21 സെപ്റ്റംബർ 2021

പ്രഭാത വാർത്തകൾ
(VISION NEWS 21 സെപ്റ്റംബർ 2021)
🔳ലോകം വീണ്ടുമൊരു ശീതസമരത്തിലേക്ക് പോവുന്നതായും ഭീകരമായ ഒരു ആണവയുദ്ധത്തിലേക്ക് അടക്കം പോകാവുന്ന വിധത്തിലാണ് ഈ ശീതസമരം വളരുന്നതെന്നും ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. എ പി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുറ്റെറസ് അമേരിക്കയും ചൈനയും തമ്മിലുള്ള സംഘര്‍ഷം ശീതസമരത്തിലേക്ക് നീങ്ങുന്നതായി വ്യക്തമാക്കിയത്. സംഘര്‍ഷം മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നതിനു മുമ്പ്, ചൈനയും അമേരിക്കയും തങ്ങളുടെ ഉഭയകക്ഷി ബന്ധത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🔳കയറ്റുമതി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സഹായത്തിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്ലൈന്‍ സംവിധാനം ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു. വാണിജ്യ വ്യവസായ മന്ത്രാലയത്തിനായുള്ള അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ബ്രാന്‍ഡ് ഇന്ത്യ' എന്നതിനെ ഗുണനിലവാരം, ഉല്‍പാദനക്ഷമത, ഇന്നോവേഷന്‍ എന്നിവയുടെ പ്രതിനിധിയാക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.

🔳2022 ല്‍ സ്വകാര്യ മേഖലയിലെ ശരാശരി വാര്‍ഷിക ശമ്പള വര്‍ദ്ധനവ് 8.6 ശതമാനമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. മികച്ച ശമ്പള വര്‍ധനവോടെ തൊഴില്‍ വിപണി കൊവിഡ് പകര്‍ച്ചവ്യാധിക്ക് മുന്‍പത്തെ സാഹചര്യത്തിലേക്ക് മെച്ചപ്പെടും. ഡെലോയിറ്റിന്റെ വര്‍ക്ക്ഫോഴ്സ് ആന്റ് ഇന്‍ക്രിമെന്റ് ട്രെന്‍ഡ്സ് സര്‍വേയില്‍ നിന്നുള്ള ആദ്യ ഘട്ട റിപ്പോര്‍ട്ടിലാണ് വിവരങ്ങളുളളത്.

🔳ഇന്ത്യയില്‍ ഉത്പാദിപ്പിച്ച വാക്സീന്‍ സ്വീകരിച്ചവര്‍ക്ക് ബ്രിട്ടണില്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയതിനെതിരെ പ്രതിഷേധവുമായി ശശി തരൂര്‍ എംപി. ബ്രിട്ടന്റെ യാത്ര നിയന്ത്രണങ്ങള്‍ കാരണം തന്റെ പുസ്തകത്തിന്റെ യുകെ പതിപ്പിന്റെ പ്രകാശനചടങ്ങില്‍ നിന്ന് പിന്മാറേണ്ടി വന്നതിലുള്ള പ്രതിഷേധവും ശശി തരൂര്‍ അറിയിച്ചു. ബ്രിട്ടണില്‍ അംഗീകരിച്ച വാക്സീനുകളുടെ പുതുക്കിയ പട്ടികയില്‍ കൊവാക്സിനും കൊവിഷീല്‍ഡുമില്ലാത്തതിലാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ കനക്കുന്നത്.  

🔳കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ അടച്ചുപൂട്ടിയ വിദ്യാലയങ്ങള്‍ തുറക്കുന്നതിന് വേണ്ടി കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കാനാകില്ലെന്ന് സുപ്രീം കോടതി. വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും ഉചിതമായ തീരുമാനങ്ങള്‍ സര്‍ക്കാരുകള്‍ എടുക്കട്ടെയെന്നും കോടതി വ്യക്തമാക്കി. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ച കോടതി,കേരളത്തിലെയും, മഹാരാഷ്ട്രയിലെയും കൊവിഡ് സാഹചര്യങ്ങള്‍ കാണുന്നില്ലേയെന്നും ഹര്‍ജിക്കാരനോട് കോടതി ചോദിച്ചു. ദില്ലിയില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിയാണ് സ്‌കൂള്‍ തുറക്കുന്നതില്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യവുമായി കോടതിയെ സമീപിച്ചത്.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 24,897 കോവിഡ് രോഗികളില്‍ 63.02 ശതമാനമായ 15,692 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 251 മരണങ്ങളില്‍ 36.65 ശതമാനമായ 92 മരണങ്ങള്‍ കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 3,02,311 സജീവരോഗികളില്‍ 55.25 ശതമാനമായ 1,67,049 രോഗികളും കേരളത്തിലാണുള്ളത്.

