08 സെപ്റ്റംബർ 2021

പ്രഭാത വാർത്തകൾ
(VISION NEWS 08 സെപ്റ്റംബർ 2021)
🔳കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതി ആവശ്യപ്പെട്ട് ആര്‍എസ്എസ് അനുകൂല സംഘടനയായ ഭാരതീയ കിസാന്‍ സംഘും പ്രക്ഷോഭത്തിലേക്ക്. ഇന്ന് ദില്ലി ജന്തര്‍ മന്തറിലും എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം നടത്താനാണ് നീക്കം. കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്ന നിയമം വേണമെന്നും കിസാന്‍ സംഘ് ആവശ്യപ്പെടുന്നു. അതേസമയം കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നാണ് ആവശ്യമെന്നും സമരം തുടങ്ങി പത്തു മാസത്തിന് ശേഷം പ്രതിഷേധത്തിന് എത്തുന്ന ഭാരതീയ കിസാന്‍ സംഘിനെ വിശ്വസിക്കാനാകില്ലെന്നുമാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രതികരണം.

🔳കൊവിഷീല്‍ഡ് വാക്സീന്റെ രണ്ട് ഡോസുകള്‍ക്കിടയിലെ ഇടവേള 84 ദിവസത്തില്‍ നിന്നും 28 ആക്കി കുറച്ച കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കും. പെയ്ഡ് വാക്സീന്‍ സ്വീകരിക്കുന്നവര്‍ക്ക് 28 ദിവസത്തിന് ബുക്കിംഗ് സൗകര്യം കിട്ടുന്ന തരത്തില്‍ കോവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്തണമെന്ന് കേരള ഹൈക്കോടതിയുടെ സിംഗിള്‍ബെഞ്ച് ഉത്തരവിട്ടിരുന്നു.കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറിയടക്കമുള്ളവരുമായി അസി. സോളിസിറ്റര്‍ ജനറല്‍ ചര്‍ച്ച നടത്തിയാണ് ഈ തീരുമാനമെടുത്തത്. കൊവീഷില്‍ഡിന്റെ രണ്ട് ഡോസുകള്‍ക്കിടയില്‍ ഇടവേള 84 ദിവസമാക്കി നിശ്ചയിച്ചത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.

🔳കോവിഷീല്‍ഡ് വാക്സിന്‍ ഇടവേളയുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ്ണ യോജിപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച കോവിഡ് രോഗികളില്‍ 67.58 ശതമാനം രോഗികളും കേരളത്തില്‍. 38,130 കോവിഡ് രോഗികളില്‍ 25,772 രോഗികളും കേരളത്തിലാണ്. ഇന്നലത്തെ മരണങ്ങളില്‍ 51.35 ശതമാനം മരണങ്ങളും കേരളത്തിലാണ് രേഖപ്പെടുത്തിയത്. 368 മരണങ്ങളില്‍ 189 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ സജീവരോഗികളില്‍ 61.64 ശതമാനവും കേരളത്തില്‍ തന്നെ. രാജ്യത്തെ 3,84,609 സജീവരോഗികളില്‍ 2,37,079 പേരും കേരളത്തിലാണുള്ളത്.

🔳സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരനുമായി സമ്പര്‍ക്കമുണ്ടായവരുടെ പട്ടികയില്‍ 6 പേരെ കൂടി ഉള്‍പ്പെടുത്തി. ഇതോടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 257 ആയി. 257 പേരും രോഗിയുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരാണ്. ഇതില്‍ 44 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 51 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17 പേര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതായും ആരോഗ്യമന്ത്രി വിശദീകരിച്ചു.

🔳കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചുപൂട്ടിയ കേരളത്തിലെ കൂടുതല്‍ മേഖലകള്‍ തുറക്കാന്‍ തീരുമാനം. സംസ്ഥാനത്ത് തുടരുന്ന രാത്രികാല കര്‍ഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും പിന്‍വലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതോടൊപ്പം സംസ്ഥാനത്ത് റെസിഡന്‍ഷ്യല്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന 18 വയസിന് മുകളില്‍ പ്രായമുള്ള പരിശീലക സ്ഥാപനങ്ങള്‍ ഒരുഡോസ് വാക്സീനെങ്കിലും എടുത്ത അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും വച്ച് തുറക്കാനും സര്‍ക്കാന്‍ തീരുമാനിച്ചു.

