ ഡെബിറ്റ് കാര്‍ഡുകളെ അപേക്ഷിച്ച് കൂടുതല്‍ റിവാര്‍ഡുകളും ആനുകൂല്യങ്ങളും ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കും.

ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കൃത്യമായി അടയ്ക്കുന്നത് മികച്ച വായ്പാ ചരിത്രം വളര്‍ത്തിയെടുക്കുവാന്‍ സഹായിക്കും. ഇതിനു പുറമെ ക്രെഡിറ്റ് കാര്‍ഡില്‍ അടയ്ക്കേണ്ട ഏറ്റവും കുറഞ്ഞ തുക അടച്ചു മുന്നോട്ടു പോകുന്നത് ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കില്ല. എന്നാല്‍ പണമടക്കാതിരിക്കുകയോ വൈകി അടയ്ക്കുകയോ ചെയ്താല്‍ അത് ക്രെഡിറ്റ് സ്കോർ കുറയാൻ കാരണമാകും.ചെക്കുകള്‍ മുതല്‍ ഓട്ടോ ഡെബിറ്റ് വരെയുള്ള നിരവധി രീതികള്‍ ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ അടയ്ക്കുന്നതിനായി പ്രയോജനപ്പെടുത്താം. അടക്കേണ്ട ഏറ്റവും കുറഞ്ഞ തുക അക്കൗണ്ടില്‍ നിന്ന് അടക്കുന്ന ഓട്ടോ ഡെബിറ്റ് രീതികളും ലഭ്യമാണ്. അതുകൊണ്ടു തന്നെ ഒരു ബുദ്ധിമുട്ടുമില്ലാതെ ഇതു ചെയ്യാനാവും.

ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്ന വിവിധ ക്രെഡിറ്റ് കാര്‍ഡുകള്‍ ഇന്നു വിപണിയിലുണ്ട്. സ്ഥിരമായി വിമാന യാത്ര നടത്തുന്നവര്‍ക്ക്് എയര്‍ലൈന്‍ മൈലുകള്‍ നല്‍കുന്നതും ഹോട്ടല്‍ ഭക്ഷണത്തിനും ഷോപ്പിങിനുമെല്ലാം ആനുകൂല്യങ്ങള്‍ നല്‍കുന്നതും ആയ വിവിധ രീതികളിലെ കാര്‍ഡുകളുണ്ട്. ഇവയില്‍ നിന്ന് പ്രയോജനപ്രദമായ രണ്ടോ മൂന്നോ കാര്‍ഡുകള്‍ അവരവരുടെ ചെലവഴിക്കല്‍ രീതികള്‍ക്ക് അനുസൃതമായി തെരഞ്ഞെടുക്കാം.

എന്നാൽ ക്രഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. നിങ്ങളുടെ ക്രെഡിറ്റ് പരിധി എത്രയാണ്,ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടക്കേണ്ടത് എന്നാണ്,ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ സുരക്ഷിതമാക്കി വെക്കുക. നിങ്ങളുടെ ചെലവഴിക്കല്‍ നിരീക്ഷിക്കുക തുടങ്ങിയവയാണ് അവ. കൂടാതെ ഏതു സാമ്പത്തിക ഇടപാടിലും അത്യാവശ്യമായ ഒന്നാണ് അച്ചടക്കവും സ്വകാര്യതയും. ക്രെഡിറ്റ് കാര്‍ഡിന്റെ കാര്യത്തിലും ഇതു ബാധകമാണ്. പിന്‍, ഒടിപി, കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ ആരുമായും പങ്കു വെക്കരുത്. സംശയകരമായ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്. ഇത്തരത്തില്‍ അച്ചടക്കത്തോടു കൂടി ഉപയോഗിക്കുകയാണെങ്കില്‍ ഏറെ ഗുണകരമായ ഒന്നാണ് ക്രെഡിറ്റ് കാര്‍ഡുകള്‍.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only