🔳സംസ്ഥാനത്ത് ഒന്നാം ഡോസ് വാക്സീനേഷന്‍ 90 ശതമാനം കഴിഞ്ഞുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ്. വാക്സീനെടുക്കുന്നതില്‍ ആരും വിമുഖത കാട്ടരുതെന്നും രണ്ടാം തരംഗത്തിന്റെ തീവ്രത കടന്നുവെന്നും പ്രോട്ടോകോള്‍ നന്നായി പാലിക്കണമെന്നും മന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

🔳കേരളത്തിന്റെ മതസൗഹാര്‍ദം സംരക്ഷിക്കപ്പെടണമെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന വിവിധ മതനേതാക്കന്മാരുടെ യോഗം ആഹ്വാനം ചെയ്തു. ബിഷപ്പിന്റെ പരാമര്‍ശം ശരിയോ ശരിയോ തെറ്റോ എന്ന് യോഗം ചര്‍ച്ച ചെയ്തില്ലെന്നും നിലവിലെ പ്രത്യേക സാഹചര്യത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും ക്ലിമ്മിസ് കാതോലിക്ക ബാവയും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ഉള്‍പ്പടെയുള്ള മത നേതാക്കള്‍ ആവശ്യപ്പെട്ടു.

🔳പാലാ ബിഷപ്പിന്റെ പരാമര്‍ശം തള്ളി കര്‍ദ്ദിനാള്‍ മാര്‍ ക്ലിമ്മിസ്. മയക്കുമരുന്നിനെ മയക്കുമരുന്ന് എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വിവിധ മതമേലധക്ഷ്യന്മാരെ വിളിച്ചുകൂട്ടി നടത്തിയ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അഭിപ്രായപ്രകടനം. ദീപികയില്‍ വന്ന ലേഖനങ്ങളെയും അദ്ദേഹം പിന്തുണച്ചില്ല. കത്തോലിക്ക സഭ അങ്ങനെ തീരുമാനമെടുത്തിട്ടില്ലെന്നും സംഘടനകള്‍ നിലപാട് എടുത്തിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള പ്ലാറ്റ്‌ഫോമുകള്‍ ആവശ്യമാണെന്നും മറ്റ് സമൂഹങ്ങള്‍ക്ക് മുറിവേല്‍ക്കാതിരിക്കാന്‍ ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു.

🔳മതസൗഹാര്‍ദ്ദം തകര്‍ക്കാനും വര്‍ഗീയത വളര്‍ത്താനുമുള്ള ശ്രമങ്ങള്‍ക്കെതിരെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് സാംസ്‌കാരിക സാഹിത്യ സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും കലാകാരന്മാര്‍ക്കും പ്രതിപക്ഷ നേതാവ് കത്തയച്ചു. മതേതരത്വത്തിന് പോറലേല്‍ക്കുകയും വര്‍ഗീയത പിടിമുറുക്കുകയും ചെയ്യുമ്പോള്‍ മാനവികത അപ്രസക്തമാകും. മതേതരത്വത്തില്‍ ഉറച്ച് കേരളത്തിന്റെ സമാധാനാന്തരീക്ഷം കാക്കാനുള്ള പരമാവധി ശ്രമങ്ങള്‍ കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ടെന്നും പിന്തുണ വേണമെന്നുമാണ് കത്തിലെ ആവശ്യം.

🔳സി.പി.എമ്മിനെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷമായ ഭാഷയില്‍ കടന്നാക്രമിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെ ശിഖണ്ഡിയോട് ഉപമിച്ച കെ. സുധാകരന്‍ വിജയരാഘവനെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ മതമേലധ്യക്ഷന്‍മാരോട് യുദ്ധം ചെയ്യുകയാണെന്നും ആരോപിച്ചു. വിജയരാഘവന്‍ വര്‍ഗീയവാദിയാണെന്നായിരുന്നു കെ. സുധാകരന്റെ മറ്റൊരു ആരോപണം.