🔳സംസ്ഥാനത്തെ വാക്‌സിനേഷന്‍ ചരിത്രത്തില്‍ ഇന്നലെ രണ്ട് നേട്ടങ്ങള്‍ കൈവരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ 3,03,22,694 ഡോസ് വാക്‌സിന്‍ നല്‍കാനായെന്നും അതില്‍ 2,19,86,464 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 83,36,230 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയതെന്നും മന്ത്രി വിശദീകരിച്ചു. പ്രതിദിന വാക്‌സിനേഷന്‍ നല്‍കിയവരുടെ എണ്ണത്തിലും ഇന്നലെ റെക്കോര്‍ഡ് ദിനമാണ്. ഇന്നലെ മാത്രം 7,37,940 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

🔳മുസ്ലീം ലീഗ് എംഎല്‍എ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള ഏ ആര്‍ നഗര്‍ സഹകരണ ബാങ്ക് അഴിമതി ആരോപണത്തില്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇ ഡി അന്വേഷിക്കണമെന്ന ആവശ്യം സാധാരണ നിലയില്‍ ഉന്നയിക്കാന്‍ പാടില്ലാത്ത ആവശ്യമാണ്. സഹകരണ മേഖല ഇഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നും സംസ്ഥാന സര്‍ക്കാറിന്റെ പരിധിയിലുള്ള വിഷയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കെ ടി ജലീലിനെ ഇഡി കുറേ ചോദ്യം ചെയ്തതിന് ശേഷം അദ്ദേഹത്തിന് ഇഡിയോടുള്ള വിശ്വാസം കൂടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലീല്‍ ഉന്നയിച്ച വിഷയം സഹകരണ വകുപ്പ് പരിശോധിച്ചതും നടപടിയെടുത്തിട്ടുള്ളതുമാണെന്നും കോടതി സ്റ്റേയുള്ളതിനാലാണ് കൂടുതല്‍ നടപടിയില്ലാത്തതെന്നും അദ്ദേഹം പറഞ്ഞു.

🔳കെ.എസ്.ആര്‍.ടി.സി.യിലെ ശമ്പളവിതരണം മുടങ്ങി. സര്‍ക്കാര്‍ സഹായധനം കിട്ടിയാല്‍മാത്രമേ കഴിഞ്ഞമാസത്തെ ശമ്പളം നല്‍കാന്‍ കഴിയൂ. ബജറ്റില്‍ അനുവദിച്ച സാമ്പത്തികസഹായം പൂര്‍ണമായും തീര്‍ന്നതിനാല്‍ അധിക സാമ്പത്തിക സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. 80 കോടി രൂപയാണ് ശമ്പളത്തിനുവേണ്ടത്. 13-നുശേഷമേ ശമ്പളവിതരണം ഉണ്ടാകൂവെന്നാണ് വിവരം.

🔳മുട്ടില്‍ മരം മുറി കേസ് അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി വി.വി ബെന്നിയെയാണ് തിരൂരിലേക്ക് സ്ഥലംമാറ്റിയത്. നാദാപുരം ഡിവൈഎസ്പി ടി.പി ജേക്കബിനാണ് പകരം ചുമതല. കേന്ദ്ര ആഭ്യന്തര മന്ത്രി അന്വേഷണ മികവിന് മെഡല്‍ പ്രഖ്യാപിച്ച ഉദ്യോഗസ്ഥനാണ് വി.വി ബെന്നി. നേരത്തെ മുട്ടില്‍ മരം മുറി കേസ് അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് ഫ്ലയിംങ് സ്‌ക്വാഡ് ഡിഎഫ്ഒ ഒപി ധനേഷ് കുമാറിനെ കാസര്‍ഗോഡേക്ക് സ്ഥലം മാറ്റിയിരുന്നു. 31 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവിറങ്ങിയത്.

🔳തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ വയോധികന് കരിമ്പനി സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഒരു വര്‍ഷം മുമ്പും ഇദ്ദേഹത്തിന് കരിമ്പനി സ്ഥിരീകരിച്ചിരുന്നു.

