👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


18 സെപ്റ്റംബർ 2021

മുതിർന്ന മാധ്യമപ്രവർത്തകൻ കെഎം റോയ് അന്തരിച്ചു
(VISION NEWS 18 സെപ്റ്റംബർ 2021)
മുതിർന്ന മാധ്യമപ്രവർത്തകൻ കെഎം റോയ് അന്തരിച്ചു. എൺപത്തി രണ്ട് വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ദീർഘനാളുകളായി വിശ്രമത്തിലായിരുന്നു. കടവന്ത്രയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം നാളെ തേവര സെന്റ് ജോസഫ് പള്ളിയിൽ നടക്കും.

മഹാരാജാസ് കോളജിലെ പഠനകാലത്ത് രാഷ്ട്രീയ പ്രവർത്തകനായി തുടക്കമിട്ട് പത്രപ്രവർത്തകനായി പേരെടുത്ത് പിന്നീട് പ്രഭാഷകനായും കോളമിസ്റ്റായും നോവലിസ്റ്റായും അധ്യാപകനായും പത്രപ്രവർത്തക യൂണിയൻ നേതാവായുമെല്ലാം മാറിയ മാധ്യമ രംഗത്തെ ബഹുമുഖ പ്രതിഭയായിരുന്നു കെഎം റോയ്. ദ ഹിന്ദു, കേരളഭൂഷൺ,യുഎൻഐ ലേഖകനായിരുന്നു. ഇം​ഗ്ലീഷ്,മലയാളം മാധ്യമപ്രവർത്തനത്തിൽ ഒരു പോലെ മികവ് കാട്ടിയിട്ടുണ്ട്


മംഗളം പത്രത്തിന്റെ ജനറൽ എഡിറ്ററായിരിക്കെയാണ് പതിറ്റാണ്ടുകൾ നീണ്ട സജീവ പത്രപ്രവർത്തനത്തിൽനിന്നു വിരമിച്ചത്. മികച്ച പ്രസംഗകനായും പേരെടുത്ത അദ്ദേഹം കേരള പ്രസ് അക്കാദമി ഉൾപ്പടെയുള്ള ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടുകളിലൂടെ പത്രപ്രവർത്തകർക്കു വഴികാട്ടിയുമായി. രണ്ടു തവണ കേരള പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ് സെക്രട്ടറി ജനറലുമായിരുന്നു. മത്തായി മാ‍ഞ്ഞൂരാന്റെ ജീവചരിത്രവും മൂന്ന് നോവലുകളും 2 യാത്രാ വിവരണവും രചിച്ചു. സംസ്ഥാന സർക്കാരിന്റെ ഉന്നത മാധ്യമ പുരസ്കാരമായ സ്വദേശാഭിമാനി-കേസരി അവാർഡ് ഉൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും തേടിയെത്തിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only