🔳കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവില്‍ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ് ബിനീഷിന്റെ അക്കൌണ്ടിലുണ്ടായിരുന്ന അനധികൃത പണമെന്നും ഇഡി കോടതിയില്‍ വാദിച്ചു. ലഹരികടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് അനൂപ്, ബിനീഷ് കോടിയേരിയുടെ പങ്കാളിയാണെന്നും ബിനീഷിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇഡി കോടതിയില്‍ വാദിച്ചു.

🔳വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ഫോണ്‍വിളികള്‍ സ്ഥിരീകരിച്ച് ഉത്തരമേഖലാ ജയില്‍ ഡി.ഐ.ജിയുടെ റിപ്പോര്‍ട്ട്. ഫോണ്‍വിളിയില്‍ ഉന്നതതല പോലീസ് അന്വേഷണം വേണം. വിയ്യൂരില്‍ സമഗ്ര അഴിച്ചുപണി വേണം. കൊടിസുനിയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ ഉണ്ടെന്ന ആരോപണത്തിലും അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന കൊലക്കേസ് പ്രതികളായ കൊടിസുനിയും റഷീദും ആയിരത്തില്‍ അധികം ഫോണ്‍വിളികള്‍ നടത്തിയിട്ടുണ്ടെന്നാണ് ഉത്തരമേഖലാ ഡി.ഐ.ജിയുടെ കണ്ടെത്തല്‍.

🔳ട്വിസ്റ്റുകള്‍ക്കൊടുവില്‍ ഓണം ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് കൊച്ചി മരട് സ്വദേശി ജയപാലനെന്ന് സ്ഥിരീകരണം. ഓട്ടോ ഡ്രൈവറായ ജയപാലന്‍ ടിക്കറ്റ് കാനറ ബാങ്കിന്റെ മരട് ശാഖയിലേക്ക് കൈമാറി. വയനാട് സ്വദേശിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത് എന്ന അവകാശവാദത്തിനിടയിലാണ് പുതിയ ട്വിസ്റ്റ്.

🔳തിരുവോണം ബമ്പര്‍ നറുക്കെടുപ്പിന് പിന്നാലെ പൂജാ ബമ്പര്‍ ലോട്ടിയുടെ വില്‍പ്പന ആരംഭിച്ച് ലോട്ടറി വകുപ്പ്. അഞ്ച് കോടി രൂപയാണ് ഒന്നാം സമ്മാനം. 200 രൂപയാണ് ടിക്കറ്റ് വില. പൂജാ ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശനം മന്ത്രി കെ.എന്‍. ബാലഗോപാല്‍ ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശിന് നല്‍കി കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു.

🔳അശ്ലീല വീഡിയോ നിര്‍മാണക്കേസില്‍ വ്യവസായിയും നിര്‍മാതാവുമായ രാജ്കുന്ദ്രയ്ക്ക് ജാമ്യം. 50,000 രൂപ കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ കൂട്ടുപ്രതിയും രാജ്കുന്ദ്രയുടെ സഹായിയുമായ റയാന്‍ തോര്‍പ്പയ്ക്കും മുംബൈ കോടതി ജാമ്യം നല്‍കി. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് രാജ് കുന്ദ്രയുടെ അഭിഭാഷകന്‍ വാദിച്ചു.

🔳പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ചരണ്‍ജിത് സിംഗ് ചന്നിക്കെതിരായ മീ ടു ആരോപണം ചര്‍ച്ചയാക്കി ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ. ചന്നി മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്നത് സ്ത്രീകള്‍ക്ക് ഭീഷണിയാണെന്ന് രേഖ ശര്‍മ്മ പറഞ്ഞു. 2018ല്‍ മീടു ആരോപണത്തില്‍ ചന്നിക്കെതിരെ കമ്മീഷന്‍ കേസെടുത്തിരുന്നു. മൂന്ന് വര്‍ഷം മുമ്പ് ഉയര്‍ന്ന മീ ടു ആരോപണമാണ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ചരണ്‍ജിത്ത് സിംഗ് ചന്നിക്ക് വിനയാകുന്നത്. 2018ല്‍ വനിതാ ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്നായിരുന്നു ആരോപണം.