🔳കേരളത്തിലേക്കുള്ള യാത്ര ഒക്ടോബര്‍ വരെ ഒഴിവാക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍. പൊതുജനങ്ങള്‍ക്ക് നല്‍കിയ അറിയിപ്പിലാണ് കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്. അടിയന്തരപ്രാധാന്യമില്ലാത്ത കാര്യങ്ങളില്‍ കേരളസന്ദര്‍ശനം ഒഴിവാക്കണമെന്നാണ് ജനങ്ങളോടുള്ള കര്‍ണാടക സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന. കര്‍ണാടകയില്‍ ജോലി ചെയ്യുന്ന മലയാളികളെ ഇപ്പോള്‍ മടക്കി വിളിക്കരുതെന്ന് ഐടി-വ്യവസായസ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും ഈ നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

🔳ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്റെ പിതാവ് നന്ദകുമാര്‍ ഭാഗേല്‍ അറസ്റ്റില്‍. ബ്രാഹ്മണര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ഛത്തീസ്ഗഡ് പൊലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.  

🔳രണ്ട് വയസ് മുതലുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നല്‍കി ക്യൂബ. ലോകത്ത് ആദ്യമായാണ് ഒരു രാജ്യം കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. തിങ്കളാഴ്ചയാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ആരംഭിച്ചത്. സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനാണ് ക്യൂബന്‍ സര്‍ക്കാറിന്റെ തീരുമാനം.

🔳ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് അഫ്ഗാനിസ്ഥാനില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച് താലിബാന്‍. മുഹമ്മദ് ഹസന്‍ അഖുന്ദ് ഇടക്കാല സര്‍ക്കാരിനെ നയിക്കും. താലിബാന്‍ ഉപമേധാവി മുല്ലാ ബറാദര്‍ ഉപപ്രധാനമന്ത്രിയാകും. മുല്ല യാക്കൂബ് പ്രതിരോധ മന്ത്രിയാകും. ആമിര്‍ ഖാന്‍ മുത്തഖിക്കാണ് വിദേശകാര്യ ചുമതല. ദോഹ കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മുത്താഖി ആയിരുന്നു. താലിബാനിലെ തീവ്ര ഭീകരവാദ സംഘടനയായ ഹഖാനി ഗ്രൂപ്പിനാണ് ആഭ്യന്തരം. സിറാജുദ്ദീന്‍ ഹഖാനിയയാണ് ആഭ്യന്തര മന്ത്രി. യുഎന്‍ ഭീകരരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് താലിബാന്‍ സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് ഹസന്‍ അഖുന്ദ്.

🔳കാബൂളില്‍ പാകിസ്ഥാനെതിരെ മുദ്രാവാക്യവുമായി നൂറുകണക്കിനാളുകള്‍ തെരുവില്‍. അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്ഥാന്‍ ഇടപെടുന്നുവെന്നാരോപിച്ചാണ് അഫ്ഗാനില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ താലിബാന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ വന്നു. 'പാകിസ്ഥാന്‍ തുലയട്ടെ, പാകിസ്ഥാന്‍ പാവ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് വേണ്ട, പാകിസ്ഥാന്‍ അഫ്ഗാന്‍ വിടുക' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. പാക് ചാര സംഘടനയായ ഐഎസ്‌ഐക്കെതിരെയും മുദ്രാവാക്യമുയര്‍ന്നു.

🔳ഇന്ത്യക്കെതിരായ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റിനുള്ള 16 അംഗ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കാതിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ജോസ് ബട്‌ലര്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഇടം കൈയന്‍ സ്പിന്നര്‍ ജാക്ക് ലീച്ചിനമെയും 16 അംഗ ടീമിലെത്തി. അതേസമയം, ടീമിലുണ്ടായിരുന്ന സാം ബില്ലിംഗ്സിനെ ഒഴിവാക്കി. വെള്ളിയാഴ്ച മാഞ്ചസ്റ്ററിലാണ് പരമ്പരയിലെ അവസാന ടെസ്റ്റ് തുടങ്ങുക.

🔳സംസ്ഥാനത്ത് ഇന്നലെ 1,62,428 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 25,772 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.87. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 189 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,820 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 133 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,253 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1261 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 125 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,320 പേര്‍ രോഗമുക്തി നേടി. ഇതോടെ 2,37,045 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂര്‍ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം 1814, തിരുവനന്തപുരം 1686, കണ്ണൂര്‍ 1649, ആലപ്പുഴ 1435, പത്തനംതിട്ട 1016, ഇടുക്കി 925, വയനാട് 607, കാസര്‍ഗോഡ് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

