07 സെപ്റ്റംബർ 2021

ബി.വോക് കോഴ്‌സിന് കേരള പിഎസ്‌സിയുടെ അംഗീകാരം
(VISION NEWS 07 സെപ്റ്റംബർ 2021)
ബി.വോക് (ബാച്ചലര്‍ ഓഫ് വൊക്കേഷന്‍) കോഴ്‌സിന് കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ അംഗീകാരം ലഭിച്ചു. നൈപുണ്യ വികസനത്തിന് മുന്‍തൂക്കം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ബി.വോക് കോഴ്‌സ് യുജിസി ആവിഷ്‌കരിച്ചത്. എന്നാല്‍ കേരളത്തില്‍ ചുരുക്കം ചില കോളേജുകളില്‍ മാത്രമേ ഈ കോഴ്‌സ് പഠിപ്പിക്കുന്നുള്ളു. അതിനാല്‍ വിദ്യാര്‍ഥികള്‍ ഈ കോഴ്‌സ് ചെയ്യാന്‍ കേരളത്തിന് പുറത്തുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. പിഎസ്‌സിയുടെ അംഗീകാരമില്ലാത്തത് കാരണം കേരളത്തിലെ സര്‍വകലാശാലകള്‍ തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരുന്നില്ല. ഈ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ പിഎസ്‌സിക്ക് ജൂണ്‍ 23-ന് നല്‍കിയ കത്തിന് മറുപടിയായാണ് ബി.വോക് ബിരുദം, ബിരുദ യോഗ്യത ആവശ്യമുള്ള ഉദ്യോഗങ്ങള്‍ക്കുള്ള യോഗ്യതയായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന കാര്യം പിഎസ്‌സി അറിയിച്ചത്.

അഭിരുചിക്ക് അനുയോജ്യമായ തൊഴില്‍ മേഖലയില്‍ വൈദഗധ്യം നേടുന്നതിനുള്ള പ്രായോഗിക പരിശീലനത്തിന് മുന്‍തൂക്കം നല്‍കുന്ന സിലബസിന്റെ അടിസ്ഥാനത്തില്‍ ബിരുദതല വിദ്യാഭ്യാസം നേടുന്നതിനായി ആവിഷ്‌കരിച്ച മൂന്ന് വര്‍ഷത്തെ ഡിഗ്രി കോഴ്‌സാണ് ബി.വോക്. സിലബസില്‍ 60 ശതമാനവും തിരഞ്ഞെടുക്കുന്ന തൊഴില്‍ മേഖലയില്‍ പ്രാവീണ്യം നേടുന്നതിനുള്ള പരിശീലനത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. കോഴ്‌സ് പൂര്‍ത്തിയാക്കിയ ഉടനെ തൊഴില്‍ നേടാനോ സ്വന്തമായി തൊഴില്‍ സംരംഭം തുടങ്ങാനോ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുന്നതാണ് ബി.വോക് കോഴ്‌സ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only