🔳പശ്ചിമ ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷിനെ പാര്‍ട്ടി തല്‍സ്ഥാനത്തുനിന്ന് നീക്കി. ബി.ജെ.പിയില്‍നിന്ന് എം.പിയും എം.എല്‍.എമാരും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ എം.പി. സുകാന്ത മജുംദാറിനോട് നേതൃത്വം ആവശ്യപ്പെട്ടു. പകരം ദിലീപ് ഘോഷിന് പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കിയിട്ടുണ്ട്.

🔳പ്രമുഖ ആത്മീയ സംഘടനയായ അഖില ഭാരതീയ അഖാഡ പരിഷത് തലവന്‍ നരേന്ദ്ര ഗിരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ വൈകിട്ടോടെയാണ് ഇദ്ദേഹത്തെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

🔳ജമ്മു കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഉറി സെക്ടറില്‍ മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തത്കാലത്തേക്ക് നിര്‍ത്തിവെച്ചു. വന്‍ ആയുധധാരികളായ ഭീകരസംഘം നുഴഞ്ഞുകയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചത്. ഭീകരസംഘത്തെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് സൈന്യം വ്യക്തമാക്കി.

🔳അഫ്ഗാനിസ്ഥാനില്‍ ഐപിഎല്‍ ക്രിക്കറ്റിനും വിലക്കേര്‍പ്പെടുത്തി താലിബാന്‍. ഐപിഎല്‍ സംപ്രേക്ഷണം രാജ്യത്ത് വേണ്ടെന്നാണ് താലിബാന്റെ പക്ഷം. അനിസ്ലാമികമായ പലതും ഐപിഎല്ലിലൂടെ പുറത്തുവിടുന്നുവെന്ന ആക്ഷേപവും താലിബാനുണ്ട്. നിരോധനത്തിന് പിന്നിലെ കാരണം അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍ മീഡിയ മാനേജരും മാധ്യമ പ്രവര്‍ത്തകനുമായ ഇബ്രാഹിം മൊമദ് ട്വീറ്റ് ചെയ്തിരുന്നു. ചിയര്‍ ഗേള്‍സിന്റെ നൃത്തവും മത്സരം കാണാനെത്തുന്നവര്‍ മുടി പുറത്തുകാണിക്കുന്നതുമെല്ലാം നിരോധനത്തിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു.

🔳ഇത്തവണത്തെ സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ടിന് കേരളം വേദിയാകും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ദേശീയ ജൂനിയര്‍, സബ്ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പുകളും കേരളത്തില്‍ നടത്തുമെന്നും കായികമന്ത്രി വി അബ്ദുറഹിമാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  

🔳ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഒമ്പത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 19 ഓവറില്‍ 92 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 10 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തി.

🔳കേരളത്തില്‍ ഇന്നലെ 89,722 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 15,692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 92 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,683 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 14,875 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 687 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,223 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,67,008 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. സെപ്റ്റംബര്‍ 19 വരെ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 89.74 ശതമാനമായ 2,39,67,563 പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 37.29 ശതമാനമായ 99,60,619 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തൃശൂര്‍ 2504, എറണാകുളം 1720, തിരുവനന്തപുരം 1468, കോഴിക്കോട് 1428, കോട്ടയം 1396, കൊല്ലം 1221, മലപ്പുറം 1204, പാലക്കാട് 1156, ആലപ്പുഴ 1077, കണ്ണൂര്‍ 700, പത്തനംതിട്ട 561, ഇടുക്കി 525, വയനാട് 510, കാസര്‍ഗോഡ് 222.

🔳രാജ്യത്ത് ഇന്നലെ 24,897 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 34,467 പേര്‍ രോഗമുക്തി നേടി. മരണം 251. ഇതോടെ ആകെ മരണം 4,45,416 ആയി. ഇതുവരെ 3,35,02,744 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.02 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 2,583 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,661 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 3,63,424 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 61,152 പേര്‍ക്കും ഇംഗ്ലണ്ടില്‍ 36,100 പേര്‍ക്കും റഷ്യയില്‍ 19,744 പേര്‍ക്കും തുര്‍ക്കിയില്‍ 27,688 പേര്‍ക്കും ഫിലിപ്പൈന്‍സില്‍ 18,937 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 22.97 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.86 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 5172 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 505 പേരും റഷ്യയില്‍ 778 പേരും ഇറാനില്‍ 344 പേരും മലേഷ്യയില്‍ 301 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47.11 ലക്ഷം.