🔳രാജ്യത്ത് ഇന്നലെ 38,130 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 39,090 പേര്‍ രോഗമുക്തി നേടി. മരണം 368. ഇതോടെ ആകെ മരണം 4,41,443 ആയി. ഇതുവരെ 3,30,95,450 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.84 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3,898 പേര്‍ക്കും തമിഴ്‌നാട്ടില്‍ 1,544 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,178 പേര്‍ക്കും മിസോറാമില്‍ 1,468 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 4,54,127 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 59,941 പേര്‍ക്കും ബ്രസീലില്‍ 13,645 പേര്‍ക്കും റഷ്യയില്‍ 17,425 പേര്‍ക്കും ഇംഗ്ലണ്ടില്‍ 37,489 പേര്‍ക്കും തുര്‍ക്കിയില്‍ 23,638 പേര്‍ക്കും ഇറാനില്‍ 27,138 പേര്‍ക്കും ഫിലിപ്പൈന്‍സില്‍ 18,012 പേര്‍ക്കും മലേഷ്യയില്‍ 18,547 ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 22.25 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.88 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 7,885 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 606 പേരും ബ്രസീലില്‍ 305 പേരും റഷ്യയില്‍ 795 പേരും ഇറാനില്‍ 635 പേരും ഇന്‍ഡോനേഷ്യയില്‍ 683 പേരും മെക്സിക്കോയില്‍ 330 പേരും മലേഷ്യയില്‍ 311 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 45.97 ലക്ഷം.

🔳ഓഹരി വില എക്കാലത്തെയും ഉയരം കുറിച്ച് മുന്നേറിയതോടെ ഐആര്‍സിടിസിയുടെ വിപണിമൂല്യം 50,000 കോടി രൂപ മറികടന്നു. ചൊവാഴ്ച മാത്രം ഓഹരി വിലയില്‍ ഒമ്പത് (275 രൂപ) ശതമാനത്തിലേറെയാണ് കുതിപ്പുണ്ടായത്. 3,287 രൂപ നിലവാരത്തിലാണ് ഉച്ചകഴിഞ്ഞ് വ്യാപാരം നടന്നത്. രണ്ടുദിവസത്തിനിടെ ഓഹരിവിലയില്‍ 14ശതമാനമാണ് കുതിപ്പുണ്ടായത്. ഒരുമാസത്തിനിടെ 32ശതമാനവും വില ഉയര്‍ന്നു. ഈ കാലയളവില്‍ സെന്‍സെക്സിലുണ്ടായ നേട്ടം എട്ടുശതമാനംമാത്രമാണ്. വിപണിമൂല്യം കുതിച്ചതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ 88-ാംസ്ഥാനത്തെത്തി ഐആര്‍സിടിസി.

🔳പിഒഎസ് (പോയന്റ് ഓഫ് സെയില്‍) വഴിയും ഓണ്‍ലൈനായും സാധനങ്ങള്‍ വാങ്ങുന്ന എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് എണ്ണായിരം രൂപ മുതല്‍ ഒരു ലക്ഷം വരെ തുക പ്രതിമാസ തിരിച്ചടവാക്കാന്‍(ഇഎംഐ) അവസരം. രേഖകള്‍ സമര്‍പ്പിക്കുകയോ പ്രോസസിങ് ഫീസ് നല്‍കുകയോ ചെയ്യാതെയാണ് തല്‍ക്ഷണ സേവനം ലഭ്യമാക്കുക. പി.ഒ.എസ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ ബ്രാന്‍ഡ് ഇ.എം.ഐ, ബാങ്ക് ഇ.എം.ഐ എന്നിവ തെരഞ്ഞെടുത്ത് തുകയും തിരിച്ചടവ് കാലാവധിയും രേഖപ്പെടുത്തി ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഓണ്‍ലൈന്‍ ആയി വാങ്ങുമ്പോള്‍ ഈസി ഇഎംഐ തെരഞ്ഞെടുത്ത് ഇതു പ്രയോജനപ്പെടുത്താം.

🔳മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന 'ഭീഷ്മ പര്‍വ്വ'ത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. മമ്മൂട്ടി അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ ഒരു സംഘട്ടനരംഗത്തിന്റെ ചിത്രീകരണമാണ് പോസ്റ്ററില്‍. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ 'ഭീഷ്മ വര്‍ധന്‍' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്ധ, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങിയവര്‍ ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

🔳സല്‍മാന്‍ ഖാന്‍ നായകനാവുന്ന 'അന്തിം: ദി ഫൈനല്‍ ട്രൂത്ത്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. മഹേഷ് മഞ്ജ്രേക്കര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സല്‍മാന്‍ ഖാന്റെ സഹോദരീ ഭര്‍ത്താവ് ആയുഷ് ശര്‍മ്മയാണ്. ജോലിയോട് ഏറെ ആത്മാര്‍ഥത പുലര്‍ത്തുന്ന ഒരു പഞ്ചാബി പൊലീസ് ഓഫീസര്‍ ആണ് സല്‍മാന്‍ അവതരിപ്പിക്കുന്ന നായകന്‍. സല്‍മാന്‍ ഖാന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രഗ്യ ജയ്സ്വാള്‍, ജിഷു സെന്‍ഗുപ്ത, നികിതിന്‍ ധീര്‍ തുടങ്ങിയവര്‍ക്കൊപ്പം അതിഥിതാരമായി വരുണ്‍ ധവാനും എത്തുന്നു.

