02 സെപ്റ്റംബർ 2021

സിനിമാ മേഖലയെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത ആ രഹസ്യം; വെളിപ്പെടുത്തലുമായി ശ്രീകുമാരന്‍ തമ്പി
(VISION NEWS 02 സെപ്റ്റംബർ 2021)
സാധാരണക്കാര്‍ക്ക് എന്നും അത്ഭുതങ്ങളുടെ ലോകമാണ് സിനിമ. അതിലേക്ക് എത്തപ്പെടാന്‍ ഒരിക്കലെങ്കിലും ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. അതിനുള്ള പ്രധാന കാരണം പ്രശസ്തി മാത്രമല്ല, അതിലൂടെ ലഭിക്കുന്ന ഭീമമായ വരുമാനം കൂടിയാണ്. എന്നാല്‍ പുറമെ നമ്മള്‍ കരുതുന്നതുപോലെയല്ല സിനിമക്കുള്ളിലെ അവസ്ഥ എന്ന് പലപ്പോഴും പലരും പറയാതെ പറഞ്ഞിട്ടുണ്ട്.

വളരെ ചെറിയ ഒരു വിഭാഗം മാത്രമാണ് ഈ മേഖലയില്‍ അതി സമ്പന്നരായി വിരാചിക്കുന്നത്. ഇത് പറയുന്നത് മറ്റാരുമല്ല മലയാള സിനിമ കണ്ട ഏറ്റവും മികച്ച ഗാന രചയിതാക്കളില്‍ ഒരാളായ ശ്രീകുമാരന്‍ തമ്പി ആണ്. ഇന്ന് സിനിമയില്‍ ജോലി ചെയ്യുന്ന 90 ശതമാനവും ആളുകള്‍ പട്ടിണിയിലാണെന്ന് തുറന്നു പറയുകയാണ് അദ്ദേഹം. സൂപ്പര്‍ താരങ്ങളും ചില അണിയറ പ്രാവര്‍ത്തകരും മാത്രമാണ് ഈ അതി സമ്പന്നരായി തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ഭവന്‍ സംഘടിപ്പിക്കുന്ന മഴമിഴി മള്‍ട്ടിമീഡിയ സ്ട്രീമിങ്ങിൻ്റെ കര്‍ട്ടന്‍ റൈസര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ ഒരു തെറ്റിദ്ധരിക്കപ്പെട്ട കലാരൂപമാണ്. ലൈറ്റ് ബോയ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കിട്ടുന്ന വരുമാനം വളരെ തുച്ഛമാണെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു. സൂപ്പര്‍ താരങ്ങളെന്ന് അറിയപ്പെടുന്ന ഇരുപതോ മുപ്പതോ പേരും അവര്‍ക്കൊപ്പം നില്‍ക്കുന്ന ചില സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരുമാണ് ഇന്ന് മലയാള സിനിമ ഭരിക്കുന്നത്.

താന്‍ സത്യം തുറന്ന് പറയുന്ന ആളായത് കൊണ്ടാണ് കഴിഞ്ഞ 55 വര്‍ഷമായി സിനിമയില്‍ ഉണ്ടായിട്ടും ഇന്നും ദരിദ്രനായി തുടരുന്നത്. അഭിമാനമുള്ളത് കൊണ്ട് ആരുടെ മുന്നിലും കൈനീട്ടാറില്ല. അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന കലാകാരന്മാരെ കണ്ടെത്തി സഹായിക്കുന്ന പദ്ധതിയാണ് മഴമിഴി. സാംസാകാരിക വകുപ്പ് മന്ത്രി സജി ചെറിയാനും നടന്‍ നെടുമുടി വേണുവും ചേര്‍ന്നായിരുന്നു പ്രകാശന കര്‍മം നിര്‍വഹിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only