🔳ഫിനാഷ്യല്‍ ടെക്നോളജി കമ്പനിയായ കെഫിന്‍ ടെക്നോളജീസില്‍ 310 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി കൊട്ടക് മഹീന്ദ്ര ബാങ്ക്. മ്യൂച്വല്‍ ഫണ്ട് സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ളവക്ക് സേവനം നല്‍കുന്ന കമ്പനിയാണ് കെഫിന്‍ ടെക്നോളജീസ്. 9.98ശതമാനം ഓഹിരിയാകും ഇതിലൂടെ ബാങ്കിന് ലഭിക്കുക. തീരുമാനം പുറത്തുവന്നതോട കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരിവിലയില്‍ ഒരുശതമാനത്തിലേറെ കുതിപ്പുണ്ടായി. ഇതോടെ വിപണിമൂല്യം നാല് ലക്ഷം കോടി രൂപ പിന്നിട്ടു. കെ ഫിന്‍ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 1,67,25,100 ഓഹരികളാണ് ബാങ്കിന് ലഭിക്കുക.

🔳ക്രെഡിറ്റ് കാര്‍ഡ് വിഭാഗത്തില്‍ നഷ്ടപ്പെട്ട നില വീണ്ടെടുക്കാന്‍ ഉത്സവ സീസണിന് മുന്നോടിയായി പുതിയ നീക്കവുമായി എച്ച്ഡിഎഫ്സി ബാങ്ക്. ഇതിന്റെ ഭാഗമായി പുതിയ ക്രെഡിറ്റ് കാര്‍ഡ് ലഭ്യമാക്കുന്നതിന് പേടിഎമ്മുമായി എച്ച്ഡിഎഫ്സി ബാങ്ക് ധാരണയായി. സംരംഭകര്‍, വ്യാപാരികള്‍ എന്നിവരെ ലക്ഷ്യം വച്ചാണ് വിസ ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കുന്നത്. രാജ്യത്ത് 330 ദശലക്ഷത്തിലധികം ഉപഭോക്താക്കളും 21 ദശലക്ഷം വ്യാപാരികളുമാണ് പേടിഎമ്മിനുള്ളത്. എച്ച്ഡിഎഫ്സി ബാങ്കിന് 5 ദശലക്ഷത്തിലധികം ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാര്‍ഡുകളാണുള്ളത്. ഇതിലൂടെ 2 ദശലക്ഷം വ്യാപാരികള്‍ക്കാണ് സേവനം നല്‍കുന്നത്.

🔳ഹോളിവുഡ് സിനിമയിലൂടെ സിനിമാഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച് മലയാളി യുവാവ്. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി സ്വദേശി എബിന്‍ ആന്റണിയാണ് അടുത്തിടെ യുഎസില്‍ ആമസോണ്‍ പ്രൈം റിലീസ് ആയി എത്തിയ 'സ്പോക്കണ്‍' എന്ന ഇംഗ്ലീഷ് സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. ടൈലര്‍ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് എബിന്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ടെനില്‍ റാന്‍സം രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ഹൊറര്‍ സസ്പെന്‍സ് ത്രില്ലറില്‍ നായികാ കഥാപാത്രത്തോട് അഭിനിവേശമുള്ള ഒരു സംഗീതജ്ഞനാണ് ടൈലര്‍ എന്ന കഥാപാത്രം.

🔳ജയസൂര്യയെ ടൈറ്റില്‍ കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന 'സണ്ണി'യുടെ ട്രെയ്ലര്‍ പുറത്തെത്തി. കൊറോണ വൈറസ് ലോകത്തെ കീഴടക്കിയ സമയത്ത് ദുബൈയില്‍ നിന്ന് ജന്മനാടായ കേരളത്തിലേക്ക് തിരിച്ചെത്തുകയാണ് ചിത്രത്തിലെ നായകന്‍. ഒരു ഹോട്ടല്‍ മുറിയില്‍ ക്വാറന്റീനില്‍ കഴിയുന്ന അദ്ദേഹം തന്റെ കുടുംബവും പണവും ഉറ്റസുഹൃത്തും നഷ്ടപ്പെട്ട, എണ്ണമറ്റ വികാരങ്ങളിലൂടെയും അസഹനീയമായ വേദനകളിലൂടെയും കടന്നുപോകുന്നു. ഈ വൈകാരിക ശൂന്യത നികത്താന്‍ കഠിനമായി പരിശ്രമിക്കുമ്പോള്‍, ചില അപരിചിതരുമായുള്ള ഇടപെടലുകളിലൂടെ പ്രതീക്ഷയുടെ അപ്രതീക്ഷിത തിളക്കം അയാളുടെ ജീവിതത്തില്‍ തെളിയുന്നു. ഇതാണ് ചിത്രത്തിന്റെ പ്ലോട്ട്. ഈ മാസം 23നാണ് റിലീസ്.