🔳ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട പരിഷ്‌കരിച്ച സി ബി സീരീസ് ആഗോളവിപണിയില്‍ അവതരിപ്പിച്ചു. 500 സിബി സീരീസില്‍ മൂന്ന് ബൈക്കുകളാണുള്ളത്. സി.ബി 500എക്സ്, സി.ബി 500 എഫ്, സി.ബി.ആര്‍ 500 ആര്‍ എന്നിവയാണവ. മെക്കാനിക്കല്‍, കോസ്മെറ്റിക് അപ്ഡേറ്റുകള്‍ വാഹനത്തിന് നല്‍കിയിട്ടുണ്ട്. ഇരട്ട ഡിസ്‌കുകള്‍, പുതിയ യു.എസ്.ഡി ഫോര്‍ക്, ഭാരം കുറഞ്ഞ സ്വിങ്ആം തുടങ്ങിയവയാണ് പ്രത്യേകത. മൂന്ന് മോഡലുകളില്‍ സിബി 500എക്?സ് മാത്രമാണ് നിലവില്‍ ഇന്ത്യയില്‍ ലഭ്യമാകുന്നത്.

🔳കാലത്തിന്റെ കുതിരക്കുളമ്പടികള്‍ തങ്ങിനില്‍ക്കുന്ന പഞ്ചാബിന്റെ ഹൃദയത്തിലൂടെയുള്ള യാത്രയുടെ ജീവിക്കുന്ന അനുഭവങ്ങള്‍. 'പഞ്ചനദീതീരങ്ങള്‍'. ബിജു പോള്‍ കാരക്കാലെ. വേദ ബുക്സ്. വില 209 രൂപ.

🔳കോവിഡ് വന്നവര്‍ക്ക് വൃക്ക രോഗങ്ങള്‍ വികസിക്കാനുള്ള സാധ്യത അധികമാണെന്ന് വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. വൃക്കകള്‍ക്ക് നാശവും ക്രോണിക് എന്‍ഡ് സ്റ്റേജ് വൃക്ക രോഗവും കോവിഡ് രോഗികളില്‍ പലരെയും കാത്തിരിക്കുന്നതായും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി. കോവിഡ് മൂലം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടേണ്ടി വന്ന രോഗികള്‍ക്കാണ് വൃക്കകളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാനുള്ള സാധ്യത അധികം. അതേ സമയം തീവ്രമല്ലാത്ത ലക്ഷണങ്ങളോട് കൂടി കോവിഡ് വന്നവര്‍ക്കും ആശുപത്രി വാസം വേണ്ടി വരാത്തവര്‍ക്കും അപകട സാധ്യത ഒഴിയുന്നില്ല. കോവിഡ് വരാത്തവരെ അപേക്ഷിച്ച് തീവ്രതയില്ലാത്ത ലക്ഷണങ്ങളോട് കൂടി കോവിഡ് വന്നവര്‍ക്ക് ക്രോണിക് കിഡ്നി രോഗം വരാനുള്ള സാധ്യത 15 ശതമാനം അധികമാണെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു. 17 ലക്ഷത്തോളം പേരുടെ ഡേറ്റയാണ് പഠനത്തിന് വേണ്ടി 2020 മാര്‍ച്ച് 1നും 2021 മാര്‍ച്ച് 15നും ഇടയില്‍ ഗവേഷകര്‍ വിലയിരുത്തിയത്. ഇതില്‍ 5.10 ലക്ഷം പേര്‍ക്കെങ്കിലും കോവിഡിനെ തുടര്‍ന്നുള്ള വൃക്ക രോഗങ്ങള്‍ വികസിച്ചതായി ഗവേഷകര്‍ അനുമാനിക്കുന്നു. നിശ്ശബ്ദ കൊലയാളികള്‍ എന്നറിയപ്പെടുന്ന വൃക്ക രോഗങ്ങള്‍ പലപ്പോഴും അവസാന ഘട്ടത്തിലാണ് രോഗി അറിയാറുള്ളത്. വേദനയോ മറ്റ് ലക്ഷണങ്ങളോ പലപ്പോഴും ആദ്യമൊന്നും വൃക്കരോഗത്തില്‍ ഉണ്ടാകാറില്ല. വൃക്കകള്‍ പതിയെ പതിയെ പ്രവര്‍ത്തനം നിലച്ചു കൊണ്ടിരിക്കുന്നവരില്‍ 90 ശതമാനം പേരും അതിനെ കുറിച്ച് അറിയാറില്ലെന്ന് അമേരിക്കയിലെ നാഷണല്‍ കിഡ്നി ഫൗണ്ടേഷന്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കന്‍ സൊസൈറ്റി ഓഫ് നെഫ്രോളജി ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.

