27/09/2021

ഞങ്ങള്‍ക്കുള്ളത് തന്നിട്ട് പോയാല്‍ മതി... കരിമ്പിന്‍ ലോറി തടഞ്ഞ് ആന; വീഡിയോ
(VISION NEWS 27/09/2021)


 

പാലക്കാട്: കാട്ടിലൂടെയുള്ള യാത്രകളില്‍ വാഹനങ്ങള്‍ തടയുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്യുന്ന ആനകളെ നമ്മള്‍ കണ്ടിട്ടുണ്ട്. പക്ഷേ വണ്ടി തടഞ്ഞ് നിര്‍ത്തി ഭക്ഷണം തേടുന്ന ആനക്കൂട്ടത്തെ അധികം കണ്ടിട്ടുണ്ടാകില്ല. അത്തരത്തിലൊന്നാണ് സത്യമംഗലം വനത്തില്‍ നിന്ന് പുറത്തുവരുന്ന ദൃശ്യം.

സത്യമംഗലം- മൈസൂര്‍ ദേശീയപാതയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. കുട്ടിയാനക്ക് ഒപ്പമെത്തിയ അമ്മയാനയാണ് കരിമ്പിന്‍ ലോറി തടഞ്ഞത്. കരിമ്പ് ലഭിച്ചതിന് ശേഷമാണ് ആനകള്‍ റോഡില്‍ നിന്ന് മാറിയത്. മറ്റൊരു വാഹനത്തിന്‍ നിന്ന് ചിത്രീകരിച്ചതെന്ന് കരുതുന്ന രസകരമായ ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നിരവധി പേരാണ് വീഡിയോ ഇതിനകം കണ്ടത്.

സത്യമംഗലം- മൈസൂരു ദേശീയ പാതക്ക് സമീപമുള്ള ഗ്രാമങ്ങളില്‍ വലിയ തോതില്‍ കരിമ്പ് കൃഷിയുണ്ട്. ഇവിടെ നിന്ന് ലോഡ് കയറ്റി പോയ ലോറിയാണ് ആന തടഞ്ഞു നിര്‍ത്തിയത്. ഇതേത്തുടര്‍ന്ന് വണ്ടി നിര്‍ത്തിയ തൊഴിലാളി, വാഹനത്തിന് മുകളില്‍ കയറി കരിമ്പ് ആനക്ക് നല്‍കുന്നതും ദൃശ്യങ്ങളില്‍ കാണാം. കരിമ്പ് കിട്ടയതോടെ ആനകള്‍ റോഡില്‍ നിന്ന് മാറുകയും വാനങ്ങളെ പോകാന്‍ അനുവദിക്കുയുമായിരുന്നു.  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only