🔳ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്വാഗണിന്റെ മിഡ്-സൈസ് എസ്യുവി ടൈഗൂണ്‍ സെപ്റ്റംബര്‍ 23-ന് വിപണിയില്‍ അവതരിപ്പിക്കും. ഓഗസ്റ്റ് 18-ന് ടൈഗൂണ്‍ എസ്യുവിക്കായുള്ള ബുക്കിംഗും ആരംഭിച്ചിരുന്നു. പ്രീ-ബുക്കിംഗ് ആരംഭിച്ച് ഇത്രയും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 10,000 ബുക്കിംഗുകള്‍ സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഉത്പാദനം പൂര്‍ണ തോതില്‍ എത്തിയാല്‍ ഇന്ത്യയില്‍ എല്ലാ മാസവും ഏകദേശം 5,000 മുതല്‍ 6,000 യൂണിറ്റ് ടൈഗൂണ്‍ എസ്യുവി വില്‍ക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു.

🔳മൗലികമായ വീക്ഷണം കൊണ്ടും ഭാവനാത്മകമായ പദ്ധതികളുടെ ആവിഷ്‌കരണംകൊണ്ടും അവയുടെ ക്രിയാത്മകമായ നടത്തിലെ മികവ് കൊണ്ടും ശ്രദ്ധേയമായ മുന്‍ മന്ത്രി രവീന്ദ്രനാഥ് തയ്യാറാക്കിട്ടുള്ളതാണ് 'അറിവ് ആധുനികത ജനകീയത' എന്ന ഈ കൃതി. ഇന്നലെ എങ്ങനെ ആയിരുന്നു എന്നറിഞ്ഞാല്‍ നമുക്ക് ഇന്നിനെ വസ്തുനിഷ്ഠമായി വിലയിരിത്താനാകും. ഇന്നിനെ അങ്ങനെ വിലയിരുത്തിയാലെ നാളയെ വിഭാവനം ചെയ്യാനാവൂ. തിങ്കള്‍ ബുക്സ്. വില 237 രൂപ.

🔳പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ദഹന പ്രശ്നങ്ങള്‍ അകറ്റാനുമെല്ലാം തുളസിയും ഇഞ്ചിയും ചേര്‍ത്ത ചായ മികച്ചതാണെന്ന് പഠനങ്ങള്‍ പറയുന്നു. ഇഞ്ചി തുളസി ചായ വൃക്കകളെ സംരക്ഷിക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഇഞ്ചിയിലെയും തുളസിയിലെയും സംയുക്തങ്ങള്‍ സഹായിക്കുന്നു. ഈ ചായ പതിവായി കുടിക്കുന്നത് ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് ഫലപ്രദമാണ്. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ ഡിറ്റോക്സ് ഡ്രിങ്ക് ഫലപ്രദമാണ്. ഇഞ്ചി തുളസി ചായ കുടിക്കുന്നത് ആര്‍ത്തവ പ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കം. വായില്‍ ഉണ്ടാകുന്ന ദോഷകരമായ ബാക്ടീരിയകള്‍ക്കും അണുക്കള്‍ക്കുമെതിരെ പോരാടാന്‍ സഹായിക്കുന്ന ആന്റിമൈക്രോബിയല്‍ ഗുണങ്ങള്‍ തുളസിയില്‍ അടങ്ങിയിട്ടുണ്ട്. ഭക്ഷണ ശേഷം ഈ ഡ്രിങ്ക് കുടിക്കുന്നത് ഭക്ഷണം പൂര്‍ണ്ണമായും വേഗത്തില്‍ ദഹിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ തുളസി ചായ സഹായിക്കുന്നു. പ്രമേഹമുള്ളവര്‍ ദിവസവും തുളസി ചായ കുടിക്കുന്നത് ശീലമാക്കാം. ചായ തയ്യാറാക്കുമ്പോള്‍ മധുരം ചേര്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

