01 സെപ്റ്റംബർ 2021

യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസ്; പ്രതി ഇന്ത്യേഷ് കുമാറിനെത്തേടി പോലീസ് തമിഴ്‌നാട്ടില്‍
(VISION NEWS 01 സെപ്റ്റംബർ 2021)

കോഴിക്കോട്: മനോവൈകല്യമുള്ള യുവതിയെ നിര്‍ത്തിയിട്ട സ്വകാര്യബസില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍പ്പോയ രണ്ടാം പ്രതി ഇന്ത്യേഷ് കുമാറിനെ തേടി പോലീസ് തമിഴ്‌നാട്ടില്‍. ഇയാല്‍ തിരുവണ്ണാമലൈയിലുള്ള നാഗസന്യാസിമാരുടെ ആശ്രമത്തില്‍ എത്തിയെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് അവിടെ എത്തിയെങ്കിലും പോലീസ് വരുന്ന വിവരമറിഞ്ഞ് പ്രതി സ്ഥലത്ത് നിന്നും മുങ്ങി. മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തിലുള്ള അഞ്ചം ഗസംഘം ആശ്രമത്തില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇന്ത്യേഷ് മുങ്ങിയത്.

ആശ്രമത്തില്‍ മഠാധിപതിയെക്കണ്ട് സന്ന്യാസദീക്ഷ സ്വീകരിക്കാനുള്ള ആവശ്യവുമായി എത്തിയതായിരുന്നു. തിരുവണ്ണാമലൈയിലെ ക്രൈം സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ സത്യനാഥിന്റെ സഹായത്തോടെ ആശ്രമത്തില്‍ റെയ്ഡ് നടത്തിയപ്പോഴാണ് ഇന്ത്യേഷ് കുമാര്‍ മഠാധിപതിയില്‍നിന്ന് 500 രൂപയും വാങ്ങി സ്ഥലം വിട്ടുവെന്ന വിവരം കോഴിക്കോട്ട് നിന്നെത്തിയ അന്വേഷണസംഘം അറിയുന്നത്. പ്രതി തഞ്ചാവൂരിലേക്ക് പോയെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷണ സംഘം അവിടെതന്നെ തമ്പടിച്ചിട്ടുണ്ട്. പ്രതിയെ ഉടന്‍ പിടികൂടാനാവുമെന്നാണ് കരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. സംഭവം നടന്ന് രണ്ട് മാസത്തോളമാവാറായിട്ടും പ്രധാന പ്രതികളിലൊരാളെ പിടികൂടാനാവാത്തത് പോലീസിന് നാണക്കേടുണ്ടാക്കിയിരുന്നു.  

മഠത്തില്‍ നിന്നും പ്രതി പന്തീര്‍പാടത്തുള്ള ബന്ധുവിനെ ഫോണ്‍ ചെയ്തു നാട്ടിലെ വിവരങ്ങള്‍ അന്വേഷിക്കുച്ചതോടെയാണ് ഇന്ത്യേഷ്‌കുമാറിന്റെ ഒളിയിടം വ്യക്തമായത്. മഠാധിപതിയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് തന്നെയാണ് ബന്ധുവിനെ വിളിച്ചതും. കോഴിക്കോട് സിറ്റി സൈബര്‍ സെല്ലിന്റെയും തമിഴ്നാട് സൈബര്‍ സെല്ലിന്റെയും സഹായത്തോടെയാണ് അന്വേഷണസംഘം ഇയാള്‍ ആശ്രമത്തിലാണുള്ളതെന്ന് കണ്ടെത്തിയത്

കേസ് ഇങ്ങനെ

...................................

വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ യുവതിയെ ഇരുചക്രവാഹനത്തില്‍ കയറ്റി ബസ്സിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് കേസ്. സംഭവത്തില്‍ കുന്ദമംഗലം സ്വദേശികളായ മലയൊടിയാറുമ്മല്‍ വീട്ടില്‍ ഗോപീഷ് (38), പത്താംമൈല്‍ മേലേപൂളോറ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (32) എന്നിവരെ സിറ്റി ക്രൈംസ്‌ക്വാഡും ചേവായൂര്‍ പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാംപ്രതിയായ ഇന്ത്യേഷ് കുമാര്‍ മുങ്ങുകയായിരുന്നു. 

ചേവായൂരിലെ വീട്ടില്‍നിന്ന് രക്ഷിതാക്കളോട് പിണങ്ങിയിറങ്ങിയ യുവതിയെ മെഡിക്കല്‍ കോളേജിനു സമീപം മുണ്ടിക്കല്‍ത്താഴം വയല്‍സ്റ്റോപ്പിനടുത്തുവെച്ച് ഗോപീഷും ഇന്ത്യേഷും സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടു പോവുകയും അടുത്തുതന്നെയുള്ള കോട്ടാപറമ്പ് ഷെഡ്ഡില്‍ നിര്‍ത്തിയിട്ട ബസ്സിലെത്തിച്ച് ബലാത്സംഗംചെയ്യുകയുമായിരുന്നു. പിന്നീട്, സുഹൃത്ത് മുഹമ്മദ് ഷമീറിനെ വിളിച്ചുവരുത്തി. അയാളും യുവതിയെ പീഡിപ്പിച്ചു. തുടര്‍ന്ന് ഹോട്ടലില്‍നിന്ന് ഭക്ഷണം വാങ്ങികൊടുത്ത് കുന്ദമംഗലം ഓട്ടോസ്റ്റാന്‍ഡിനടുത്ത് ഇറക്കിവിടുകയുമായിരുന്നു. രാത്രി വീട്ടിലെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പറയുന്നത്. തുടര്‍ന്ന് ചേവായൂര്‍ പോലീസില്‍ പരാതിപ്പെട്ടു. പ്രതികള്‍ യുവതിയുമായി സ്‌കൂട്ടറില്‍ പോവുന്നതിന്റെ അവ്യക്തമായ സി.സി.ടി.വി.ദൃശ്യം മാത്രമാണ് പോലീസിന് ലഭിച്ചത്. ഇന്ത്യോഷ് മുങ്ങിയതിനെ തുടര്‍ന്ന അന്വേഷണം അന്യ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. 

അസിസ്റ്റന്റ് കമ്മിഷണര്‍ സുദര്‍ശനെ കൂടാതെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം. ഷാലു, സിവില്‍ പോലീസ് ഓഫീസര്‍മാരായ സി. ശ്രീജിത്ത്, എ.വി. ഉമേഷ്, എന്‍. വിജയന്‍ എന്നിവരും തിരുവണ്ണാമലൈ പോലീസിന്റെ ക്രൈം സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നായിരുന്നു തിരുവണ്ണാമലൈയിലെ മഠത്തില്‍ പരിശോധന നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only