*ശുഭദിനം*
*കവിത കണ്ണന്‍*

പാടം വിളഞ്ഞു നില്‍ക്കുകയാണ്. അതുകൊണ്ട് തന്നെ നിറയെ കുരുവികളും അവിടെയുണ്ട്. അവ വിളവ് തിന്നുന്നതുകൊണ്ട് ഉടമസ്ഥര്‍ എല്ലാവരും കൂടി വലവിരിച്ചു കുരുവികളെ പിടികൂടി കൊന്നുകളഞ്ഞു. കിളികള്‍ പോയതോടെ കീടങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. ഇവയെ നശിപ്പിക്കാന്‍ വിലകൂടിയ വിഷം ധാരാളം തെളിക്കേണ്ടി വന്നു. ഈ വിലകൂടി ചേര്‍ത്തപ്പോള്‍ ആ വര്‍ഷം ധാന്യത്തിന്റെ വിലയും വര്‍ദ്ധിച്ചു. വിഷം ചേര്‍ത്ത ആഹാരം കഴിച്ചപ്പോള്‍ ആളുകളില്‍ ആരോഗ്യപ്രശ്‌നങ്ങളും തുടങ്ങി. ഭരണകൂടം പുതിയ ആശുപത്രികള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. ഇതെല്ലാം കണ്ട ഒരു കാര്‍ന്നോര്‍ ഇങ്ങനെ പറഞ്ഞു: കുരുവികളില്‍ തീരേണ്ട പ്രശ്‌നമാണ് ഇങ്ങനെ കോടികളുടെ ആശുപത്രിയില്‍ എത്തി നില്‍ക്കുന്നത്! പെട്ടെന്നുണ്ടാകുന്ന താല്‍കാലിക നഷ്ടത്തിന്റെ പേരിലാണ് ആളുകളോടും അവസ്ഥകളോടും നമുക്ക് വിരക്തിയുണ്ടാകുന്നത്. അത്തരം അവസ്ഥകളെ ഇല്ലാതാക്കാനാകും ആദ്യം നമ്മുടെ ശ്രമവും. സമ്പൂര്‍ണ്ണമായ ആനന്ദാനുഭൂതി നല്‍കുന്ന ഒന്നും ഒരിടത്തുമില്ല എന്ന സാമാന്യതത്വം ആരും ഓര്‍ക്കാറുപോലുമില്ല. അപ്രീതിയുണ്ടാക്കുന്നവയെ നിഷ്‌കരുണം നീക്കം ചെയ്താണ് പലപ്പോഴും പോംവഴി കണ്ടുപിടിക്കുക. പക്ഷേ, ഒന്നോര്‍ത്തുനോക്കൂ, അരുചിയുള്ള ഭക്ഷണങ്ങളാണ് ആരോഗ്യം സംരക്ഷിക്കുന്നത്. അനാകര്‍ഷകങ്ങളായ ചെടികളാണ് സൗന്ദര്യലേപനങ്ങളുടെ കൂട്ടായി മാറുന്നത്. അകറ്റി നിര്‍ത്തിയിരുന്ന പലരുമാണ് അപ്രതീക്ഷിതമായി സഹായഹസ്തവുമായി എത്താറുള്ളത്.. അസുഖകരമായ അവസ്ഥയെകൂടി അംഗീകരിക്കാന്‍ തയ്യാറാകുമ്പോഴാണ് അര്‍ഹിക്കുന്ന ഫലം നമുക്ക് ലഭിക്കുക - ശുഭദിനം.
➖➖➖➖➖➖➖➖

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only