*ശുഭദിനം*

കാട്ടിലെ പക്ഷികളെല്ലാം ചേര്‍ന്ന് നേതാവിനെ തിരഞ്ഞെടുക്കുകയാണ്. ഓരോരുത്തരും തങ്ങളുടെ കഴിവുകള്‍ എല്ലാവര്‍ക്കും മുന്നില്‍ കാണിച്ചു. പരുന്ത് ഉയരത്തില്‍ പറന്നു, കുയില്‍ മനോഹരമായി പാടി, മയില്‍ മനോഹരമായി നൃത്തം ചെയ്തു... അവസാനം എല്ലാവരും മയിലിനെ രാജാവാക്കാന്‍ തീരുമാനിച്ചു. പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഒരു കൊച്ചുകുരുവി എല്ലാവരോടുമായി പറഞ്ഞു. എനിക്ക് ഒരു കാര്യം പറയാനുണ്ട്. തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണം. നമ്മുടെ നേതാവിന് നമ്മെ ശത്രുക്കളില്‍ നിന്നും രക്ഷിക്കാനുള്ള കഴിവുണ്ടായിരിക്കണം. തീരുമാനത്തിലെ പന്തികേട് എല്ലാവര്‍ക്കും മനസ്സിലായി . അവര്‍ വീണ്ടും ഒരു തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചു. ആകര്‍ഷണീയതയുള്ള നേതാക്കന്മാരെയല്ല നമുക്കാവശ്യം, ആവശ്യങ്ങള്‍ക്കുപകരിക്കുന്ന നേതാക്കന്മാരെയാണ്. സന്തോഷിപ്പിക്കുന്നവരും, തന്ത്രപരമായി ഇടപെടുന്നവരും ഒക്കെ ഉണ്ടാകും. പക്ഷേ, അവര്‍ക്കൊന്നും നാടിന്റെ ആവശ്യങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ നടപ്പിലാക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഓരോ സ്ഥാനാര്‍ത്ഥിയോടും നിര്‍ബന്ധപൂര്‍വ്വം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. ഈ നാടിന്റെ ഏറ്റവും പ്രധാന ആവശ്യങ്ങളെന്താണ്? അവയ്ക്ക് വേണ്ടിയുള്ള പദ്ധതികള്‍ എന്തൊക്കെയാണ്? താങ്കളുടെ നേതൃത്വത്തില്‍ സമൂഹത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ സംഭവിക്കും ? ജനങ്ങളുടെ ആവശ്യങ്ങളറിയാത്ത നേതാക്കള്‍ക്ക് ജനങ്ങളെ പ്രതിനിധീകരിക്കാനാകില്ല. അവര്‍ ആവശ്യനേരത്ത് അപ്രത്യക്ഷരാകും. ആടുകളുടെ ഗന്ധമാകണം ഇടയന്റെയും ഗന്ധം. സേവകര്‍ക്ക് വേണ്ടത് കിരീടവും ചെങ്കോലും സിംഹാസനവുമല്ല, ചിന്തകളും പദ്ധതികളും കാര്യക്ഷമതയുമാണ്. അലങ്കാരത്തിന്റെയും അധികാരത്തിന്റെയും വശ്യതയില്ലായിരുന്നെങ്കില്‍ എത്രപേര്‍ നേതാവിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കും. പ്രസാദിപ്പിക്കുന്നവരെയല്ല, പ്രവര്‍ത്തിക്കുന്നവരെ നേതാവാക്കുകയാണ് വേണ്ടത്. നേതാവാകാനാണ് നാം ശ്രമിക്കുന്നതെങ്കില്‍ അണികളെ അറിയുന്ന നേതാവാകാന്‍ കഴിയട്ടെ, നാം ഒരു അണിയാണെങ്കില്‍ നമ്മളെ അറിയുന്ന നേതാവിനെ തിരഞ്ഞെടുക്കാന്‍ നമുക്ക് സാധിക്കട്ടെ - *ശുഭദിനം* 

🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼📰🙏🏼

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only